21 Thursday
November 2024
2024 November 21
1446 Joumada I 19

അതാവണം വിശ്വാസിയുടെ ഇഷ്ടം

എ ജമീല ടീച്ചര്‍


ഒ രു സത്യവിശ്വാസി ജീവിതത്തില്‍ ഏറെ സ്‌നേഹിക്കേണ്ടതും ഇഷ്ടപ്പെടേണ്ടതും അവനെ സൃഷ്ടിച്ചവനായ അല്ലാഹുവിനെയാണ്. സ്വന്തം ശരീരത്തിലും അല്ലാതെയും അവന് ജീവിക്കാനാവശ്യമായ സകലമാന സംരംഭങ്ങളും ഒരുക്കിക്കൊടുത്തത് അല്ലാഹുവാണ്. ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, കഴിക്കുന്ന ഭക്ഷണം, ഈ പ്രക്രിയയില്‍ പങ്കാളിയാകുന്ന അവന്റെ ബാഹ്യവും ആന്തരികവുമായ ശരീരം എന്നുവേണ്ട ഈ പ്രപഞ്ചത്തില്‍ കാണുന്ന സകലമാന സുഖാസ്വാദനങ്ങളും അല്ലാഹു അണിയിച്ചൊരുക്കി വെച്ചതാണ്. അതുകൊണ്ടാണ് പ്രവാചകന്‍(സ) ഒരിക്കല്‍ ഇപ്രകാരം പറഞ്ഞത് ‘നിങ്ങളിലാരും തന്നെ യഥാര്‍ഥ സത്യവിശ്വാസിയാകുന്നില്ല. ഞാന്‍ അവന് അവന്റെ പിതാവിനെക്കാളും പുത്രനെക്കാളും മുഴുവന്‍ ജനങ്ങളെക്കാളും പ്രിയപ്പെട്ടവനാകുന്നതു വരെ’ (ബുഖാരി, മുസ്‌ലിം)
ഈ പറഞ്ഞ സ്‌നേഹം മുഹമ്മദ് നബി(സ) എന്ന മനുഷ്യന്റെ ഭൗതിക ശരീരത്തോടുള്ള സ്‌നേഹമല്ല. മറിച്ച് അല്ലാഹുവിന്റെ ദൂതന്‍ എന്ന നിലക്കുള്ള അദ്ദേഹത്തിന്റെ വ്യക്തിത്വത്തോടും ആദര്‍ശത്തോടും സ്വഭാവ ചര്യകളോടുമുള്ള സ്‌നേഹമാണ്. ഇതുതന്നെയാണ് സൂറത്ത് ആലുഇംറാനിലെ 31ാം വചനത്തില്‍ അല്ലാഹു പഠിപ്പിച്ചത്. ”പ്രവചകന്‍ ജനങ്ങളോട് പറയുക. നിങ്ങള്‍ സത്യത്തില്‍ അല്ലാഹുവിനെ ഇഷ്ടപ്പെടുന്നുവെങ്കില്‍ എന്നെ പിന്തുടരുവീന്‍. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുന്നതാകുന്നു. അവന്‍ നിങ്ങളുടെ പാപങ്ങള്‍ പൊറുക്കുകയും ചെയ്യും. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.”
വിശ്വാസത്തിന്റെ താല്‍പര്യം എന്താണെന്നും അതിന്റെ പൂര്‍ത്തീകരണം എപ്രകാരമാവണമെന്നും വിശദീകരിക്കുകയാണ് ഖുര്‍ആന്‍ ഇവിടെ. നിങ്ങള്‍ എന്ന സംബോധന മൊത്തം ജനങ്ങളോട് ഒന്നിച്ചാണെങ്കിലും ഈ സന്ദര്‍ഭത്തില്‍ സവിശേഷം ഉദ്ദേശിച്ചത് ദുര്‍ബല വിശ്വാസികളെയാണ്. അവരോട് പറയുകയാണ് നിങ്ങള്‍ സര്‍വാധികാരിയും സര്‍വലോക പരിപാലകനുമായ അല്ലാഹുവില്‍ വിശ്വസിക്കുന്നുവെങ്കില്‍ ആ വിശ്വാസവും അല്ലാഹുവിനെ ധിക്കരിക്കുന്നവരോടുള്ള മൈത്രിയും ഒന്നിച്ച് പോകുകയില്ല. അല്ലാഹുവില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അവനെ തന്നെ രക്ഷകനും സഹായിയുമാക്കിയേ മതിയാകൂ. ആ നിലപാടിന്റെ പ്രായോഗികരൂപം അല്ലാഹുവിന്റെ ദൂതനെ പിന്തുടരുക എന്നതാണ്. ഈ വിധത്തില്‍ വിശ്വസിക്കുന്നവരെയാണ് അല്ലാഹു സ്‌നേഹിക്കുക. അവരുടെ മിത്രവും രക്ഷകനും സഹായിയുമായി എവിടെയും അവനുണ്ടാകും. അവര്‍ ചെയ്തുകൂട്ടിയ അബദ്ധങ്ങളും തെറ്റുകുറ്റങ്ങളുമെല്ലാം അവന്‍ പൊറുത്തുകൊടുക്കുകയും ചെയ്യും. അങ്ങനെയാണ് അവന്‍ അവരെ ശുദ്ധീകരിക്കുക; അല്ലാഹു വളരെയേറെ മാപ്പ് കൊടുക്കുന്നവനും ഇഹത്തില്‍ തന്നെ അനുസരിച്ചവര്‍ക്കും ധിക്കരിച്ചവര്‍ക്കുമെല്ലാം ഒരുപോലെ കാരുണ്യം ചെയ്തുകൊടുക്കുന്നവനുമാണ്.
