7 Saturday
December 2024
2024 December 7
1446 Joumada II 5

ലളിതവും പ്രായോഗികവുമാണ് ധാര്‍മിക ചിന്തകള്‍

ഡോ. ജമാലുദ്ദീന്‍ ഫാറൂഖി


അല്ലാഹു ഈ ലോകത്ത് നമുക്ക് നിശ്ചയിച്ചിരിക്കുന്ന കാലയളവ് പുണ്യത്തിലും നന്മയിലും വിനിയോഗിച്ചുകൊണ്ട് സംസ്‌കൃതമായ മനസ്സോടുകൂടി പവിത്രമായ ചിന്തകളോടുകൂടി പ്രവര്‍ത്തനങ്ങള്‍ നടത്തി ജീവിക്കാന്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാഹുവിന്റെ മതം ഉയര്‍ത്തിപ്പിടിക്കാനും അത് പഠിപ്പിക്കുന്ന ധാര്‍മിക-മാനവിക മൂല്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനുമാണ് ഈ മൈതാനത്ത് നാം ഒരുമിച്ചുകൂടിയത്.
ഒരു മനുഷ്യന് ജീവിതത്തില്‍ കൃത്യമായ ലക്ഷ്യം ഖുര്‍ആന്‍ നിശ്ചയിച്ചിട്ടുണ്ട്. ആ ലക്ഷ്യത്തിലേക്ക് എത്താനുള്ള വഴികളും ദിവ്യഗ്രന്ഥം പറഞ്ഞുതരുന്നുണ്ട്. ”നിങ്ങള്‍ക്ക് എന്തെല്ലാമാണോ ഈ ലോകത്ത് വിധിച്ചിരിക്കുന്നത്, അതിലെല്ലാം പ്രധാനമായി ലക്ഷ്യം വെക്കേണ്ടത് അനശ്വരമായ പരലോക ജീവിതമായിരിക്കണം. ഐഹിക ജീവിതത്തില്‍ നിനക്കുള്ള ഓഹരി നീ വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിനക്ക് നന്മ ചെയ്തതുപോലെ നീയും നന്മ ചെയ്യുക. നീ നാട്ടില്‍ കുഴപ്പത്തിന് മുതിരരുത്. കുഴപ്പം ഉണ്ടാക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നില്ല.”
സൂറഃ അല്‍ഖസ്വസ്വിലെ 77-ാം വചനം പരമപ്രധാനമായ ഈ ലക്ഷ്യത്തിലേക്കുള്ള മൂന്നു ലളിതമായ മാര്‍ഗങ്ങള്‍ കാണിച്ചുതരുന്നു. വളരെ ലളിതവും പ്രായോഗികവുമായ പ്രവര്‍ത്തനങ്ങളും ചിന്തകളുമാണ് പരമപ്രധാനമായ പാരത്രിക വിജയം സ്വന്തമാക്കാന്‍ ഖുര്‍ആന്‍ നമ്മെ ഏല്‍പിക്കുന്നത്. പ്രധാനപ്പെട്ട മറ്റൊരു മാര്‍ഗവും ഖുര്‍ആന്‍ നിര്‍ദേശിക്കുന്നുണ്ട്. അല്ലാഹുവിനു വേണ്ടി നിലകൊള്ളുക. അതായത്, ജീവിതഗന്ധിയായ എല്ലാ സന്ദര്‍ഭങ്ങളിലും മനുഷ്യരുമായി ഇടപഴകുമ്പോള്‍ അല്ലാഹുവിനു വേണ്ടി നിലകൊണ്ടാല്‍ ആ ജീവിതലക്ഷ്യം സാധൂകരിക്കാന്‍ സാധിക്കും. ഇസ്‌ലാം പഠിപ്പിക്കുന്ന ശരീഅത്തിലെ ആദര്‍ശങ്ങളും ആചാരങ്ങളും ആരാധനകളും സ്വഭാവ സംസ്‌കരണ-പെരുമാറ്റവുമെല്ലാം ഈ ലക്ഷ്യങ്ങള്‍ നിറവേറ്റപ്പെടാന്‍ മനുഷ്യനെ പാകപ്പെടുത്തുന്നു. ഇങ്ങനെ ജീവിക്കുമ്പോള്‍ ഭൗതികലോകത്തു നിന്നു ലഭിക്കുന്ന വിജ്ഞാനം കൊണ്ടു മാത്രം പരലോകവും പടച്ചവനും തമ്മിലുള്ള ബന്ധം മനസ്സിലാക്കാന്‍ സാധിച്ചുകൊള്ളണമെന്നില്ല. അവിടെയാണ് മതം ഊന്നല്‍ കൊടുക്കുന്ന ഈമാന്‍ പ്രസക്തമാകുന്നത്. പടച്ചവന്‍ തന്റെ കൂടെയുണ്ട് എന്ന ബോധത്തിന്റെയും ബോധ്യത്തിന്റെയും അടിസ്ഥാനത്തില്‍ മനസ്സിന്റെ അകക്കണ്ണുകള്‍ക്ക് പ്രകാശം നല്‍കുന്ന ഈമാന്‍ മാത്രമാണ് ജീവിതത്തിന് അടിസ്ഥാനമായി നിലകൊള്ളേണ്ടത്.
