21 Thursday
November 2024
2024 November 21
1446 Joumada I 19

ജീവിതം നഷ്ടമായെന്ന് ചിത്രശലഭപ്പുഴു കരുതുമ്പോഴേക്കും പൂമ്പാറ്റയായി മാറുന്നു

സാറ സുല്‍ത്താന്‍, നജ്‌വ അവാദ് /വിവ. സിദ്ദീഖ് സി എസ്‌


2018-ല്‍ ഞങ്ങള്‍ ‘യുവര്‍ ലോഡ് ഹാസ് നോട്ട് ഫോര്‍സേക്കണ്‍ യു: ദ ഇംപാക്റ്റ് ഓഫ് ട്രോമ ഓണ്‍ ഫെയ്ത്ത്’ എഴുതാന്‍ തുടങ്ങിയപ്പോള്‍ മാനസിക ആത്മീയ കാഴ്ചപ്പാടിലൂടെ മാനസികാഘാതത്തെ ചികിത്സിക്കുന്നതിനുള്ള ഇസ്ലാമിക ചട്ടക്കൂട് വികസിപ്പിക്കുക എന്നതായിരുന്നു മാനസികാരോഗ്യ ചികിത്സകരെന്ന നിലയില്‍ ഞങ്ങളുടെ ലക്ഷ്യം. മാനസികാരോഗ്യത്തെ അപമാനകരമായി കാണുന്നത് ഒഴിവാക്കി മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും ചികിത്സിക്കുന്നതിലൂടെ ഇസ്ലാമിന്റെ അടിസ്ഥാനത്തിലുള്ള മാനസികാരോഗ്യ സമീപനം സൃഷ്ടിക്കാനാണ് ഞങ്ങള്‍ ആഗ്രഹിച്ചത്.
ചികിത്സകരെന്ന നിലയില്‍ നൂറുകണക്കിന് കുടുംബങ്ങളും വ്യക്തികളുമായി ഞങ്ങള്‍ ഇടപഴകുകയും ആളുകളുടെ മാനസിക – ശാരീരിക – ആത്മീയ ആരോഗ്യത്തില്‍ മാനസികാഘാതത്തിനുള്ള വ്യാപകമായ പങ്ക് ഞങ്ങള്‍ മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. മാനസികാഘാതം ഒരാളുടെ ആത്മീയതയെ ദുര്‍ബലമാക്കുകയും മോശപ്പെട്ട അനുഭവങ്ങളെ തുടര്‍ന്നുണ്ടാകുന്ന വിശ്വാസ രാഹിത്യം മാനസികാഘാതത്തില്‍ നിന്ന് മുക്തി നേടുന്നതിന് തടസ്സമാവുകയും ചെയ്തേക്കാം.
ബാല്യകാല മാനസികാഘാതം ആത്മീയ പ്രതിസന്ധിയിലേക്ക് നയിച്ചേക്കാം എന്നാണ് ഗവേഷകര്‍ പറയുന്നത്. ബാല്യകാല മാനസികാഘാതം മതാനുഭവങ്ങളില്‍ നിന്ന് തിരിച്ചു നടക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നായി പ്രവര്‍ത്തിക്കുന്നു. പ്രയാസങ്ങളെ വേഗത്തില്‍ തരണം ചെയ്യാനുള്ള കഴിവും മാനസികാഘാതത്തെ മനസ്സിലാക്കാനുള്ള കഴിവും ഒരാളുടെ മാനസിക – ആത്മീയ ആരോഗ്യത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. മുസ്ലിം കുട്ടികളുടെ പേരന്റിങിന് അനിവാര്യമായ ഘടകങ്ങളാണവ.
