സനാതനം: ഒരു ഫ്‌ളാഷ് ബാക്ക്
റഹ്‌മാന്‍ വാഴക്കാട്
രാമക്ഷേത്രം സ്ഥാപിതമായത് 1948 വരെ അവിടെയുണ്ടായിരുന്ന ബാബരി മസ്ജിദ് തകര്‍ത്തെറിഞ്ഞതിനു ശേഷമാണെന്ന സത്യം മറന്നുപോകാതിരിക്കുക. അതുവരെയും ഫൈസാബാദ് ആയിരുന്ന സ്ഥലം പിന്നീടാണ് രാമജന്മഭൂമിയായി മാറ്റിയെഴുതിയത്. രാമക്ഷേത്രം സ്ഥാപിച്ചതോടെ 500 വര്‍ഷത്തെ സ്വാഭിമാനം തിരിച്ചുപിടിച്ചു എന്നാണല്ലോ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ഇവര്‍ തിരിച്ചുപിടിച്ചു എന്നും സ്ഥാപിച്ചെടുത്തു എന്നും പറയുന്നത് സനാതന ധര്‍മം ആകാനാണ് സാധ്യത.
എന്താണ് സനാതനധര്‍മം? ബ്രാഹ്‌മണില്‍ നിന്ന് ശൂദ്രനായ നായര്‍ 12 അടി മാറി നില്‍ക്കുക, ഈഴവന്‍ ശൂദ്രനില്‍ നിന്ന് 24 അടി മാറി നില്‍ക്കുക, അരയന്‍ ഈഴവനില്‍ നിന്ന് 12 അടി മാറി നടക്കുക, അരയനില്‍ നിന്ന് 24 അടി മാറി നടക്കണം പുലയന്‍, പുലയനില്‍ നിന്ന് 12 അടി മാറി നടക്കണം പറയന്‍, പറയനില്‍ നിന്ന് 24 അടി മാറി നടക്കണം നായാടികള്‍. പട്ടിക്കും പൂച്ചക്കും പാമ്പിനും വരെ സ്വതന്ത്രമായി നടക്കാന്‍ കഴിയുന്ന നാട്ടില്‍ ചണ്ഡാള ഗണത്തില്‍ പെടുന്ന ഈ വിഭാഗങ്ങള്‍ ഉന്നത ജാതിക്കാരില്‍ നിന്ന് മാറി നടക്കണം എന്ന വിലക്കാണോ ഇവര്‍ ഇന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന സനാതനം.
പാടത്തും പറമ്പിലും ചണ്ഡാളനെ മൃഗത്തേക്കാള്‍ ക്രൂരമായി പണിയെടുപ്പിച്ച് വേണമെങ്കില്‍ തല്ലിക്കൊന്നു ചളിയില്‍ ചവിട്ടിത്താഴ്ത്തിയതാണോ ഈ സനാതനം കൊണ്ട് ഉദ്ദേശിച്ചത്. ചണ്ഡാളനെ വിദ്യാഭ്യാസം വിലക്കിയതും, വേദവാക്യം കേള്‍ക്കാന്‍ പോലും പാടില്ലെന്ന് മാത്രമല്ല, ഈയം ഉരുക്കി ചെവിയില്‍ ഒഴിക്കണമെന്നും പറഞ്ഞതാവോ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. 1800 ല്‍ വൈക്കത്ത് 200 ഈഴവരെ പച്ചക്കറി അരിയും പോലെ അരിഞ്ഞുതള്ളി കുഴിച്ചുമൂടിയ ധര്‍മമാണോ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
മാറുമറക്കാന്‍ നിഷേധിക്കപ്പെട്ട കാലത്ത് മാറുമറച്ച നങ്ങേലിയുടെ ഇരു മുലകളും അരിഞ്ഞെടുത്ത് നാക്കിലയില്‍ പൊതുദര്‍ശനത്തിന് വെച്ചതും, ശുദ്രന്റെ പെണ്‍മക്കള്‍ ഉയര്‍ന്ന ജാതിക്കാരന്റെ കൃഷിയിടം ആക്കിയതും ഈ നിയമത്തിന്റെ പിന്‍ബലത്തില്‍ ആവും. അമ്പലത്തിനകത്ത് മാത്രമല്ല അമ്പലവഴിയില്‍ പോലും മറ്റു ജാതിക്കാര്‍ സ്വതന്ത്രമായി വിഹരിക്കുമ്പോള്‍ ഈ താഴ്ന്ന ജാതിക്കാര്‍ക്ക് പ്രവേശനം വിലക്കിയതാണോ ഈ ധര്‍മം. ശ്രീനാരായണ ഗുരുദേവന്‍ അരുവിപ്പുറത്ത് നടത്തിയ ശിവ പ്രതിഷ്ഠയും, കേരളത്തില്‍ നടന്ന ഐതിഹാസികമായ വൈക്കം സത്യാഗ്രഹവും ഈ ധര്‍മത്തോടൊപ്പം ചേര്‍ത്തു വായിക്കുന്നത് നന്നാവും.
