2002ലെ ആ ദിനത്തെ ബില്‍ഖീസ് ബാനു അതിജീവിച്ചത് എങ്ങനെ?
ഹര്‍ഷ് മന്ദര്‍
2002ല്‍ സംഭവിച്ചത് മൂടിവയ്ക്കാന്‍ ഇന്നും ശക്തമായ ശ്രമങ്ങള്‍ നടക്കുന്നു. ജനങ്ങളുടെ ഓര്‍മയില്‍ നിന്ന് അത് മനപ്പൂര്‍വം മായ്ച്ചുകളയാനുള്ള ശ്രമങ്ങളും നടക്കുന്നു. ഇരുണ്ടതും പ്രക്ഷുബ്ധവുമായ ആ മാസങ്ങളില്‍ യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചത് എന്ന വസ്തുത സത്യസന്ധരായ ഏതാനും ജഡ്ജിമാരുടെ വിധികളില്‍ കൃത്യമായി വിവരിക്കുന്നുണ്ട്. ആ നാളുകളില്‍ വ്യാപിച്ചിരുന്ന മുന്‍ധാരണകളെയും പക്ഷപാതത്തെയും നിരാകരിച്ചുകൊണ്ട് ആ ജഡ്ജിമാര്‍ കൊള്ളയും ബലാത്സംഗവും കൂട്ടക്കൊലയും നടത്തിയവരെയും അവരുടെ നേതാക്കളെയും ശിക്ഷിച്ചു.
ഇതില്‍ ബില്‍ക്കീസ് ബാനുവിനെയും കുടുംബത്തെയും അക്രമിച്ചവരെ ശിക്ഷിച്ചുകൊണ്ടുള്ള 2017-ലെ മുംബൈ ഹൈക്കോടതിയുടെ വിധി പ്രത്യേക പ്രതീക്ഷ നല്‍കുന്നതാണ്. കഷ്ടിച്ച് വായിക്കാനറിയുന്ന, ഒരു ചെറിയ ഗുജറാത്തി മൃഗക്കച്ചവടക്കാരന്റെ ഭാര്യയുടെ വീരോചിതവും ഐതിഹാസികവുമായ നിയമപ്പോരാട്ടത്തിന്റെ ഒടുവിലാണത് ലഭിച്ചത്. പലപ്പോഴും ആ സ്ത്രീയുടെ പോരാട്ടം അന്ത്യമില്ലാത്തതായി തോന്നിയിരുന്നു. പക്ഷേ, നിങ്ങള്‍ സത്യത്തിന്റെ പക്ഷത്തായിരിക്കുമ്പോള്‍, നിങ്ങളെ കേള്‍ക്കും, ഒടുവില്‍ നീതി നിങ്ങളുടെ പക്ഷത്തായിരിക്കും.
2002-ല്‍ ഗുജറാത്തില്‍ താണ്ഡവമാടിയ വിദ്വേഷാഗ്‌നിയില്‍ മുങ്ങിയ അക്രമങ്ങള്‍ക്കിടെ ഗര്‍ഭിണിയും 19 വയസ്സുകാരിയുമായിരുന്ന ബില്‍ക്കീസ് യാക്കൂബ് റസൂല്‍ സ്വന്തം ഗ്രാമത്തിലെ ആളുകളാല്‍ കൂട്ട ബലാത്സംഗത്തിന്നിരയായിട്ടും നഗ്‌നയും അബോധയുമായി ഉപേക്ഷിക്കപ്പെട്ടിട്ടും മൂന്നുവയസ്സുള്ള കുട്ടിയുടെ തല അക്രമികള്‍ തറയിലടിച്ച് കൊന്നിട്ടും സ്വന്തം കുടുംബത്തിലെ മറ്റു പതിമൂന്നുപേരും കൊല്ലപ്പെട്ടിട്ടും വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു.
തന്നെ ബലാത്സംഗം ചെയ്യുകയും മകളെയും കുടുംബാംഗങ്ങളെയും ക്രൂരമായി കൊല്ലുകയും ചെയ്തവരെ മാത്രമല്ല, ഈ ക്രിമിനലുകളുടെ കുറ്റകൃത്യങ്ങള്‍ മൂടിവെക്കാനും അവരെ സംരക്ഷിക്കാനും ശ്രമിച്ച പോലീസുകാര്‍ക്കും ഡോക്ടര്‍മാര്‍ക്കും രാജ്യത്തെ നിയമപ്രകാരമുള്ള ശിക്ഷ വാങ്ങിക്കൊടുത്ത് അവരെ വര്‍ഷങ്ങളോളം ജയിലിലടയ്ക്കാനും ബില്‍ക്കീസിന് കഴിഞ്ഞു.
