20 Monday
October 2025
2025 October 20
1447 Rabie Al-Âkher 27

സാമുദായിക സംവരണമാണ് ശരി


വിദ്യാഭ്യാസരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ ഏവര്‍ക്കും അറിയുന്നതാണ്. അതുകൊണ്ടുതന്നെ പാഠപുസ്തകങ്ങളിലെ വിവിധ പരാമര്‍ശങ്ങളും പാഠ്യപദ്ധതി പ്രവര്‍ത്തനങ്ങളും സാമൂഹികമായ വിശകലനത്തിന് വിധേയമാകുന്ന നാടാണ് നമ്മുടേത്. പൊതുചര്‍ച്ചയിലൂടെ രൂപപ്പെടുന്ന തത്വശാസ്ത്രമാണ് കേരളത്തിലെ പാഠപുസ്തകങ്ങളുടെ അടിപ്പടവായി വര്‍ത്തിക്കേണ്ടത്. ഒലിഗാര്‍ക്കി സമുദായങ്ങളോ വരേണ്യവര്‍ഗങ്ങളോ മുന്നോട്ടുവെക്കുന്ന ചിന്തകളെ നിരാകരിക്കുന്നു എന്നതാണ് കേരള മോഡലിന്റെ ഒരു പ്രത്യേകത.
എന്നാല്‍, കേരളത്തിലെ പ്ലസ്‌വണ്‍ ഹ്യൂമാനിറ്റീസ് സിലബസിലെ പാഠപുസ്തകത്തില്‍ വര്‍ഗീയതയെ നേരിടാനുള്ള പരിഹാരമായി നിര്‍ദേശിക്കുന്നത് സാമുദായിക സംവരണം ഒഴിവാക്കുക എന്നതാണ്. സോഷ്യല്‍ വര്‍ക്ക് പാഠപുസ്തകത്തിലെ 182-ാം പേജിലാണ് വിവാദ പരാമര്‍ശമുള്ളത്. സമകാലിക സാമൂഹിക ആശങ്കകള്‍ എന്ന നിലയില്‍ വര്‍ഗീയതയുടെ കാരണങ്ങളും പരിഹാര മാര്‍ഗങ്ങളും പഠിപ്പിക്കുന്ന അധ്യായമാണിത്. വര്‍ഗീയത എന്താണെന്നോ അത് എങ്ങനെയാണ് ഉണ്ടാവുന്നതെന്നോ അറിയാത്ത ഒരു സിലബസ് കമ്മിറ്റി പാഠപുസ്തകം ഉണ്ടാക്കിയതുപോലെയാണ് കാര്യങ്ങള്‍. സാമുദായിക സംവരണത്തിനു പകരം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുക എന്നാണ് പഠിപ്പിക്കുന്നത്. അത് മാത്രമല്ല, ഇതര സമുദായങ്ങളുടെ ആരാധന പരസ്പരം പ്രോത്സാഹിപ്പിക്കണമെന്നും പാരമ്പര്യ വിശ്വാസങ്ങളും ആചാരങ്ങളും കൈവെടിയണമെന്നും ഇതേ നിര്‍ദേശങ്ങളുടെ കൂട്ടത്തിലുണ്ട്.
മതവിശ്വാസം സമം വര്‍ഗീയത എന്ന് സിദ്ധാന്തിക്കുന്ന മതരഹിതര്‍ക്ക് മാത്രമേ ഇങ്ങനെ പറയാന്‍ സാധിക്കുകയുള്ളൂ. ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകേണ്ട കേരള വിദ്യാഭ്യാസ മോഡലില്‍ തന്നെയാണ് തെറ്റായ വാദങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് എന്നത് ഗൗരവകരമാണ്.
സാമുദായിക സംവരണം വര്‍ഗീയത സൃഷ്ടിക്കുമെന്നത് സവര്‍ണ ലോബിയുടെ വാദമാണ്. സമാനമായി ഇങ്ങനെ വാദിക്കാറുള്ളത് സാമ്പത്തിക സംവരണത്തിന്റെ വക്താക്കളായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണ്. കമ്മ്യൂണിസ്റ്റ് താത്വികാചാര്യന്‍ ഇ എം എസ് അക്കാലത്ത് സാമ്പത്തിക സംവരണത്തിനു വേണ്ടി വാദിച്ചിരുന്നു. അതുകൊണ്ടുതന്നെ ‘ബ്രാഹ്മിണ്‍ ബോയ്‌സ്’ എന്നാണ് അന്നത്തെ കമ്മ്യൂണിസ്റ്റ് നേതാക്കളെ അംബേദ്കര്‍ വിശേഷിപ്പിച്ചത്. ഈ പാഠപുസ്തകത്തിന് അണിയറയില്‍ പ്രവര്‍ത്തിച്ചവരും അതേ വിശേഷണത്തിന് അര്‍ഹരാണ്. രാജ്യത്തെ ഭരണഘടനാ വിദഗ്ധരും സാമൂഹിക പ്രവര്‍ത്തകരും ഒട്ടേറെ ചര്‍ച്ച നടത്തിയാണ് സാമുദായിക സംവരണം ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നത്. സാമുദായിക സംവരണം മാത്രമല്ല, മതവിശ്വാസവും മതാചാരങ്ങളും മൗലികാവകാശമായി ഉള്‍പ്പെടുത്തിയതും അതേ ഭരണഘടന തന്നെയാണ്.
