21 Thursday
November 2024
2024 November 21
1446 Joumada I 19

നിയ്യത്ത്: പ്രവര്‍ത്തിച്ചില്ലെങ്കിലും പ്രതിഫലം ലഭിക്കും

അനസ് എടവനക്കാട്


നിര്‍ബന്ധമോ ഐച്ഛികമോ ആയ ആരാധനാകര്‍മങ്ങള്‍ അല്ലാഹുവിങ്കല്‍ സ്വീകാരയോഗ്യമാകണമെങ്കില്‍, അവന്റെ തൃപ്തി ആഗ്രഹിച്ചുകൊണ്ട് അവന്റെ കല്‍പന അനുസരിക്കുകയാണെന്ന കരുതല്‍ മനസ്സില്‍ ഉണ്ടാകേണ്ടതുണ്ട്. നിയ്യത്ത് (ഉദ്ദേശ്യം) എന്നാണ് ഇതിനു പറയുക. നിയ്യത്തിന്റെ അഭാവം ഒരു കര്‍മത്തെ അസാധുവാക്കുമെങ്കില്‍ പ്രസ്തുത നിയ്യത്തിനെ നിര്‍ബന്ധമായ നിയ്യത്ത് എന്നു വിളിക്കുന്നു. നിര്‍ബന്ധമായ നിയ്യത്ത് പോലെത്തന്നെ അഭികാമ്യമായ (മുസ്തഹബ്ബായ) നിയ്യത്തുമുണ്ട്.
ഇമാം ബുഖാരി സ്വഹീഹിലെ ആദ്യ ഹദീസായി ഉമറുബ്‌നുല്‍ ഖത്താബി(റ)ല്‍ നിന്ന് ഇപ്രകാരം രേഖപ്പെടുത്തുന്നു: ”തിരുമേനി ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നത് ഉദ്ദേശ്യം അനുസരിച്ചു മാത്രമാകുന്നു. ഓരോ മനുഷ്യനും അവന്‍ ഉദ്ദേശിച്ചതെന്തോ അതിന് അനുസൃതമായാണ് പ്രതിഫലം ലഭിക്കുക. ഐഹികാഭിവൃദ്ധിക്കു വേണ്ടി, അല്ലെങ്കില്‍ ഒരു സ്ത്രീയെ വിവാഹം കഴിക്കാന്‍ വേണ്ടിയാണ് ഒരാള്‍ ഹിജ്‌റ ചെയ്യുന്നതെങ്കില്‍ അവനു ലഭിക്കുന്ന നേട്ടവും അതു മാത്രമായിരിക്കും.”
വുദു, തയമ്മും മുതലായവയ്ക്കും ഫര്‍ദ്, സുന്നത്ത് നമസ്‌കാരങ്ങള്‍ക്കും നിര്‍ബന്ധമായ നോമ്പിനും ഹജ്ജിനും ഉംറക്കുമെല്ലാം മുന്‍കൂട്ടി തന്നെ കരുതേണ്ടത് അനിവാര്യമാണ്. ”പ്രഭാതത്തിനു മുമ്പുതന്നെ നോമ്പ് ഉറപ്പിച്ചു കരുതാത്തവന് നോമ്പ് കിട്ടുന്നതല്ല” എന്ന് ഹഫ്‌സ(റ) പറഞ്ഞിട്ടുണ്ട് (നസാഈ: 2336 – 2340). പ്രവാചകനിലേക്ക് ഈ വചനം ഉയര്‍ത്തപ്പെട്ടത് വിമര്‍ശനവിധേയമായിട്ടുണ്ടെങ്കിലും സുന്നത്ത് നോമ്പിന്റെ കാര്യത്തില്‍ ഒഴിച്ച് മുന്‍കൂട്ടിത്തന്നെ കരുതേണ്ടതുണ്ട് എന്നതാണ് ഭൂരിപക്ഷാഭിപ്രായം. ഇമാം മാലിക്, ശാഫിഈ, അഹ്മദ്, ഇസ്ഹാഖ് ബിന്‍ റാഹവൈഹി മുതലായവര്‍ ഈ വീക്ഷണം ഉള്ളവരാണ്.