കീഴ്ക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച 11 പേരുടെയും ശിക്ഷ ശരിവെക്കുകയും നിര്‍ണായക തെളിവുകള്‍ നശിപ്പിച്ച ഏഴ് പോലീസുകാരെയും ഡോക്ടര്‍മാരെയും വെറുതെവിട്ട കീഴ്ക്കോടതിയുടെ നടപടി മുംബൈ ഹൈക്കോടതി 2017 മെയ് നാലിന് റദ്ദാക്കുകയും ചെയ്തു.
കൂട്ട വര്‍ഗീയാക്രമണങ്ങളില്‍ ഏര്‍പ്പെട്ട ക്രിമിനലുകളെ സംരക്ഷിച്ച ഉദ്യോഗസ്ഥര്‍ക്ക് സമാനമായ ശിക്ഷ ലഭിച്ച ഏതാനും ഉദാഹരണങ്ങളുണ്ട്. എന്നാല്‍ അത്തരം അപരാധം ചെയ്ത പോലീസുകാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ശിക്ഷ ലഭിക്കുന്നത് അപൂര്‍വമാണ്.
ഈ വിധിക്ക് 15 വര്‍ഷം മുമ്പുള്ള ആ ദിനത്തെ ഓര്‍മിക്കുമ്പോള്‍ ബില്‍ക്കീസ് ഇപ്പോഴും ഞെട്ടിത്തരിക്കുകയും പേടിസ്വപ്നങ്ങള്‍ അവരെ വേട്ടയാടുകയും ചെയ്യുന്നു. അഹമ്മദാബാദില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള ദാഹോദിലെ രന്ദിക്പൂര്‍ ഗ്രാമത്തില്‍ ഏതാണ്ട് 60 മുസ്‌ലിം വീടുകള്‍ ബില്‍ക്കീസിന്റെ അയല്‍ക്കാര്‍ തീവെച്ച് നശിപ്പിക്കുകയുണ്ടായി. അവരുടെ വീടിന് പിറകിലുള്ള കൃഷിയിടത്തിലേക്ക് ബില്‍ക്കീസും പേടിച്ചരണ്ട അവരുടെ വീട്ടുകാരും ഓടിപ്പോയിരുന്നു. കത്തിക്കൊണ്ടിരിക്കുന്ന വീടുകള്‍ അവസാനമായി അവര്‍ കണ്ടു.
തുടര്‍ന്ന് ബില്‍ക്കീസും കുടുംബവും ഗ്രാമത്തലവന്റെ വീട്ടില്‍ അഭയം തേടി. പിന്നീട് ചുനാദി ഗ്രാമത്തിലെ ഒരു സ്‌കൂളിലും തുടര്‍ന്ന് കുവജാല്‍ ഗ്രാമത്തിലെ ഒരു മുസ്‌ലിം പള്ളിയിലും തങ്ങി. അവിടെ ഒരു സൂതികര്‍മിണിയുടെ വീട്ടില്‍വെച്ച് ബില്‍ക്കീസിന്റെ ബന്ധുവായ ശമീം ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി.
സുരക്ഷിതരല്ലെന്നറിഞ്ഞ് അടുത്ത ദിവസം ആ കുടുംബം അവിടെനിന്നു പോയി. പ്രധാന പാതകള്‍ ഒഴിവാക്കി ചുറ്റുമുള്ള വനങ്ങളിലൂടെ സഞ്ചരിച്ച് ഒരു മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തെത്തി. പേടിച്ചുള്ള ഈ യാത്രയില്‍ കരുണയുള്ള മനുഷ്യര്‍ അവര്‍ക്ക് മറയാവുകയും സംരക്ഷണം നല്‍കുകയും ചെയ്തു.
ഭീകരമായ ഈ അനുഭവങ്ങള്‍ക്കിടയിലും കൂട്ടക്കൊലയുടെ ഇരകളോട് അയല്‍ക്കാരും പരിചയക്കാരും കാണിച്ച കാരുണ്യവും ഇതര മതസ്ഥര്‍ക്ക് അഭയം നല്‍കിയതുമെല്ലാം സ്പെഷ്യല്‍ ജഡ്ജായ സാല്‍വി വിധിന്യായത്തില്‍ എടുത്തുപറഞ്ഞു. സുരക്ഷിത ഇടം തേടി അവര്‍ പനിവേല്‍ എന്ന ഗ്രാമത്തിലേക്ക് യാത്ര തിരിച്ചെങ്കിലും അവര്‍ക്ക് ലക്ഷ്യത്തിലെത്താനായില്ല. ആ റോഡിലേക്കുള്ള പരുക്കന്‍ പാതയില്‍വെച്ച് ഇരുപതോ മുപ്പതോ പേരുള്ള ഒരു സംഘം വാളുകളും അരിവാളുകളും ചുഴറ്റിക്കൊണ്ട് പെട്ടെന്ന് അവരുടെ ട്രക്ക് തടഞ്ഞു. അവരറിയുന്ന അവരുടെ ഗ്രാമത്തില്‍ നിന്നുള്ള ആളുകള്‍ ‘ആ രഹ്‌യാ മുസല്‍മാനോ, ഈമാനെ മാരോ, കാട്ടോ (ഇവര്‍ മുസ്‌ലിംകളാണ് ഇവരെ കൊല്ലൂ, വെട്ടൂ) എന്നലറിയത് ബില്‍ക്കീസ് ബാനു എടുത്തുപറഞ്ഞു.
