12 Sunday
January 2025
2025 January 12
1446 Rajab 12

ആ ദിവസത്തില്‍ പ്രപഞ്ചം നശിക്കുമോ?

ഖലീലുര്‍റഹ്മാന്‍ മുട്ടില്‍


ഭൂമിക്ക് ഒരു കാലവും നാശം ഉണ്ടാവുകയില്ല എന്നായിരുന്നു മനുഷ്യന്‍ ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ ശാസ്ത്രത്തിന്റെ അഭൂതപൂര്‍വമായ വളര്‍ച്ച ഈ ധാരണ തിരുത്തുവാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നു. ഇന്ത്യന്‍ ബഹിരാകാശ നിലയമായ ഐ എസ് ആര്‍ ഒ യുടെ ചെയര്‍മാന്‍ വിശ്വനാഥനോട് ഒരു ചാനല്‍ അഭിമുഖത്തില്‍ ചോദിച്ചു: ഭൂമി അവസാനിക്കുമെന്നൊക്കെയുള്ള പല വാദങ്ങളും വിശ്വാസികള്‍ പറയുന്നുണ്ട്. ഒരു ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ താങ്കള്‍ എന്തു പറയുന്നു? മറുപടി: തീര്‍ച്ചയായിട്ടും ഭൂമി അവസാനിക്കും. കാരണം സൂര്യന്‍ അവസാനിക്കും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
എത്രകാലം?
സൂര്യന്റെ ആയുസ്സ് 15 ബില്യണ്‍ വര്‍ഷമാണ്. സൂര്യന്റെ ഇതുവരെയുള്ള ആയുസ്സ് കണക്കാക്കിയാല്‍ ഏകദേശം നാലു ബില്യണ്‍ വര്‍ഷങ്ങള്‍ കൂടി ബാക്കിയുണ്ട്. എന്നാല്‍ സൂര്യന്‍ നശിക്കുന്നതിനു മുമ്പ് തന്നെ ഭൂമി ഇല്ലാതാവും. കാരണം സൂര്യന്റെ ഇന്ധനം കത്തി തീരുന്നതോടുകൂടി അതിന്റെ വലുപ്പം വര്‍ധിക്കും. വര്‍ധിച്ചു വര്‍ധിച്ചു അത് ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിച്ചേരുകയും അവസാനം അതും കടന്ന് പുറത്തേക്ക് പോവുകയും ചെയ്യും. അപ്പോള്‍ ഭൂമി സൂര്യന്റെ ഉള്ളിലാകും. അതോടുകൂടി ഭൂമിയുള്‍പ്പെടെയുള്ള മറ്റു ഗ്രഹങ്ങള്‍ ഇല്ലാതാവും. സൂര്യന്‍ കത്തി തീരുമ്പോള്‍ അത് ചുരുങ്ങി ചുരുങ്ങി ന്യൂട്രോണ്‍ സ്റ്റാര്‍ ആയി മാറും. അഭിമുഖം നടത്തുന്ന ആള്‍ ആശങ്കയോടു കൂടി അദ്ദേഹത്തോട് ചോദിക്കുന്നു: അപ്പോള്‍ മനുഷ്യന്റെ കാര്യം എന്താകും? അവന് ഭൂമിയില്‍ നിന്നു മാറി താമസിക്കാനുള്ള മറ്റു വല്ല ഇടവും ഉണ്ടോ?
മറുപടി: ഈ ചോദ്യമാണ് പ്രധാനം. ഈയടുത്തായി സൗരയൂഥത്തില്‍ നിന്നു 33 പ്രകാശവര്‍ഷം അകലെ ഭൂമിയെപ്പോലുള്ള മൂന്ന് ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. അവിടെ ജലസാന്നിധ്യവുമുണ്ട്. ഭൂമിയിലുള്ളതുപോലെ അന്തരീക്ഷവുമുണ്ട്. എന്നുമാത്രമല്ല താപനില 120 ഡിഗ്രി മാത്രമേയുള്ളൂ. മനുഷ്യവാസത്തിന് അനുയോജ്യമായ ഇടമാണത്. അവിടേക്ക് റോക്കറ്റ് ഉപയോഗിച്ച് മനുഷ്യന് ഏതെങ്കിലും കാലത്ത് എത്തിച്ചേരാന്‍ കഴിയുമെങ്കില്‍ അവിടെ കോളനി ഉണ്ടാക്കാം. മനുഷ്യന്‍ മരിക്കുന്നതുപോലെ പ്രപഞ്ചവും നശിക്കുമെന്ന നിഗമനത്തില്‍ തന്നെയാണ് ശാസ്ത്രം എത്തിച്ചേര്‍ന്നത്.
