അന്താരാഷ്ട്ര കോടതിയില്‍ ഇസ്രായേലിനെതിരെ വിമര്‍ശനവുമായി രാജ്യങ്ങള്‍
ഇസ്രായേല്‍ തുടരുന്ന വംശഹത്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വാദം തുടരുന്നു. ദക്ഷിണാഫ്രിക്കക്കു പുറമെ മൊഴി നല്‍കിയ അല്‍ജീരിയ, സഊദി അറേബ്യ അടക്കം രാജ്യങ്ങള്‍ ഇസ്രായേലിനെതിരെ ഏറ്റവും കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. തങ്ങളുടെ രാജ്യത്ത് കഴിഞ്ഞ നൂറ്റാണ്ടില്‍ കറുത്ത വര്‍ഗക്കാര്‍ക്കെതിരെ അരങ്ങേറിയ അപ്പാര്‍ത്തീഡിനേക്കാള്‍ ഭീകരമായ മനുഷ്യത്വരഹിതമായ വിവേചന നടപടികളാണ് ഇസ്രായേല്‍ തുടരുന്നതെന്ന് നെതര്‍ലന്‍ഡ്‌സിലെ ദക്ഷിണാഫ്രിക്കന്‍ അംബാസഡര്‍ വുസി മഡോണ്‍സെല പറഞ്ഞു. ഗസ്സയിലുള്ളവരെ മനുഷ്യരായി കാണുന്നതിനുപകരം ഒഴിവാക്കിക്കളയേണ്ട വസ്തുക്കളായാണ് ഇസ്രായേല്‍ കണക്കാക്കുന്നതെന്ന് സഊദി അറേബ്യയുടെ പ്രതിനിധി പറഞ്ഞു. കഴിഞ്ഞ ദിവസം ഫലസ്തീന്‍ പ്രതിനിധിയും സമാന അഭിപ്രായം പങ്കുവെച്ചിരുന്നു. നെതര്‍ലന്‍ഡ്‌സ്, ബംഗ്ലാദേശ് അടക്കം മറ്റു രാജ്യങ്ങളും ഇസ്രായേലിനെതിരെ മൊഴി നല്‍കി. ഇസ്രായേലി പാര്‍ലമെന്റംഗം രാജ്യാന്തര കോടതിയിലെ ദക്ഷിണാഫ്രിക്കന്‍ നീക്കത്തെ പിന്തുണച്ചിരുന്നു.