വേഗം പണക്കാരന്‍ ആവാന്‍ നോക്കണ്ട
ഡോ. അബ്ദുല്‍കരീം ഒ സി
ഓരോ മനുഷ്യന്റെയും സമൂഹത്തിന്റെയും ലക്ഷ്യം പരമാവധി സംതൃപ്തി നേടുക എന്നതാണ്. മനുഷ്യന്റെ ആവശ്യങ്ങള്‍ എണ്ണമറ്റതാണ്. അവ പൂര്‍ത്തീകരിക്കാനുള്ള വിഭവങ്ങള്‍ ദുര്‍ലഭവും പരിമിതവുമാണെന്ന് മാത്രമല്ല ഓരോ വിഭവങ്ങള്‍ക്കും ഏകാന്തര പ്രയോജനവുമുണ്ട്. ഒരു വിഭവത്തിന് ഒന്നില്‍ കൂടുതല്‍ പ്രയോജനങ്ങള്‍ ഉണ്ടെന്ന് സാരം. അതിനാല്‍ നമ്മുടെ ആവശ്യങ്ങളെ മുന്‍ഗനണാക്രമത്തില്‍ ക്രമീകരിക്കേണ്ടതുണ്ട്.
ഇവിടെയാണ് ആസൂത്രണത്തിന്റെ പ്രസക്തി. സാമ്പത്തിക സുസ്ഥിരതക്ക് നമ്മുടെ ആവശ്യങ്ങള്‍ തിരിച്ചറിയുകയും അവ ഒരു നിശ്ചിത കാലയളവിനുള്ളില്‍ ലഭ്യമായ വിഭവങ്ങളെ കാര്യക്ഷമമായി ഉപയോഗിക്കുക വഴി നേടിയെടുക്കുകയും ചെയ്യുന്നതിന് നാം ബോധപൂര്‍വം നടപ്പിലാക്കുന്ന നടപടികളെയാണ് സാമ്പത്തികാസൂത്രണം എന്നു പറയുന്നത്. ഇതിന് സാമ്പത്തിക സാക്ഷരത അനിവാര്യമാണ്. ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസ വിവരങ്ങള്‍, ഉപജീവനമാര്‍ഗം, സാമൂഹിക സംരക്ഷണം എന്നിവ ഉള്‍പ്പെടെ വ്യക്തികളുടെയും കുടുംബങ്ങളുടെയും കമ്മ്യൂണിറ്റികളുടെയും അടിസ്ഥാനപരവും അത്യാവശ്യവുമായ ആവശ്യങ്ങള്‍ സുസ്ഥിരമായി നിറവേറ്റാനുള്ള കഴിവാണ് സാമ്പത്തിക സുരക്ഷ (GSDI). സാമ്പത്തിക ഭദ്രത എന്നത് ഇപ്പോഴും ഭാവിയിലും ജീവിതനിലവാരത്തെ പിന്തുണയ്ക്കുന്നതിന് സ്ഥിരമായ വരുമാനമോ മറ്റു വിഭവങ്ങളോ ഉള്ള അവസ്ഥയാണ്. ആരോഗ്യം, വിദ്യാഭ്യാസം, വാസസ്ഥലം, വിവരങ്ങള്‍, സാമൂഹിക സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള പ്രവേശനമാണ്.
സാമൂഹിക, സാമ്പത്തിക അന്തരീക്ഷത്തില്‍ ശരിയായ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നതിന് ആവശ്യമായ പ്രധാന ഘടകമാണ് സാമ്പത്തിക സാക്ഷരത. ജീവിതത്തിലുടനീളം അവരുടെ അടിസ്ഥാന ദൈനംദിനവും അവശ്യ ആവശ്യങ്ങളും കൃത്യമായി നിറവേറ്റാനുള്ള വ്യക്തികളുടെ കഴിവാണ് സാമ്പത്തിക സുരക്ഷയെ നിര്‍വചിച്ചിരിക്കുന്നത്. പൊതു സന്തോഷം, സാമ്പത്തിക വളര്‍ച്ച, ഉയര്‍ന്ന ജീവിത നിലവാരം, പുരോഗമന സമൂഹം എന്നിവയുടെ സൂചകമായി ഇത് പ്രവര്‍ത്തിക്കുന്നു. സാമ്പത്തിക സാക്ഷരതയുടെ അഞ്ചു അടിസ്ഥാന ഘടകങ്ങളാണ് ബജറ്റിംഗ്, സേവിങ്‌സ്, കടം കൈകാര്യം ചെയ്യല്‍, നിക്ഷേപം, ക്രെഡിറ്റ് മാനേജ്‌മെന്റ് എന്നിവ. ‘സാമ്പത്തിക സാക്ഷരത’ എന്നത് ഒരാളുടെ വ്യക്തിപരമായ സാമ്പത്തികം കൈകാര്യം ചെയ്യുന്നതിലും യുക്തിസഹമായ സാമ്പത്തിക തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിലും ഉള്ള കഴിവിനെ സൂചിപ്പിക്കുന്നു.
