ബ്രദര്‍നാറ്റ് കാര്‍ഷിക സമ്മേളനം സംഘടിപ്പിക്കും
കൊണ്ടോട്ടി: കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മാല്യന്യമുക്ത, ആരോഗ്യ ഹരിത കാര്‍ഷിക നവകേരളം എന്ന പ്രമേയത്തില്‍ കാര്‍ഷികമേള സംഘടിപ്പിക്കും. ഫെബ്രുവരി 9 മുതല്‍ 18 വരെ സമ്മേളന വേദിയായ വെളിച്ചം നഗരിയില്‍ നടക്കുന്ന മേളയില്‍ നവ മാലിന്യ സംസ്‌കരണ ഉപകരണങ്ങളുടെ പ്രദര്‍ശനം,വേദം പരാമര്‍ശിച്ച ഭക്ഷ്യ വസ്തുക്കളെ പരിചയപ്പെടുത്തല്‍, ജൈവകാര്‍ഷിക ഉത്പന്നങ്ങള്‍, വിത്തിനങ്ങള്‍, ഫലവൃക്ഷങ്ങള്‍, ഓര്‍ഗാനിക് ഉത്പന്നങ്ങള്‍, പച്ചക്കറി തൈകള്‍ എന്നിവയുടെ പ്രദര്‍ശനവും വില്‍പ്പനയും, പുരാതന കാര്‍ഷിക ഉപകരണ പ്രദര്‍ശനം, നഴ്സറികള്‍, ഫ്ലവര്‍ ഷോ, മണ്‍പാത്ര നിര്‍മ്മാണം, സെമിനാറുകള്‍ തുടങ്ങിയ ഉണ്ടാവും.
ഐ എസ് എം കേരളയുടെ പരിസ്ഥിതി വിഭാഗമായ ബ്രദര്‍നാറ്റാണ് മേള സംഘടിപ്പിക്കുന്നത്. കാര്‍ഷികമേളയുടെ ഭാഗമായി എല്ലാ ദിവസവും ജില്ലയിലെ മികച്ച കര്‍ഷകരെ ആദരിക്കും. നഗരിയില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിക്കും.
സംഘാടക സമിതി യോഗം കാര്‍ഷിക മേളയുടെ പ്രോഗ്രാം അഡൈ്വസറും തിരൂരങ്ങാടി പി എസ് എം ഒ കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ പ്രൊഫ. എം ഹാറൂന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ യൂനുസ് നരിക്കുനി അധ്യക്ഷനായി, ഡോ. യൂനുസ് ചെങ്ങര, സിദ്ധീഖ് തിരുവണ്ണൂര്‍, ആസിഫ് പുളിക്കല്‍, ഫാദില്‍ റഹ്മാന്‍, ഇല്യാസ് പാലത്ത്, പി മുജീബ് കുനിയില്‍, ലത്തീഫ് മംഗലശ്ശേരി, ഹബീബ് മൊറയൂര്‍, ഷബീര്‍ അഹമ്മദ്, ജുനൈസ് മുണ്ടേരി എന്നിവര്‍ സംസാരിച്ചു