മറ്റു ഭൗതികാര്‍ജിത സൗകര്യങ്ങളും വിജ്ഞാനങ്ങളുമൊക്കെ ഈ ഈമാനിനെ ബലപ്പെടുത്താന്‍ വിനിയോഗിക്കണം. ഇങ്ങനെ ജീവിക്കുമ്പോള്‍ മനുഷ്യര്‍ ചെയ്യുന്ന മറ്റു പുണ്യങ്ങളൊക്കെ ഈമാനിന്റെ പ്രകാശത്താല്‍ ജ്വലിക്കപ്പെടുന്നു. ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ഹദീസിന്റെ ഏതാനും ചില ഭാഗങ്ങളില്‍ റസൂല്‍ ഈ കാര്യങ്ങളെക്കുറിച്ച് ഉണര്‍ത്തിയതായി കാണാം. മുഖ്യ ആരാധനയായ നമസ്‌കാരം ഈ പ്രകാശത്തെ ജീവിതത്തില്‍ പ്രോജ്ജ്വലിപ്പിക്കുകയാണ് ചെയ്യുന്നത്. വിശ്വാസികള്‍ പ്രസരിപ്പിക്കുന്ന ഈ പ്രകാശത്തിന്റെ ദീപ്തിയില്‍ ജീവിതം വസന്തമാകുമെന്നാണ് ഖുര്‍ആന്‍ അറിയിക്കുന്നത്. നന്മയുടെ പാതയില്‍ ജീവിക്കുന്ന മനുഷ്യരെ പ്രവാചകന്‍ ഒരു തേനീച്ചയോട് സാമ്യപ്പെടുത്തുന്നു. അവ നല്ലതു മാത്രം ഭക്ഷിക്കുന്നു. നല്ലത് മാത്രം ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു. അത് പോകുന്നിടത്തൊന്നും നാശനഷ്ടങ്ങള്‍ സംഭവിക്കുന്നില്ല. ഇതൊരു യാഥാര്‍ഥ്യമാണ്. സത്യവിശ്വാസി ഈമാനിലൂടെയും ഖുര്‍ആനിലൂടെയും ആരാധനാമുറകളിലൂടെയും സ്വന്തത്തെ സംസ്‌കരിച്ച് വളര്‍ന്നുവരുമ്പോള്‍ അവരില്‍ നിന്ന് ലോകത്തിനു ലഭിക്കുന്ന സന്തോഷവും അതുതന്നെയാണ്.
നമ്മുടെ കഴിവുകള്‍ മറ്റുള്ളവര്‍ക്ക് അനുകരിക്കാം. സമ്പത്ത് അപഹരിക്കാം, വിജ്ഞാനം ആര്‍ജിക്കാം. പക്ഷേ, മനസ്സിന്റെ വിശുദ്ധിയും ഈമാനും നമ്മുടെ മാത്രം നിക്ഷേപമാണ്. അപ്പോള്‍ ഖുര്‍ആന്‍ നല്‍കുന്ന ദിവ്യപ്രകാശവും ഈമാനും ഉണ്ടെങ്കില്‍ നമ്മുടെ ആദര്‍ശത്തിന് വ്യക്തത വരുത്താനും ചിന്തകള്‍ക്ക് ശക്തി പകരാനും സ്വഭാവം സംസ്‌കരിക്കാനും സമീപനങ്ങളെ സുതാര്യമാക്കാനും അതിലൂടെ സ്വര്‍ഗം കരസ്ഥമാക്കാനും സാധിക്കും.
നന്മയുടെ ഭാഗത്തു നിലകൊള്ളുക എന്നതുപോലെ പ്രധാനമാണ് തിന്മയെ പൂര്‍ണമായും വര്‍ജിക്കുക എന്നത് നമ്മുടെ സമൂഹത്തില്‍ ദിനംപ്രതി സാംസ്‌കാരിക-ധാര്‍മികരംഗത്തെ ആഭാസങ്ങള്‍ വര്‍ധിച്ചുവരുകയാണ്. ഇവയെ എങ്ങനെ പ്രതിരോധിക്കാം എന്നതാണ് നാം മനസ്സിലാക്കേണ്ടത്. ചീത്തയിലേക്ക് പോകാന്‍ അധ്വാനം ആവശ്യമില്ല. എന്നാല്‍, നന്മയുടെ ഭാഗത്ത് നില്‍ക്കാന്‍ ബോധപൂര്‍വമുള്ള ശ്രമം അനിവാര്യമാണ്. പരിസരം എത്ര മലീമസമാണെങ്കിലും ഒരു മുസ്‌ലിമിന്റെ ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും പരിക്കേല്‍പിക്കാത്ത വിധമുള്ള വ്യക്തിത്വമാണ് ഈമാനികമായ ശക്തിയിലൂടെ വിഭാവനം ചെയ്യപ്പെടുന്നത്. എല്ലാ സന്ദര്‍ഭങ്ങളിലും നന്മയെ പ്രതിഫലിപ്പിക്കാനും തിന്മയെ വിരോധിക്കാനുമുള്ള മനസ്സ് നമുക്ക് ഉണ്ടെങ്കില്‍ അതുതന്നെയാണ് പുരോഗതി ആര്‍ജിക്കാനുള്ള നമ്മുടെ കൈമുതല്‍. നമ്മുടെ ചിന്തകളും വാക്കുകളും മോശമായാല്‍ ദൈവപ്രീതി ലഭിക്കില്ല എന്ന ജാഗ്രത സദാ നാം പാലിക്കേണ്ടതുണ്ട്.
(മുജാഹിദ് സംസ്ഥാന സമ്മേളന നഗരിയില്‍ നടന്ന ഖുത്ബയുടെ ലേഖനാവിഷ്‌കാരം.)
തയ്യാറാക്കിയത്:
നില്‍വ ഫാത്തിമ കെ

Back to Top