8 Sunday
December 2024
2024 December 8
1446 Joumada II 6

പ്രതിസന്ധികള്‍ ഉണ്ടാവുമ്പോള്‍ നമ്മുടെ മക്കള്‍ എങ്ങോട്ടാണ് തിരിയുക?

സാറ സുല്‍ത്താന്‍, നജ്‌വ അവാദ് /വിവ. സിദ്ദീഖ് സി എസ്‌


നിരവധി പേരന്റിംഗ് തിയറികള്‍ ഉണ്ടെന്ന് നമുക്കറിയാം. ഇവയില്‍ ഏതെങ്കിലും തിയറി മറ്റുള്ളവയേക്കാള്‍ മെച്ചമാണെന്നന്ന് കരുതരുത്. നിങ്ങള്‍ക്കും നിങ്ങളുടെ ഓരോ കുട്ടികള്‍ക്കും നിങ്ങളുടെ കുടുംബത്തിനും അനുയോജ്യമായ പാരന്റിംഗ് രീതി ഏതാണെന്ന് തിരിച്ചറിയണം. ചിലപ്പോള്‍ സ്നേഹനിധികളായ രണ്ട് രക്ഷിതാക്കള്‍ വ്യത്യസ്തമായ രണ്ട് പാരന്റിംഗ് രീതികളായിരിക്കും സ്വീകരിക്കുക. ചിലപ്പോള്‍ ഒരേ രക്ഷിതാവ് തന്നെ വ്യത്യസ്തരായ മക്കളോട് വ്യത്യസ്ത സമീപനമായിരിക്കും സ്വീകരിക്കുക.
മാനസികാരോഗ്യ തെറാപ്പിസ്റ്റുകളോടും പാരന്റിംഗ് എക്സ്പേര്‍ട്ടുകളോടും ചോദിച്ചാല്‍ അവരില്‍ കൂടുതല്‍ പേരും പറയുക, കൂടുതല്‍ പ്രാധാന്യം തിയറിക്കല്ല സ്നേഹവും പരസ്പര പിന്തുണയും നിലനില്‍ക്കുന്ന രക്ഷാകര്‍തൃ-മക്കള്‍ ബന്ധത്തിനാണെന്നാണ്. ഞങ്ങളുടെ പാരന്റിംഗ് തിയറി, മറ്റു പലരുടേതില്‍ നിന്നു ഭിന്നമായി സെക്കോ സോഷ്യല്‍ ഗവേഷണത്തിന്റെയും ഇസ്‌ലാമിക പ്രമാണങ്ങളുടെയും പിന്തുണയുള്ളതാണ്. പാരന്റിംഗില്‍ വിജയം ഉറപ്പുനല്‍കുക എന്നത് ഒരു മനുഷ്യന്റെയും കഴിവില്‍ പെട്ടതല്ല. നമ്മുടെ പിതാവ് ആദം(റ), നൂഹ്(അ), യഅ്ഖൂബ്(അ) എന്നീ പ്രവാചകന്മാരും ദൈവികദര്‍ശനം ഉണ്ടായിരുന്നിട്ടുകൂടി പാരന്റിംഗില്‍ വെല്ലുവിളികള്‍ നേരിട്ടിരുന്നു.
ഞങ്ങള്‍ വേറും സൈക്കോതെറാപിസ്റ്റുകളല്ല. ആറ് മക്കളുടെ രക്ഷാകര്‍ത്താക്കളുമാണ്. ഞങ്ങള്‍ക്ക് നേരിട്ടിട്ടുള്ള അനുഭവം കൊണ്ടുതന്നെ പരീക്ഷണങ്ങളും ബുദ്ധിമിട്ടുകളും നിറഞ്ഞതാണ് പാരന്റിംഗ് എന്ന് ഞങ്ങള്‍ക്കറിയാം. എല്ലാ ഉത്തരങ്ങളും ഞങ്ങളുടെ അടുക്കലുണ്ടെന്ന് ഭാവിക്കുകയല്ല. എല്ലാ ഉത്തരങ്ങളും ഞങ്ങളുടെ അടുക്കലുണ്ടെന്നല്ല, ആരുടെ അടുക്കലുമില്ല. സൈക്കോ തെറാപ്പി രംഗത്തെ ഞങ്ങളുടെ പതിറ്റാണ്ടുകളുടെ പരിചയവും വിനീതമായ പാരന്റിംഗ് സാഹസികതകളും പ്രായോഗികവും സന്തുലിതവും വഴക്കമുള്ളതും ആണെന്ന് മുസ്‌ലിം രക്ഷിതാക്കള്‍ മനസ്സിലാക്കും എന്ന ശുഭാപ്തി വിശ്വാസം ഞങ്ങള്‍ക്കുണ്ട്.