പ്രയാസങ്ങളെ വേഗത്തില്‍ തരണം ചെയ്യാനുള്ള കഴിവ് (resilience) പരിപോഷിപ്പിക്കുന്നതിലൂടെയും മാനസികാഘാതത്തിന്റെ ഫലങ്ങള്‍ ലഘൂകരിക്കുന്നതിലൂടെയും ദൈവേച്ഛയാല്‍, ദീര്‍ഘകാല മാനസികാഘാതവും ചിലതരം ആത്മീയ പ്രതിസന്ധികളും തടയാന്‍ കഴിയും. ‘ഒരു പൗണ്ട് രോഗചികിത്സയോളം വിലയുള്ളതാണ് ഒരു ഔണ്‍സ് പ്രതിരോധം’ എന്നൊരു ചൊല്ലുണ്ടല്ലോ?
റിസിലിയെന്‍സിന്റെ നിര്‍വചനങ്ങള്‍
റിസിലിയെന്‍സ് (resilience) യഥാര്‍ഥത്തില്‍ എന്താണ്? ബുദ്ധിമുട്ടിനെയും ഭീതിയെയും നിസ്സഹായതയേയും തരണം ചെയ്യാന്‍ നമുക്കെല്ലാമുള്ള കഴിവിനെയാണ് റിസിലിയെന്‍സ് എന്ന് പറയുന്നത്. പ്രധാന മാറ്റങ്ങളെയും പ്രതിസന്ധികളെയും അപകടസാധ്യതകളെയും വിജയകരമായി തരണം ചെയ്യാന്‍ ഇതു നമ്മെ സഹായിക്കുന്നു. എത്ര വലിച്ചു നീട്ടിയാലും പൂര്‍വ സ്ഥിതിയിലേക്ക് തിരിച്ചെത്തുന്ന ഒരു ലോഹച്ചുരുളിനോട് റിസിലിയന്‍സിനെ പലപ്പോഴും ഉപമിക്കാറുണ്ട്. ബുദ്ധിമുട്ടുള്ള അവസ്ഥകളെ തരണം ചെയ്ത് കുതിക്കാനുള്ള കഴിവ് വളര്‍ത്തിയെടുക്കലായിരിക്കണം നമ്മുടെയും മക്കളുടെയും ലക്ഷ്യം. പ്രതികൂല ചുറ്റുപാടുകളില്‍ പ്രവര്‍ത്തിക്കാനുള്ള ശേഷി നേടിയെടുക്കുക എന്നതാണ് മാതാപിതാക്കള്‍ക്ക് മക്കളെ പഠിപ്പിക്കാന്‍ കഴിയുന്ന ഏറ്റവും പ്രധാന കഴിവുകളിലൊന്ന്.
പ്രവാചകന്‍(സ) ഇക്കാര്യം വളരെ മനോഹരമായി ഇങ്ങനെ പറഞ്ഞു: ‘വിശ്വാസികളുടെ ഉപമ തടിയുറപ്പില്ലാത്ത തൈ പോലെയാണ്. കാറ്റടിക്കുമ്പോള്‍ അത് ആടിയുലയും. (പ്രതിസന്ധികളില്‍ അല്ലാഹുവിന്റെ സഹായം പ്രതീക്ഷിച്ചുകൊണ്ട് ക്ഷമയവലംബിക്കും). എന്നാല്‍ കാറ്റില്ലാതാകുമ്പോള്‍ അത് വീണ്ടും നേരെ നില്‍ക്കും. എന്നാല്‍ കടപട വിശ്വാസി ദേവദാരു വൃക്ഷത്തെപ്പോലെയാണ്. ചെറുകാറ്റടിച്ചാല്‍ അനങ്ങില്ല. വലിയ കാറ്റുവന്നാല്‍ ആടിയുലയാതെ ഒറ്റയടിക്ക് കടപുഴകി വീഴും’. പരീക്ഷണ ഘട്ടങ്ങളില്‍ പടച്ചവനോടുള്ള നമ്മുടെ ബന്ധം നിലനിര്‍ത്താനും കൂടുതല്‍ മെച്ചപ്പെടുത്താനും റിസിലിയെന്‍സ് നമ്മെ പ്രാപ്തരാക്കുന്നു എന്ന് ഈ ഹദീസില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം.
