20 Monday
October 2025
2025 October 20
1447 Rabie Al-Âkher 27

നീതിനിഷ്ഠ സമൂഹവും സമാധാന ജീവിതവും

ഡോ. തഖ്‌യുദ്ദീന്‍ നദ്‌വി


വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന ആദര്‍ശ സാമൂഹിക വ്യവസ്ഥിതി നീതിയിലധിഷ്ഠിതമാണ്. ഖുര്‍ആനിന്റെ അനുശാസനപ്രകാരം നീതിനിയമത്തിന്മേലാണ് മാതൃകാസമൂഹം കെട്ടിപ്പടുക്കേണ്ടത്. ഇസ്‌ലാമിലെ ഏത് സാമൂഹിക പദ്ധതിയുടെയും അകംപൊരുള്‍ നീതിയാണെന്ന് ഖുര്‍ആനില്‍ നിന്ന് സുവ്യക്തമായി ഗ്രഹിക്കാനാവും. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ) നീതിയിലധിഷ്ഠിതമായ സമൂഹത്തിന്റെ ഉത്ഥാനത്തിന്റെ പ്രായോഗിക മാതൃക നമുക്ക് കാണിച്ചുതന്നു. വിശുദ്ധ ഖുര്‍ആന്‍ സര്‍വകാല പ്രസക്തമായ നിത്യസത്യവേദ സന്ദേശമാണ്. അതിന്റെ പ്രബോധനദൗത്യം ഏല്‍പിക്കപ്പെട്ട ദൂതന്‍ എന്ന നിലയ്ക്ക് തിരുമൊഴികള്‍ക്കും നിത്യപ്രസക്തിയുണ്ട്.
അതുകൊണ്ടുതന്നെ മനുഷ്യ ജീവിതത്തിന്റെ ആത്യന്തിക ജീവിത വിജയത്തിനും സമ്പൂര്‍ണ സമാധാനത്തിനും വേദവെളിച്ചമായ ഖുര്‍ആനിന്റെയും മുഹമ്മദ് നബി(സ)യുടെ ജീവിത മാതൃകയുടെയും അടിസ്ഥാനത്തിലുള്ള ജീവിത മാര്‍ഗരേഖ നാം സ്വീകരിക്കേണ്ടത് അനിവാര്യമാണ്. നീതി, നന്മ എന്നീ രണ്ട് പ്രധാന മൂല്യങ്ങളില്‍ അധിഷ്ഠിതമാണ് ഇസ്‌ലാമിലെ ശാസനകളെല്ലാം. ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന നീതിയുടെ തലങ്ങളെ പ്രധാനമായും മൂന്നായി പരിഗണിക്കാം.
ഒന്ന്, സ്വന്തം മനസ്സാക്ഷിയോട്, രണ്ട്) ജീവിക്കുന്ന സമൂഹത്തോട്, മൂന്ന്) പ്രകൃതിയോടും ജീവിതപരിസരത്തോടും എന്നിങ്ങനെ വര്‍ഗീകരിക്കാം. സ്വന്തം മനസ്സാക്ഷിയോട് പുലര്‍ത്തേണ്ട നീതിയുമായി ബന്ധപ്പെട്ട് അല്ലാഹു പറയുന്നു: ‘പിശാചില്‍ നിന്ന് വല്ല ദുഷ്‌പ്രേരണയും നിന്നെ ബാധിക്കുകയാണെങ്കില്‍ നീ അല്ലാഹുവിനോട് ശരണം തേടുക. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്. തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവരെ പിശാചില്‍ നിന്നുള്ള വല്ല ദുര്‍ബോധനവും ബാധിച്ചാല്‍ അവര്‍ക്ക് (അല്ലാഹുവെപ്പറ്റി) ഓര്‍മവരുന്നതാണ്. അപ്പോഴതാ അവര്‍ ഉള്‍ക്കാഴ്ചയുള്ളവരാകുന്നു. എന്നാല്‍ അവരുടെ (പിശാചുക്കളുടെ) സഹോദരങ്ങളാകട്ടെ, അവര്‍ ദുര്‍മാര്‍ഗത്തില്‍ അയച്ചുവിട്ടുകൊണ്ടിരിക്കുന്നു. പിന്നെ അവര്‍ (അധര്‍മത്തില്‍) ഒട്ടും കുറവ് വരുത്തുകയില്ല. (വി.ഖു 7:200-202)