സുന്നത്തുനോമ്പ് അനുഷ്ഠിക്കുന്നതിന് പ്രഭാതത്തിനു മുമ്പുതന്നെ നിയ്യത്ത് ഉണ്ടാകേണ്ടതില്ല. ”എന്തെങ്കിലും ഭക്ഷിക്കാനായി ഉണ്ടോ” എന്ന് നബി (സ) ചോദിച്ചതിന് ”ഇല്ല” എന്ന് ആയിശ(റ) മറുപടി നല്‍കിയപ്പോള്‍ ”എങ്കില്‍ ഞാന്‍ നോമ്പുകാരനാണ്” എന്നു പറഞ്ഞുകൊണ്ട് തിരുമേനി നോമ്പിലേക്ക് പ്രവേശിച്ചത് (തിര്‍മിദി: 733) ഇതിനുള്ള തെളിവാണ്.
യാതൊരു ഉദ്ദേശ്യവും കൂടാതെ ഫര്‍ദായ ഇബാദത്തുകള്‍ ആരംഭിക്കുകയും ഇടയ്ക്കുവെച്ച് അത് ഇന്നയിന്ന നമസ്‌കാരമാണ്, അല്ലെങ്കില്‍ റമദാനിലെ വിട്ടുപോയ നോമ്പാണ് എന്നെല്ലാം നിയ്യത്ത് വെക്കുന്നതിനും, ഫര്‍ദായ ഒരു നമസ്‌കാരം നിര്‍വഹിച്ചുകൊണ്ടിരിക്കെ ഇടയ്ക്കുവെച്ച് അതിന്റെ നിയ്യത്ത് തിരുത്തി മറ്റൊരു നമസ്‌കാരമാക്കി മാറ്റുന്നതിനും മതപരമായ സാധുതയില്ല. മറിച്ച് പ്രസ്തുത ഇബാദത്തുകള്‍ പുനരാരംഭിക്കുകയാണ് ചെയ്യേണ്ടത്.
നിയ്യത്ത് ഉച്ചരിക്കല്‍
ആരാധനാ കര്‍മങ്ങളെ മറ്റിതര കര്‍മങ്ങളില്‍ നിന്നു വേര്‍തിരിക്കുന്നത് അതിലെ നിയ്യത്താണ്. നമസ്‌കാരത്തിലും നോമ്പിലും മാത്രമല്ല, ഭാര്യക്കും കുട്ടികള്‍ക്കും ചെലവിനു കൊടുക്കുന്നതിലും വഴിയില്‍ നിന്ന് ഉപദ്രവം നീക്കുന്നതിലും മാതാപിതാക്കളെ ബഹുമാനിക്കുന്നതിലും പക്ഷിമൃഗാദികളോട് കരുണ കാണിക്കുന്നതിലുമെല്ലാം നിയ്യത്ത് വേണ്ടതുണ്ട്. ഇമാം നവവി(റ) പറഞ്ഞതുപോലെ ”നിയ്യത്ത് എന്നത് ഹൃദയത്തിന്റെ ഉദ്ദേശ്യമാണ്. മനസ്സിന്റെ ഉറപ്പാണ്” (ഫത്ഹുല്‍ബാരി 1:13).
