പറയുന്നത് പ്രവര്‍ത്തിക്കണം
ഡോ. ജമാലുദ്ദീന്‍ ഫാറൂഖി
വിശ്വാസികളേ, നിങ്ങള്‍ ചെയ്യാത്തത് എന്തിന് മറ്റുള്ളവരോട് കല്‍പ്പിക്കണം? ചെയ്യാത്ത കാര്യം കല്‍പ്പിക്കുന്നത് അല്ലാഹുവിന്റെ പക്കല്‍ മഹാ അപരാധമാകുന്നു. (സ്വഫ്ഫ് 2,3)
മുസ്ലിം എന്ന നിലക്ക് നാം ജീവിതത്തില്‍ പാലിക്കേണ്ട പെരുമാറ്റ ചട്ടമാണ് ഇവിടെ വ്യക്തമാക്കുന്നത്. വ്യക്തിപരമായും സാമൂഹികമായും രൂപപ്പെടുത്തേണ്ട പ്രവര്‍ത്തനക്ഷമത എങ്ങനെയായിരിക്കണം എന്നും ഈ ആയത്ത് ബോധ്യപ്പെടുത്തുന്നു. ‘ജനങ്ങളോട് നിങ്ങള്‍ നന്‍മ കല്‍പ്പിക്കുന്നു, സ്വന്തത്തെ മറക്കുകയും ചെയ്യുന്നു’ (2:44) എന്ന വചനവും ഇക്കാര്യം ഉണര്‍ത്തുന്നു. ഇസ്ലാമിന്റെ ആശയാദര്‍ശങ്ങള്‍ മറ്റുള്ളവര്‍ക്ക് പകരേണ്ടത് നമ്മുടെ ബാധ്യതയാണ്. ജനങ്ങളില്‍ ധര്‍മ വിചാരം നിലനില്‍ക്കാന്‍ അത് അനിവാര്യവുമാണ്. അതുപോലെ തന്നെ പ്രധാനമാണ് കല്‍പ്പിക്കുന്ന കാര്യങ്ങള്‍ സ്വന്തം ജീവിതത്തില്‍ ഉണ്ടാവുകയെന്നത്.
അല്ലാഹുവിനു വേണ്ടി നിലകൊള്ളാന്‍ ബാധ്യസ്ഥനാണ് മുസ്ലിം. ഇഹപര വിജയം എന്ന ജീവിത ലക്ഷ്യം സാക്ഷാല്‍ക്കരിക്കാനുള്ള മാര്‍ഗമാണത്. നമ്മുടെ വ്യക്തിത്വവും സമീപനങ്ങളും സമൂഹത്തില്‍ അല്ലാഹുവിനെ സാക്ഷ്യപ്പെടുത്തും വിധമായിരിക്കണം. വാക്കുകളും പ്രവര്‍ത്തനങ്ങളും അവര്‍ എപ്പോഴും വിലയിരുത്തുന്നു. അവക്കിടയിലെ വൈരുധ്യം പെട്ടെന്ന് ശ്രദ്ധിക്കും. അത് കാപട്യത്തിന്റെ അടയാളമായാണ് മതം കാണുന്നത്. പ്രധാനമായും മൂന്ന് തലങ്ങളിലാണ് വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കും ഇടയിലുള്ള പാരസ്പര്യം അനിവാര്യമാകുന്നത്. ഇത് മത പ്രബോധന രംഗത്ത് പ്രധാനവുമാണ്. നാം പറയുന്ന കാര്യങ്ങള്‍ ഖുര്‍ആനില്‍ ഉണ്ടോ എന്നതിനേക്കാള്‍ നമ്മുടെ ജീവിതത്തിലുണ്ടോ എന്നതാണ് ജനം അന്വേഷിക്കുന്നത്.
