31 Thursday
July 2025
2025 July 31
1447 Safar 5

വിശ്വമാനവികതയുടെ വിളംബരം


ഐതിഹാസികമായ മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം സമാപിച്ചു. ഏറെ വ്യത്യസ്തതകള്‍ നിറഞ്ഞതായിരുന്നു ഈ സമ്മേളനം. പ്രഖ്യാപനം മുതല്‍ വലിയ ആവേശത്തോടെയാണ് ഓരോ പ്രവര്‍ത്തകരും ഇതിനെ ഏറ്റെടുത്തത്. ജനഹൃദയങ്ങളില്‍ എന്നെന്നും നിലനില്‍ക്കുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങളുടെ ആവേശോജ്വലമായ പരിസമാപ്തിയായി സമ്മേളനം മാറി. സംഘാടന മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും കരിപ്പൂര്‍ വെളിച്ചം നഗരി പ്രൗഢിയോടെ ജ്വലിച്ചു നിന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി മുജാഹിദ് കേരളം കരിപ്പൂരിലായിരുന്നു. ചരിത്രത്തില്‍ മുന്‍മാതൃക ഇല്ലാത്തവിധം സമ്മേളനത്തിന്റെ പത്ത് ദിവസം മുമ്പേ സമ്പൂര്‍ണ ഖുര്‍ആന്‍ പഠന വേദിക്ക് തുടക്കമിട്ടാണ് വെളിച്ചം നഗരി മിഴി തുറന്നത്. മെസേജ് എക്‌സിബിഷന്‍, കിഡ്‌സ്‌പോര്‍ട്ട്, കാര്‍ഷിക മേള, യുവത ബുക്സ്റ്റാള്‍ജിയ എന്നീ നാല് വ്യത്യസ്ത പരിപാടികളോടെ സമ്മേളന നഗരി തുടക്കം മുതലേ സജീവമായിരുന്നു. ഫെബ്രുവരി 15 മുതല്‍ 18 വരെയുള്ള സമ്മേളനത്തിന്റെ പ്രധാന ദിവസങ്ങള്‍ വൈജ്ഞാനികമായ ചര്‍ച്ചകള്‍ കൊണ്ട് ശ്രദ്ധേയമായി. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പണ്ഡിതരും ബുദ്ധിജീവികളും അക്കാദമീഷ്യന്മാരും വിവിധ സെഷനുകളിലായി സംസാരിച്ചു. വിദ്വേഷ രാഷ്ട്രീയ ശക്തികള്‍ ഇന്ത്യയുടെ പൈതൃകം തകര്‍ക്കാന്‍ ശ്രമിക്കുന്ന സമകാലിക സാഹചര്യത്തില്‍ വിശ്വമാനവികതയുടെ സന്ദേശം ഉയര്‍ത്തിപ്പിടിക്കുക എന്നതായിരുന്നു സമ്മേളനത്തിന്റെ ലക്ഷ്യം. വിശുദ്ധ വേദത്തിന്റെ വചനങ്ങള്‍ നല്‍കുന്ന ആത്മീയ വെളിച്ചത്തെ ജനങ്ങളിലേക്ക് പ്രസരിപ്പിക്കാന്‍ സമ്മേളനം കാരണമായി. ആദര്‍ശ വിഷയങ്ങളില്‍ വക്രതയില്ലാത്ത പഠനവും സാമൂഹിക- രാഷ്ട്രീയ വിഷയങ്ങളില്‍ കൃത്യമായ ദിശാബോധവും നല്‍കുന്നതായിരുന്നു സമ്മേളനത്തിന്റെ വൈജ്ഞാനിക വിരുന്ന്. സമ്മേളനത്തിലെ പ്രധാന സെഷനുകളുടെ ക്രോഡീകരണമാണ് ഈ ലക്കം ശബാബ്.

Back to Top