21 Thursday
November 2024
2024 November 21
1446 Joumada I 19

തട്ടിപ്പുകളുടെ ഹൈറിച്ച് കച്ചവടമല്ല, ചൂഷണമാണ്‌

ടി റിയാസ് മോന്‍


കേരളത്തിലെ വിവിധ ജില്ലകളില്‍ നടക്കുന്ന മണിചെയിന്‍ തട്ടിപ്പുകള്‍ക്കെതിരെ സാമൂഹിക പ്രതിരോധം ഉയരേണ്ട ഘട്ടമാണിത്. ഡയറക്ട് മാര്‍ക്കറ്റിംങ്, എന്റര്‍പ്രണര്‍ഷിപ്പ് തുടങ്ങിയ സുന്ദരവാചകങ്ങളിലൂടെ അമ്പതിലേറെ കമ്പനികളാണ് കേരളത്തില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. പരസ്യങ്ങളും ഇടനിലക്കാരുമില്ലാതെ നേരിട്ട് ഉപഭോക്താക്കളിലേക്ക് ഉത്പന്നങ്ങള്‍ എത്തുമ്പോള്‍ കൂടുതല്‍ ലാഭം ഉണ്ടാകുമെന്നും ആ ലാഭം ഉപഭോക്താവിന് തന്നെ തിരിച്ചു കൊടുക്കുകയാണെന്നും ഉള്ള നുണപ്രചാരണങ്ങളിലൂടെയാണ് നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ് തട്ടിപ്പുകാര്‍ സാധാരണക്കാരായ ജനങ്ങളെ ചൂഷണം ചെയ്യുന്നത്.
30 രൂപ വിലയുള്ള സോപ്പ് 60 രൂപ വിലയിട്ട് വില്‍ക്കുന്നവരാണ് ലാഭം ഉപഭോക്താക്കള്‍ക്ക് തന്നെ തിരിച്ചു നല്കുന്നതിനെ കുറിച്ച് ഗിരിപ്രഭാഷണം നടത്തുന്നത്. ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന തൃശൂര്‍ കേന്ദ്രമായ കമ്പനി 1600 കോടി രൂപയുടെ തട്ടിപ്പ് നടത്തി എന്ന കേസില്‍ കേന്ദ്ര- സംസ്ഥാന ഏജന്‍സികളുടെ അേന്വഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. കേരളം കണ്ട ഏറ്റവും വലിയ മണിചെയിന്‍ തട്ടിപ്പായാണ് ഹൈറിച്ച് വിലയിരുത്തപ്പെടുന്നത്. ചേര്‍പ്പ് പൊലീസ്, സി ബി ഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയുടെ അന്വേഷണമാണ് നിലവില്‍ ഹൈറിച്ച് നേരിട്ടു കൊണ്ടിരിക്കുന്നത്. കമ്പനിയുടെ ബാങ്ക് എക്കൗണ്ടുകള്‍ മരവിപ്പിച്ചു കൊണ്ട് ഉത്തരവിറങ്ങുകയും, ജില്ലാ കലക്ടര്‍മാര്‍ സ്ഥാപനത്തിന്റെ ആസ്തികള്‍ ജപ്തി ചെയ്യുന്ന നടപടികളിലേക്ക് കടന്നിരിക്കുകയുമാണ് ഇപ്പോള്‍.