റിസിലിയെന്‍സിന്റെ
പ്രധാന്യം

ഈ ഭൂമിയിലെ നമ്മുടെ ജീവിതത്തിലെ ഒഴിവാക്കാനാവാത്ത യാഥാര്‍ഥ്യങ്ങളാണ് പരീക്ഷണങ്ങളും പ്രതിസന്ധികളും. മാതാപിതാക്കളെന്ന നിലയില്‍ നമ്മുടെ മക്കളെ കഷ്ടപ്പാടുകളില്‍ നിന്ന് സംരക്ഷിക്കണമെന്ന് നാം കരുതുന്നെങ്കിലും യഥാര്‍ഥത്തില്‍ നമുക്ക് അതിനുള്ള കഴിവില്ല. ഒരു ലക്ഷ്യത്തിനു വേണ്ടിയാണ് അല്ലാഹു അവന്റെ അനന്തമായ യുക്തി അനുസരിച്ച് നമുക്ക് പ്രയാസങ്ങള്‍ നല്‍കിയത് എന്ന കാര്യം നാം ചിലപ്പോഴെങ്കിലും മറന്നു പോകുന്നു. ”ജനങ്ങള്‍ വിചാരിക്കുന്നുണ്ടോ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നുവെന്നു പറയുന്നതുകൊണ്ടു മാത്രം അവരെ വെറുതെ വിട്ടേക്കുമെന്ന്, അവര്‍ പരീക്ഷണ വിധേയരാവാതെ. നിശ്ചയം, അവര്‍ക്കു മുമ്പുണ്ടായിരുന്നവരെ നാം പരീക്ഷിച്ചിട്ടുണ്ട്. അപ്പോള്‍ സത്യവാന്മാര്‍ ആരെന്ന് അല്ലാഹു തിരിച്ചറിയുക തന്നെ ചെയ്യും, കള്ളന്മാരാരെന്നും” (29:2-3)
”ചില്ലറ പേടി, പട്ടിണി, ജീവധനാദികളുടെ നഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും. അപ്പോഴൊക്കെ ക്ഷമിക്കുന്നവരെ ശുഭവാര്‍ത്ത അറിയിക്കുക. തങ്ങളെ വല്ല വിപത്തും ബാധിച്ചാല്‍ അവര്‍ പറയുന്നു: ഞങ്ങള്‍ അല്ലാഹുവിന്റേതാണ് അവനിലേക്കു തന്നെ തിരിച്ചു ചെല്ലേണ്ടി വരും. അവര്‍ക്ക് അവരുടെ നാഥനില്‍ നിന്നുള്ള അതിരറ്റ അനുഗ്രഹങ്ങളും കാരുണ്യവുമുണ്ട്. അവര്‍ തന്നെയാണ് നേര്‍വഴി പ്രാപിച്ചവര്‍” (ഖുര്‍ആന്‍ 2: 155-157)
പ്രവാചകന്‍(സ) പറഞ്ഞു: സ്വര്‍ഗം ക്ലേശങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. നരകം ദേഹേച്ഛകള്‍ക്കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു. പ്രവാചകന്‍(സ) പറഞ്ഞു: ”മഹോന്നതനായ അല്ലാഹുവിനെ കണ്ടുമുട്ടും വരെ ഓരോ മുസ്ലിമും സ്ത്രീയും പുരുഷനും തന്റെ ജീവന്‍, സ്വത്ത്, മക്കള്‍ എന്നിവയുടെ കാര്യത്തില്‍ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കും. തന്നില്‍ ഒരു പാപവും ഇല്ലാതാവും വരെ”