‘വെല്‍ത്ത് മാനേജ്മെന്റ്’ എന്നതിന്റെ ലക്ഷ്യം എല്ലാവരേയും അവരുടെ ആസ്തികളും നിക്ഷേപങ്ങളും വിവേകത്തോടെ കൈകാര്യം ചെയ്യുന്നതിലൂടെ അവരുടെ സമ്പത്ത് കെട്ടിപ്പടുക്കാനും സംരക്ഷിക്കാനും സഹായിക്കുക എന്നതാണ്.
വ്യക്തിഗത സാമ്പത്തിക മാനേജ്‌മെന്റ്, ബഡ്ജറ്റിംഗ്, സേവിംഗ് എന്നിവയുള്‍പ്പെടെ വിവിധ സാമ്പത്തിക കഴിവുകള്‍ ഫലപ്രദമായി മനസ്സിലാക്കാനും പ്രയോഗിക്കാനുമുള്ള കഴിവിനെ സാമ്പത്തിക സാക്ഷരത സൂചിപ്പിക്കുന്നു. സാമ്പത്തിക സാക്ഷരത വ്യക്തികളെ സ്വയം പര്യാപ്തരാക്കുന്നു, അതുവഴി സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ കഴിയും. മിക്ക വികസിത രാജ്യങ്ങളിലും മൂന്നില്‍ രണ്ടുപേരും സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ഭേദപ്പെട്ട വിവരങ്ങള്‍ മനസ്സിലാക്കിയിട്ടുള്ളവരാണ്. ഇക്കാരണത്താല്‍ സാമ്പത്തിക സാക്ഷരത രാഷ്ട്ര വികസനവുമായി മാത്രമല്ല, പണം നഷ്ടപ്പെടാതിരിക്കാനും അത്യാവശ്യമാണ്. ഓരോരുത്തരുടെയും സാക്ഷരത പരിശോധിക്കുന്നതിനുള്ള ലളിതമാര്‍ഗവും സാക്ഷരത വര്‍ധിപ്പിക്കുന്നതിനുള്ള അടിസ്ഥാന സാമ്പത്തിക വിവരങ്ങളും മനസ്സിലാക്കേണ്ടതുണ്ട്.
1979-ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനത്തിന്റെ സഹ-ജേതാവായ തിയോഡോര്‍ ഷുള്‍ട്‌സ് മനുഷ്യ മൂലധനത്തിന്റെ ഒരു സിദ്ധാന്തം വികസിപ്പിച്ചെടുത്തു, അവിടെ വിദ്യാഭ്യാസമാണ് ഒരു സമൂഹത്തിന്റെ സാമ്പത്തിക വികസനത്തിന്റെ അടിത്തറയെന്ന് അദ്ദേഹം വാദിച്ചു. ജേണല്‍ ഓഫ് പൊളിറ്റിക്കല്‍ ഇക്കണോമി പ്രസിദ്ധീകരിച്ച ‘വിദ്യാഭ്യാസത്തിലൂടെ മൂലധന രൂപീകരണം’ എന്ന തന്റെ 1960-ലെ പ്രബന്ധത്തില്‍, വിദ്യാഭ്യാസം മനുഷ്യനിലെ നിക്ഷേപമാണെന്നും അതിന്റെ അനന്തരഫലങ്ങള്‍ മൂലധനത്തിന്റെ ഒരു രൂപമാണെന്നും അദ്ദേഹം വാദിച്ചു.
ആധുനിക ലോകത്ത് എല്ലാറ്റിന്റെയും മാനദണ്ഡം പണമായി മാറിയിരിക്കുന്നു. രാഷ്ട്രീയ, സാമൂഹിക, മതപരമായ കാര്യങ്ങളിലെല്ലാം തന്നെ നമുക്കിത് കാണാന്‍ കഴിയുന്നു. അതുകൊണ്ടു തന്നെ ഏതു വിധേനയും പണം സമ്പാദിക്കുകയെന്ന ലക്ഷ്യത്തിലേക്ക് മനുഷ്യര്‍ എത്തിയിരിക്കുന്നു. ഇവിടെയാണ് തട്ടിപ്പും, വെട്ടിപ്പും കൈക്കൂലിയുമെല്ലാം വില്ലന്മാരാകുന്നത്. പഴയ കൈമാറ്റ വ്യവസ്ഥയില്‍ നിന്നു കടലാസുരഹിത സമ്പദ്‌വ്യവസ്ഥയിലെത്തിയിട്ടും പണമിടപാടുകളില്‍ വലിയ തോതില്‍ കുംഭകോണങ്ങള്‍ നടക്കുന്നു.