മനസ്സിന്റെ പ്രവര്‍ത്തനത്തില്‍ നാവിന് സ്ഥാനമില്ല. നിയ്യത്ത് നാവുകൊണ്ട് ഉച്ചരിക്കല്‍ സുന്നത്താണെന്നുവരെ ആളുകള്‍ കരുതുന്നു. എന്നാല്‍ അപ്രകാരം ഒരു പ്രവാചകചര്യ ഇല്ലെന്നു മാത്രമല്ല, നിയ്യത്ത് ഉച്ചാരണം ബിദ്അത്തിന്റെ വകുപ്പില്‍ പണ്ഡിതന്മാര്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നിയ്യത്ത് നാവു കൊണ്ട് ഉച്ചരിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ ഇപ്രകാരം മറുപടി പറയുന്നു: ”ഇസ്‌ലാമിക പണ്ഡിതരുടെ ഇജ്മാഅ് അനുസരിച്ച് നമസ്‌കാരത്തിനു വേണ്ടിയുള്ള ശുദ്ധീകരണത്തിനായുള്ള വുദു, തയമ്മും, കുളി അല്ലെങ്കില്‍ നോമ്പ്, സകാത്ത്, പ്രായശ്ചിത്ത കര്‍മങ്ങള്‍, മറ്റ് ആരാധനാ കര്‍മങ്ങള്‍ എന്നിവയ്ക്ക് നിയ്യത്ത് ഉറക്കെ ഉച്ചരിക്കേണ്ടതില്ല; അവരുടെ ഏകാഭിപ്രായപ്രകാരം നിയ്യത്തിന്റെ ഉറവിടം ഹൃദയമാണ്. ഇനി ഒരുവന്‍ ഹൃദയത്തിലെ ഉദ്ദേശ്യത്തിനു വിരുദ്ധമായി മറ്റെന്തെങ്കിലുമാണ് പറഞ്ഞതെങ്കില്‍ കൂടി അവന്‍ ഉദ്ദേശിച്ചതാണ് കണക്കാക്കപ്പെടുക, മറിച്ച് അവന്‍ പറഞ്ഞതല്ല” (ഫതാവല്‍ കുബ്‌റാ, ഇബ്‌നു തൈമിയ്യ 2:95).
ഇമാം ഇബ്‌നുല്‍ ഖയ്യിം പറയുന്നു: ”ഒരു കാര്യത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കാണ് നിയ്യത്ത് എന്ന് പറയുക. അത് ഹൃദയത്തിന്റെ ഒരവസ്ഥയാണ്. നാവില്‍ നിന്നു വരുന്ന ഒന്നല്ലതന്നെ. ഇക്കാരണത്താല്‍ പ്രവാചകനോ അനുയായികളോ ഒരിക്കലും അവരുടെ നിയ്യത്ത് ഉച്ചരിച്ചിട്ടില്ല. ശുദ്ധീകരണത്തിന്റെയും നമസ്‌കാരത്തിന്റെയും സന്ദര്‍ഭങ്ങളില്‍ ഈ വിഷയത്തിലേക്ക് പുതുതായി കടത്തിക്കൂട്ടിയ കാര്യങ്ങള്‍ പിശാചില്‍ നിന്നുള്ളതും, അത് എങ്ങനെ നിര്‍വഹിക്കണം എന്നറിയാത്തവരെ സംബന്ധിച്ചുള്ള അവന്റെ ഒരു കുരുക്കുമാണ്. അക്കൂട്ടര്‍ അത് വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത് നിനക്ക് കാണാന്‍ കഴിയും. പക്ഷേ അതാകട്ടെ പ്രാര്‍ഥനയുടെ ഭാഗം പോലുമല്ല” (ഇഗാസത്തുല്‍ അഹ്ഫാന്‍).
ഹജ്ജിനും ഉംറക്കും നിയ്യത്ത് ഉറക്കെയാണ് ചൊല്ലേണ്ടതെന്ന് കണക്കാക്കുന്ന പണ്ഡിതന്മാരുണ്ട്. മീഖാത്തില്‍ വെച്ച് ഇഹ്‌റാമില്‍ പ്രവേശിക്കുന്ന വേളയില്‍ ഹാജി ഉറക്കെ ചൊല്ലേണ്ട ‘ലബ്ബൈക്ക(ല്ലാഹുമ്മ) ബി ഉംറതന്‍ വ ഹജ്ജന്‍’ മുതലായ പദങ്ങള്‍ അതിനുള്ള തെളിവായി അവര്‍ കണക്കാക്കുന്നു. എന്നാല്‍ ഇത് നമസ്‌കാരത്തില്‍ തക്ബീറത്തുല്‍ ഇഹ്‌റാമില്‍ ‘അല്ലാഹു അക്ബര്‍’ എന്ന് ഉറക്കെ ചൊല്ലുന്നതിന് സമാനമായ സംഗതിയാണ്. ഹജ്ജിന്റെയോ ഉംറയുടെയോ നിയ്യത്താകട്ടെ, അവന്‍ ഹജ്ജിനായി ഒരുങ്ങുന്നതു മുതല്‍ ഉണ്ടാകുന്നുണ്ട്.