ഇവിടെ നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍ എന്ന് പറയുന്നതിനു പകരം അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നാണ് പ്രയോഗം. യഥാര്‍ഥത്തില്‍ വിശ്വാസത്തില്‍ നിന്ന് വളര്‍ന്നുവരുന്നതാണ് ബുദ്ധിപരമായ സ്‌നേഹം അഥവാ ഇഷ്ടം. ഇത് കേവലം വൈകാരികമായ സ്‌നേഹത്തില്‍ നിന്ന് വ്യത്യസ്തമാണ്. ഒരാള്‍ക്ക് മറ്റൊരാളോട് തോന്നുന്ന സ്‌നേഹം പലപ്പോഴും ബൗദ്ധികമായ അടിത്തറയുള്ളതായിരിക്കണമെന്നില്ല. ചിലപ്പോള്‍ പ്രഥമ നോട്ടത്തില്‍ തന്നെ ഒരാള്‍ക്ക് അപരനോട് അനുരാഗം ജനിക്കുന്നു. അയാളുടെ സ്വഭാവഗുണദോഷങ്ങളെക്കുറിച്ചോ സംസ്‌കാരത്തെക്കുറിച്ചോ ഒന്നും ഒട്ടും ചിന്തിക്കുന്നില്ല.
ഇതൊന്നുമില്ലാതെ തന്നെ അയാളുമായി ബന്ധപ്പെടാന്‍ തിടുക്കം കൂട്ടുന്നു. ഇത്തരം സ്‌നേഹം എത്ര ശക്തിമത്തായാലും ഭദ്രമായ അടിത്തറ അതിനുണ്ടാവില്ല. ചിന്താശൂന്യരല്ലാതെ ഇത്തരം സ്‌നേഹപ്രകടനങ്ങളില്‍ ചെന്നുചാടുകയുമില്ല. ഒരാളുടെ യോഗ്യതയും സവിശേഷതകളുമെല്ലാം മനസ്സിലാക്കിയതിനുശേഷം അയാളോടുണ്ടാകുന്ന ഇഷ്ടമാണ് യഥാര്‍ഥ ഇഷ്ടം. ഇതാണ് വിശ്വാസത്തില്‍ നിന്നുണ്ടാകുന്ന സ്‌നേഹം. യുക്തിയുടെയും ചിന്തയുടെയും അടിസ്ഥാനത്തിലുള്ള ഈ സ്‌നേഹബന്ധത്തിനാണ് അടിത്തറയുണ്ടാവുക.
