2 Monday
December 2024
2024 December 2
1446 Joumada II 0

എന്താണ് ഖിയാസ്? അത് പ്രമാണമാകുന്നതെങ്ങനെ?

പി കെ മൊയ്തീന്‍ സുല്ലമി


ഖിയാസ് എന്ന പദത്തിന്റെ ഭാഷാര്‍ഥം താരതമ്യം ചെയ്യല്‍, സാമ്യത, സാദൃശ്യം എന്നൊക്കെയാണ്. ദീനില്‍ സാങ്കേതികമായി ഖിയാസെന്നു പറഞ്ഞാല്‍ ഇസ്‌ലാമില്‍ ഒരു പുതിയ പ്രശ്‌നമുടലെടുക്കുമ്പോള്‍ ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും അതിന് തുല്യമായ നിയമം വന്നിട്ടുണ്ടെങ്കില്‍ അതിനോട് താരതമ്യപ്പെടുത്തി നിയമം ബാധകമാക്കുക എന്നതാണ്. ഉദാഹരണത്തിന്, ഇസ്‌ലാമില്‍ കള്ള് നിരോധിക്കപ്പെട്ടത് അത് ലഹരി(ബുദ്ധിക്ക് തകരാറ്) ഉണ്ടാക്കും എന്ന കാരണത്താലാണ്. വിശുദ്ധ ഖുര്‍ആനില്‍ നബി(സ)യുടെ കാലത്ത് നിരോധിക്കപ്പെട്ടത് ഈത്തപ്പഴം, മുന്തിരി എന്നിവയുടെ കള്ളുകളാണ്.
എന്നാല്‍ അതേ കാരണം(ലഹരി) മറ്റേതുതരം കള്ളുകള്‍ക്കുണ്ടായിരുന്നാലും അതും നിഷിദ്ധം തന്നെയാണ്. അതുപോലെ ബുദ്ധിനശിപ്പിക്കുന്നത് കഞ്ചാവ്, അവീല്‍ പോലുള്ള ലഹിര വസ്തുക്കളായിരുന്നാലും മയക്കുമരുന്നുകളായിരുന്നാലും ഹറാം (നിഷിദ്ധം) തന്നെയാണ്. ഇക്കാര്യം ബോധ്യപ്പെടുത്തുന്ന ഒരു ഹദീസ് കാണുക: ‘ബുദ്ധി നശിപ്പിക്കുന്ന എല്ലാതരം വസ്തുക്കളും ലഹരി വസ്തുക്കളില്‍ പെട്ടതാണ്. എല്ലാ ലഹരി വസ്തുക്കളും നിഷിദ്ധമാണ്’ (അഹ്മദ്, അബൂദാവൂദ്). അതുപോലെ സാമ്പത്തിക രംഗത്ത് മറ്റുള്ളവരെ ചൂഷണം ചെയ്യരുത്. നാം ചൂഷണത്തിന് വിധേയരാവുകയും ചെയ്യരുത്. ഒരു ഇടപാടില്‍ രണ്ടു വിഭാഗവും തൃപ്തിയുള്ളവരായിരിക്കണം. അല്ലാത്ത ഇടപാടുകള്‍ പലിശയുമായി ബന്ധപ്പെട്ടതായിരിക്കും. നബി(സ)യുടെ കാലത്ത് വിശുദ്ധ ഖുര്‍ആന്‍ നിരോധിച്ചത് വ്യക്തികള്‍ വാങ്ങുന്ന പലിശയാണ്. എന്നാല്‍ ഇക്കാലത്ത് നടക്കുന്നത് ബാങ്ക് ഇടപാടുകളിലൂടെയുള്ള പലിശയാണ്. പലിശ ഇസ്‌ലാം നിരോധിച്ചത് അത് ദ്രോഹമനസ്ഥിതിയോടെ മനുഷ്യരെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു എന്ന കാരണത്താലാണ്.
അതിനാല്‍ വ്യക്തിഗത പലിശ പോലെതന്നെ ബാങ്ക് പലിശയും നിഷിദ്ധമാണ്. അല്ലാഹു പറയുന്നു. ‘സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും പലിശ വകയില്‍ ബാക്കി ലഭിക്കാനുള്ളത് വിട്ടുകളയുകയും ചെയ്യേണ്ടതാണ്. നിങ്ങള്‍ യഥാര്‍ഥ വിശ്വാസികളാണെങ്കില്‍. നിങ്ങള്‍ അപ്രകാരം ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്റെയും റസൂലിന്റെയും ഭാഗത്തുനിന് (നിങ്ങള്‍ക്കെതിരായുള്ള) യുദ്ധപ്രഖ്യാപനം ഉണ്ടാവുമെന്ന് അറിഞ്ഞുകൊള്ളുക. നിങ്ങള്‍ പശ്ചാത്തപിച്ചുമടങ്ങുന്നപക്ഷം നിങ്ങളുടെ മൂലധനം നിങ്ങള്‍ക്കുതന്നെ ലഭിക്കുന്നതാണ്. നിങ്ങള്‍ അക്രമം(ചൂഷണം) ചെയ്യരുത്. അക്രമിക്കപ്പെടുകയും (ചൂഷണത്തിന് വിധേയമാവുകയും) അരുത്’ (അല്‍ബഖറ 276, 279)