നിയ്യത്തും
പ്രവര്‍ത്തനവും

ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്ന ഒരു ഹദീസിന്റെ ആശയം ഇപ്രകാരമാണ്: ”ഒരു അടിമ ഒരു നല്ല കാര്യം ചെയ്യാന്‍ വിചാരിച്ചാല്‍ അത് ഒരു നന്മയായി അവന് രേഖപ്പെടുത്തും. ഇനി അവന്‍ ആ നിയ്യത്ത് അനുസരിച്ച് പ്രവര്‍ത്തിച്ചാലോ പത്തിരട്ടി മുതല്‍ എഴുന്നൂറ് ഇരട്ടി വരെ അവന് പ്രതിഫലം ലഭിക്കുകയും ചെയ്യും. ഇനി അവന്‍ ഒരു ചീത്ത കാര്യം ചെയ്യാന്‍ ഉദ്ദേശിക്കുകയും അത് ചെയ്യാതിരിക്കുകയും ചെയ്താല്‍ അതും അവന് ഒരു നന്മയായി രേഖപ്പെടുത്തും. ഇനി അവന്‍ അതനുസരിച്ച് പ്രവര്‍ത്തിച്ചാലോ, ഒരു തിന്മ മാത്രമായിട്ടേ അവനെതിരില്‍ രേഖപ്പെടുത്തുകയുള്ളൂ” (ബുഖാരി: 6491, മുസ്‌ലിം: 128-131).
നിഷ്‌കളങ്കമായ നിയ്യത്ത് ഉണ്ടെങ്കില്‍ സാഹചര്യങ്ങള്‍ കൊണ്ട് പ്രവര്‍ത്തിക്കാന്‍ കഴിയാതെപോയ കാര്യങ്ങള്‍ക്കു പോലും പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലം ലഭിക്കുന്നതാണ്. അബൂദര്‍റ്(റ) പറയുന്നു: ”രാത്രി (എഴുന്നേറ്റ്) നമസ്‌കരിക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് ഒരാള്‍ കിടപ്പറയിലേക്ക് പോവുകയും പ്രഭാതം വരെ ഉറക്കം അവനെ പിടികൂടുകയും ചെയ്താല്‍ (പോലും) അവന്‍ ഉദ്ദേശിച്ചത് അവനു വേണ്ടി രേഖപ്പെടുത്തപ്പെടും.”
താബിഈയായ സഈദുബ്‌നുല്‍ മുസയ്യബ്(റ) പറഞ്ഞു: ”ഒരാള്‍ നമസ്‌കരിക്കാനും നോമ്പനുഷ്ഠിക്കാനും ഹജ്ജിനോ ഉംറക്കോ ജിഹാദിനോ പോകാനും ഉദ്ദേശിക്കുകയും, അത് പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് അയാള്‍ തടയപ്പെടുകയും ചെയ്താല്‍ അവന്‍ ചെയ്യാന്‍ ഉദ്ദേശിച്ച (കര്‍മങ്ങളുടെ) പ്രതിഫലം അല്ലാഹു അവന് നല്‍കും.”