സാമ്പത്തിക തട്ടിപ്പുകളും നിക്ഷേപ പദ്ധതികളുമായി ജനങ്ങളെ പറ്റിക്കാനിറങ്ങുന്നതില്‍ മിക്കവരും വലിയ വിദ്യാഭ്യാസ യോഗ്യതയൊന്നും ഇല്ലാത്തവരാണ്. എന്നാല്‍ തട്ടിപ്പു കമ്പനികളിലും പോന്‍സി സ്‌കീമുകളിലും വന്‍ തുകകള്‍ നിക്ഷേപിച്ച് മണ്ടന്മാരാകുന്നവരില്‍ ഭൂരിഭാഗവും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത മാത്രമല്ല, ഭേദപ്പെട്ട ഉദ്യോഗങ്ങളും ഉള്ളവരാണ്. വ്യക്തിഗത സാമ്പത്തിക കാര്യങ്ങളില്‍ നമ്മുടെ ഇടയില്‍ 10-ല്‍ ഏഴു പേര്‍ക്കും വേണ്ടത്ര സാക്ഷരതയില്ലെന്ന് വിവിധ പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ”അറിയുന്നവരും, അറിയാത്തവരും സമമാകുമോ!, നിശ്ചയമായും, ബുദ്ധിമാന്‍മാരേ ആലോചിച്ചു നോക്കുകയുള്ളൂ.”(വി.ഖു 39:9)
ധനസമ്പാദനം
എങ്ങനെയാവണം?
നല്ല വ്യക്തി, നല്ല കുടുംബം, നല്ല സമൂഹം എന്നാണല്ലോ നാം പറയാറുള്ളത്. എന്താണ് നമ്മുടെ ലക്ഷ്യം? നാം എന്തിനു സൃഷ്ടിക്കപ്പെട്ടു? ഇഹപര വിജയം നേടാന്‍ വേണ്ടി അല്ലാഹുവിനെ ആരാധിക്കുക. ഒന്നാമത്തെ ഫര്‍ദായ നമസ്‌കാരം കഴിഞ്ഞാല്‍ അടുത്ത ഫര്‍ദ് (ഡ്യൂട്ടി) ആണ് ഹലാലായ സമ്പാദ്യം. ”നമസ്‌കാരം നിര്‍വഹിക്കപ്പെട്ടാല്‍, നിങ്ങള്‍ ഭൂമിയില്‍ വ്യാപിക്കുകയും, അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്നു അന്വേഷിച്ചുകൊള്ളുകയും ചെയ്യുവിന്‍. അല്ലാഹുവിനെ ധാരാളം ഓര്‍മിക്കുകയും ചെയ്യുക; നിങ്ങള്‍ക്കു വിജയം ലഭിച്ചേക്കാം.” (വി.ഖു 62:10)
നമ്മുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ഉപാധി മാത്രമാണ് സമ്പത്ത്. മനുഷ്യന്റെ ആവശ്യങ്ങളെ അത്യാവശ്യം, സുഖകരം, ആഡംബരം എന്നിങ്ങനെ തരം തിരിക്കാം. ഇവ പൂര്‍ത്തീകരിക്കാനുള്ള വിഭവങ്ങള്‍ പരിമിതവും ഏകാന്തര പ്രയോജനമുള്ളവയുമാണ്. അല്ലാഹു നമുക്ക് വേണ്ടതെല്ലാം ഭൂമിയില്‍ സംവിധാനിച്ചു തന്നു. ”അവനത്രെ, നിങ്ങള്‍ക്ക് ഭൂമിയിലുള്ളത് മുഴുവനും സൃഷ്ടിച്ചു തന്നവന്‍. പിന്നെ, അവന്‍ ആകാശത്തിലേക്ക് തിരിഞ്ഞു. അവയെ ഏഴ് ആകാശങ്ങളാക്കി ശരിപ്പെടുത്തിയിരിക്കുന്നു. അവന്‍ എല്ലാ കാര്യത്തെക്കുറിച്ചും അറിയുന്നവനുമാകുന്നു.” (വി.ഖു 2:29)
”നിങ്ങളുടെ നിലനില്‍പിന് ആധാരമാക്കിത്തന്നിട്ടുള്ള നിങ്ങളുടെ സ്വത്തുക്കളെ നിങ്ങള്‍ ഭോഷന്‍മാര്‍ക്ക് (വിട്ടു) കൊടുക്കുകയും ചെയ്യരുത്. അതുവഴി നിങ്ങള്‍ അവര്‍ക്ക് ഉപജീവനം നല്‍കുകയും, അവര്‍ക്ക് വസ്ത്രം നല്‍കുകയും ചെയ്യുവിന്‍, അവരോട് മര്യാദപ്പെട്ട (നല്ല) വാക്കു പറയുകയും ചെയ്യുവിന്‍.” (വി.ഖു 4:5)
ധനം അല്ലാഹുവിന്റേതാണ്. മനുഷ്യന്‍ അതിന്റെ കൈകാര്യക്കാരന്‍ മാത്രമാണ്. സമ്പാദനവും വിനിമയവും അല്ലാഹുവിന്റെ നിയമ നിര്‍ദേശങ്ങള്‍ക്കനുസൃതം. ധനം എല്ലായ്‌പോഴും ഒഴുകി കൊണ്ടിരിക്കണം.