നിരവധി റിസിലിയന്‍സ് (resilience) സിദ്ധാന്ത മാതൃകകളുണ്ടെങ്കിലും അവയില്‍ ചിലത് വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലുള്ള സിദ്ധാന്തങ്ങളെ ഉള്‍ക്കൊള്ളുന്നുണ്ടെങ്കിലും ഇസ്‌ലാമിനെ സമന്വയിച്ചിട്ടുള്ളവ ഒന്നുപോലുമില്ല. ഈ റിസിലിയന്‍സ് മാതൃകകള്‍, വിശ്വാസത്തിന്നതീതമായി പൊതുവെ പ്രയോജനപ്പെടുന്നതാണെങ്കിലും കുട്ടികളെ വളര്‍ത്തുന്നതില്‍ മതപരമായ സ്വത്വത്തിന് പ്രാധാന്യം നല്‍കുന്ന, ഖുര്‍ആനിക കഥകളില്‍നിന്നും ഹദീസുകളില്‍നിന്നും അറിവ് തേടാന്‍ ആഗ്രഹിക്കുന്ന മുസ് ലിം രക്ഷിതാക്കള്‍ക്ക് അവ അപര്യാപ്തമാണ്.
ഇസ്‌ലാമിക് റിസിലിയന്‍സിലൂടെ കുട്ടികളെ കരുത്തരാക്കുന്നത്, ഒരു ദുരന്തമുണ്ടായതിനുശേഷം ഇസ്‌ലാമികാശയങ്ങള്‍ അവര്‍ക്ക് പരിചയപ്പെടുത്തുന്നതിനേക്കാള്‍ കൂടുതല്‍ കാര്യക്ഷമവും ബുദ്ധിപരവുമാണ്. മുന്‍പ് പരിചയപ്പെടുത്തിയിട്ടില്ലെങ്കില്‍, ഒരു ദുരന്തവേളയിലോ ദുരന്തത്തിനുശേഷമോ മക്കള്‍ ഇസ്‌ലാമിലേക്ക് തിരിയുമെന്ന് മാതാപിതാക്കള്‍ക്ക് പ്രതീക്ഷിക്കാനാവില്ല. ഒരു വിപത്ത് ഉണ്ടായതിനുശേഷം ഇസ്‌ലാമിക വീക്ഷണത്തിലുള്ള തെറാപ്പി പ്രയോജനപ്പെട്ടേക്കില്ല എന്ന് പറയുകയല്ല. കുട്ടിക്കാലം മുതലേ ഇസ്‌ലാമിക് റിസിലിയന്‍സിലൂടെ വളര്‍ന്ന ഒരു കുട്ടിക്ക് അത് കൂടുതല്‍ സ്വാഭാവികമായി തോന്നുകയും കൂടുതല്‍ ആഴത്തില്‍ അവനില്‍ അത് അനുരണനമുണ്ടാക്കുകയും ചെയ്യും.
ഇസ്‌ലാമികമായി
സമന്വയിപ്പിച്ച
റിസിലിയന്‍സ്
മോഡല്‍

നമ്മുടെ മക്കളില്‍ റിസിലിയെന്‍സ് ഉണ്ടാക്കിയെടുക്കുന്നതിനുള്ള സമഗ്രവും സമതുലിതവുമായ സമീപനത്തിന്റെ എല്ലാ വശങ്ങളും അല്ലാഹുവുമായുള്ള ബന്ധത്തിന്റെയും ഏകദൈവാരാധനയുടെയും അടിസ്ഥാനത്തിലുള്ളതാവണമെന്ന് ഉറപ്പുവരുത്താന്‍ ഞങ്ങളാഗ്രഹിച്ചു. അല്ലാഹുവുമായുള്ള ബന്ധം ഈ ചികിത്സാ പ്രക്രിയയുടെ താക്കോലാണ്. ഒരു കുട്ടിയില്‍ മാനസികാഘാതം ഉണ്ടാകുന്നതില്‍ നിന്ന് തടയുന്നതിനുവേണ്ട റിസിലിയന്‍സ് വളര്‍ത്തിയെടുക്കുന്നതില്‍ സ്വാഭാവികമായും അല്ലാഹുവുമായുള്ള ബന്ധമാണ് സുപ്രധാന ഘടകം.
ഒരു വ്യക്തിയുടെ ആത്മീയവും മാനസികവും വൈകാരികവുമായ സുസ്ഥിതിയ്ക്ക് അല്ലാഹുവുമായുള്ള ബന്ധത്തിനുള്ള പങ്ക് മനോഹരമായ വാക്കുകളില്‍ ഇബ്നുല്‍ഖയ്യിം(റ) ഇങ്ങനെ രേഖപ്പെടുത്തി. ‘ഹൃദയത്തില്‍ ചില അസ്വാരസ്യങ്ങളുണ്ട്. പടച്ചവനോട് തേടിക്കൊണ്ടല്ലാതെ അവ പരിഹരിക്കാനാവില്ല. പടച്ചവനോട് ഏകാന്തതയിലുള്ള അടുപ്പത്തിലൂടെയല്ലാതെ നാം ഏകാകിയാണെന്ന തോന്നല്‍ നമ്മുടെ ഹൃദയത്തില്‍ നിന്ന് നീക്കാനാവില്ല. പടച്ചവനെ അറിയുന്നതിലുള്ള സന്തോഷത്തിലൂടെയും ഇടപാടുകളിലെ സത്യസന്ധതയിലൂടെയുമല്ലാതെ ഹൃദയത്തില്‍ നിന്നുള്ള ദുഃഖം നീക്കം ചെയ്യാനാവില്ല.
പടച്ചവനുവേണ്ടി ഒരുമിച്ചുകൂടുകയും അവനില്‍ നിന്ന് പൊറുക്കല്‍ തേടിക്കൊണ്ടുമല്ലാതെ മനസ്സില്‍ നിന്ന് ഉത്കണ്ഠ നീക്കം ചെയ്യാനാവില്ല. പടച്ചവന്റെ കല്‍പനകളും നിരോധനങ്ങളും വിധികളും അവനെ കണ്ടുമുട്ടുന്നതുവരെ ക്ഷമയോടെ, സംതൃപ്തിയോടെ അനുസരിക്കുന്നതിലുടെയല്ലാതെ ഹൃദയത്തിലെ ദുഃഖത്തിന്റെ തീ കെടുത്താനാവില്ല. പടച്ചവന്റെ സ്നേഹം അവനോടുള്ള പശ്ചാത്താപം, അവനെ നിരന്തരമായി സ്മരിക്കല്‍ എന്നിവയിലൂടെയല്ലാതെ ഹൃദയത്തിലെ ശൂന്യത നികത്താനാവില്ല. ഒരാള്‍ക്ക് ഈ ലോകവും അതിലുള്ളതൊക്കെയും നല്‍കിയാലും ഹൃദയത്തിലെ ശൂന്യത ഒരിക്കലും നികത്താനാവില്ല.
ലുഖ്മാന്‍(അ) തന്റെ മകനെ ഉപദേശിക്കവെ, ഇങ്ങനെ പറഞ്ഞതോര്‍ക്കുക: ‘എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവില്‍ പങ്കുചേര്‍ക്കരുത്. അങ്ങനെ പങ്കുചേര്‍ക്കുന്നത് കടുത്ത അക്രമമാണ്, തീര്‍ച്ച’.
‘മാതാപിതാക്കളുടെ കാര്യത്തില്‍ മനുഷ്യനെ നാമുപദേശിച്ചിരിക്കുന്നു. അവന്റെ മാതാവ് മേല്‍ക്കുമേല്‍ ക്ഷീണം സഹിച്ചാണ് അവനെ ഗര്‍ഭം ചുമന്നത്. അവന്റെ മുലകുടി നിറുത്തലോ രണ്ട് കൊല്ലംകൊണ്ടുമാണ്. അതിനാല്‍ നീയെന്നോട് നന്ദി കാണിക്കുക. നിന്റെ മാതാപിതാക്കളോടും. എന്റെ അടുത്തേക്കാണ് നിന്റെ തിരിച്ചുവരവ്. നിനക്കൊരറിവുമില്ലാത്ത വല്ലതിനെയും അവരിരുവരും നിന്നെ നിര്‍ബന്ധിക്കുകയാണെങ്കില്‍ അക്കാര്യത്തില്‍ അവരെ നീ അനുസരിക്കരുത്. എന്നാലും ഇഹലോകത്ത് അവരോട് നല്ല നിലയില്‍ സഹവസിക്കുക. എന്നിലേക്ക് പശ്ചാത്തപിച്ചവന്റെ പാത പിന്തുടരുക. അവസാനം നിങ്ങളുടെയൊക്കെ മടക്കം എന്നിലേക്ക് തന്നെയാണ്. അപ്പോള്‍ നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി നിങ്ങളെ വിവരമറിയിക്കും’.