അല്ലാഹുവിനോട് നല്ലൊരു ബന്ധം നിലനിര്‍ത്തിക്കൊണ്ട് ഈ പ്രതിസന്ധികളെ അഭിമുഖീകരിക്കാന്‍ അനുവദിക്കുന്ന ഗുണമാണ് റിസിലിയന്‍സ്. പ്രശ്നങ്ങളും പ്രതിസന്ധികളും സഹജമായിത്തന്നെ മോശമായവയല്ല, വളര്‍ച്ചയ്ക്കും വികാസത്തിനും അവ അത്യാവശ്യമാണെന്ന് മനസിലാക്കുന്നതും റിസിലിയെന്‍സില്‍ പെട്ടതാണ്. ശക്തമായി മുന്നോട്ടു നീങ്ങാന്‍ നമുക്ക് അവസരങ്ങള്‍ നല്‍കുന്നവയാണ് പ്രശ്നങ്ങളും പ്രയാസങ്ങളും. തന്റെ ലോകം അവസാനിച്ചു എന്ന് ഒരു ചിത്രശലഭപ്പുഴു കരുതുന്നതിന്റെ തൊട്ടുടനെയാണ് അത് പൂമ്പാറ്റയായി മാറുന്നത് എന്ന പഴമൊഴി നമുക്ക് പരിചിതമായിരിക്കും. അല്ലാഹുവാണ് ഏറ്റവും നന്നായി പ്ലാന്‍ ചെയ്യുന്നവന്‍ എന്ന കാര്യം നാം മനസ്സിലാക്കുമ്പോള്‍ ബുദ്ധിമുട്ടുള്ള അവസരങ്ങള്‍ വളര്‍ച്ചക്കുള്ള ഇന്ധനമായി മാറുന്നു.
പലപ്പോഴും ജന്മനാ കിട്ടുന്നതാണ് റിസിലിയന്‍സ് എന്ന് നാം കരുതുമ്പോഴും, യഥാര്‍ഥത്തില്‍ അത് ക്രമേണ വളര്‍ത്തി എടുക്കാവുന്നതും കൂടിയാണ്. കുട്ടിക്കാലം മുതല്‍ മുതിര്‍ന്നതാവും വരെ പരീക്ഷണത്തിന്‍മേല്‍ പരീക്ഷണം അഭിമുഖീകരിച്ച യൂസുഫ്(അ)യില്‍ നാം ഇത് കാണുന്നു. അദ്ദേഹം നേരിട്ട ഓരോ പ്രയാസത്തിലൂടെയും അവിശ്വസനീയമായ വളര്‍ച്ച അദ്ദേഹം നേടിയത് നാം കാണുന്നു. ഒടുവില്‍ റിസിലിയന്‍സിന്റെ മനോഹാരിത അദ്ദേഹം ഇങ്ങനെ വെളിപ്പെടുത്തുന്നു. ”തീര്‍ച്ചയായും എന്റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി നിയന്ത്രിക്കുന്നവനത്രെ. തീര്‍ച്ചയായും അവന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.” (ഖുര്‍ആന്‍ 12: 100)
കഴിഞ്ഞ പതിറ്റാണ്ടില്‍ ആത്മഹത്യാനിരക്ക് അതിവേഗം ഉയര്‍ന്നെങ്കില്‍ ഇന്ന് അമേരിക്കയില്‍ 10-24 നും ഇടയ്ക്ക് വയസ്സുള്ളവരുടെ മരണകാരണങ്ങളില്‍ രണ്ടാമത്തേത് ആത്മഹത്യയാണ്. വിശ്വാസികളായി വളര്‍ത്തിയവരില്‍ 23% പേര്‍ മുസ്ലിം വിശ്വാസം വിട്ടുപോകുന്നു. ജീവിതത്തിലെ ഒഴിവാക്കാനാവാത്ത പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അഭിമുഖീകരിക്കാന്‍ വേണ്ട കഴിവുകള്‍ നാം നമ്മുടെ മക്കളില്‍ വളര്‍ത്തിയെടുക്കേണ്ടത് എക്കാലത്തേക്കാളും പ്രാധാന്യമേറിയതാണ് ഇന്ന്. നല്ല മാനസികാരോഗ്യത്തിന് മാത്രമല്ല ആത്മീയാരോഗ്യത്തിന് മുസ്ലിം ഐഡന്റിറ്റി ശക്തിപ്പെടുത്തുന്നതിനും റിസിലിയന്‍സ്നിര്‍ണായകമാണ്.

Back to Top