ധന സമ്പാദനത്തിന്റെ പൊതു തത്വം
”നിങ്ങള്‍ ന്യായ രഹിതമായി നിങ്ങളുടെ ധനം പരസ്പരം തിന്നരുത്.” (വി.ഖു 4:29)
”ഹേ വിശ്വസിച്ചവരേ, നിങ്ങളുടെ സ്വത്തുക്കള്‍ നിങ്ങള്‍ക്കിടയില്‍ (തമ്മതമ്മില്‍) അന്യായമായി നിങ്ങള്‍ തിന്നരുത്; നിങ്ങളില്‍നിന്നു അന്യോന്യം തൃപ്തിയോടെയുള്ള വല്ല കച്ചവടവും ആയാലൊഴികെ. (അതിനു വിരോധമില്ല) നിങ്ങള്‍ നിങ്ങളെത്തന്നെ കൊല്ലുകയും ചെയ്യരുത്. നിശ്ചയമായും അല്ലാഹു, നിങ്ങളെക്കുറിച്ചു കരുണയുള്ളവനാകുന്നു.”
ധനത്തോട് ആര്‍ത്തി പാടില്ല. ‘പത്തു കിട്ടുകില്‍ നൂറു മതിയെന്നും, ശതമാകില്‍ സഹസ്രം മതിയെന്നും’ വളരെ സാധാരണയായി കേള്‍ക്കുന്ന ഒന്നാണല്ലോ. ”നിശ്ചയമായും, അവന്‍ നല്ലതിനോട് (ധനത്തോട്) സ്‌നേഹത്തില്‍ കാഠിന്യമുള്ളവനും തന്നെയാണ്.” (വി.ഖു 100:8)
ഇസ്ലാമിക സാമ്പത്തിക നയം മിതവ്യയത്തിന്റേതാണ്. ധൂര്‍ത്തും പിശുക്കും പാടില്ല എന്നതാണ് അതിന്റെ സമീപനം (17:29, 25:67). ‘നിന്റെ കൈ നിന്റെ പിരടിയിലേക്ക് കൂട്ടി ബന്ധിക്കപ്പെട്ടതാക്കുകയും ചെയ്യരുത്; അതിനെ നീ മുഴുവന്‍ (അങ്ങ്) നീട്ടിവിടുകയും അരുത്; എന്നാല്‍, നീ കുറ്റപ്പെടുത്തപ്പെട്ടവനായും, (വലഞ്ഞ്) ഖേദപ്പെട്ടവനായും ഇരിക്കേണ്ടി വരും’ (17:29)
തങ്ങള്‍ ചെലവുചെയ്യുന്നതായാല്‍, അമിതവ്യയം ചെയ്കയാകട്ടെ, പിശുക്ക് കാണിക്കുകയാകട്ടെ ചെയ്യാത്തവരുമാകുന്നു; അതിനിടയില്‍ മിതമായതായിരിക്കുന്നതാണ് (അത്) (25:67), നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുവിന്‍, അമിതമാക്കുകയും അരുത്. നിശ്ചയമായും, അമിതമാക്കുന്നവരെ അവന്‍ (അല്ലാഹു) ഇഷ്ടപ്പെടുകയില്ല (7:31).
നിയമാനുസൃതമല്ലാത്ത മാര്‍ഗങ്ങളിലൂടെയുള്ള ധന സമ്പാദനം അല്ലാഹു നിരോധിച്ചു. അന്യായമായി ധനം പിടിച്ചെടുക്കുന്നവന്‍ അല്ലാഹുവിന്റെ കോപത്തിന് വിധേയനാകുമെന്ന് നബി(സ) താക്കീത് ചെയ്തു. (ഇമാം അഹ്മദ്)
ഇന്നത്തെ അവസ്ഥ
ആധുനിക സാമ്പത്തിക ഇടപാടുകള്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ധിപ്പിക്കുന്നു. 1994-ല്‍, ഇന്ത്യയിലെ ജനസംഖ്യയുടെ മുകളിലുള്ള 10% പേരും താഴെയുള്ള 40% പേരും ഇന്ത്യയുടെ ആസ്തിയുടെ 25% കൈവശം വച്ചിരുന്നു. 2010 ആയപ്പോഴേക്കും, മുകളിലെ 10% ന്റേത് 30% ആയും താഴെയുള്ള 40% ന്റേത് 21% ആയും മാറി. 2014-ല്‍, ഏറ്റവും ദരിദ്രരായ 10% പേരേക്കാള്‍ 370 മടങ്ങ് സമ്പത്തിന്റെ വിഹിതം 10% സമ്പന്നരുടെ കൈവശമുണ്ട്. രാജ്യത്തെ മൊത്തം സമ്പത്തിന്റെ പകുതിയോളം ഏറ്റവും ഉയര്‍ന്ന 1% കൈവശം വെക്കുന്നു. 2014-ല്‍, യുഎസ്എ, ചൈന, റഷ്യ, യുകെ, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മ്മനി എന്നിവയ്ക്ക് ശേഷം ഇന്ത്യ 68 ശതകോടീശ്വരന്മാരെ (ഏഴാം റാങ്ക്) സൃഷ്ടിച്ചു.
ഓക്സ്ഫാം ഇന്ത്യ, ‘അസമത്വം നശിപ്പിക്കുന്നു’ എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ട് (2022) അനുസരിച്ച്, ഇന്ത്യയിലെ ഏറ്റവും സമ്പന്ന കുടുംബങ്ങളുടെ സമ്പത്ത് 2021-ല്‍ റെക്കോര്‍ഡ് ഉയരത്തിലെത്തി. സമ്പത്തിന്റെ 57 ശതമാനം കൈവശം വെച്ചിരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും മികച്ച 10 പേരായതിനാല്‍, ഇന്ത്യയെ ‘വളരെ അസമത്വമുള്ള’ രാജ്യമെന്നാണ് റിപ്പോര്‍ട്ടില്‍ വിശേഷിപ്പിച്ചത്. മറുവശത്ത്, താഴെയുള്ള പകുതിയുടെ വിഹിതം 13 ശതമാനമാണ്. ഫോബ്സ് മാഗസിന്‍ അടുത്തിടെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം യുഎസിനും ചൈനയ്ക്കും ശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. 2021-ല്‍ 140 ശതകോടീശ്വരന്മാരുമായി, ഇന്ത്യ ജര്‍മ്മനിയെ (136 ശതകോടീശ്വരന്മാരുള്ള) മറികടന്ന് 2021-ല്‍ ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരുള്ള രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്തെത്തി.
ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ സമ്പത്തിന്റെ പൂഴ്ത്തിവെപ്പിനെ നിരുത്സാഹപ്പെടുത്തുന്നു. യാതൊരു ലക്ഷ്യവും കൂടാതെ സമ്പത്ത് ശേഖരിക്കുന്നത് ധാര്‍മികമായി അപലപനീയവും സമൂഹത്തിന് ഹാനികരവുമാണ്. ആരോഗ്യകരമായ സമ്പദ്വ്യവസ്ഥയുടെയും സമൂഹത്തിന്റെയും നിലനില്‍പ്പിനു പണത്തിന്റെ പ്രവാഹമാണ് അതിന്റെ ശേഖരണത്തേക്കാളും പ്രധാനപ്പെട്ടതെന്ന ഒരു ലോകവീക്ഷണമാണിത്.
മുഹമ്മദ് നബി (സ) തന്റെ പ്രവാചകത്വത്തിന്റെ മുമ്പ് ഒരു നല്ല വ്യാപാരിയായിരുന്നു, അദ്ദേഹത്തിന്റെ കൂട്ടാളികളില്‍ പലരും സമ്പന്നരായിരുന്നു. തീര്‍ച്ചയായും, ഖുര്‍ആന്‍ സമ്പത്തിനെ അല്ലാഹുവില്‍ നിന്നുള്ള അനുഗ്രഹമായി പറയുന്നു, എന്നാല്‍ അത് ദുരുപയോഗം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കുന്നു.
ഇസ്ലാം വാദിക്കുന്നത് സമ്പത്തിനോടുള്ള സന്തുലിത സമീപനമാണ്. സമ്പത്ത് ഒരു ലക്ഷ്യമായി കാണണം. എല്ലാ വ്യക്തികളുടെയും അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്ന, ദരിദ്രരെ പരിപാലിക്കുന്ന, സമ്പത്ത് സമൂഹങ്ങള്‍ക്കിടയില്‍ ഒരു പാലമായി വര്‍ത്തിക്കുന്ന നീതിയും നീതിയുക്തവുമായ ഒരു സമൂഹത്തെയാണ് ഇസ്ലാം മുന്നോട്ടുവെക്കുന്നത്.
ഇന്നത്തെ നവലിബറല്‍ മുതലാളിത്ത വ്യവസ്ഥകളില്‍ സമ്പത്ത് പലപ്പോഴും അവസാനമായി കാണുന്നു. കുമിഞ്ഞുകൂടാനുള്ള ആഗ്രഹം പലപ്പോഴും ചിലരുടെ കൈകളില്‍ സമ്പത്ത് കേന്ദ്രീകരിക്കുന്നതിലേക്ക് നയിക്കുന്നു, തത്ഫലമായുണ്ടാകുന്ന സാമൂഹിക അസമത്വം നമ്മുടെ കാലത്തെ ഏറ്റവും സമ്മര്‍ദമായ പ്രശ്‌നങ്ങളിലൊന്നാണ്. 2020-ല്‍, ലോകത്തിലെ ഏറ്റവും ധനികരായ 1% പേര്‍ 6.9 ബില്യണ്‍ ആളുകളുടെ ഇരട്ടിയിലധികം സ്വത്ത് സ്വന്തമാക്കിയതായി കാണാം (ഓക്‌സ്ഫാം ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട്). അത്തരം ഒരു വ്യവസ്ഥിതിയില്‍, സമ്പത്തിന്റെ സാമൂഹിക പ്രവര്‍ത്തനത്തെ നഷ്ടപ്പെടുത്തുന്നത് എളുപ്പമാണ്, പകരം വ്യക്തിപരമായ സമ്പുഷ്ടീകരണത്തിലും ഉപഭോഗത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഇവിടെയാണ് സമ്പത്തിനെക്കുറിച്ചുള്ള ഇസ്ലാമിക സങ്കല്‍പ്പത്തിന് പരിവര്‍ത്തനാത്മകമായ കാഴ്ചപ്പാട് നല്‍കാന്‍ കഴിയുന്നത്. സമ്പത്ത് അല്ലാഹുവില്‍ നിന്നുള്ളതാനെന്നും മനുഷ്യര്‍ അതിന്റെ കൈകാര്യകര്‍ത്താക്കള്‍ മാത്രമാണന്നുമുള്ള വിശ്വാസം പണവുമായുള്ള നമ്മുടെ ബന്ധത്തെക്കുറിച്ച് പുനര്‍വിചിന്തനം ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.
ഈയിടെ കേരളത്തില്‍ നടന്ന ഏറ്റവും വലിയ സാമ്പത്തിക ചൂഷണമായിരുന്നു ഹൈറിച്ച് മണി ചെയിന്‍ തട്ടിപ്പ്. 1,63,000 ഉപഭോക്താക്കളില്‍ നിന്നുമായി 1,630 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. ക്രിപ്‌റ്റോ കറന്‍സി ഉള്‍പ്പെടെയുള്ള പേരുകളില്‍ ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരിലാണ് തട്ടിപ്പ് നടന്നത്.
പണം നിക്ഷേപിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ ഇവ ഇരട്ടിപ്പിക്കാന്‍ കഴിയുന്ന ബിസിനസ്സാണെന്നു പറഞ്ഞാണ് ആള്‍ക്കാരെ സമീപിക്കുക. പിന്നീട് ഇത് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങാണെന്ന് പറഞ്ഞു പുതിയ ആള്‍ക്കാരെ കൊണ്ടു ഇന്‍വെസ്റ്റ് ചെയ്യിപ്പിക്കും. എന്നാല്‍ വില്‍പ്പനക്കുള്ള പ്രോഡക്റ്റുകളൊന്നും ലഭിക്കാതെ വരുമ്പോഴാണ് തങ്ങള്‍ പറ്റിക്കപെട്ടിരിക്കുന്നു എന്ന് ആളുകള്‍ മനസ്സിലാക്കുന്നത്.