ആത്മീയ ശുദ്ധി വ്യക്തിജീവിതത്തില്‍ നിലനിര്‍ത്താന്‍ വേണ്ട മാര്‍ഗരേഖയാണ് ഉപരിസൂചിത വചനങ്ങളിലുള്ളത്. ഒരാള്‍ പൈശാചിക പ്രലോഭനത്തിന് അടിമപ്പെടുമ്പോള്‍ അയാളുടെ മനസ്സാണ് ജീവസ്സുറ്റതാകുന്നത്. ഈ ചീത്ത പ്രലോഭനങ്ങള്‍ക്ക് അടിമപ്പെടാതെ മനസ്സാക്ഷിയോട് നീതിപുലര്‍ത്തണമെന്നാണ് ഇവിടെ ഓര്‍മിപ്പിക്കുന്നത്. ജീവിക്കുന്ന സമൂഹമെന്നത് ഓരോ വ്യക്തിയുടെയും കര്‍മമണ്ഡലമാണ്. ജീവിക്കുന്ന പരിസരങ്ങളില്‍ നീതിയുടെ സാക്ഷികളും അതിന്റെ നിര്‍വഹണത്തിന് നേതൃത്വം നല്‍കുന്നവരുമാകുമ്പോള്‍ സാമൂഹികാന്തരീക്ഷത്തില്‍ സൗഹാര്‍ദവും സമാധാനവും പുലരും.
അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്കുതന്നെയോ നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാലും ശരി, (കക്ഷി) ധനികനോ, ദരിദ്രനോ, ആകട്ടെ ആ രണ്ട് വിഭാഗത്തോടും കൂടുതല്‍ ബന്ധപ്പെട്ടവന്‍ അല്ലാഹുവാകുന്നു. അതിനാല്‍ നിങ്ങള്‍ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞുമാറുകയോ ചെയ്യുന്നപക്ഷം തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു (വി.ഖു 4:135). വിശ്വാസികള്‍ അവരുടെ ജീവിതത്തില്‍ നീതിയുടെ തത്വം പിന്‍തുടരണമെന്നും അവരുടെ ചിന്ത, സംസാരം, പെരുമാറ്റം, ഇടപാടുകള്‍ എന്നിവയെല്ലാം നീതിയുക്തമായിരിക്കണമെന്നും ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു.
ജീവിത പരിസരങ്ങളില്‍ സമാധാനം പുലരണമെങ്കില്‍ പ്രകൃതിയോടും മനുഷ്യന്‍ നീതിയിലധിഷ്ഠിതമായ നിലപാടും ജീവിത വീക്ഷണവും പ്രകടിപ്പിക്കണം. പൊതുവില്‍ എല്ലാവരും സമാധാന കാംക്ഷികളാണ്. എന്നാല്‍ സമാധാനലംഘനമുണ്ടായാല്‍ പലരും വിദ്വേഷത്തോടെ പ്രതികരിക്കുന്നു. 55ാമത്തെ അധ്യായത്തില്‍ പരമകാരുണികനായ അല്ലാഹുവിന്റെ സൃഷ്ടിപ്പിലുള്ള നീതി വ്യവസ്ഥയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: ‘സൂര്യനും ചന്ദ്രനും ഒരു കണക്കനുസരിച്ചാകുന്നു (നിലകൊള്ളുന്നത്). ചെടിയും വൃക്ഷവും സുജൂദ്(സാഷ്ടാംഗം) ചെയ്യുന്നു. ആകാശത്തെ അവന്‍ ഉയര്‍ത്തിയുണ്ടാക്കുകയും തുലാസ്സ് സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ തുലാസില്‍ (തൂക്കത്തില്‍) ക്രമം തെറ്റാതിരിക്കുന്നതിന്, നിങ്ങള്‍ നീതിമുറയനുസരിച്ച് തൂക്കം നിലനിര്‍ത്തുവീന്‍. തുലാസ്സ് (അഥവാ തൂക്കം) നഷ്ടം വരുത്തുകയും അരുത്.
