20 Monday
October 2025
2025 October 20
1447 Rabie Al-Âkher 27

മുജാഹിദ് സംസ്ഥാന സമ്മേളനം വെളിച്ചം നഗരി ഉണര്‍ന്നു


കരിപ്പൂര്‍: വിശ്വമാനവികതയുടെ നഗരിയുണര്‍ന്നു. ഇനി ആശയസംവാദങ്ങളുടെയും പുത്തന്‍ കാഴ്ചകളുടെയും പത്ത് നാളുകള്‍. സമ്മേളനം ഔദ്യോഗികമായി ആരംഭിക്കുന്നതിനു ദിവസങ്ങള്‍ക്കു മുമ്പേ നഗരി ഉണര്‍ന്നു. ഖുര്‍ആന്‍ പഠനസീരീസ് ആരംഭിച്ചതോടെ നഗരി സജീവമായിരുന്നു. ദ മെസേജ് സയന്‍സ് എക്‌സിബിഷന്‍, പത്തോളം പ്രസാധകര്‍ പങ്കെടുക്കുന്ന യുവത ‘ബുക്സ്റ്റാള്‍ജിയ’ പുസ്തകമേള, കുട്ടികള്‍ക്കായുള്ള വിജ്ഞാന വിനോദ കേന്ദ്രം ‘കിഡ്‌സ് സ്‌പോട്ട്’, ബ്രദര്‍നാറ്റ് ഒരുക്കുന്ന കാര്‍ഷികമേള എന്നിവ കൂടി ആരംഭിച്ചതോടെ ആളുകള്‍ നഗരിയിലേക്ക് ഒഴുകിയെത്തി.
മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ കാര്‍ഷികമേളയാണ് സമ്മേളന നഗരിയില്‍ ഒരുക്കിയിരിക്കുന്നത്. ‘മാലിന്യമുക്ത, ആരോഗ്യ, ഹരിത, കാര്‍ഷിക കേരളം’ പ്രമേയത്തില്‍ ഐ എസ് എമ്മിന്റെ പരിസ്ഥിതി വിഭാഗമായ ബ്രദര്‍നാറ്റ് ആണ് കാര്‍ഷിക മേള സംഘടിപ്പിക്കുന്നത്. സംസ്ഥാന കൃഷി അസിസ്റ്റന്റ് ഡയരക്ടര്‍ ടി കെ സൈഫുന്നീസ മേള ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ പ്രഫ. എം ഹാറൂന്‍ അധ്യക്ഷത വഹിച്ചു. ഡോ. റജുല്‍ ഷാനിസ്, ഡോ. ലബീദ് നാലകത്ത് , യൂനുസ് നരിക്കുനി, ഡോ. യൂനുസ് ചെങ്ങര പങ്കെടുത്തു. സമ്മേളന സമാപന ദിവസം വരെ മേള നീണ്ടു നില്‍ക്കും.
മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യത്തിന്റെ ചരിത്രകാരന്‍ കെ കെ മുഹമ്മദ് അബ്ദുല്‍ കരീമിന്റെ ജന്മനാട്ടില്‍ നടക്കുന്ന സമ്മേളനം കേരളത്തിന്റെ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങളുടെ കര്‍മരേഖ തയ്യാറാക്കും. സമ്പദ് വ്യവസ്ഥയിലും, സാമൂഹ്യാവസ്ഥയിലും സംഭവിക്കുന്ന പരിണാമങ്ങളില്‍ കേരള മുസ്‌ലിംകള്‍ക്ക് ദിശ നിര്‍ണ്ണയിക്കുന്ന വിധത്തിലാണ് സമ്മേളനം ഡിസൈന്‍ ചെയ്തിരിക്കുന്നത്.
സ്ത്രീ സൗഹൃദവും, ശിശുസൗഹൃദവുമായ നഗരിയാണ് സമ്മേളനത്തിന്റെ പ്രത്യേകത. മാലിക് ബിന്‍ ദീനാറും സംഘവും ഇസ്‌ലാമിക സന്ദേശവുമായി കേരളത്തിലെത്തിയതിന്റെ ഓര്‍മക്കായി ദീപാലംകൃതമായ പായ്ക്കപ്പലും നഗരിയില്‍ ഒരുക്കിയിട്ടുണ്ട്. മലബാര്‍ തീരത്തേക്ക് സുഗന്ധ വ്യഞ്ജനങ്ങള്‍ തേടിയെത്തിയ അറബിക്കപ്പലുകളെ ഓര്‍മിപ്പിക്കുന്നു സമ്മേളന നഗരയിലെ ദീപാലംകൃതമായ പായ്ക്കപ്പല്‍.

Back to Top