കരുണാകരന്റെ ലെഗസി
സുഫ്യാന്
ഒടുവില്‍ കരുണാകരന്റെ മകളും കോണ്‍ഗ്രസ് വിട്ടു പോയിരിക്കുന്നു. പ്രത്യക്ഷത്തില്‍ വലിയ നഷ്ടമൊന്നും കോണ്‍ഗ്രസ്സിന് ഉണ്ടാവില്ലെങ്കിലും പത്മജയുടെ ബി ജെ പി പ്രവേശനം ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും ചരിത്രത്തില്‍ മാറ്റിനിര്‍ത്താനാവാത്ത പേരാണ് കരുണാകരന്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് എ കെ ആന്റണിയുടെ മകന് ബി ജെ പിയിലേക്ക് ചേക്കേറിയത്. നേതാക്കളുടെ മക്കള്‍ കൂടുമാറി പോകുന്നു എന്നത് ഒരു പാര്‍ട്ടിയെ സംബന്ധിച്ചേടത്തോളം രാഷ്ട്രീയ പ്രതിസന്ധി ഉണ്ടാക്കേണ്ടതാണ്. കോണ്‍ഗ്രസ് എന്ത് രാഷ്ട്രീയ വിദ്യാഭ്യാസമാണ് അതിലെ അംഗങ്ങള്‍ക്കും നേതാക്കള്‍ക്കും നേതാക്കളുടെ കുടുംബത്തിനും നല്‍കുന്നത് എന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നു. കരുണാകരന്റെയും ആന്റണിയുടെയും ഒക്കെ ലെഗസി വേണ്ട എന്നു വെക്കാന്‍ മക്കളെ പ്രചോദിപ്പിക്കുന്ന ഘടകം ഏതാണ്? ഒരു പക്ഷേ, ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം കോണ്‍ഗ്രസ് പ്രതിസന്ധിയില്‍ ആയതുകൊണ്ട്, ഇനി ആ പാര്‍ട്ടിയില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ടതില്ല എന്ന് നേതൃപുത്രികള്ക്കും പുത്രന്മാര്ക്കും തോന്നിയേക്കാം. പക്ഷേ, ഈ പറയുന്ന രണ്ടാം തലമുറയുടെ മുഴുവന്‍ കള്‍ച്ചറല്‍ കാപിറ്റലും നിലനില്‍ക്കുന്നത് കോണ്‍ഗ്രസിലാണ് എന്ന തിരിച്ചറിവ് വിവേകമുള്ളവര്‍ക്ക് പറഞ്ഞിട്ടുള്ളതാണ്. പാര്‍ട്ടി മാറിയവര്‍ക്ക് ഇനി ഒന്നും നഷ്ടപ്പെടാനില്ല, ചരിത്രസ്മൃതികളെ മുഴുവന്‍ റദ്ദാക്കിക്കൊണ്ടാണ് പുതിയ പാര്‍ട്ടി പ്രവേശനം നടക്കുന്നത്. പക്ഷേ, ഇവിടെ നിലനില്‍ക്കുന്ന കോണ്‍ഗ്രസ്സിന് അങ്ങനെയല്ല, ഓരോ നേതാവിന്റെയും പ്രവര്‍ത്തകന്റെയും പാര്‍ട്ടി കൂടു മാറ്റം കോണ്‍ഗ്രസിന് ഒട്ടേറെ പാഠങ്ങള്‍ നല്‍കേണ്ടതുണ്ട്.