അപ്പോള്‍ വ്യക്തിഗത പലിശയോട് ഖിയാസാക്കി (താരതമ്യം ചെയ്ത്) ബാങ്ക് പലിശയും ഒഴിവാക്കേണ്ടതാണ്. ഖിയാസ് ആക്കാന്‍ ഇല്ലത്ത് (കാരണം) നിര്‍ബന്ധമാണ്. ഉദാഹരണം: വുദൂവിനോട് ഖിയാസാക്കി അതിന് പകരമാണല്ലോ തയമ്മും. അല്ലാഹു അരുളി: ‘നിങ്ങള്‍ക്ക് (ശുദ്ധീകരിക്കാന്‍) വെള്ളം കിട്ടാത്തപക്ഷം ശുദ്ധമായ ഭൂമുഖം (തയമ്മും) തേടിക്കൊള്ളുക’ (മാഇദ 6). അപ്പോള്‍ തയമ്മുമിന്റെ കാരണം ഒന്ന് വെള്ളം ലഭിക്കാതിരിക്കുകയെന്നതാണ്. മറ്റൊരു കാരണം, വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥ വരിക എന്നതാണ്. ശക്തമായ പനി, അതിശൈത്യം എന്നീ കാരണങ്ങളാല്‍ ജീവന് ഭീഷണി നേരിടുന്നപക്ഷം വലിയ അശുദ്ധിയുള്ളവര്‍ക്ക് കുളിക്കു പകരം തയമ്മും മതിയാകുന്നതാണ്. അംറുബ്‌നുല്‍ ആസ്വ്(റ) അപ്രകാരം അതിശക്തമായ ശൈത്യം കാരണത്താല്‍ കുളിക്ക് പകരം തയമ്മും ചെയ്ത് നമസ്‌കരിച്ചിട്ടുണ്ട്’ (അബൂദാവൂദ്).
ഖിയാസ് എന്നത് ഇസ്‌ലാമിലെ നാലാം പ്രമാണമാണ്. സാധാരണയായി നാം പ്രമാണങ്ങള്‍ എണ്ണിവരാറുള്ളത് ഖുര്‍ആനും സുന്നത്തും മാത്രമാണ്. അതിന്റെ കാരണം ഇജ്മാഉം ഖിയാസും ഖുര്‍ആനിന്റെയും സുന്നത്തിന്റെയും പരിധിയില്‍ വരുന്ന പ്രമാണങ്ങളായതുകൊണ്ടാണ്. അതില്‍ നിന്നു നമുക്ക് വായിച്ചെടുക്കാവുന്ന മറ്റൊരു കാര്യം ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമായി ഖിയാസ് ഉണ്ടാകുന്നതല്ല എന്നതാണ്.
ആരാധനാ കാര്യങ്ങളില്‍ ഖിയാസ് പാടില്ല. അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ അക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്: ‘സ്വുബ്ഹിയിലെ സുന്നത്ത് നമസ്‌കാരത്തോട് ഖിയാസാക്കിക്കൊണ്ട് ചിലര്‍ വീട്ടില്‍ നിന്നു യാത്ര പുറപ്പെടുമ്പോള്‍ രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കരിക്കാറുണ്ട്. അതിനെക്കുറിച്ച് ഇമാം നവവി(റ)യുടെ പ്രസ്താവന കാണുക: ‘വീട്ടില്‍നിന്നു പുറത്തിറങ്ങുമ്പോള്‍ ഖിയാസാക്കി നമസ്‌കരിക്കല്‍ ഇല്ല. അത് സ്വുബ്ഹിയിലെ രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കാരം ഖിയാസാക്കിക്കൊണ്ടുള്ളതാണ്. അത് അടിസ്ഥാനരഹിതമായ ഖിയാസാണ്. കാരണം ആരാധനകള്‍ ദൈവിക കല്‍പനകള്‍ക്ക് വഴിപ്പെട്ടുകൊണ്ട് നിര്‍വഹിക്കുന്ന കാര്യമാണ്. അത് ഖിയാസനുസരിച്ച് ചെയ്യാവതല്ല.’ (നൈലുല്‍ ഔത്വാര്‍ 1/485)

Back to Top