ഭൂമി നശിക്കുമ്പോഴേക്കും മറ്റൊരു ഗോളത്തിലേക്ക് ഗോളാന്തര യാത്ര നടത്തി മനുഷ്യന് രക്ഷപ്പെടാം എന്നത് ഒരു വ്യാമോഹം മാത്രമാണ്. അല്ലാഹു നല്‍കുന്ന ദിവ്യ സന്ദേശങ്ങളുടെ(വഹ്യ്) സഹായമില്ലാതെ മരണാനന്തര ലോകത്തെക്കുറിച്ച് ഭൗതിക പരീക്ഷണങ്ങളില്‍ മാത്രം പഠനം കേന്ദ്രീകരിക്കുന്നതു കൊണ്ടാണ് ഇത്തരം മോഹങ്ങള്‍ ഉടലെടുക്കുന്നത്.
പ്രപഞ്ചത്തിന്റെ തുടക്കം ഒരു മഹാവിസ്‌ഫോടനത്തിലൂടെയാണെന്നത് ഒരു ശാസ്ത്രീയ സത്യമാണ്. മഹാ വിസ്‌ഫോടന സിദ്ധാന്തം എന്ന പേരില്‍ ശാസ്ത്രം സങ്കീര്‍ണമായി അവതരിപ്പിക്കാന്‍ ശ്രമിച്ച പ്രപഞ്ചോല്പത്തിയെ ഖുര്‍ആന്‍ ലളിതമായി ആവിഷ്‌കരിച്ചിട്ടുണ്ട്: ‘ആകാശങ്ങളും ഭൂമിയും പരസ്പരം ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും പിന്നീട് നാം അതിനെ വേര്‍പ്പെടുത്തിയതും അവിശ്വാസികള്‍ കാണുന്നില്ലേ? (21:30). ഗോളങ്ങളെല്ലാം അവയുടെ ഭ്രമണപഥത്തിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന വസ്തുത ശാസ്ത്രജ്ഞാനത്തില്‍ പ്രാഥമിക പരിജ്ഞാനം ഉള്ളവരൊക്കെ അംഗീകരിക്കുന്നതാണ്. സൂര്യന്‍ പോലും നശിക്കാറാകുമ്പോള്‍ ഭൂമിയടക്കമുള്ള ഗ്രഹങ്ങളെ വിഴുങ്ങുമെന്ന് ഉന്നത ശാസ്ത്രജ്ഞന്‍ തന്നെ വെളിപ്പെടുത്തിക്കഴിഞ്ഞു. എന്തുകൊണ്ട് നമ്മുടെ സൂര്യനേക്കാള്‍ വലുപ്പമുള്ള കോടിക്കണക്കിന് സൂര്യന്മാര്‍ ഉള്‍പ്പെട്ട സൂപ്പര്‍ ക്ലസ്റ്ററുകളിലും ഇത് സംഭവിച്ചുകൂടാ? പൊട്ടിത്തെറിയിലൂടെ തുടക്കം കുറിച്ച പ്രപഞ്ചം എന്തുകൊണ്ട് കൂട്ടിമുട്ടലിലൂടെ നശിച്ചു കൂടാ? ഒട്ടിച്ചേര്‍ന്ന് കഴിഞ്ഞവയെ വേര്‍പ്പെടുത്തി മഹാപ്രപഞ്ചമായി സംവിധാനിച്ച തമ്പുരാന്‍ അതിന്റെ തകര്‍ച്ച എങ്ങനെയാണെന്ന് വിവരിക്കുന്നുണ്ട്: ‘ഭൂമി ഒരു പ്രകമ്പനം പ്രകമ്പനം കൊണ്ടാല്‍, ഭൂമി അതിന്റെ ഭാരങ്ങള്‍ പുറം തള്ളുകയും ചെയ്താല്‍’ (99:1,2), ‘ഭൂമി ഇടിച്ചുടച്ച് ധൂളികളാക്കപ്പെടുകയും ചെയ്താല്‍'(89:21), ‘ഭൂമിയെയും പര്‍വതങ്ങളെയും പൊക്കിയെടുത്ത് ഒരൊറ്റയടിക്ക് ഉടച്ചു പൊട്ടിച്ചു കളയുകയും ചെയ്യും’ (69:14)

ഇഹലോകം
മണ്ണടിയുന്ന ദിനം

ജീവജാലങ്ങള്‍ക്കെല്ലാം ഭൂമുഖത്ത് ഒരു നിര്‍ണിത അവധിയുണ്ട്. നിശ്ചിത അവധിയെത്തിയാല്‍ അവ അടുത്ത ലോകത്തേക്ക് യാത്ര തിരിക്കുന്നു. ഇതുപോലെ ഇഹലോകത്തിനുമുണ്ട് ഒരു അവധി.