ഈ രംഗത്ത് നബി(സ)യുടെ മാതൃക പത്‌നി ആഇശ(റ) സാക്ഷ്യപ്പെടുത്തുന്നു. ‘അദ്ദേഹത്തിന്റെ സ്വഭാവ മഹത്വം ഖുര്‍ആന്‍ ആകുന്നു’ (മുസ്ലിം) എന്ന പരാമര്‍ശം, വാക്കും പ്രവൃത്തിയും സമാനമാകുമ്പോള്‍ വിശ്വാസിക്ക് ലഭിക്കുന്ന അംഗീകാരമാണ്. ഇത്തരം വ്യക്തികള്‍ ജനങ്ങള്‍ക്കിടയില്‍ വ്യതിരിക്തരായിരിക്കും. അവരുടെ വാക്കുകള്‍ക്കു സമൂഹം കാതോര്‍ക്കും, ഹൃദയപൂര്‍വം സ്വീകരിക്കുകയും ചെയ്യും. മറ്റുള്ളവര്‍ക്ക് അനുകരിക്കാവുന്ന റോള്‍ മോഡല്‍ എന്ന നിലയില്‍ അവര്‍ എന്നും ജന ഹൃദയങ്ങളില്‍ജീവിക്കും. പറയുന്നതു പോലെ പ്രവര്‍ത്തിക്കുക എന്നത് തന്നെയാണ് ദഅവത്ത് എക്കാലത്തും ഫലപ്രാപ്തിയിലെത്തിച്ചത്.
രണ്ടാമത്തെ സ്വാധീനതലം ഈമാന്‍ ശക്തിപ്പെടുത്തുക എന്നതിലാണ്. സല്‍പ്രവര്‍ത്തനങ്ങളാണ് ഈമാനിന്റെ ഊര്‍ജ്ജം. അതിന്റെ അഭാവം ഈമാനിനെ വരണ്ടതാക്കുന്നു. പറയുന്നതെല്ലാം പ്രവര്‍ത്തിച്ചിരിക്കണം എന്ന കണിശതയാണ് ഈ ഊര്‍ജ്ജം വര്‍ധിപ്പിക്കുന്നത്. യഥാവിധി പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍, അത് നാം നമ്മോട് തന്നെ ചെയ്യുന്ന ആത്മനിന്ദയായിമാറുന്നു. ഏത് പ്രതികൂലാവസ്ഥയെയും ആത്മധൈര്യത്തോടെ നേരിടാന്‍ വാക്കുകളുടേയും പ്രവൃത്തിയുടേയും ഇടയിലുള്ള പാരസ്പര്യം കൂടിയേ തീരൂ. ചെയ്യാത്തത് പറയുന്നവന്റെ വാക്കുകള്‍ ഹൃദയത്തില്‍ നിന്ന് വരുന്നതല്ല, ഉപരിപ്ലവമായിരിക്കും. ഹൃദയം തൊടാത്ത ഒന്നിനും ഒരാളെയും സ്വാധീനിക്കാനും കഴിയില്ല.
ഇതിന്റെ മൂന്നാമത്തെ പ്രതിഫലനം സംസ്‌കാരം രൂപപ്പെടുത്തുന്നതിലാണ്. ശീലങ്ങളാണ് സ്വഭാവ ഗുണങ്ങളായി വളരുന്നത്. അതുതന്നെയാണ് പിന്നീട് സംസ്‌കാരമാകുന്നതും. റെഡിമെയ്ഡ് ആയി ലഭിക്കുന്നതല്ല ഇതൊന്നും. സമയമെടുത്ത് രൂപപ്പെടുത്തേണ്ടതാണ് സംസ്‌കാര ശീലങ്ങള്‍. ബോധപൂര്‍വമുള്ള ശ്രമങ്ങള്‍ അതിന് ആവശ്യമാണ്. ശീലങ്ങള്‍ നല്ലത് മാത്രമായിരിക്കണം. പറയുന്നതും ചെയ്യുന്നതും ഒരുപോലെയാകുക എന്നത് ഈ രൂപത്തില്‍ വളര്‍ത്തിയെടുക്കേണ്ട ശീലമാണ്. മുസ്ലിം എന്ന നിലക്കുള്ള സാംസ്‌കാരിക തനിമക്ക് ഈ ശീലംകരുത്തേകും.