എത്ര മഹത്തരമായ കര്‍മങ്ങള്‍ ചെയ്യുമ്പോഴും ഉദ്ദേശ്യം നന്നായിട്ടില്ലെങ്കില്‍ ആ കര്‍മങ്ങള്‍ കൊണ്ട് യാതൊരു ഫലവും അവന് ഉണ്ടാവുകയില്ല. അല്ലാഹുവിന്റെ ദീനിനു വേണ്ടി ഇറങ്ങിത്തിരിക്കുന്നവര്‍ എപ്പോഴും മനസ്സില്‍ ഓര്‍ത്തുവെക്കേണ്ട ഒരു കാര്യം കൂടിയാണത്. ഉബാദതുബ്‌നു സാമിതി(റ)ല്‍ നിന്ന് ഇമാം നസാഈ ഉദ്ധരിക്കുന്ന ഒരു ഹദീസിലെ വാചകം ഇപ്രകാരമാണ്: ”ഒരു കഷ്ണം കയര്‍ മാത്രം ഉദ്ദേശിച്ചുകൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവനെ സംബന്ധിച്ച്, അവന്‍ ഉദ്ദേശിച്ചത് മാത്രമാണ് അവന് ലഭിക്കുക” (നസാഈ: 3138). ഭൗതിക നേട്ടം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവനെ സംബന്ധിച്ച് ശാശ്വതമായ പരലോക വിഭവം അവന് അന്യമാണെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നുണ്ട്.
നിയ്യത്ത് തെറ്റുമ്പോള്‍
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ”വല്ലവനും ഇഹലോകത്തെ പ്രതിഫലമാണ് ലക്ഷ്യമാക്കുന്നതെങ്കില്‍ (അവന്‍ മനസ്സിലാക്കട്ടെ) അല്ലാഹുവിന്റെ പക്കല്‍ തന്നെയാണ് ഇഹലോകത്തെ പ്രതിഫലവും പരലോകത്തെ പ്രതിഫലവും” (നിസാഅ് 134).
ദീനില്‍ പുണ്യകര്‍മമായി കണക്കാക്കപ്പെടുന്നവ നിഷ്‌കളങ്കമായ നിയ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിഫലാര്‍ഹമായ കര്‍മമായി മാറുന്നത്. അതുകൊണ്ടുതന്നെ പുണ്യകര്‍മങ്ങള്‍ അനുഷ്ഠിക്കുന്നത് അല്ലാഹുവിനു വേണ്ടി മാത്രമാവുകയും പ്രകടനപരത തീര്‍ത്തും ഒഴിവാക്കുകയും ചെയ്യേണ്ടതാണ്. അല്ലാഹുവിനു മാത്രം നല്‍കാന്‍ വിധിക്കപ്പെട്ട ആരാധനാകര്‍മങ്ങള്‍ ജനങ്ങളെ കൂടി കാണിക്കാന്‍ വേണ്ടിയുള്ളതാക്കി മാറ്റുമ്പോള്‍ അവിടെ ശിര്‍ക്ക് കടന്നുവരുന്നു.
നബി തിരുമേനി (സ) പറഞ്ഞതായി മഹ്മൂദ് ബിന്‍ ലബീദ്(റ) നിവേദനം ചെയ്യുന്നു: ”നിങ്ങളില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന കാര്യം ചെറിയ ശിര്‍ക്കാണ്. (അതാണ്) പ്രകടനപരത (അഥവാ ജനങ്ങളെ കാണിക്കാന്‍ വേണ്ടി സത്കര്‍മങ്ങള്‍ ചെയ്യല്‍)” (മുസ്‌നദ് അഹ്മദ് 5:428,429). ഒരുപക്ഷേ, നിഷ്‌കളങ്കമായ നിയ്യത്തോടെ ആരംഭിച്ച ഒരു നമസ്‌കാരമോ ഖുര്‍ആന്‍ പാരായണമോ ആളുകള്‍ കാണുന്നു എന്ന് മനസ്സിലാക്കുമ്പോള്‍ കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കുന്നത് ഇത്തരത്തില്‍ ലക്ഷ്യം മാറിപ്പോകുന്നതും ചെറിയ ശിര്‍ക്കില്‍ വന്നുചേരുന്നതുമായ സംഗതിയാണ്.