നിശ്ചിതാവധിയെത്തിയാല്‍ ഈ ലോകം നമ്മുടെ ഭാവനക്കതീതമായി മാറുന്നു. സകലതും തകര്‍ന്നടിഞ്ഞുകൊണ്ട് പ്രപഞ്ചം അതിന്റെ അന്ത്യം കുറിക്കുന്നു. ഇതിന് അല്‍ യൗമുല്‍ ആഖിര്‍ (അന്ത്യദിനം) എന്ന സാങ്കേതിക നാമമാണ് ഇസ്ലാം നല്‍കിയത്. യൗമുദ്ദീന്‍, യൗമുല്‍ ഹസ്‌റ:, അസ്സാഅ: യൗമുത്തലാക്ക്, യൗമുല്‍ ഫസ്ല്‍, അല്‍ മീആദ്, യൗമുല്‍ വഹീദ്, അല്‍ വാക്കിഅ:, യൗമുത്തആബുന്‍, അല്‍ ഹാക്ക:, അല്‍ഖാരിഅ എന്നീ പദങ്ങളും ഖുര്‍ആന്‍ അന്ത്യദിനത്തെ കുറിക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്. യൗമുല്‍ ഖിയാമ: (ഉയര്‍ത്തെഴുന്നേല്‍പ്പു നാള്‍) എന്ന വാക്കും ചിലപ്പോള്‍ ലോകാവസാനത്തെ കുറിക്കാന്‍ പ്രയോഗിക്കാറുണ്ട്.
ഓര്‍ക്കാപ്പുറത്ത്
ഇഹലോകം മണ്ണടിയുന്ന അന്ത്യദിനം ദൈവത്തിന്റെ അതീവ രഹസ്യങ്ങളില്‍ ഒന്നാണ്. അതിന്റെ സംഭവ്യസമയം സൃഷ്ടികളില്‍ ആര്‍ക്കും അറിയില്ല. മലക്കുകള്‍ക്കും പ്രവാചകന്മാര്‍ക്കും ആ സമയത്തെക്കുറിച്ച് സൂചന പോലും ലഭ്യമല്ല. വിശുദ്ധ ഖുര്‍ആന്‍ ഇക്കാര്യം ഉല്ലേഖനം ചെയ്യുന്നതിങ്ങനെ: ‘ആ അന്ത്യ സമയത്തെ പറ്റി അത് എപ്പോഴാണ് സംഭവിക്കുക എന്ന് അവര്‍ നിന്നോട് ചോദിക്കുന്നു. നിനക്ക് അതിനെപ്പറ്റി എന്താണ് പറയാനുള്ളത്? നിന്റെ രക്ഷിതാവിലേക്കാണ് അതിന്റെ കലാശം.’ (79:42-44). ഓര്‍ക്കാപ്പുറത്തായിരിക്കും അന്ത്യദിനം സംഭവിക്കുക എന്നുകൂടി ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടിയിരിക്കുന്നു.
‘പെട്ടെന്നല്ലാതെ അന്ത്യദിനം നിങ്ങള്‍ക്ക് വരികയില്ല.’ അന്ത്യദിനം സൃഷ്ടികളില്‍ നിന്നു മറച്ചുവെച്ചതിന്റെ ദൈവിക യുക്തി ഖുര്‍ആനില്‍ ഇങ്ങനെ വായിക്കാം: ‘തീര്‍ച്ചയായും അന്ത്യസമയം വരിക തന്നെ ചെയ്യും. ഓരോ വ്യക്തിയും താന്‍ പ്രയത്‌നിക്കുന്നതിന് അനുസൃതമായ പ്രതിഫലം നല്‍കപ്പെടുവാന്‍ വേണ്ടി ഞാനത് ഗോപ്യമാക്കി വെച്ചേക്കാം.’ (20:15)
അന്ത്യനാളിന്റെ നിശ്ചിത സമയം അറിയില്ലെങ്കിലും അതിവിദൂര ഭാവിയിലേ സംഭവിക്കൂ എന്ന് വിശ്വസിക്കുന്നത് മൗഢ്യമാവുന്നു. അന്ത്യനാള്‍ തൊട്ടടുത്ത നിമിഷം ആയിരിക്കുമെന്ന ധാരണയില്‍ ജീവിതം നയിക്കണമെന്ന ആഹ്വാനമാകുന്നു ഖുര്‍ആനിന്റേത്: ‘അന്ത്യസമയം അടുത്തിരിക്കുന്നു’ (54:1).