അല്ലാഹുവില്‍ വിശ്വസിക്കുക എന്നാല്‍ അവന്റെ ഏകത്വവും അധികാരവും ശക്തിയും കാരുണ്യവും എല്ലാം അംഗീകരിക്കലാണ്. ഏതവസരത്തിലും തന്നെ രക്ഷിക്കുവാനും തന്നോട് ഔദാര്യം കാണിക്കുവാനും തന്റെ രക്ഷിതാവ് തന്നോടൊപ്പമുണ്ടെന്ന വിശ്വാസം ഒരു വിശ്വാസിക്കുണ്ടാകും. അതുതന്നെയാണ് അവന്റെ ഏറ്റവും വലിയ പിടിവള്ളിയും. അതുള്ളവനാണ് യഥാര്‍ഥത്തിലുള്ള മുത്തഖിയും. സ്‌നേഹിക്കുന്നവനെ അവന്‍ അനുസരിക്കുകയും ചെയ്യും. സ്‌നേഹിക്കുന്നവന്‍ അല്ലാഹുവിന്റെ വിധിവിലക്കുകളെ ലംഘിക്കുകയില്ല. അങ്ങനെ ചെയ്യുമ്പോള്‍ അത് കാപട്യമാവും. ഖുര്‍ആന്‍ ഒരു പാഠപുസ്തകമാണെങ്കില്‍ അത് മനുഷ്യര്‍ക്ക് പഠിപ്പിച്ചു കൊടുക്കുവാന്‍ നിയുക്തനായവനാണ് പ്രവാചകന്‍(സ). അദ്ദേഹം പഠിപ്പിച്ചും ജീവിതത്തില്‍ പ്രയോഗവത്ക്കരിച്ചും കാണിച്ചുതന്നതെന്തോ അതാണ് യഥാര്‍ഥ ഖുര്‍ആന്‍. പ്രവാചകനെ തള്ളിപ്പറഞ്ഞുകൊണ്ട് ഖുര്‍ആന്‍ പഠിക്കുവാന്‍ ശീലിക്കുന്നവന്‍ യഥാര്‍ഥത്തില്‍ അധ്യാപകനെ തള്ളിപ്പറഞ്ഞ് സ്വന്തമായി പാഠം പഠിക്കുന്ന വിദ്യാര്‍ഥിയെപ്പോലെയായിരിക്കും. അല്ലാഹുവിനെ സ്‌നേഹിക്കുന്നതിന്റെ അനിവാര്യമായ താല്‍പര്യമാണ് പ്രവാചകനെ പിന്‍പറ്റല്‍. അതുകൊണ്ടാണ് നബി(സ) മറ്റൊരു സ്ഥലത്ത് ഇപ്രകാരം പറഞ്ഞത്. ‘തന്റെ ഇച്ഛ ഞാന്‍ കൊണ്ടുവന്നിട്ടുള്ളതിന് വിധേയമാകുന്നതുവരെ നിങ്ങളിലാരും വിശ്വാസിയാകുന്നില്ല’ (മിശ്കാത്ത്, ശറഹുസ്സുന്ന)
ഇബാദത്തിന്റെ സുപ്രധാനമായ ആശയങ്ങളിലൊന്നാണ് സ്‌നേഹം. ദൈവദാസന്‍ ആത്യന്തികമായി സ്‌നേഹം പുലര്‍ത്തേണ്ടത് ദൈവത്തിനോടു തന്നെയാണ്. മറ്റാരോടുമുള്ള സ്‌നേഹം ദൈവത്തോടുള്ള സ്‌നേഹത്തോട് വിധേയവും ആപേക്ഷികവുമായിരിക്കണം. ആത്യന്തികമായ സ്‌നേഹം അല്ലാഹു അല്ലാത്തവരിലര്‍പ്പിക്കല്‍ അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്ന ശിര്‍ക്കായി മാറും.
അല്ലാഹുവിനെ സ്‌നേഹിക്കുകയും പ്രവാചകനെ പിന്‍പറ്റുകയും ചെയ്യുന്നവര്‍ പാപപങ്കിലരായിത്തീരുകയില്ല. ചിലപ്പോഴൊക്കെ തെറ്റുകുറ്റങ്ങള്‍ അവരിലും സംഭവിച്ചെന്നുവരാം. പക്ഷെ ഉടനെ പശ്ചാത്തപിച്ച് മടങ്ങുന്നവരായിരിക്കും അവര്‍. അവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുകയും അവര്‍ക്ക് മാപ്പ് നല്‍കുകയും ചെയ്യും. തന്റെ ദാസന്‍മാരുടെ കുറ്റകൃത്യങ്ങള്‍ ഉദാരമായി പൊറുക്കുന്നവനും അവരോട് കരുണ കാണിക്കുകയും ചെയ്യുന്നവനാണ് അല്ലാഹു. സ്വര്‍ഗം അല്ലാഹു തയ്യാറാക്കിവെച്ചതും ഇത്തരം സൂക്ഷ്മപാലകര്‍ക്കു വേണ്ടിയാണ്.
സൂറത്തു ആലുഇംറാന്‍ 133ാം വചനത്തില്‍ അല്ലാഹു പറയുന്നു. ‘നിങ്ങളുടെ നാഥനില്‍ നിന്നുള്ള പാപമോചനത്തിലേക്കും ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗത്തിലേക്കുമുള്ള സരണിയില്‍ കുതിച്ച് മുന്നേറുവീന്‍. ആ സ്വര്‍ഗം ദൈവഭക്തര്‍ക്ക് വേണ്ടി ഒരുക്കി വെച്ചതാകുന്നു, സത്യവിശ്വാസികള്‍ നൈമിഷികമായ ഈ ലോക ജീവിതത്തിലെ താല്‍പര്യങ്ങളില്‍ മാത്രം മുഴുകി ജീവിക്കുക എന്നതിനുപകരം നാളെ പരലോകത്ത് ലഭിക്കാനുള്ള സ്വര്‍ഗലോകത്തെക്കൂടി മുന്നില്‍ കാണുക.

Back to Top