ആളുകളെ കാണിക്കാനായി മാത്രം നമസ്‌കാരം, ദാനം, ഹജ്ജ് മുതലായ ആരാധനകളില്‍ ഏര്‍പ്പെടുന്നവരും ജനങ്ങള്‍ക്കിടയിലുണ്ട്. നിയ്യത്ത് പരിപൂര്‍ണമായും തെറ്റുന്നതിലൂടെ നരകത്തില്‍ ആപതിക്കുന്ന ഇത്തരക്കാരെപ്പറ്റി റസൂല്‍(സ) മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്. മുസ്‌ലിമും തിര്‍മിദിയുമെല്ലാം ഉദ്ധരിച്ച ഖുദ്‌സിയായ ഒരു ഹദീസിന്റെ ആശയം ഇപ്രകാരമാണ്:
പുനരുത്ഥാനനാളില്‍ മനുഷ്യരില്‍ നിന്ന് ആദ്യമായി ശിക്ഷ നടപ്പാക്കപ്പെടുന്നത് മൂന്ന് ആളുകള്‍ക്കാണ്. അതില്‍ ഒരാള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിയായവനും, രണ്ടാമന്‍ വിജ്ഞാനം കരസ്ഥമാക്കുകയും ഖുര്‍ആന്‍ പാരായണം ചെയ്യുകയും ചെയ്തവനും, മൂന്നാമന്‍ ദീനിന്റെ മാര്‍ഗത്തില്‍ ധാരാളമായി സമ്പത്ത് ചെലവഴിച്ചവനുമാണ്. മൂന്നു കൂട്ടരും അവരവരുടെ നന്മകള്‍ എടുത്തുപറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുമെങ്കിലും, അവര്‍ പറഞ്ഞത് കളവാണെന്നും, അവര്‍ അപ്രകാരമുള്ള സത്കര്‍മങ്ങളെല്ലാം പ്രവര്‍ത്തിച്ചത് ധീരനെന്നും പണ്ഡിതനെന്നും ഉദാരനെന്നുമെല്ലാം ജനങ്ങളാല്‍ വിളിക്കപ്പെടാന്‍ വേണ്ടി മാത്രമായിരുന്നുവെന്നും അല്ലാഹു വെളിപ്പെടുത്തുകയും തുടര്‍ന്ന് ആ മൂന്നു കൂട്ടരും അവരുടെ മുഖത്തിന്‍മേല്‍ വലിച്ചിഴക്കപ്പെട്ടവരായി നരകത്തില്‍ എറിയപ്പെടുകയും ചെയ്യും.
ഇബ്‌നുമാജയില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ഒരു നബിവചനം ഇപ്രകാരമാണ്: ”ആരെങ്കിലും ഇഹലോകത്തെ മാത്രം ലക്ഷ്യം വെച്ചാല്‍ അവന്റെ കാര്യങ്ങളെ അല്ലാഹു താറുമാറാക്കിക്കളയുകയും ദാരിദ്ര്യത്തെ അവന്റെ കണ്ണുകള്‍ക്കിടയില്‍ പ്രതിഷ്ഠിക്കുകയും ചെയ്യും. (അഥവാ ദാരിദ്ര്യത്തെപ്പറ്റി അവന്‍ നിത്യഭയത്തിലായിരിക്കും എന്നര്‍ഥം). ഇഹലോകത്ത് അവന് വിധിച്ചതല്ലാതെ മറ്റൊന്നും അവന് ലഭിക്കുകയുമില്ല. ഇനി ആരെങ്കിലും പരലോകത്തെ (പ്രതിഫലത്തെയാണ്) ഉദ്ദേശിക്കുന്നതെങ്കില്‍ അവന്റെ കാര്യങ്ങള്‍ അല്ലാഹു നിര്‍വഹിച്ചുകൊടുക്കുകയും അവന്റെ ഹൃദയത്തെ അവന്‍ സംതൃപ്തമാക്കുകയും ചെയ്യും. (അവന് വിധിക്കപ്പെട്ട) ഐഹിക വിഭവങ്ങള്‍ അവനിലേക്ക് വന്നെത്തുകയും ചെയ്യും” (4105).