മറ്റൊരു പ്രധാന ലാഭ വ്യവഹാരമാണ് ലോട്ടറി. കൂലി തൊഴിലാളികളും, താഴ്ന്ന വരുമാനക്കാരും ധാരാളമായി ഇന്ന് വേഗത്തില്‍ സമ്പന്നരാവാന്‍ ലോട്ടറിയെ സമര്‍പ്പിക്കുന്നു. കിട്ടുന്ന വരുമാനത്തിന്റെ സിംഹഭാഗവും ഇത്തരം രീതിയില്‍ നഷ്ടപ്പെട്ടിട്ടും മനുഷ്യര്‍ വീണ്ടും ഇങ്ങനെയുള്ള കുഴിയില്‍ ചാടുന്നതിന്റെ കാരണം കുറുക്കുവഴിയിലൂടെ അധ്വാനിക്കാതെ പണം നേടാനുള്ള ത്വരയാണ്.
ലോകത്ത് നിലനില്‍ക്കുന്ന നിക്ഷേപ രീതികളെ പ്രധാനമായും മൂന്നായി തിരിക്കാം: പിരമിഡ് സ്‌കീം, പോന്‍സി സ്‌കീം, മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് (MLM). ഇവയെല്ലാം ചില സമാനതകളുള്ളതും എന്നാല്‍ കാര്യമായ വ്യത്യാസങ്ങളുള്ളതുമായ നിക്ഷേപ അല്ലെങ്കില്‍ ബിസിനസ് അവസരങ്ങളാണ്.
പിരമിഡ് സ്‌കീം: പിരമിഡിന്റെ ഉയര്‍ന്ന തലത്തിലുള്ള അംഗങ്ങള്‍ക്ക് പണമടയ്ക്കാന്‍ പുതിയ നിക്ഷേപകരെ റിക്രൂട്ട് ചെയ്യുന്ന ഒരു തട്ടിപ്പ് നിക്ഷേപ പദ്ധതിയാണ് പിരമിഡ് സ്‌കീം. പുതിയ നിക്ഷേപകരുടെ നിരന്തരമായ റിക്രൂട്ട്മെന്റിലൂടെ ഈ സ്‌കീം നിലനില്‍ക്കുന്നു, പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നത് ബുദ്ധിമുട്ടാകുമ്പോള്‍ ആത്യന്തികമായി തകരുന്നു. പിരമിഡ് സ്‌കീമുകള്‍ മിക്ക രാജ്യങ്ങളിലും നിയമവിരുദ്ധമാണ്, കാരണം അവ വഞ്ചനയെ അടിസ്ഥാനമാക്കിയുള്ളതും യഥാര്‍ഥ ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ നല്കാത്തതുമാണ്.
പോന്‍സി സ്‌കീം: പോന്‍സി സ്‌കീമും എന്നത് ഒരു തരം നിക്ഷേപ തട്ടിപ്പാണ്, അവിടെയുള്ള നിക്ഷേപകര്‍ക്ക് ലാഭം നേടുന്നതിന് പകരം പുതിയ നിക്ഷേപകര്‍ സംഭാവന ചെയ്യുന്ന ഫണ്ടുകളില്‍ നിന്ന് വരുമാനം നല്‍കുന്നു. നേരത്തെയുള്ള നിക്ഷേപകര്‍ക്ക് പണം നല്‍കുന്നതിന് പുതിയ നിക്ഷേപങ്ങളുടെ നിരന്തരമായ ഒഴുക്കിനെയാണ് ഈ സ്‌കീം ആശ്രയിക്കുന്നത്, കൂടാതെ നിരവധി നിക്ഷേപകര്‍ ഒരേ സമയം തങ്ങളുടെ നിക്ഷേപം കാഷ് ഔട്ട് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ തകരുന്നു. പോന്‍സി സ്‌കീമുകളും നിയമവിരുദ്ധമാണ്.
മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് : മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് എന്നത് നിയമാനുസൃതമായ ഒരു ബിസിനസ് മോഡലാണ്, അതില്‍ പങ്കെടുക്കുന്നവര്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിലൂടെയും ബിസിനസിലേക്ക് പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതിലൂടെയും വരുമാനം നേടുന്നു. ഒരു എം എല്‍ എമ്മില്‍, അംഗങ്ങള്‍ക്ക് അവര്‍ നടത്തുന്ന വില്‍പ്പനയില്‍ മാത്രമല്ല, അവര്‍ റിക്രൂട്ട് ചെയ്യുന്ന അംഗങ്ങള്‍ നടത്തുന്ന വില്‍പ്പനയിലും ഒരു കമ്മീഷന്‍ നേടാനാകും, ഇത് ഒരു ‘ഡൗണ്‍ലൈന്‍’ സൃഷ്ടിക്കുന്നു. പുതിയ അംഗങ്ങളുടെ റിക്രൂട്ട്മെന്റില്‍ മാത്രമല്ല, ഉല്‍പ്പന്നങ്ങളും സേവനങ്ങളും വില്‍ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, നിയമാനുസൃതവും സുതാര്യവുമായ രീതിയില്‍ ഘടനാപരമായി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ങഘങകള്‍ക്ക് നിയമസാധുത ലഭിക്കും.