ഹൈറിച്ച് തട്ടിപ്പിനെതിരെ കോടതി ശക്തമായ നടപടി സ്വീകരിക്കുമ്പോഴും ഹൈറിച്ച് തകര്‍ന്നിട്ടില്ലെന്ന് പ്രചരിപ്പിച്ച് അതിലേക്ക് പണം പിരിക്കുന്ന ഏര്‍പ്പാട് കേരളത്തിലെ ഗ്രാമങ്ങളില്‍ തുടരുകയാണ്. ബഡ്സ് ആക്ട് (നിയമവിരുദ്ധ നിക്ഷേപ പദ്ധതി നിരോധനനിയമം), ഫെമ (ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്) എന്നിവയുടെ അടിസ്ഥാനത്തില്‍ കണ്ടുകെട്ടല്‍ നടപടി നേരിട്ടു കൊണ്ടിരിക്കുന്ന ഒരു കമ്പനിയുടെ പേരിലാണ് ഇപ്പോഴും പണം പിരിച്ചു കൊണ്ടിരിക്കുന്നത്. ഹൈറിച്ചിന്റെ ബാങ്ക് എക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുന്നത് തൃശൂരിലെ ബഡ്സ് കോടതിയാണ് റദ്ദാക്കേണ്ടത്. അങ്ങനെയൊരു കോടതി വിധി ഉടനെയുണ്ടാകുമെന്നും ഹൈറിച്ച് ഉടനെ തിരിച്ചു വരുമെന്നുമാണ് കണ്ണിചേര്‍ന്ന ഇരകള്‍ പ്രതീക്ഷിക്കുന്നത്. ഹൈറിച്ചിന് മുമ്പേ ‘ഗ്രീന്‍കോ സെക്യൂരിറ്റീസ്’ എന്ന പേരില്‍ തട്ടിപ്പ് നടത്തിയതിന് പാലക്കാട്, തൃശൂര്‍ ജില്ലകളിലെ കോടതികളിലായി 12ലേറെ കേസുകള്‍ നേരിടുന്നയാളാണ് ഹൈറിച്ച് എം ഡിയായ കെ ഡി പ്രതാപന്‍. കോടതിയില്‍ പോയിട്ട്, കോടതിയുടെ വരാന്തയില്‍ പോലും കയറി നില്‍ക്കാന്‍ കഴിയാത്ത വിധം കേസുകളില്‍ പ്രതിയാണ് അയാള്‍. അയാളിലാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത് പ്രകാരം 12000 ത്തോളം ഇടനിലക്കാര്‍ വഴി പന്ത്രണ്ട് ലക്ഷത്തോളം ആളുകള്‍ 1600 കോടി രൂപയോളം നിക്ഷേപിച്ചിരിക്കുന്നത്.
ഡയറക്ട് സെല്ലിംങ് ലോകത്ത് വളര്‍ന്നു കൊണ്ടിരിക്കുന്ന വാണിജ്യരീതിയാണ്. ഉത്പന്നങ്ങള്‍, സേവനങ്ങള്‍, ആശയങ്ങള്‍ എന്നിവ ഒരു വ്യക്തിയോട് നേരിട്ട് പറയുമ്പോള്‍ കൂടുതല്‍ ഫലപ്രദമാകുന്നു. ഒരു കമ്പനിയുടെ ഉത്പന്നം ഡയറക്ട് സെല്ലിങ്ങിലൂടെ ഒരു വ്യക്തി വില്‍ക്കാനിറങ്ങുമ്പോള്‍ അയാള്‍ തന്റെ കുടുംബബന്ധങ്ങളെയും, സൗഹൃദങ്ങളെയുമാണ് ഒന്നാമതായി ഉപയോഗിക്കുന്നത്.
ദീര്‍ഘനാളായി നിലനില്‍ക്കുന്ന സൗഹൃദത്തിലുള്ള ഒരാളെ ഉപഭോക്താവായി കണ്ട് ചൂണ്ടയെറിയാന്‍ മാനസികമായി പരിവര്‍ത്തിക്കപ്പെടേണ്ടതുണ്ട്. നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗില്‍ കണ്ണിയായി ചേര്‍ന്ന അംഗങ്ങള്‍ക്ക് കമ്പനികള്‍ നിരന്തരമായി മോട്ടിവേഷന്‍ ക്ലാസുകള്‍ നല്കുന്നു. മടുപ്പില്ലാതെ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗില്‍ ഏര്‍പ്പെടാന്‍ നിരന്തരമായി മോട്ടിവേഷന്‍ ക്ലാസുകള്‍ വേണം. അതിനാല്‍ ഇത്തരം കമ്പനികള്‍ എല്ലാം തന്നെ ആഴ്ചയില്‍ ഒരിക്കല്‍ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് ആളുകളെ പ്രചോദിപ്പിക്കുകയും, ടാര്‍ജറ്റ് നിശ്ചയിച്ചു നല്കുകയും ചെയ്യുന്നു.
