റമദാനില്‍ അല്‍അഖ്‌സയില്‍ മുസ്‌ലിംകളെ വിലക്കണമെന്ന് ഇസ്രായേല്‍ മന്ത്രി ബെന്‍ ഗ്വിര്‍
വിശുദ്ധ കേന്ദ്രമായ മസ്ജിദുല്‍ അഖ്‌സ സ്ഥിതി ചെയ്യുന്ന അല്‍ അഖ്‌സ കോമ്പൗണ്ടില്‍ ഫലസ്തീനി മുസ്‌ലിംകളെ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന് ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രിയും തീവ്ര വലതുപക്ഷക്കാരനുമായ ഇറ്റാമര്‍ ബെന്‍ ഗ്വിര്‍. കടുത്ത മുസ്‌ലിം, ഫലസ്തീന്‍ വിരുദ്ധ നിലപാടുകള്‍ പരസ്യമായി സ്വീകരിക്കുന്ന യാഥാസ്ഥിക സയണിസ്റ്റ് നേതാവാണ് ബെന്‍ ഗ്വിര്‍. റമദാനില്‍ ജറൂസലമില്‍ ഫലസ്തീനികള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ശ്രമിക്കുന്നതായി ഇസ്രായേല്‍ ചാനല്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇക്കാര്യം വ്യക്തമാക്കി ഗ്വിര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നത്. ഗസ്സയില്‍നിന്ന് ഫലസ്തീനികളെ പൂര്‍ണമായും ഒഴിപ്പിച്ച് നാടുകടത്തണമെന്ന് നേരത്തെ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു.