21 Thursday
November 2024
2024 November 21
1446 Joumada I 19

‘ദൈവമില്ലെന്നാണല്ലോ എന്റെ കൂട്ടുകാരി പറയുന്നത്’

സാറ സുല്‍ത്താന്‍, നജ്‌വ അവാദ് /വിവ. സിദ്ദീഖ് സി എസ്‌


നിങ്ങളിന്ന് മുതിര്‍ന്നവരോട് സംസാരിക്കുകയാണെങ്കില്‍ അവരില്‍ ഏറെപ്പേരും പറയുക, അവരുടെ ജീവിതത്തിലെ പ്രയാസങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് രക്ഷിതാക്കള്‍ അവരെ വളര്‍ത്തിയ രീതിയാണെന്നാണ്. എനിക്ക് കഴിയാവുന്നതില്‍ ഏറ്റവും നല്ല രീതിയിലാണോ ഞാന്‍ മക്കളെ വളര്‍ത്തുന്നത്? നമ്മുടെ കുടുംബം വളരെ കാര്‍ക്കശ്യമുള്ളതാണോ? അതോ അതീവ മാര്‍ദവമുള്ളതോ? വിജയികളും സ്വതന്ത്ര വ്യക്തിത്വമുള്ളവരും വിവിധ മേഖലകളില്‍ കഴിവുള്ളവരുമായാണോ നാം മക്കളെ വളര്‍ത്തുന്നത്?
യുക്തിവാദവും അവനവനിസവും ദുര്‍ബലമായ കുടുംബ വ്യവസ്ഥകളും പടരുന്ന ആഗോള സംസ്‌കാരത്തില്‍ ഇസ്ലാമിക മൂല്യങ്ങളോടെ കുട്ടിയെ വളര്‍ത്തുന്നതില്‍ പരാജയപ്പെടുമോ എന്ന ഭീതി മുസ് ലിം രക്ഷിതാക്കളെ കൂടുതല്‍ അസ്വസ്ഥരാക്കുന്നു. പ്രായപൂര്‍ത്തിയാവുമ്പോഴും എന്റെ കുട്ടി ഇസ്ലാം തെരഞ്ഞെടുക്കുമോ? അവനെത്രത്തോളം ഖുര്‍ആനും സുന്നത്തും മുറുകെപ്പിടിക്കും? അവര്‍ അല്ലാഹുവിനെ സ്നേഹിക്കുകയും അവന്റെ ഔദാര്യം ലഭിക്കുന്നതിനായി പരിശ്രമിക്കുകയും ചെയ്യുമോ അതോ വീട്ടില്‍ മാത്രം മുസ്ലിമായി അഭിനയിക്കുമോ? നമ്മുടെ സമുദായത്തിനുള്ളില്‍ നിന്ന് നിരവധി കഥകള്‍ നാം കേള്‍ക്കുന്നുണ്ട്. ചിലപ്പോഴൊക്കെ ഒച്ചയില്ലാതെ കാതുകളിലേക്കെത്തുന്ന വാക്കുകളായും, ചിലപ്പോള്‍ തകര്‍ന്ന കുടുംബങ്ങളില്‍ നിന്ന് കണ്ണീരില്‍ കുതിര്‍ന്ന കരച്ചിലുകളായും. ചിലപ്പോള്‍ ഇതൊന്നും നമ്മുടെ സമൂഹത്തിലെ നാമറിയുന്നവരുടേത് ആകണമെന്നില്ല. ചിലപ്പോള്‍ നമ്മുടെ തന്നെ മക്കളുടേതോ മറ്റു പ്രിയപ്പെട്ടവരുടേതോ ആകാം. നമ്മുടെ കുടുംബത്തെ ബാധിക്കുന്നതു വരെ ജീവിതം താരതമ്യേന സുഖകരമായി നമുക്ക് തോന്നും. ശരിയല്ലേ?
നിങ്ങളുടെ മകള്‍ നമസ്‌കാരം നിറുത്തി എന്നറിയുന്നതും നിങ്ങളുടെ മകന്‍ വിശ്വാസം ഉപേക്ഷിച്ചു എന്നറിയുന്നതും, നിങ്ങളുടെ കുട്ടിയില്‍ വിശ്വാസം തീരെ ദുര്‍ബലമായിരിക്കുന്നു എന്നറിയുന്നതും ഏറെ വേദനിപ്പിക്കുന്നതാണ്. പല മുസ്ലിം കുടുംബങ്ങള്‍ക്കും ഇന്ന് പേരന്റിംഗ് എന്നാല്‍ ചെങ്കുത്തായ പാതയുടെ വക്കില്‍ നില്‍ക്കുന്നതുപോലെയാണ്.
എന്തുകൊണ്ട് പാരന്റിംഗ് അത്ര ഉത്കണ്ഠ ഉണ്ടാക്കുന്നതാവണം? പ്രശ്നങ്ങള്‍ പെട്ടെന്ന് പരിഹരിക്കുന്നതിനുള്ള ഉപായങ്ങള്‍ എന്നതിലുപരി കുട്ടിയില്‍ ആന്തരികവും ബാഹ്യവുമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുംവിധം ആത്മീയാടിത്തറ പണിയുന്ന പേരന്റിംഗിലെ ഇസ്‌ലാമിക മാതൃക പിന്തുടര്‍ന്നാലോ? പ്രശ്നങ്ങള്‍ ഉണ്ടായശേഷം പരിഹാരം തേടുന്ന രക്ഷിതാവ് എന്നതിനു പകരം പ്രശ്നങ്ങളില്‍ ചെന്നുചാടുന്നതില്‍ നിന്ന് കുട്ടിയെ തടയാന്‍ പ്രാപ്തനായ ഒരു രക്ഷിതാവ് എന്തുകൊണ്ടായിക്കൂടാ? നിങ്ങള്‍ കരുതുന്നതിനേക്കാള്‍ വളരെ മികച്ച ഫലമുണ്ടാക്കുന്ന ഒരു രീതി പിന്തുടര്‍ന്നാലോ?
മാതാപിതാക്കള്‍ ഇടപെടാതെ തന്നെ തനിക്കു നേരിടേണ്ടിവരുന്ന പ്രതിസന്ധികളെ സ്വയം തരണം ചെയ്യാനുള്ള പ്രാപ്തി മക്കളില്‍ ഉണ്ടാക്കുക എന്നത് ഫോക്കസ് ചെയ്യുന്ന പേരന്റിംഗ് പരമ്പരയാണിത്. ടീനേജുകാരും മക്കളും കടുത്ത മാനസികാഘാതങ്ങളില്‍ പെടുന്നതില്‍ നിന്നു തടയുന്നതിന് രക്ഷിതാക്കളെ സഹായിക്കുന്ന പേരന്റിംഗ് കുറിപ്പുകളുടെ പരമ്പരയാണിത്. പ്രതിസന്ധികളെ തരണം ചെയ്യാന്‍ കഴിയുന്ന പ്രകൃതം കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ വേണ്ട ടൂളുകള്‍ വികസിപ്പിക്കാന്‍ കുടുംബങ്ങളെ പഠിപ്പിക്കുന്നു. അതുവഴി അനാവശ്യമായ മാനസിക-വൈകാരിക-ആത്മീയ പ്രതിസന്ധികളില്‍പെടാതെ ജീവിതത്തില്‍ ഒഴിവാക്കാനാവാത്ത ബുദ്ധിമുട്ടുകള്‍ തരണം ചെയ്യാന്‍ കുട്ടികള്‍ പ്രാപ്തരാവും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ.
ഇസ്‌ലാമിക്
പാരന്റിംഗിന്റെ
ലക്ഷ്യങ്ങള്‍

ദൈനംദിന ജീവിതത്തില്‍ തീവ്രദുഃഖം സഹിക്കാനും സ്ഥിരോത്സാഹിയാവാനും പഠിപ്പിക്കുന്നു. ഒരു പ്രശ്നവും അഭിമുഖീകരിക്കേണ്ടതില്ലാത്ത ജീവിതം നാം മക്കള്‍ക്ക് നല്‍കിയാല്‍ അവര്‍ മാതൃകാ വ്യക്തിത്വങ്ങളായി വളരും എന്നതാണ് പേരന്റിംഗിനെക്കുറിച്ച് ഇന്ന് നിലവിലുള്ള ഏറ്റവും വലിയ തെറ്റിദ്ധാരണകളിലൊന്ന്. തെറ്റായ കൂട്ടുകെട്ടില്‍ ബന്ധപ്പെട്ട ടീനേജുകാരന്‍ അപകടം പിടിച്ച സ്വഭാവത്തിനുടമയാവുകയും ഇപ്പോള്‍ മയക്കുമരുന്നിന്നടിമയായിത്തീരുകയും ചെയ്തിരിക്കുന്നു. എട്ടു വയസ്സുള്ള മകന്‍ വീട്ടിലേക്ക് ഇങ്ങനെ പറഞ്ഞുകൊണ്ട് കയറിവരുന്നു: ‘യഥാര്‍ഥത്തില്‍ അല്ലാഹു ഇല്ലെങ്കില്‍ എന്താണ്? ദൈവം എന്നൊന്നില്ലെന്ന് എന്റെ കൂട്ടുകാരി പറയുന്നു’
നല്ല മാര്‍ക്കുള്ള മിടുക്കിയായ മകള്‍ സ്‌കൂളിലൊരു പയ്യനുമായി അനാരോഗ്യകരമായ ബന്ധത്തിലാവുകയും തുടര്‍ന്ന് അവളുടെ ആത്മവിശ്വാസവും ആത്മീയതയും പഠനനിലവാരവും കുത്തനെ ഇടിയുകയും ചെയ്തു. താനെന്ത് തെറ്റാണ് ചെയ്തതെന്ന് ഒരു കുട്ടി അതിശയിക്കുകയും തന്റെ മാതാപിതാക്കളെ പരസ്പരം വേര്‍പിരിയാന്‍ അല്ലാഹു എന്തുകൊണ്ട് അനുവദിച്ചു എന്ന് അവന് മനസ്സിലാവാതിരിക്കുകയും ചെയ്യുന്നു.
തന്റെ രക്ഷിതാക്കളുമായി എപ്പോഴും ശണ്ഠകൂടിയിരുന്ന മകന്‍ ഇപ്പോള്‍ നമസ്‌കരിക്കാനോ വീട്ടിലെ മറ്റേതെങ്കിലും മതചടങ്ങുകളില്‍ പങ്കെടുക്കാനോ തീര്‍ത്തും വിസമ്മതിക്കുന്നു. 12ാം വയസ്സില്‍ സ്‌കൂളില്‍ വെച്ച് വിരട്ടലിന് ഇരയായ പയ്യന് കടുത്ത നിരാശ ബാധിക്കുകയും അല്ലാഹു ഒരു യാഥാര്‍ഥ്യമാണെങ്കില്‍ എന്തുകൊണ്ട് തന്നെ സംരക്ഷിച്ചില്ല എന്ന് ചോദിക്കുകയും ചെയ്യുന്നു.
ഏറ്റവും നല്ല സ്ഥലത്ത് താസിച്ച് ഏറ്റവും നല്ല സ്‌കൂളുകളില്‍ അവരെ പഠിപ്പിച്ച്, ഏറ്റവും നല്ല ഭക്ഷണം അവര്‍ക്ക് നല്‍കി, ഏറ്റവും നല്ല സുഹൃത്തുക്കളെ അവര്‍ക്ക് ലഭിക്കുകയും ചെയ്താല്‍ ഏറ്റവും നല്ലവരായി അവര്‍ വളരും. ഇതെല്ലാം നമ്മുടെ കുട്ടികള്‍ക്ക് തീര്‍ത്തും ലഭിക്കേണ്ടതാണെന്ന ധാരണ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി അവരിലുണ്ട്. ഏതിലും ഏറ്റവും നല്ലതാണ് ഇപ്പോള്‍ കുട്ടികള്‍ പ്രതീക്ഷിക്കുന്നത്. ഏറ്റവും പുതിയ മോഡല്‍ ഉപകരണങ്ങളും ഏറ്റവും മികച്ച ഗിഫ്റ്റുകളും ഏറ്റവും ആഹ്ലാദം നല്‍കുന്ന പാര്‍ട്ടികളും മൊത്തത്തില്‍ ഏറ്റവും മികച്ച ജീവിതവുമാണ് അവര്‍ പ്രതീക്ഷിക്കുന്നത്. എല്ലാറ്റിലേക്കുമുള്ള വഴി എളുപ്പമായിരിക്കണം എന്നും അവര്‍ പ്രതീക്ഷിക്കുന്നു. എന്തുകൊണ്ട് ആയിക്കൂടാ? അവര്‍ക്ക് സാധ്യമാവുന്ന ഏറ്റവും നല്ല ജീവിതം നാം അവര്‍ക്ക് നല്‍കുന്നില്ലേ?
കുട്ടികളുടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും നീക്കം ചെയ്യാനുളള രക്ഷിതാക്കളുടെ ശ്രമം അഥവാ ബുള്‍ഡോസര്‍ പേരന്റിംഗും കുട്ടികളുടെ ജീവിതത്തിലെ ഓരോ ചെറിയ കാര്യങ്ങളില്‍ പോലും ഇടപെടുന്ന ഹെലികോപ്റ്റര്‍ പേരന്റിംഗും കാരണം കുട്ടികളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട രക്ഷിതാക്കളുടെ സ്വപ്നത്തിനും യാഥാര്‍ഥ്യത്തിനും ഇടയില്‍ വലിയ വിടവുണ്ട്.

എല്ലാം ലഭിക്കുന്ന കുട്ടികള്‍ക്ക് പ്രതിസന്ധികളെ തരണം ചെയ്യാനുള്ള പരിശീലനവും സ്ഥിരോത്സാഹത്തിലൂടെ കഷ്ടപ്പാടുകളെ നേരിടാനുള്ള പ്രാപ്തിയും ദൗര്‍ഭാഗ്യവശാല്‍ തീരെ കുറവായിരിക്കും. എളുപ്പത്തിലുള്ള ജീവിതം ഒഴിവാക്കാനാവാത്ത സംഘര്‍ഷങ്ങളെ നേരിടാന്‍ കുട്ടികളെ ഒരുക്കുന്നില്ല. സാമര്‍ഥ്യം കുറഞ്ഞവരും ഇതരരുമായി പൊരുത്തപ്പെട്ട് ജീവിക്കുന്നതിന് വേണ്ട കഴിവുനേടാത്തവരെയും ആണ് ഹെലികോപ്റ്റര്‍ പേരന്റിംഗ് പലപ്പോഴും രൂപപ്പെടുത്തുന്നതെന്നാണ് ഗവേഷണ ഫലം പറയുന്നത്.
ഇത് മാതാപിതാക്കള്‍ നേരിടുന്ന വലിയൊരു സമസ്യയാണ്. കുട്ടികളുടെ ആവശ്യങ്ങള്‍ മാതാപിതാക്കള്‍ നിറവേറ്റുന്നത് എങ്ങിനെയാണ്. അവരെ അറിഞ്ഞും ലാളനയോടെയും വിപത്തുകള്‍ സഹിഷ്ണുതയോടെ നേരിടാന്‍ പഠിപ്പിച്ചു. കഠിനപ്രയത്നം, സ്ഥിരോത്സാഹം, എന്നിവ ശീലിപ്പിച്ചും മാതാപിതാക്കള്‍ മക്കള്‍ക്ക് വിജയിക്കാനുള്ള സാഹചര്യം ഒരുക്കുന്നു. മാതാപിതാക്കള്‍ എങ്ങനെയാണ് മാനസികാരോഗ്യം വര്‍ധിപ്പിക്കുന്നതും സ്വയം അപകടം വരുത്താതെ മാനസികാഘാതത്തില്‍ നിന്ന് സംരക്ഷിക്കുന്ന ഘടകങ്ങള്‍ അധികരിപ്പിക്കുന്നതും. പല മാതാപിതാക്കളും തേടുന്ന ഉത്തരം ഇതാണ്. പ്രതിസന്ധികളെ വേഗത്തില്‍ നേരിടാനുള്ള കഴിവ് വര്‍ധിപ്പിക്കുക എന്നതാണ് ഒരു വഴി.

Back to Top