ആത്മകഥാംശമുള്ള അനുഭവങ്ങളാണ് ആഴ്ച തോറുമുള്ള നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗുകാരുടെ പ്രധാന ആയുധം. നെറ്റ്‌വര്‍ക്കിംഗ് ബിസിനസ് നടത്തി പുതിയ കാര്‍ വാങ്ങിയവര്‍, വീട് വെച്ചവര്‍ തുടങ്ങി കുറച്ചാളുകളെ കോട്ടും, ടൈയും കെട്ടി സ്ഥിരമായി എഴുന്നള്ളിക്കും. നിത്യരോഗിയായ അമ്മയ്ക്ക് ഈ ഫുഡ് കോംപ്ലിമെന്റ് നല്കിയപ്പോള്‍ രോഗശാന്തി ലഭിച്ചുവെന്നതാണ് മറ്റൊരു സ്ഥിരം ഐറ്റം. സൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങള്‍, ആരോഗ്യസംരക്ഷണ ഉത്പന്നങ്ങള്‍, ക്ലീനിംങ് പ്രൊഡക്ട്സ് എന്നിവയാണ് പ്രധാനമായും നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗിലൂടെ വില്‍ക്കുന്നത്. 30 രൂപയുടെ സോപ്പ് 60 രൂപക്കും, 100 രൂപയുടെ സോപ്പ് പൗഡര്‍ 200 രൂപക്കും നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗുകാര്‍ വില്‍ക്കും. കേവലമായ ഒരു കുളി സോപ്പ് അവരുടെ വാക്ചാതുരിയില്‍ അന്നേരം ഔഷധഗുണമുള്ള പ്രത്യേകതരം ഉത്പന്നമായി മാറുന്നു. മുടി കൊഴിച്ചില്‍, താരന്‍ തുടങ്ങിയ സ്ഥിരം പ്രശ്നങ്ങള്‍ മുതല്‍ മുഖത്തെ കറുത്ത പാടുകള്‍, സ്വകാര്യഭാഗങ്ങളിലെ ചൊറിച്ചില്‍ എന്നിവ ഉള്‍പ്പെടെ പരിഹരിക്കപ്പെടുന്ന അദ്ഭുത മരുന്നായി സോപ്പിനെ പരിചയപ്പെടുത്തുന്നു. എല്ലാ ആയുര്‍വേദ കൂട്ടുകളും ചേര്‍ന്ന സോപ്പിന്റെ വര്‍ണന കേട്ടാല്‍ അത് കര്‍ക്കിടകക്കഞ്ഞിക്ക് പകരം ഉപയോഗിച്ചു കൂടേ എന്നു വരെ അതിശയപ്പെട്ടു പോകും. എന്നാല്‍ ഈ ഗുണവിശേഷങ്ങള്‍ ഒന്നും തന്നെ സോപ്പിന്റെ കവറിലോ കമ്പനിയുടെ രേഖാമൂലമുള്ള വിശദീകരണത്തിലോ ഉണ്ടാകില്ല. പറയുന്ന മേന്മകള്‍ എഴുതിവെച്ചാല്‍ നിയമപരമായി നടപടികള്‍ നേരിടേണ്ടി വരും. ഒരു അംഗീകൃത സര്‍ട്ടിഫിക്കേഷന്‍ അതോറിറ്റിയുടെയും അംഗീകാരമില്ലാത്ത സവിശേഷതകള്‍ ഉണ്ടെന്ന് വരുത്തി തീര്‍ക്കുകയാണ് നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനികള്‍.

യാതൊരു ധാര്‍മികതയുമില്ലാത്ത ചൂഷണം നടത്തുന്നതിന്റെ ഒരു ഉദാഹരണം പറയാം. ഒരു ദിവസം മഞ്ചേരിയിലെ പാലിയേറ്റീവ് കെയറിലേക്ക് ഒരു രോഗിയുടെ ഫോണ്‍ കോള്‍ വന്നു. മരുന്നു കഴിച്ചിട്ടും രോഗിക്ക് വേദന അധികമാണെന്നാണ് പരാതി. ഹോംകെയര്‍ ടീം വീട്ടിലെത്തി പരിചരിക്കുമ്പോള്‍ ഒരു പ്ലസ് കമ്പനിയുടെ ജ്യൂസാണ് മരുന്ന്. ഈ ജ്യൂസ് മരുന്നായി നിര്‍ദേശിച്ചത് ഏതെങ്കിലും ഡോക്ടറല്ല, നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് ഏജന്റായ ഒരു വിരുതനാണ്. വേദന കൂടുതലാണെന്ന് അയാളെ അറിയിച്ചപ്പോള്‍ അത് ശുഭലക്ഷണമാണെന്നും രണ്ടു ബോട്ടില്‍ കൂടി വാങ്ങണമെന്നുമായിരുന്നു ഉപദേശം. ഒരാളുടെ രോഗവും ദയനീയതയും തന്റെ സാമ്പത്തിക ചൂഷണത്തിനുള്ള അവസരമായി കാണുന്ന കഴുകക്കണ്ണുകള്‍ വളര്‍ത്തിയെടുത്തത് നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനിക്കാരാണ്. അമേരിക്കയില്‍ വികസിപ്പിച്ചെടുത്ത ആയുര്‍വേദ മരുന്നാണ് ഇതെന്നും അമേരിക്കന്‍ സര്‍ക്കാറിന്റെ പിന്തുണയുണ്ടെന്നും വരെ പ്രചരിപ്പിച്ചു കളയും വില്‍പ്പനക്കാര്‍. രോഗം കൊണ്ട് പ്രയാസപ്പെടുന്ന മനുഷ്യര്‍ക്ക് യാഥാര്‍ഥ്യമാകാത്ത പ്രതീക്ഷ നല്കി ചൂണ്ടയിടുകയാണ്. ഇങ്ങനെ ഭീമമായ ലാഭം നേടാമെന്ന് അവര്‍ കണക്കുകൂട്ടുന്നു.