ഈ പ്രകൃതിയില്‍ നീതിമുറയനുസരിച്ച് കാര്യങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള പ്രധാന നടപടിക്രമം തന്നെയാണ് ദൈവദൂതന്മാരുടെ നിയോഗം. മനുഷ്യന്‍ ആ പ്രകൃതിയില്‍ ജീവിക്കുമ്പോള്‍ സഹജീവികളോടും ഈ പ്രകൃതിയോടും നീതിമുറയനുസരിച്ച് ഇടപെടുന്നതിനുവേണ്ടിയാണ് പ്രവാചകത്വത്തിന്റെ തെളിവുകളായി വേദഗ്രന്ഥങ്ങളും അമാനുഷിക ദൃഷ്ടാന്തങ്ങളും അല്ലാഹു നല്‍കിയത്. മനുഷ്യ ബുദ്ധിയോട് സംവദിക്കുമ്പോള്‍ തെളിവുകളുടെ പിന്‍ബലമുള്ളവ മാത്രമാണ് മനുഷ്യന്‍ സ്വീകരിക്കാന്‍ തയ്യാറാകുന്നത്. ആ തെളിവുകളുടെ സ്വീകാര്യതയാകട്ടെ മനുഷ്യന്റെ നീതിബോധത്തെ തൃപ്്തിപ്പെടുത്താന്‍ ഉതകുന്നവയാണ്.
ഈ തെളിവുകളത്രയും സ്വീകരിക്കാതിരിക്കാന്‍ യാതൊരു നിര്‍വാഹമില്ലാഞ്ഞിട്ടും മനുഷ്യന്‍ അനുസരണക്കേടിന്റെയും തന്നിഷ്ടത്തിന്റെയും വഴി സ്വീകരിക്കുമ്പോള്‍ അവന്‍ അനീതിയുടെയും അക്രമത്തിന്റെയും അപ്പോസ്തലന്മാരായി അധപതിക്കുന്നു. മനുഷ്യന്റെ ജീവിതത്തിന് അനിവാര്യമായ സമാധാനത്തിന്റെ തത്വശാസ്ത്രം ഇസ്‌ലാം അവതരിപ്പിക്കുമ്പോള്‍ അതിന് അവശ്യം വേണ്ട നൈതികമൂല്യങ്ങളും ഗുണങ്ങളും നീതിയില്‍ അധിഷ്ഠിതമാണ്.
സമാധാനം എന്നത് രണ്ട് കക്ഷികളെ ബാധിക്കുന്ന വിഷയമായിട്ട് വിശകലനവിധേയമാക്കുമ്പോള്‍ പുലര്‍ത്തേണ്ട മാര്‍ഗരേഖ ഖുര്‍ആന്‍ പഠിപ്പിച്ചിട്ടുണ്ട്. ‘ഇനി അവര്‍ സമാധാനത്തിലേക്ക് ചായ്‌വ് കാണിക്കുകയാണെങ്കില്‍ നീയും അതിലേക്ക് ചായ്‌വ് കാണിക്കുകയും അല്ലാഹുവിന്റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവനാണ് എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്നവന്‍, ഇനി അവര്‍ നിന്നെ വഞ്ചിക്കാന്‍ ഉദ്ദേശിക്കുന്ന പക്ഷം തീര്‍ച്ചയായും നിനക്ക് അല്ലാഹു മതി. അവനാണ് അവന്റെ സഹായം മുഖേനയും വിശ്വാസികള്‍ മുഖേനയും നിനക്ക് പിന്‍ബലം നല്‍കിയവന്‍ (8:61,62).