പിരമിഡ് സ്‌കീമുകളും പോന്‍സി സ്‌കീമുകളും നിയമവിരുദ്ധമാണ്, കാരണം അവ വഞ്ചനാപരവും നിക്ഷേപകരുടെ വഞ്ചനയില്‍ ഉള്‍പ്പെടുന്നതുമാണ്. ഉല്‍പ്പന്നങ്ങളും സേവനങ്ങളും വില്‍ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, നിയമാനുസൃതവും സുതാര്യവുമായ രീതിയില്‍ ഘടനാപരമായതും പ്രവര്‍ത്തിപ്പിക്കുന്നതും ആണെങ്കില്‍ ങഘങകള്‍ നിയമപരമാകും. എന്നിരുന്നാലും, പങ്കെടുക്കുന്നതിന് മുമ്പ് ഏതെങ്കിലും നിക്ഷേപത്തെക്കുറിച്ചോ ബിസിനസ്സ് അവസരങ്ങളെക്കുറിച്ചോ സമഗ്രമായി ഗവേഷണം ചെയ്യേണ്ടത് പ്രധാനമാണ്, കൂടാതെ കുറഞ്ഞതോ അപകടസാധ്യതയുമില്ലാതെ ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്യുന്ന ഏത് അവസരങ്ങളിലും ജാഗ്രത പാലിക്കുക.
ഏറ്റവും കൂടുതല്‍ തട്ടിപ്പുകള്‍ക്ക് ഇരയാവാന്‍ കാരണം മനുഷ്യന്റെ ആര്‍ത്തിയാണ്. ഏതു വിധേനയും സമ്പത്ത് ഉണ്ടാക്കുക എന്നതാകുന്നു ഇന്നിന്റെ പ്രത്യേകത. ആയതിനാല്‍ ശരിയേത് തെേറ്റത് എന്നൊന്നും നോക്കാതെ പണം സമ്പാദിക്കുന്ന അവസ്ഥ ഭാവിയില്‍ വരും എന്ന് പ്രവാചകന്‍ നേരത്തെ പറഞ്ഞിരുന്നു. പലിശയും ആധുനിക ബാങ്കുകളും രൂപം നല്‍കിയ വായ്പ സൃഷ്ടിപ്പും ഊഹക്കച്ചവടവും ലോക സമ്പദ് വ്യവസ്ഥയെ ഒരു മാറ്റത്തിന് നിര്‍ബന്ധിതമാക്കുന്നു.
ഇതിനെല്ലാമുള്ള പരിഹാരമാണ് സാമ്പത്തിക അച്ചടക്കവും സാമ്പത്തിക സാക്ഷരതയും. ‘കൊക്കിലൊതുങ്ങുന്നത് കൊത്തുക’ ഇത് സര്‍വസാധാരണമായി നാം കേള്‍ക്കുന്ന ചൊല്ലാണ്. നമ്മുടെ കുടുംബങ്ങളില്‍ സമാധാനവും സന്തോഷവും നിറയാന്‍ വരവിനനുസരിച്ചു ചെലവുകള്‍ ക്രമീകരിക്കുക, ഏത് വിധേനയും പണമുണ്ടാക്കണമെന്ന ചിന്ത വെടിയുക. സമ്പാദിക്കുന്ന പണത്തില്‍ നിന്നു സകാത്ത്, ദാനധര്‍മങ്ങള്‍, സഹായങ്ങള്‍ മുതലായവ നല്‍കുക. കിട്ടിയ സമ്പത്തിന് അല്ലാഹുവിന് നന്ദി അര്‍പ്പിക്കുക.
ഗാന്ധിജിയുടെ വാക്ക് ഏറെ പ്രസക്തമാണ്: Nature provides everything for man’s need but not for his greed (പ്രകൃതി മനുഷ്യന്റെ ആവശ്യത്തിന് എല്ലാം നല്‍കുന്നു, എന്നാല്‍ അവന്റെ അത്യാഗ്രഹത്തിനല്ല)