പ്രവാചക വചനങ്ങളും ഇക്കാര്യം അറിയിക്കുന്നുണ്ട്. പ്രവാചക ശൃംഖലയുടെ പരിസമാപ്തി കുറിച്ചുകൊണ്ടുള്ള പ്രവാചകന്റെ നിയോഗം തന്നെ അന്ത്യനാളിന്റെ അവധിയടുത്തതിനെ കുറിക്കുന്നുണ്ടെന്നാകുന്നു അദ്ദേഹം സൂചിപ്പിക്കുന്നത്. ഇരുവിരലുകള്‍ ചേര്‍ത്തുപിടിച്ചുകൊണ്ട് റസൂല്‍ (സ) പറഞ്ഞു: ഞാനും അന്ത്യനാളും ഈ രണ്ടു വിരലുകള്‍ കണക്കെ നിയോഗിക്കപ്പെട്ടിരിക്കുന്നു. (ബുഖാരി, മുസ്ലിം)
മനുഷ്യന്‍ ജീവിത വ്യവഹാരങ്ങളില്‍ മുഴുകിക്കൊണ്ടിരിക്കുമ്പോഴായിരിക്കും അന്ത്യദിനം ആഗതമാകുന്നത്. ‘ഒരൊറ്റ ഘോര ശബ്ദം മാത്രമാണവര്‍ കാത്തിരിക്കുന്നത്. അവര്‍ അന്യോന്യം തര്‍ക്കിച്ചു കൊണ്ടിരിക്കെ അത് അവരെ പിടികൂടും’ (36:49). അപ്രതീക്ഷിത വരവിനെ കുറിച്ചുള്ള പ്രവാചകന്റെ വിശദീകരണം നോക്കൂ: ‘രണ്ടുപേര്‍ വസ്ത്രം നിവര്‍ത്തിപ്പിടിച്ചിരിക്കെ ഖിയാമത്ത് വരുന്നു. അതു മടക്കി വെക്കാനോ കച്ചവടം നടത്താനോ അവര്‍ക്ക് ആവില്ല. ഒരാള്‍ ഒട്ടകത്തെ കറന്ന് പാലുമായി വരുമ്പോള്‍ ഖിയാമത്ത് വരുന്നു. അത് കുടിക്കാന്‍ അയാള്‍ക്ക് സാധിക്കുകയില്ല. ഒരാള്‍ കുഴിയില്‍ വെള്ളം നിറച്ചു കൊണ്ടിരിക്കെ ഖിയാമത്ത് വരുന്നു. അത് കുടിപ്പിക്കാന്‍ അയാള്‍ക്ക് അവസരം ലഭിക്കുകയില്ല. ഉരുള വായിലേക്ക് ഉയര്‍ത്തി കൊണ്ടിരിക്കെ ഖിയാമം വരുന്നു. അത് ഭക്ഷിക്കാന്‍ അയാള്‍ക്കു കഴിയില്ല’ (ബുഖാരി)
താളം തെറ്റിയ
പ്രപഞ്ചം

അന്ത്യദിനത്തിന്റെ ആരവം ഉയരുന്നതോടുകൂടി പ്രകൃതി അതിന്റെ താളം തെറ്റി കരിയില പോലെ വിറക്കാന്‍ തുടങ്ങുന്നു. അന്ന് ഭൂമിക്കും ആകാശത്തിനും നക്ഷത്രങ്ങള്‍ക്കും ഉണ്ടാവുന്ന ഭാവഭേദങ്ങള്‍ ഖുര്‍ആന്‍ പ്രത്യേകം ആലേഖനം ചെയ്യുന്നുണ്ട്. ഭൂമി അതിശക്തമായി പ്രകമ്പനം കൊള്ളും. സാധാരണഗതിയില്‍ ഭൗമോപരിതലത്തില്‍ അങ്ങിങ്ങായി ഉണ്ടാവുന്ന നേരിയ ഭൂചലനങ്ങള്‍ക്കു വിരുദ്ധമായി ഭൂമുഖം ആകമാനം അതിശക്തമായ ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നു. അകക്കാമ്പിലുള്ള അഗ്‌നികുണ്ഡങ്ങളെല്ലാം പുറന്തള്ളുന്നതോടുകൂടി ഭൂമി പൊടിപൊടിയായി