ഒരു നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനിയില്‍ ഒരാള്‍ ചേരുന്നതു വഴി സ്വയം ഒരു സംരംഭകന്‍ ആകുകയാണ് എന്നാണ് മുന്നേ ചേര്‍ന്നവര്‍ പറഞ്ഞു പഠിപ്പിക്കുന്നത്. യഥാര്‍ഥത്തില്‍ അയാള്‍ സംരംഭകനാകുന്നില്ലെന്ന് മാത്രമല്ല ഒരു കെണിയില്‍ വീണു പോകുക കൂടിയാണ്. നിക്ഷേപിച്ച പണം തിരിച്ചു കിട്ടാനും ലാഭം കിട്ടാനും അയാള്‍ക്ക് മുന്നിലുള്ള വഴി സ്വന്തം ബന്ധുക്കളെയും സുഹൃത്തുക്കളെയും അതില്‍ കണ്ണി ചേര്‍ക്കുക എന്നത് മാത്രമാണ്. അഥവാ താന്‍ വീണു പോയ കെണിയില്‍ സ്വന്തക്കാരെ കൂടി വീഴ്ത്തുക എന്നതാണ് അതില്‍ നിന്നു ലാഭം കിട്ടാനുള്ള ഏക വഴി. പണത്തിനൊത്ത മൂല്യമില്ലാത്ത ഉത്പന്നങ്ങള്‍ സ്വന്തം കുടുംബത്തിലും സൗഹൃദവലയത്തിലും വില്‍ക്കാന്‍ അയാള്‍ ശ്രമിക്കുന്നു. ഇത്തരത്തില്‍ ഉത്പന്നങ്ങള്‍ വാങ്ങിയ സൗഹൃദത്തിലുള്ള പലരും ഗുണനിലവാരത്തില്‍ നിരാശരായിരിക്കും. അവരുടെ അതൃപ്തി കൂടി ബന്ധത്തില്‍ പുകഞ്ഞു കൊണ്ടിരിക്കുന്നുണ്ടാകും.
കച്ചവടമാണ്, സംരംഭമാണ് എന്നൊക്കെയാണ് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗുകാര്‍ അവരുടെ വിപണന രീതിയെ പരിചയപ്പെടുത്തുന്നത്. എന്നാല്‍ ഇത് കച്ചവടത്തിന്റെ മാന്യത കാത്തുസൂക്ഷിക്കുന്നില്ല എന്നും ചൂഷണമാണെന്നതും ആണ് യാഥാര്‍ഥ്യം. നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാകണമെങ്കില്‍ ഇതൊരു അവസരമാണ് എന്നാണ് പറഞ്ഞു പഠിപ്പിക്കുന്നത്. പത്തു വര്‍ഷത്തിലേറെയായി നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗില്‍ കണ്ണി ചേര്‍ന്നവര്‍, പത്തിലേറെ കമ്പനികളില്‍ പല സമയത്തായി അംഗങ്ങളായി ചേര്‍ന്നവര്‍ ഇപ്പോഴും സാമ്പത്തികമായി അഭിവൃദ്ധിപ്പെടാതെ അടുത്ത കമ്പനിയില്‍ ചേര്‍ന്ന് രക്ഷപ്പെടാമെന്ന് വ്യാമോഹിക്കുകയാണ്.