ഇന്ത്യയിലെ അടിസ്ഥാന യൂണിറ്റ് വ്യക്തികളല്ല, സമുദായമാണ്, ഗ്രാമങ്ങളാണ് എന്നായിരുന്നു ഗാന്ധിയുടെ വാദം. എന്നാല്‍, ഇന്ത്യ അനുഭവിക്കുന്ന മുഴുവന്‍ പ്രശ്‌നങ്ങളും എടുത്ത് പരിശോധിച്ചാല്‍ അതില്‍ ജാതിവിവേചനം ഒരു അടിസ്ഥാന കാരണമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. അതുകൊണ്ടാണ് സമുദായങ്ങളെ അടിസ്ഥാന യൂണിറ്റായി മനസ്സിലാക്കുന്ന വ്യവസ്ഥകള്‍ നമ്മുടെ ഭരണഘടനയില്‍ ഉണ്ടായത്. സമുദായങ്ങളെ അടിസ്ഥാന യൂണിറ്റായി മനസ്സിലാക്കുന്ന ഭരണഘടനയുടെ മൗലിക ഭാവത്തെ അട്ടിമറിക്കുന്നതായിരുന്നു 103-ാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെ 2019ല്‍ കൊണ്ടുവന്ന മുന്നാക്ക സംവരണം. സാമ്പത്തിക സംവരണമെന്ന പേരിലാണ് അത് നടപ്പാക്കിയതെങ്കിലും ഫലത്തില്‍ അത് മുന്നാക്കജാതിയില്‍ പെട്ടവര്‍ക്ക് മാത്രമുള്ള സംവരണമാണ്.
മുന്നാക്കജാതിയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാത്രമാണ് സംവരണം എന്നതാണ് ഉന്നത വര്‍ഗങ്ങളുടെ ന്യായീകരണം. യഥാര്‍ഥത്തില്‍ സംവരണം എന്നതുതന്നെ ജനസംഖ്യാനുപാതികമായി പ്രാതിനിധ്യമില്ലാത്ത സമുദായങ്ങള്‍ക്കുള്ള പോസിറ്റീവ് ഡിസ്‌ക്രിമിനേഷനാണ്. അതിനെ അട്ടിമറിച്ചുകൊണ്ടാണ് സാമ്പത്തിക സംവരണം ഇവിടെ നടപ്പാക്കിയിട്ടുള്ളത്. ഇപ്പോഴും നിലനില്‍ക്കുന്ന സാമുദായിക സംവരണത്തെ വര്‍ഗീയതയുടെ കാരണമായി അവതരിപ്പിക്കുന്നതിലൂടെ, പ്രാതിനിധ്യം നേടുന്ന പിന്നാക്ക സമുദായങ്ങളോടുള്ള കെറുവാണ് പ്രകടമാകുന്നത്.
ജാതി വിവേചനവും സവര്‍ണ അധീശത്വവുമാണ് ഇന്ത്യയിലെ രാഷ്ട്രീയ-സാമൂഹിക പ്രശ്‌നങ്ങളുടെ അടിവേര്. ഈ യാഥാര്‍ഥ്യം മറച്ചുവെക്കാനാണ് ഇരകളായ സമുദായങ്ങളെ തന്നെ കുറ്റക്കാരാക്കി മാറ്റുന്ന സംവരണവിരുദ്ധ വാദങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഇടം പിടിക്കുന്നത്. സാമുദായിക സംവരണം വഴി പ്രവേശനം നേടുന്ന പ്ലസ്‌വണ്‍ വിദ്യാര്‍ഥികളോടാണ് ‘നിങ്ങള്‍ നേടിയ ഭരണഘടനാ അവകാശം ഇന്ത്യയിലെ വര്‍ഗീയതക്ക് കാരണമാവുന്നു’ എന്ന് പഠിപ്പിക്കുന്നത്. മുമ്പിലിരിക്കുന്ന വിദ്യാര്‍ഥിയെ അപമാനിക്കുന്ന പാഠപുസ്തകം കൂടിയാണിത്. അതുകൊണ്ട് പ്ലസ്‌വണ്‍ പാഠപുസ്തകത്തിലെ വിവാദ ഭാഗം അടിയന്തരമായി പിന്‍വലിക്കണം.

Back to Top