പൊടിക്കപ്പെടുന്നു. അതോടൊപ്പം മാമരങ്ങള്‍ ഇല്ലാത്ത, മൊട്ട കുന്നുകളില്ലാത്ത, ആഴികളും തിരകളുമില്ലാത്ത ഭൂമി അന്ന് ഒന്നുകൂടി പരത്തി വിശാലമാക്കപ്പെടും. അത് അകത്തുള്ളതെല്ലാം പുറംതള്ളി സ്വയം കാലിയായി തീരുകയും തന്റെ രക്ഷിതാവിന് അടിയറ പറയുകയും ചെയ്യുന്നു. (84:35) എല്ലാ അര്‍ഥത്തിലും നമ്മുടെ ഭാവനയ്ക്ക് രൂപകല്‍പ്പന ചെയ്യാന്‍ കഴിയാത്ത രൂപത്തില്‍ ഭൂഘടനയില്‍ തന്നെ മാറ്റങ്ങള്‍ സംഭവിക്കുകയും ഇന്നത്തെ ഭൂമിക്കു പകരം മറ്റൊരു ഭൂമി പിറവിയെടുക്കുകയും ചെയ്യുന്നു.
സംസാരിക്കുന്ന ഭൂമി
മനുഷ്യ സങ്കല്‍പ്പങ്ങള്‍ക്കു വഴങ്ങാത്ത പലതും അന്നു സംഭവിക്കും. അവയില്‍ ഒന്നാവുന്നു ഭൂമിയുടെ സംസാരം. ‘ആദിവസം അത് അതിന്റെ വര്‍ത്തമാനങ്ങള്‍ പറഞ്ഞറിയിക്കുന്നതാണ്’ (99:4) ഈ വചനം ഓതിക്കൊണ്ട് പ്രവാചകന്‍ അനുയായികളോട് ചോദിച്ചു: ‘ഭൂമിയുടെ വര്‍ത്തമാനങ്ങള്‍ എന്താണെന്ന് നിങ്ങള്‍ക്കറിയുമോ? അവര്‍ പറഞ്ഞു: അല്ലാഹുവിനും റസൂലിനും അറിയാം. അപ്പോള്‍ തിരുമേനി പറഞ്ഞു: അത് ആണും പെണ്ണുമായ ഓരോ അടിമയും അതിനു മീതെ വെച്ച് പ്രവര്‍ത്തിച്ചതിനെപ്പറ്റി അത് സാക്ഷി പറയലാകുന്നു. അതായത് ഇന്ന ദിവസം അവന്‍ ഇന്നത് ചെയ്തു എന്ന് പറയുക. ഇതാണ് അതിന്റെ വര്‍ത്തമാനങ്ങള്‍’ (അബുദാവൂദ്)
ഭൂമിയുടെ സംസാരം അസംഭവ്യമാണെന്ന് തോന്നിയേക്കാം. എന്നാല്‍ ഇന്നതില്‍ അത്ഭുതമില്ല. കാരണം മനുഷ്യ സംസാരങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ഇലക്ട്രോണിക് യന്ത്രങ്ങള്‍ കണ്ടുപിടിക്കാന്‍ മനുഷ്യര്‍ക്ക് സാധിച്ച കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഡോര്‍ തുറക്കാന്‍ ആവശ്യപ്പെട്ടാല്‍ തുറക്കുകയും ലൈറ്റ് ഓണ്‍ ചെയ്യാന്‍ കല്‍പ്പിച്ചാല്‍ ലൈറ്റ് പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന കാറുകള്‍ നിര്‍മിക്കാന്‍ മനുഷ്യന് സാധിച്ചുവെങ്കില്‍ അവയെപ്പോലെ നിര്‍ജീവമെന്ന് നാം കരുതുന്ന ഭൂമിയെ സംസാരിപ്പിക്കാന്‍ അല്ലാഹുവിനു കഴിയില്ലെന്ന് ധരിക്കുന്നത് ബുദ്ധി മോശമായിരിക്കും.