‘എന്റെ കുഞ്ഞുമോനേ, കര്‍മം കടുകുമണിത്തൂക്കത്തോളമാണെന്നു കരുതുക. എന്നിട്ട് അതൊരു പാറക്കല്ലിനുള്ളിലോ ആകാശഭൂമികളിലെവിടെയെങ്കിലുമോ ആണെന്നും വെക്കുക. എന്നാലും അല്ലാഹു അത് പുറത്തുകൊണ്ടുവരിക തന്ന ചെയ്യും. നിശ്ചയമായും അല്ലാഹു സൂക്ഷ്മജ്ഞനും അഗാധജ്ഞനുമാണ്. എന്റെ കുഞ്ഞുമോനേ, നീ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. നന്മ കല്‍പിക്കുക. തിന്മ വിലക്കുക. വിപത്ത് വന്നാല്‍ ക്ഷമിക്കുക. ഇവയെല്ലാം ഉറപ്പായും ഊന്നിപ്പറയപ്പെട്ട കാര്യങ്ങളാണ്
നീ ജനങ്ങളുടെ നേരെ മുഖം കോട്ടരുത്. പൊങ്ങച്ചത്തോടെ ഭൂമിയില്‍ നടക്കരുത്. അഹന്ത നടിച്ചും പൊങ്ങച്ചം കാണിച്ചും നടക്കുന്ന ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല. തീര്‍ച്ച’
‘നീ നിന്റെ നടത്തത്തില്‍ മിതത്വം പുലര്‍ത്തുക. ശബ്ദത്തില്‍ ഒതുക്കം പാലിക്കുക. തീര്‍ച്ചയായും ശബ്ദങ്ങളില്‍ അരോചകം കഴുതയുടെ ശബ്ദമത്രെ’ (വി.ഖു 31:13-19)
ഈ വചനങ്ങളില്‍ ലുഖ്മാനുല്‍ ഹകീം തന്റെ മകന് ഉപദേശമായി നല്കുന്നത് ഇരുലോക ജീവിത വിജയത്തിന് അനിവാര്യമായ അമൂല്യമായ വാക്കുകളാണ്. തൗഹീദിന്റെ പ്രാധാന്യം നന്മ കല്‍പിക്കുന്നതിന്റെ പ്രാധാന്യം, ക്ഷമകൈക്കൊള്ളുന്നതിന്റെയും സല്‍സ്വഭാവത്തിന്റെയും പ്രാധാന്യം എന്നിവയെക്കുറിച്ചാണ് ലുഖ്മാന്‍ തന്റെ മകനോട് സംസാരിക്കുന്നത്. റിസിലിയന്‍സ് ഉണ്ടാക്കുന്നതില്‍ ഏറ്റവും വലിയ ഘടകങ്ങള്‍ മുകളില്‍ പറഞ്ഞ വചനങ്ങളിലുള്ളതാണ് എന്നത് പാരന്റിംഗ് ഗവേഷണ മേഖലയില്‍ ഞങ്ങളെ ശരിക്കും വിസ്മയിപ്പിച്ചു. നമ്മുടെ മക്കളെ എങ്ങനെ പഠിപ്പിക്കണം എന്നത് മാത്രമല്ല, എന്ത് പഠിപ്പിക്കണം എന്നതിനും മാതൃക ഈ വചനങ്ങളിലുണ്ട്. ഞങ്ങളുടെ ഇസ്‌ലാമികമായി സമന്വയിപ്പിച്ച റിസിലിയന്‍സ് മോഡല്‍ (Islamically integrated Resilience Model) ഈ മാതൃകയിലുള്ളതാണ്. ഈ വചനങ്ങള്‍ കുട്ടികളില്‍ റിസിലിയന്‍സ് എങ്ങനെ വളര്‍ത്തുന്നു എന്നത് അടുത്ത ഭാഗത്ത് ആഴത്തില്‍ പരിശോധിക്കാം.

Back to Top