രണ്ട് കക്ഷികള്‍ തമ്മില്‍ വിഭാഗീയത ഉണ്ടാവുകയും ഒടുവില്‍ ഒരു കരാറില്‍ എത്തിച്ചേരുകയും മറുവിഭാഗം കരാര്‍ ലംഘിക്കുമോ എന്ന് ഇരുവിഭാഗവും ഭയപ്പെടുകയും ചെയ്താല്‍ അത്തരം സാഹചര്യങ്ങളില്‍ സമാധാനം പുലരുകയില്ല. അല്ലാഹുവില്‍ വിശ്വാസമര്‍പ്പിച്ച് മുന്നോട്ടുപോകാന്‍ ഖുര്‍ആന്‍ വിശ്വാസികളെ ഉപദേശിക്കുന്നു. അല്ലാഹു എപ്പോഴും കൂടെയുണ്ടാകുമെന്നുള്ള ബോധ്യം ഉറപ്പായിട്ട് ഉണ്ടാകുമ്പോള്‍ വ്യാകുലതകളോ ആകുലതകളോ അവരെ അലട്ടുകയില്ല. അല്ലാഹുവിനു വിശ്വാസമര്‍പ്പിക്കല്‍ പ്രകൃതി നിയമങ്ങളില്‍ വിശ്വാസമര്‍പ്പിക്കലാണെന്ന് വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നു. സ്രഷ്ടാവ്് രൂപകല്‍പന ചെയ്തത് പ്രകൃതി നിയമങ്ങള്‍ പിന്‍പറ്റുമ്പോള്‍ നാം ജീവിക്കുന്ന സമൂഹത്തില്‍ സമാധാനം പുലരുകയും ചെയ്യുന്നു.
പ്രകോപനമെന്നത് സമൂഹത്തിന്റെ ഇഴയടുപ്പത്തെ നശിപ്പിക്കുന്നു. പ്രകോപനത്തിന്റെ ജന്മവാസന പിന്തുടര്‍ന്നവര്‍ക്ക് ഉത്തമസമൂഹം കെട്ടിപ്പടുക്കുവാന്‍ സാധിക്കുകയില്ല. പ്രകോപനത്തിന് യാതൊരു യുക്തിയുമില്ല. പക്ഷേ സമാധാനം പുലരുകയെന്നതിന് പിന്നില്‍ ശ്രമകരമായ പ്രവര്‍ത്തനത്തിന്റെ പരിസമാപ്തിയായാണുള്ളത്. അതുകൊണ്ട് സമാധാനലംഘനത്തിനോട് പൊടുന്നനെ പ്രതികരിക്കണമെന്ന് ഇസ്‌ലാം പറയുന്നില്ല. തീര്‍ച്ചയായും ഏറ്റവും ഒടുവിലത്തെ പോംവഴി മാത്രമാണത്. സാഹചര്യം വീണ്ടും ഇണക്കിയെടുക്കാനുള്ള പരിശ്രമങ്ങള്‍ പരാജയപ്പെടുകയും മറ്റു യാതൊരു മാര്‍ഗവും ഇല്ലാതിരിക്കുകയുമാണെങ്കില്‍ മാത്രം ആ സമരമുറ സ്വീകരിക്കാം.
അനീതി എന്നത് വ്യക്തി ചെയ്യുന്ന വഞ്ചനാപരമായ പ്രവര്‍ത്തനമാണ്. അതുവഴി സമൂഹത്തിലേക്ക് ആ വ്യക്തി അസമാധാനത്തിന്റെ അപകടപ്പെടുത്തുന്ന ജീവിത സാഹചര്യത്തെ പടച്ചുവിടുന്ന അപരാധമാണ് ചെയ്യുന്നത്. സ്വയം നവീകരണത്തിന്റെ എല്ലാ വഴികളെയും നഷ്ടപ്പെടുത്തുന്ന ആ വ്യക്തി മറ്റുള്ളവരുടെ ജീവിതത്തിനും അനിവാര്യമായ സമാധാനാന്തരീക്ഷത്തിന് ഭീഷണി സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് വിശ്വാസികളുടെ ജീവിതത്തില്‍ നിര്‍ഭയത്വം പുലരുന്നത് ദൃഢവിശ്വാസത്തിന്റെ പിന്‍ബലത്തില്‍ അവന്‍ നേടിയെടുക്കുന്ന ജീവിതവിശുദ്ധിയുടെ തണലിലാണ്. അതൊരു ജീവിത രീതിയായി വിശ്വാസി വികസിപ്പിച്ചെടുക്കുമ്പോള്‍ നീതി പുലരുകയും സമാധാനം മുഴുവന്‍ മനുഷ്യര്‍ക്കും അനുഭവിക്കാനുള്ള സാഹചര്യം സംജാതമാവുകയും ചെയ്യുന്നു.
വിവ. സി കെ റജീഷ്‌

Back to Top