സഞ്ചരിക്കുന്ന
പര്‍വതങ്ങള്‍

ലോകാന്ത്യത്തില്‍ പര്‍വതങ്ങള്‍ക്കുണ്ടാവുന്ന അവസ്ഥകളും ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. ഭീമാകാരതയുടെയും ദാര്‍ഢ്യത്തിന്റെയും പ്രതീകമായ പര്‍വതങ്ങള്‍ ധൂളികളാവും. തുടക്കത്തില്‍ ഭൂമിയോടൊപ്പം പര്‍വതങ്ങളും ശക്തമായ പ്രകമ്പനങ്ങള്‍ക്ക് വിധേയമാകുന്നു. നിയന്ത്രണം വിടുന്ന പര്‍വതങ്ങള്‍ സഞ്ചരിക്കാന്‍ തുടങ്ങുന്നു (27:88). തുടര്‍ന്ന് അവ കൂട്ടിയിടിക്കലുകള്‍ക്ക് വിധേയമായി പൊടിയാകുന്നു. അവ പൊടിക്കപ്പെടുന്നത് എങ്ങനെയെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നത് ഇങ്ങനെ: ‘ഭൂമിയും പര്‍വതങ്ങളും പൊക്കിയെടുക്കപ്പെടുകയും എന്നിട്ട് അവ രണ്ടും ഒരു ഇടിച്ച് തകര്‍ക്കലിന് വിധേയമാക്കപ്പെടുകയും ചെയ്താല്‍’ (69:14) പൊടിയായ് കിടക്കുന്ന പര്‍വതാവശിഷ്ടങ്ങള്‍ ഒലിച്ചുപോകുന്ന മണല്‍ക്കൂനകള്‍ക്ക് സമാനമായിരിക്കും. (73:14) ഭൂമിയുടെ ആണികളായ പര്‍വതങ്ങള്‍ കടഞ്ഞെടുത്ത രോമം പോലെയായി തീരുകയും (101:5) അവ ധൂളികള്‍ പോലെ പാറിപ്പറക്കുകയും ചെയ്യുന്നു(56:6) അവസാനം പര്‍വതങ്ങള്‍ മരുഭൂമിയിലെ മരീചിക കണക്കെ ആയിത്തീരുന്നു. (78:20)
ആളിക്കത്തുന്ന
സമുദ്രം

മൂന്നില്‍ രണ്ടുഭാഗം ജലത്താല്‍ വലയം ചെയ്തിരിക്കുന്ന ഭൂമി അതിശക്തമായ ഭൂകമ്പത്തിന്റെയും പര്‍വതനാശത്തിന്റെയും അനന്തരഫലമെന്നോണം സമുദ്രങ്ങളുടെ ഇരച്ചു കയറ്റത്തിന് വിധേയമാകുന്നു. പര്‍വതങ്ങള്‍ നശിക്കുന്നതോടൊപ്പം ധ്രുവപ്രദേശങ്ങളിലെ മഞ്ഞുമലകള്‍ ഉരുകുന്നത് കാരണം സമുദ്രത്തിലെ ജലവിതാനം ഉയര്‍ന്ന് കരയെ കടന്നാക്രമിക്കുന്നു. ‘സമുദ്രങ്ങള്‍ പൊട്ടിയൊഴുക്കപ്പെടുമ്പോള്‍’ (82:3) എന്ന ഖുര്‍ആന്‍ വചനം ഈ രംഗമാവാം സൂചിപ്പിക്കുന്നത്.
സമുദ്രാതിര്‍ത്തി കടന്നുള്ള ജലപ്രവാഹം വന്‍ വെള്ളപ്പൊക്കത്തിന് നിമിത്തമാകുന്നു. അതിശക്തമായ കൊടുങ്കാറ്റുകള്‍ ഇടവേളയില്ലാതെ ആഞ്ഞടിക്കുന്നതുകൊണ്ട് പര്‍വതസമാനമായ തിരമാലകള്‍ രൂപം കൊള്ളുന്നു. ഇങ്ങനെ ക്ഷോഭിച്ചു നില്‍ക്കുന്ന സമുദ്രോപരിതലത്തില്‍ കാണാന്‍ കഴിയുന്നത് ജലപ്പരപ്പ് ആയിരിക്കില്ല. അഗ്‌നിനാളങ്ങള്‍ ആയിരിക്കും എന്നത്രെ ഖുര്‍ആന്‍ പറയുന്നത്:
‘സമുദ്രങ്ങള്‍ ആളിക്കത്തിക്കപ്പെടുമ്പോള്‍’ (81:61) കടല്‍ ആളിക്കത്തുന്നത് അസംഭവ്യമല്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങളില്‍ ആന്ധ്രപ്രദേശിലെ കിഴക്കന്‍ തീരങ്ങളില്‍ അതിഭയങ്കര ചുഴലിക്കാറ്റ് മൂലം ബംഗാള്‍ ഉള്‍ക്കടലിലെ തിരമാലകള്‍ മലകള്‍ കണക്കെ ഉയരുകയും ആളിക്കത്തുകയും ചെയ്തിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്.
