വിദ്യാര്‍ഥി നേതാക്കള്‍ക്ക് ബാധ്യതയുണ്ട്
കല്‍പ്പറ്റയിലെ വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ ദാരുണമായ മരണത്തിന്റെ പശ്ചാത്തലത്തില്‍, ക്യാമ്പസ് റാഗിംഗിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ഉയര്‍ന്നു വന്നിരിക്കുന്നു. പരമ്പരാഗതമായി കാണുന്ന സ്ഥിരം റാഗിംഗ് അല്ല വെറ്ററിനറി യൂണിവേഴ്‌സിറ്റിയില്‍ നടന്നിട്ടുള്ളത്. മറിച്ച്, സീനിയര്‍ വിദ്യാര്‍ഥി നേതാക്കളുടെ താണ്ഡവമാണ്. ഈ സംഭവം നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിയന്തര ശ്രദ്ധയും കൂട്ടായ പ്രവര്‍ത്തനവും ആവശ്യപ്പെടുന്നുണ്ട്. അറിവ് അന്വേഷണങ്ങള്‍ പീഡനത്തിന്റെയും ഭീഷണിയുടെയും വഴികളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു എന്നത് ദുഃഖകരമായ സത്യമാണ്.
സിദ്ധാര്‍ഥിന്റെ മരണവാര്‍ത്ത അക്കാദമിക സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ രംഗത്തെ നിരവധി പേര്‍ ഇതിനകം പ്രതികരിച്ചുകഴിഞ്ഞു. സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നത് ഇത് ആത്മഹത്യയല്ല, കൊലപാതകമാണ് എന്നാണ്. റാഗിംഗില്‍ ഉള്‍പ്പെട്ട എസ് എഫ് ഐ നേതാക്കള്‍ ഉള്‍പ്പെടെ 19 വിദ്യാര്‍ഥികള്‍ക്കെതിരെ നിര്‍ണായക നടപടിയെടുക്കാന്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ നിര്‍ബന്ധിതരായിട്ടുണ്ട്. മാധ്യമശ്രദ്ധ ആകര്‍ഷിക്കുന്നതിനു മുമ്പ് സംഭവത്തെ മായ്ച്ചുകളയാനും കുറ്റവാളികളെ രക്ഷിക്കാനും പലരും ശ്രമിച്ചിരുന്നു. എന്നാല്‍, ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല എന്നതാണ് നഗ്‌നയാഥാര്‍ഥ്യം. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വ്യാപകമായ റാഗിംഗ് പ്രശ്‌നത്തെ അഭിമുഖീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഒരു കാലത്ത് നിരുപദ്രവകരമായ പാരമ്പര്യമായി കണക്കാക്കപ്പെട്ടിരുന്ന റാഗിംഗ്, പഠനാന്തരീക്ഷത്തെ കളങ്കപ്പെടുത്തുന്ന ഒരു അപകടകരമായ സംസ്‌കാരമായി പരിണമിച്ചു. അതിനെ തുടര്‍ന്നാണ് യു ജി സി റാഗിംഗിനെതിരെ കര്‍ശനനിയമങ്ങള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. ബൗദ്ധിക വളര്‍ച്ചയ്ക്കും സ്വഭാവവികാസത്തിനുമുള്ള ഇടമാകേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പീഡനത്തിന്റെയും ക്രൂരതയുടെയും വിളനിലങ്ങളായി മാറുന്നത് നിരാശാജനകമാണ്.
ഈ വിപത്തിനെ തുടച്ചുനീക്കാനുള്ള ഉത്തരവാദിത്തം അധികാരികള്‍ക്ക് മാത്രമല്ല, ഓരോ വിദ്യാര്‍ഥിക്കും അധ്യാപകര്‍ക്കും വിദ്യാഭ്യാസ സമ്പ്രദായത്തിലെ പങ്കാളികള്‍ക്കും ഉണ്ട്. വിദ്യാര്‍ഥി സംഘടനകള്‍ക്കും വിദ്യാര്‍ഥി നേതാക്കള്‍ക്കും ഇതില്‍ നിര്‍ണായക പങ്കുണ്ട്. അവരുടെ കാര്യക്ഷമമായ ഇടപെടലിലൂടെ മാത്രമേ ഇത്തരം പ്രതികാര നടപടികള്‍ ഇല്ലാതാവുകയുള്ളൂ. കോളജിലെ ചില ചെറിയ ചെറിയ പ്രശ്‌നങ്ങളെത്തുടര്‍ന്നുണ്ടാകുന്ന വാഗ്വാദങ്ങളാണ് പിന്നീട് ക്രൂരമായ പീഡനങ്ങളിലേക്ക് നയിക്കാറുള്ളത്. എന്നാല്‍, വേലി തന്നെ വിളവ് തിന്നുന്ന കാഴ്ചയാണ് വയനാട്ടില്‍ നിന്ന് കാണുന്നത്. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തക്കതായ നടപടികള്‍ ഉണ്ടാവണം.
ഒന്നാമതായി, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലവിലുള്ള റാഗിംഗ് വിരുദ്ധ നടപടികളുടെ സമഗ്രമായ അവലോകനം അനിവാര്യമാണ്. റാഗിംഗ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വിദ്യാര്‍ഥികള്‍ സുരക്ഷിതരാണെന്ന് അധികാരികള്‍ ഉറപ്പാക്കണം. രണ്ടാമതായി, റാഗിംഗിന്റെ ചാക്രിക സ്വഭാവം ഇല്ലാതാക്കാന്‍ സഹാനുഭൂതിയുടെയും ഉള്‍ക്കൊള്ളലിന്റെയും സംസ്‌കാരം വളര്‍ത്തിയെടുക്കേണ്ടത് ആവശ്യമാണ്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സൗഹൃദം, ബഹുമാനം, ധാരണ എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുന്‍ഗണന നല്‍കണം.
ഗുണ്ടാസംഘങ്ങളായി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥി സംഘടനകളെ കാമ്പസുകളില്‍ നിന്ന് വിലക്കണം. പലപ്പോഴും റാഗിംഗ് സംഭവങ്ങള്‍ക്ക് കാരണമാകുന്ന പവര്‍ ഡൈനാമിക്‌സിനെ അഭിസംബോധന ചെയ്യേണ്ടത് അത്യാവശ്യമാണ്. മാതൃകയാകേണ്ട വിദ്യാര്‍ഥി നേതാക്കള്‍ അത്തരം പെരുമാറ്റത്തെ ശക്തമായി നിരുത്സാഹപ്പെടുത്തുകയും പോസിറ്റീവ് കാമ്പസ് സംസ്‌കാരം വളര്‍ത്തിയെടുക്കുകയും വേണം. വിദ്യാര്‍ഥി സംഘടനകള്‍, ഫാക്കല്‍റ്റികള്‍, അഡ്മിനിസ്‌ട്രേഷന്‍ എന്നിവര്‍ തമ്മിലുള്ള സഹകരണം പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിന് അത്യന്താപേക്ഷിതമാണ്.
വയനാട്ടിലെ ദാരുണമായ സംഭവം വിദ്യാര്‍ത്ഥി സംഘടനകളെ ആത്മപരിശോധനക്ക് പ്രേരിപ്പിക്കേണ്ടതാണ്. ഓരോ വിദ്യാര്‍ഥിക്കും സുരക്ഷിതവും സമാധാനപരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുള്ള മാതൃക കാണിച്ചുകൊടുക്കാന്‍ അവര്‍ക്ക് സാധിക്കണം. നമ്മുടെ അക്കാദമിക സ്ഥാപനങ്ങളുടെ അടിത്തറയെ തന്നെ ഭീഷണിപ്പെടുത്തുന്ന പീഡനത്തിന്റെ ഇരുണ്ട നിഴലുകള്‍ ഇല്ലാതാക്കേണ്ട സമയമാണിത്.