ആ അക്രമികളില്‍ ബില്‍ക്കീസിന്റെ വീടിനടുത്തുള്ള, ബില്‍ക്കീസിന്റെ പിതാവിനെ ചികിത്സിച്ച ഒരു ഡോക്ടറുടെ മകനും ആ ഗ്രാമത്തില്‍ വള വില്‍ക്കുന്ന കട നടത്തിയിരുന്ന ആളും അവിടെത്തന്നെ ഹോട്ടല്‍ നടത്തിയിരുന്ന മറ്റൊരാളും ഒരു ഗ്രാമപഞ്ചായത്തംഗത്തിന്റെ ഭര്‍ത്താവും ഉണ്ടായിരുന്നു. കുട്ടിക്കാലം മുതല്‍ അവള്‍ക്കറിയുന്ന ആളുകളാണ് ഇത്ര ദയാശൂന്യമായും ക്രൂരമായും പെരുമാറിയത് എന്ന യാഥാര്‍ഥ്യമാണ് തന്നെ ഏറ്റവുമധികം വേദനിപ്പിക്കുന്ന ഓര്‍മകളെന്ന് വര്‍ഷങ്ങള്‍ക്കുശേഷം ബില്‍ക്കീസ് പറഞ്ഞു.
തന്റെ മൂന്നു വയസ്സുള്ള സ്വാലിഹ എന്ന മകളെ കയ്യില്‍നിന്ന് തട്ടിപ്പറിച്ച് അക്രമികളിലൊരാള്‍ തല നിലത്തടിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ കൊലപ്പെടുത്തി. തന്റെ ഗ്രാമത്തില്‍ നിന്നുതന്നെയുള്ള മൂന്ന് പുരുഷന്മാരും ബില്‍ക്കീസിന്റെ വസ്ത്രം വലിച്ചുകീറുകയും താന്‍ ഗര്‍ഭവതിയാണെന്ന് കേണപേക്ഷിച്ചിട്ടും സഹോദരന്മാരെപ്പോലെയും അമ്മാവന്മാരെപ്പോലെയും കരുതിയിരുന്നവര്‍ മാറിമാറി ബലാത്സംഗം ചെയ്യുകയും ചെയ്തു. അവള്‍ക്കുചുറ്റും നടന്ന അക്രമങ്ങളില്‍ സ്വന്തം കുടുംബത്തിലെ പതിനാലു പേര്‍ ബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. പ്രസവിച്ചതിന്റെ പിറ്റേന്നാണ് സ്വന്തം കുഞ്ഞിനൊപ്പം ശമീമും കൊല്ലപ്പെട്ടത്. ഒടുവില്‍ ബില്‍ക്കീസിന് ബോധം നഷ്ടപ്പെട്ടപ്പോള്‍ അവള്‍ മരിച്ചെന്നുകരുതി അക്രമികള്‍ രംഗം വിടുകയായിരുന്നു.