കടല്‍ കത്തുക എന്ന് കേള്‍ക്കുമ്പോള്‍ പൗരാണികര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമാണെങ്കില്‍ ആധുനിക ലോകത്ത് അതില്‍ അത്ഭുതം കൂറേണ്ട കാര്യമില്ല. പല വമ്പന്‍ രാഷ്ട്രങ്ങളും അവരുടെ എണ്ണ സമ്പത്ത് കരുതല്‍ ശേഖരമായി നിക്ഷേപിച്ചു വെച്ചത് കടലിനുള്ളിലാണ്. തുടര്‍ച്ചയായി കടലിനടിയില്‍ ഭൂകമ്പം ഉണ്ടായാല്‍ കരുതല്‍ ശേഖരമെല്ലാം പൊട്ടിയൊലിച്ച് കടലില്‍ മുഴുവന്‍ കിലോമീറ്റര്‍ അകലത്തില്‍ എണ്ണ വ്യാപിക്കും. പിന്നീട് ഒരു തീപ്പൊരി മതി തീക്കടലായി മാറാന്‍.
ഖിയാമത്തില്‍ പ്രപഞ്ചമാകെ താളം തെറ്റുമ്പോള്‍ ഇതിനുള്ള സാധ്യത കൂടുതലാകുന്നു. മനുഷ്യന്‍ നിക്ഷേപിച്ച എണ്ണയുടെ കരുതല്‍ ശേഖരം ഇല്ലെങ്കിലും കടല്‍ കത്തുക തന്നെ ചെയ്യും. പല കടലുകള്‍ക്കടിയിലും വന്‍ എണ്ണ ശേഖരം അല്ലാഹു തന്നെ നിക്ഷേപിച്ചിട്ടുണ്ട്. മഹാസ്‌ഫോടനങ്ങളുടെ ഫലമായി കടലിനടിയില്‍ നിന്നു അഗ്‌നിപര്‍വതങ്ങള്‍ പൊട്ടുകയും കുത്തിയൊഴുകുന്ന ലാവാ പ്രവാഹം കത്തിയാളുകയും ചെയ്യും.
അടര്‍ന്നു വീഴുന്ന
ആകാശം

കടലും കരയും മാത്രമല്ല ആകാശവും അന്ന് തകര്‍ന്ന് തരിപ്പണമാവുമെന്ന് ഖുര്‍ആന്‍ അറിയിക്കുന്നു. വര്‍ണനാതീതമായ ആ ഭീകര രംഗത്തിന്റെ തുടക്കമെന്നോണം ആകാശം ശക്തിയായി പ്രകമ്പനം കൊള്ളുന്നു (52:9) വാനലോകത്തു നിന്നു ഭൂമിയെ സംരക്ഷിക്കുന്ന ഓസോണ്‍ കുട പോലുള്ള സംരക്ഷണ കവചങ്ങള്‍ വാനലോകത്ത് ഉണ്ടാകുന്ന വന്‍സ്‌ഫോടനങ്ങളില്‍ തകര്‍ന്ന് തരിപ്പണമാവും. തുടര്‍ന്ന് ഭൂമിക്കൊട്ടും താങ്ങാന്‍ കഴിയാത്ത മാരക ശേഷിയുള്ള വിവിധതരം രശ്മികള്‍ ഭൂമിലോകത്തേക്ക് ശരവേഗത്തില്‍ വന്നു പതിക്കുന്നു. ആകാശത്തിന്റെ സൗന്ദര്യമായ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പരസ്പരം കൂട്ടിമുട്ടുകയും ഇടിച്ചില്ലാതായി തീരുകയും ചെയ്യും. പ്രഭ നഷ്ടപ്പെട്ട സൂര്യന്‍ കൂരിരുട്ടുകൊണ്ട് മൂടപ്പെടുകയും നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുകയും ചെയ്യും.