ഇന്നും ദേവസ്വം ബോര്‍ഡുകളിലെ ഉദ്യോഗങ്ങളില്‍ 90% വും കയ്യടക്കി വെച്ചിരിക്കുന്നതും ഈഴവ വിഭാഗത്തില്‍ നിന്നു ശാന്തിക്കാരെ പൂജാരികളായി നിയമിക്കപ്പെടാത്തതും ഈ ധര്‍മമാണ്. ഇന്ത്യയില്‍ എവിടെയാണ് ബ്രാഹ്‌മണന്‍ അല്ലാത്ത ഒരു പൂജാരി ഉള്ളത്. തൂണിലും തുരുമ്പിലും ജാതി സൃഷ്ടിച്ച് മനുഷ്യ മനസ്സുകളില്‍ മതിലുകള്‍ ഉണ്ടാക്കി വെറുപ്പിന്റെ വിത്തുകള്‍ വിതക്കുന്ന ഈ പുതിയ രാഷ്ട്രീയ തന്ത്രത്തിന്റെ പേരാണ് ഇവരിന്നു പറഞ്ഞു കൊണ്ടിരിക്കുന്ന സനാതനം. വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ ഈ പേരും പറഞ്ഞ് സൃഷ്ടിച്ചെടുക്കുന്നത് ഹൈന്ദവ ദര്‍ശനമോ കാഴ്ചപ്പാടുകളോ അല്ല. മറിച്ച് അധികാരത്തില്‍ കയറിപ്പറ്റാനുള്ള കുടിലതന്ത്രങ്ങള്‍ മാത്രമാണ്. ഇത് ഇന്ത്യയിലെ നല്ലൊരു ശതമാനം ആളുകള്‍ക്കും മനസ്സിലാവാതെ പോകുന്നു എന്നതാണ് യാഥാര്‍ഥ്യം.
ഈ സനാതന ധര്‍മത്തിന് ഇരകളായവരുടെ പിന്‍ഗാമികളായ ഈഴവര്‍ അടക്കമുള്ള ചണ്ഡാലര്‍ എന്തിനാണ് ഇതിനു ചൂട്ടു പിടിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. നിങ്ങളുടെ പൂര്‍വികരെ ദ്രോഹിച്ചത് ഇസ്ലാമോ മുസ്ലിം വിഭാഗമോ ക്രൈസ്തവരോ അല്ല. ഇന്ന് സനാതനം പറയുന്ന മതം തന്നെയാണെന്ന് തിരിച്ചറിയുക
അമ്പലങ്ങള്‍ സ്ഥാപിക്കണം. അത് മറ്റൊരു മതവിശ്വാസികളുടെ പള്ളി പൊളിച്ചാവരുത്, അവശേഷിക്കുന്ന മധുരയിലെയും കാശിയിലെയും പള്ളികള്‍ തച്ചുതകര്‍ത്തിട്ടു വേണം ഈ സനാതനം സ്ഥാപിക്കണമെന്ന് പറയുന്നത് എന്തിന്റെ പിന്‍ബലത്തില്‍ ആണെന്ന് മനസ്സിലാവുന്നില്ല. നൂറ്റാണ്ടുകളായി ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഈ വൈവിധ്യത്തിന്റെ ഗന്ധം തച്ചു തകര്‍ക്കാന്‍ ആണ് ഹൈന്ദവ ഭീകരത ലക്ഷ്യമിടുന്നത്