അടിസ്ഥാനപരമായി നാട്ടിലെ കച്ചവടത്തിന്റെ രസതന്ത്രവും, മാന്യതയും, സാധ്യതയും അറിയാത്തവരാണ് ഇത്തരം തട്ടിപ്പുകളില്‍ ഇരയാകുന്നത്. വലിയ ലാഭം വാഗ്ദാനം ചെയ്ത് വരുന്ന തട്ടിപ്പുകളില്‍ കുടുങ്ങിപ്പോകുന്നവര്‍ കച്ചവടം ചെയ്ത് പരിചയം ഇല്ലാത്തവരാണ്. ദീര്‍ഘകാലം ഗള്‍ഫില്‍ ജോലി ചെയ്ത് പണമുണ്ടാക്കി നാട്ടിലെത്തി നിക്ഷേപം നടത്തി ലാഭം കൊയ്യാന്‍ ആഗ്രഹിക്കുന്നവര്‍, വീട്ടമ്മമാര്‍, പെട്ടെന്ന് പണം സമ്പാദിക്കാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാര്‍ എന്നിവര്‍ ഇത്തരം കെണിയില്‍ പെട്ടു പോകുന്നു. സര്‍ക്കാര്‍ ജീവനക്കാരും സാമ്പത്തിക തട്ടിപ്പുകളില്‍ പെടുന്നുണ്ട്.
കടയില്‍ നിന്നു വാങ്ങിയ പടക്കം പൊട്ടുമോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകാം. എന്നാല്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനി പൊട്ടുമെന്ന കാര്യം ഉറപ്പാണ്. അതിന് എത്ര ആയുസ്സുണ്ടാകുമെന്ന കാര്യത്തില്‍ മാത്രമാണ് തര്‍ക്കമുള്ളത്. ആദ്യം ചേരുന്ന കണ്ണികള്‍ നിക്ഷേപിച്ച പണവും, ലാഭവും നേടുന്നു. ഏറ്റവും ഒടുവിലായി ചേര്‍ന്നവരുടെ നിക്ഷേപം നഷ്ടമാകുന്നു. ഇത് എല്ലാ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗിലും സംഭവിക്കുന്നതാണ്. കമ്പനി പൂട്ടിപ്പോകുന്നതിന്റെ തൊട്ടുമുമ്പായി ചേര്‍ന്നവര്‍ക്കാണ് കൂടുതല്‍ നഷ്ടം ഉണ്ടാകുന്നത്. ആദ്യത്തില്‍ ചേര്‍ന്നവര്‍ക്ക് നിക്ഷേപവും, ലാഭവും ലഭിച്ചിട്ടുണ്ടാവും. സൂക്ഷ്മമായി പരിശോധിച്ചാല്‍ ആദ്യത്തില്‍ ചേര്‍ന്നയാള്‍ക്കും ലാഭം കിട്ടിയിട്ടില്ല. ലാഭം എന്ന ധാരണയില്‍ അയാള്‍ക്ക് ലഭിച്ചത് അയാള്‍ ചേര്‍ത്തയാളുടെ പണത്തിന്റെ ഒരു ഭാഗമാണ്. അഥവാ ലഭിച്ചതൊന്നും ലാഭമല്ല, ചൂഷണത്തിന്റെ ഒരു പങ്കു മാത്രമാണ്.
ഹൈറിച്ച് തകരുന്നുവെന്നത് ഇപ്പോഴത്തെ യാഥാര്‍ഥ്യമാണ്. ഇനി ഏതൊക്കെ കമ്പനികള്‍ എന്ന് തകരുമെന്ന് പറയാനായിട്ടില്ല. ആര്‍ എം പി, നാനോ എക്സല്‍, ബിസയര്‍, കോണിബയോ തുടങ്ങിയ തട്ടിപ്പുകള്‍ നേരത്തെ തകര്‍ന്നു. നമ്മുടെ കച്ചവട സംസ്‌കാരത്തിന് അനുയോജ്യമല്ലാത്ത സാമ്പത്തിക ചൂഷണമാണ് നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗിന്റെ പേരില്‍ നടന്നു കൊണ്ടിരിക്കുന്നത്. അതൊരു മാന്യമായ കച്ചവട രീതിയല്ല എന്ന സാമ്പത്തിക സാക്ഷരത നമ്മുടെ സമൂഹം ആര്‍ജ്ജിച്ചെടുക്കണം. കച്ചവടത്തിന് മിനിമം പുലര്‍ത്തേണ്ട മാന്യതയും സത്യസന്ധതയും കുലീനതയും ഉണ്ട്. നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനികള്‍ അത് പുലര്‍ത്തുന്നില്ല. തട്ടിപ്പിലും, ചൂഷണത്തിലും മാത്രം പടുത്തുയര്‍ത്തിയ ഒരു സംരംഭവും ദീര്‍ഘകാലം നിലനില്‍ക്കില്ല എന്നത് യാഥാര്‍ഥ്യമാണ്.

Back to Top