‘സൂര്യന്‍ കൂരിരുട്ടുകൊണ്ട് ചുറ്റി മൂടപ്പെടുമ്പോള്‍. നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുകയും ചെയ്യുമ്പോള്‍'(81: 1,2) ബാഹ്യാകാശത്തുനിന്നു വരുന്ന ഉപദ്രവകരമായ പദാര്‍ഥങ്ങളുടെ പതനത്തില്‍ നിന്നു മാരക രശ്മി പ്രസരത്തില്‍ നിന്നും ഭൂമുഖത്തെ സംരക്ഷിക്കുന്ന അന്തരീക്ഷ വ്യവസ്ഥകള്‍ തകിടം മറിയുകയും അവയ്ക്കിടയില്‍ ഉണ്ടാവുന്ന വന്‍ വിടവുകള്‍ കവാടങ്ങള്‍ കണക്കെ മലര്‍ക്കെ തുറക്കപ്പെടുകയും ചെയ്യുന്നു. (84:12)
റോസ് വര്‍ണമുള്ള
ആകാശം

മഴ വര്‍ഷങ്ങളുടെ കേന്ദ്രമായ ഉല്‍ക്കാനിപാതങ്ങള്‍ക്ക് മതില്‍ക്കെട്ട് ഒരുക്കുന്ന ഭൂമിയുടെ മേല്‍ക്കൂര അന്ന് തകിടം മറിഞ്ഞ് തരിപ്പണമാകുന്നു. വര്‍ണനാതീതമായ ആ ഭീകര രംഗത്തിന്റെ തുടക്കമെന്നോണം ആകാശം ശക്തിയായി പ്രകമ്പനം കൊള്ളുന്നു.(52:9) ആകാശത്തെ നോക്കുന്ന നഗ്‌നനേത്രങ്ങള്‍ക്കു മുമ്പില്‍ തടസ്സങ്ങളായി നില്‍ക്കുന്ന വിവിധതരം മറകളെല്ലാം അന്ന് നശിക്കുകയും ആകാശം തുടച്ചുമിനുക്കിയ ഗ്ലാസ് പോലെ കാണിക്കപ്പെടുകയും ചെയ്യും (81:11) ശേഷം ബഹിരാകാശത്തുനിന്നു വരുന്ന ഉപദ്രവകരമായ പദാര്‍ഥങ്ങളുടെ പതനത്തില്‍ നിന്നും മാരകമായ രശ്മി പ്രസരത്തില്‍ നിന്നും ഭൂമുഖത്തെ സംരക്ഷിക്കുന്ന അന്തരീക്ഷ വ്യവസ്ഥകള്‍ തകിടം മറിയുകയും അവയ്ക്കിടയില്‍ ഉണ്ടാവുന്ന വന്‍ വിടവുകള്‍ കവാടങ്ങള്‍ കണക്കെ മലര്‍ക്കെ തുറക്കപ്പെടുകയും ചെയ്യുന്നു (84:1,2). ‘അന്നത് ചേതനയറ്റ് ദുര്‍ബലമായിരിക്കും’ (69:16).
പൊട്ടിപ്പിളരലില്‍ അതിശക്തമായി വെണ്‍മേഘങ്ങള്‍ പുറന്തള്ളപ്പെടുന്നു.(25:25) പൊട്ടി പിളര്‍ന്ന ആകാശം പരിണാമങ്ങള്‍ക്കുശേഷം ഉരുകിയ ലോഹം പോലെ (70:8) കുഴമ്പ് രൂപത്തിലായി തീരുകയും നീലാകാശം റോസ് നിറമുള്ളതായി പരിവര്‍ത്തിക്കപ്പെടുകയും ചെയ്യുന്നു (55:37). അന്ന് പൊട്ടിപിളര്‍ന്ന ആകാശത്തില്‍ നിന്നു വെണ്‍ മേഖങ്ങള്‍ പുറംതള്ളുന്നതോടൊപ്പം മലക്കുകള്‍ അതിശക്തിയായി ഇറക്കപ്പെടുകയും ചെയ്യും (25:25). അവസാനം ആകാശം ഇന്നത്തേതില്‍ നിന്നു വ്യത്യസ്തമായ ആകാശമായി രൂപാന്തരപ്പെടുകയും ചെയ്യുന്നു (14:48).

Back to Top