അഭികാമ്യമായ
നിയ്യത്ത്

ഇബാദത്തുകളെ പരിപോഷിപ്പിക്കാനും തിന്മയില്‍ നിന്ന് അകന്നുനില്‍ക്കാനും ഉതകുന്ന തരത്തിലുള്ള അനുവദനീയമായ കര്‍മങ്ങള്‍ക്ക് നിഷ്‌കളങ്കമായ നിയ്യത്തുണ്ടെങ്കില്‍ അവ പ്രതിഫലാര്‍ഹമായി മാറും. ഇതിനെ അഭികാമ്യമായ (മുസ്തഹബ്ബ്) നിയ്യത്ത് എന്നു പറയുന്നു. ശരീരത്തെ പോഷിപ്പിക്കുന്നതിനായി ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും, കൂടുതല്‍ ഉത്സാഹത്തോടെ രാത്രിനമസ്‌കാരം നിര്‍വഹിക്കാനായി കിടന്നുറങ്ങുന്നതും, ഭാര്യാഭര്‍തൃ ബന്ധവുമൊക്കെ ഇത്തരത്തില്‍ നിയ്യത്തോടുകൂടി ചെയ്യുന്നത് അവയെ പ്രതിഫലാര്‍ഹമാക്കി മാറ്റാന്‍ സഹായിക്കുന്നതാണ്.
നബി (സ) പറഞ്ഞു: ”അല്ലാഹുവിന്റെ തൃപ്തി ആഗ്രഹിച്ചുകൊണ്ട് നിങ്ങള്‍ ചെലവഴിക്കുമ്പോള്‍, നിങ്ങള്‍ക്ക് അതിന് പ്രതിഫലം ലഭിച്ചിട്ടല്ലാതെ ഒന്നും തന്നെ നിങ്ങള്‍ ചെലവഴിക്കുന്നില്ല. നിങ്ങളുടെ ഭാര്യയുടെ വായിലേക്ക് നിങ്ങള്‍ വെച്ചുകൊടുക്കുന്ന ഒരു ഉരുള ഭക്ഷണത്തിന്റെ കാര്യത്തില്‍ പോലും” (ബുഖാരി 56). എത്ര നിസ്സാരമായ നന്മകളെയും നന്മയിലേക്ക് നയിക്കുന്ന അനുവദനീയമായ കര്‍മങ്ങളെയും നിഷ്‌കളങ്കമായ നിയ്യത്ത് കൊണ്ട് പ്രതിഫലാര്‍ഹമാക്കിത്തീര്‍ക്കാം.
മുആദ്(റ) പറയുകയുണ്ടായി: ”ഞാന്‍ ഉറങ്ങുകയും (നമസ്‌കാരത്തിനായി രാത്രിയില്‍) എഴുന്നേല്‍ക്കുകയും ചെയ്യും. എന്നിട്ട് ഞാന്‍ (നമസ്‌കാരത്തിനായി) എഴുന്നേറ്റത്തിന്റെ പ്രതിഫലം (അല്ലാഹുവിനോട്) തേടുന്നതുപോലെ, എന്റെ ഉറക്കത്തിന്റെ പ്രതിഫലവും തേടും” (ബുഖാരി 4344).
അനുവദനീയമായ സകല കര്‍മങ്ങളും നിയ്യത്തിലൂടെ ഇബാദത്താക്കി മാറ്റാം എന്നൊരു അതിവാദവും സമൂഹത്തില്‍ ഇന്ന് നിലനില്‍ക്കുന്നുണ്ട്. ജീവിതം മുഴുവന്‍ ഇബാദത്താണെന്ന കാഴ്ചപ്പാടാണ് അക്കൂട്ടരെ ഇതിലേക്ക് നയിച്ചത്. സത്യത്തില്‍ ഇതിന് യാതൊരു അടിസ്ഥാനവുമില്ല. എല്ലാ തരം വസ്‌വാസുകളും നിരര്‍ഥകമായ കര്‍മങ്ങളും ആരാധനകളായി രൂപപ്പെടുത്താനും, പുതിയ അനാചാരങ്ങളെ സൃഷ്ടിക്കാനും മാത്രമേ ഇത്തരം വാദങ്ങള്‍ കൊണ്ട് സാധിക്കൂ.

Back to Top