പൊളിറ്റിക്കല്‍ ലിറ്ററസി
മകന് ബി ജെ പിയില്‍ ചേര്‍ന്നപ്പോള്‍ എ കെ ആന്റണിയുടെ പ്രസ്താവന, വീട്ടില്‍ രാഷ്ട്രീയം സംസാരിക്കാറില്ല എന്നായിരുന്നു. രാഷ്ട്രീയ സാക്ഷരത എന്നത് വെറുതെ ലഭിക്കുകയില്ല. നേതാവായതു കൊണ്ട് മക്കള്‍ക്ക് രാഷ്ട്രീയ സാക്ഷരത ലഭിച്ചിട്ടുണ്ടാകും എന്ന് കരുതുന്നത് മൗഢ്യമാണ്. ഈ നേതാക്കള്‍ കടന്നുവന്ന വഴിയും അവര്‍ സംവദിച്ചിട്ടുള്ള ജനസഞ്ചയവുമാണ് അവരെ ഒരു ആശയത്തിന്റെ വക്താക്കളാക്കി മാറ്റിയത്. രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ ഈ ഘട്ടത്തില്‍ ക്ലാസില്‍ പോലും കയറാത്തവര്‍ക്ക് ആ ബോധമുണ്ടാകും എന്ന് നാം കരുതരുത്. മക്കളെ രാഷ്ട്രീയമായി ഉയര്‍ത്തിക്കൊണ്ടുവരണം എന്ന് ആഗ്രഹിക്കുന്ന നേതാക്കള്‍ അവര്‍ക്ക് സീറ്റ് വാങ്ങി ക്കൊടുക്കാനല്ല ശ്രമിക്കേണ്ടത്. മറിച്ച്, താന്‍ വിശ്വസിക്കുന്ന ഈ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിലൂടെ കടന്നുപോകാനുള്ള അവസരവും ഈ പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിക്കുന്ന ജനസഞ്ചയത്തോട് സംവദിക്കാനുള്ള സമയവുമാണ് നല്‍കേണ്ടത്. കൃത്യമായ രാഷ്ട്രീയ വിദ്യാഭ്യാസവും ജനങ്ങളോടൊപ്പം പ്രവര്‍ത്തിച്ച പരിചയവുമുള്ള ആര്‍ക്കും പെട്ടെന്ന് പാര്‍ട്ടി മാറാന്‍ സാധിക്കുകയില്ല. പ്രത്യേകിച്ച്, പൊളിറ്റക്കല്‍ ലെഗസി കൂടി കൈയിലുള്ളവര്‍ക്ക്. പത്മജക്കും അനിലിനും പൊളിറ്റിക്കല്‍ ലെഗസി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് വേണം കരുതാന്‍. രാഷ്ട്രീയ വിദ്യാഭ്യാസം ഒട്ടുമേ ഉണ്ടായിരുന്നില്ല. ഈ കാര്യത്തില്‍ പാര്‍ട്ടിക്കും ഉത്തരവാദിത്തമുണ്ട്.
പൊളിറ്റക്കല്‍ ലിറ്ററസി അഥവാ രാഷ്ട്രീയ സാക്ഷരത എന്നാല്‍ വിശാലമായ കാഴ്ചപ്പാട് അതിനുണ്ട്. വിവിധ രാഷ്ട്രീയ സ്ഥാപനങ്ങളെ മനസ്സിലാക്കണം. രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം ഉണ്ടാവണം. സമകാലിക സംഭവങ്ങള്‍, രാഷ്ട്രീയ സംവാദങ്ങള്‍, സമൂഹത്തെ ബാധിക്കുന്ന പ്രധാന വിഷയങ്ങള്‍ തുടങ്ങിയവയില്‍ നിലപാട് രൂപീകരിക്കാന്‍ അണികള്‍ക്ക് സാധിക്കുമ്പോഴാണ് അവര്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം ലഭിച്ചു എന്ന് പറയാന്‍ സാധിക്കുക. അതോടൊപ്പം, സമകാലിക വിഷയങ്ങളിലെ വ്യത്യസ്ത കാഴ്ചപ്പാടുകള്‍ മനസ്സിലാക്കുവാനും ഇതിലൂടെ സാധിക്കണം. എങ്കിലേ, എടുക്കുന്ന നിലപാടുകള്‍ എതിര് പാര്‍ട്ടിയുടെ ലോജിക്കനുസരിച്ചാണോ അല്ലയോ എന്ന് തിരിച്ചറിയാന്‍ സാധിക്കൂ. സ്വന്തമായി അഭിപ്രായങ്ങള്‍ രൂപീകരിക്കുന്നതിനു മുമ്പ് വിമര്‍ശനാത്മക ചിന്ത അനിവാര്യമാണ്. വ്യത്യസ്ത വീക്ഷണങ്ങളെ പരിഗണിച്ചുകൊണ്ട് ഈ ചിന്ത നേടിയെടുക്കാനാവും. രാഷ്ട്രീയ പ്രക്രിയയില്‍ സജീവമായി ഇടപെടേണ്ടതിന്റെ പ്രാധാന്യം ഓരോ അണികളെയും ബോധ്യപ്പെടുത്തണം. അതത് പാര്‍ട്ടികളുടെ ഐഡിയോളജിക്കല്‍ പൊസിഷന്‍ എന്താണെന്നും അത് രൂപപ്പെടുന്ന സാഹചര്യം എന്താണെന്നും അണികളെയും നേതാക്കളെയും പഠിപ്പിക്കണം. ഈ കാര്യത്തില്‍ കോണ്‍ഗ്രസ് എങ്ങനെ മുന്നോട്ടുപോകുന്നു എന്നതിനനുസരിച്ചായിരിക്കും ലെഗസിയുള്ള നേതാക്കളുടെ വിശ്രമജീവിതം.