ബോധം തിരിച്ചുകിട്ടിയപ്പോള്‍ നഗ്‌നയായി സ്വകുടുംബത്തിലെ മൃതദേഹങ്ങള്‍ക്കിടയില്‍ കിടക്കുകയാണെന്ന് മനസ്സിലായി. ഒരു പെറ്റികോട്ട് കൊണ്ട് ശരീരം മറച്ച് അടുത്തുള്ള മലയിലേക്ക് ഓടിക്കയറി. കടുത്ത ഭീതിയിലും ദുഃഖത്തിലും ആ രാത്രി അവിടെ കഴിച്ചുകൂട്ടി. അടുത്ത ദിവസം വെള്ളം അന്വേഷിച്ചു നടക്കവെ ഒരു ഹാന്‍ഡ് പമ്പിനടുത്തുകണ്ട ആദിവാസി സ്ത്രീ അവള്‍ക്ക് കുറച്ചു വസ്ത്രങ്ങള്‍ നല്‍കി. പിന്നീട് യൂണിഫോം ധരിച്ച ഒരു പോലീസുകാരനെ കണ്ടപ്പോള്‍ സഹായം അഭ്യര്‍ഥിച്ചു. തന്റെ വാഹനത്തില്‍ അദ്ദേഹം ബില്‍ക്കീസിനെ ലിംഖേഡ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
പതിനാല് കൊലപാതകങ്ങള്‍ക്കും എട്ട് ബലാത്സംഗങ്ങള്‍ക്കും ഏക സാക്ഷി ബില്‍ക്കീസായിരുന്നു. അക്രമികളുടെ പേര് അറിയാമായിരുന്ന ബില്‍ക്കീസ് വേദനാജനകമായ സംഭവങ്ങള്‍ പോലീസുകാരനോട് വിവരിച്ചു. എന്നാല്‍ സോമാഭായ് ഗോരി എന്ന പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ പരാതി രജിസ്റ്റര്‍ ചെയ്യാതെ ബില്‍ക്കീസിനെ ഒരു റിലീഫ് ക്യാമ്പിലേക്കയച്ചു. അവിടെവെച്ച് തന്റെ ദുഃഖിതനായ ഭര്‍ത്താവ് യാക്കൂബ് റസൂലിനെ കണ്ടുമുട്ടി. തന്റെ മകളെയും മറ്റു നിരവധി കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ടതിന്റെ വേദനയും ചിന്തിക്കാനാവാത്ത ദുഃഖവും പതിനഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം യാക്കൂബ് രെൃീഹഹ.ശി നോട് ഓര്‍ത്തെടുത്തു. തന്റെ ഭാര്യയെ തിരക്കി നടന്ന അദ്ദേഹം ഗോദ്ര റിലീഫ് ക്യാമ്പിന്റെ ഒരു ഇരുണ്ട മൂലയില്‍ ദുഃഖിതയും ഏകാകിയും നിശ്ശബ്ദയുമായി ബില്‍ക്കീസ് ഇരിക്കുന്നത് കണ്ടു.
ക്യാമ്പിലെ മറ്റുള്ളവരില്‍ നിന്ന് അവള്‍ക്കെന്തുപറ്റിയെന്ന് യാക്കൂബ് അറിഞ്ഞിരുന്നു: ‘എല്ലാം സ്വകാര്യമായി വെച്ചു. കലാപങ്ങള്‍, എന്റെ നഷ്ടപ്പെട്ട കുടുംബം, സ്നേഹത്തോടെ ഞാന്‍ ഭാര്യയോട് സംസാരിച്ചു. അവളനുഭവിച്ച വേദനയില്‍ നിന്ന് പുറത്തുകൊണ്ടുവരാന്‍ ഞാന്‍ ശ്രമിച്ചു. അപ്പോള്‍ മുതല്‍ നിരവധി തവണ അവള്‍ പത്രപ്രവര്‍ത്തകരോടും വക്കീലന്മാരോടും എന്‍ ജി ഒ വര്‍ക്കേഴ്സിനോടും എല്ലാം വിവരിക്കുന്നത് ഞാന്‍ കേട്ടു. എന്നിട്ടും നിനക്കെന്താണ് സംഭവിച്ചതെന്നോ ആരൊക്കെ നിന്നെ എന്തൊക്കെയാണ് ചെയ്തതോന്നോ ഞാന്‍ ചോദിച്ചില്ല. അവളുടെ വാക്കുകള്‍ നിങ്ങളും കേട്ടല്ലോ. അവയൊക്കെയും എന്റെ ഹൃദയത്തെ വല്ലാതെ വേദനിപ്പിച്ചു’ -യാക്കൂബ് പറഞ്ഞു.
കൂട്ടക്കൊലക്കുശേഷം രണ്ടു ദിവസം കഴിഞ്ഞ് രണ്ട് പ്രാദേശിക ഫോട്ടോഗ്രാഫര്‍മാര്‍ കൊല്ലപ്പെട്ട എട്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടു. ഇത് പൊതുജനം അറിഞ്ഞതാണ് പോലീസിനെ നടപടികളെടുക്കാന്‍ നിര്‍ബന്ധിതരാക്കിയത്. തന്റെ മകള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ ബില്‍ക്കീസ് തകര്‍ന്നുപോയി. താന്‍ ബലാത്സംഗം ചെയ്യപ്പെട്ട് നാലു ദിവസം കഴിഞ്ഞ് ബില്‍ക്കീസ് ഗോദ്ര സിവില്‍ ഹോസ്പിറ്റലില്‍ മെഡിക്കല്‍ ചെക്കപ്പിന് വിധേയമാവുകയും ബയോളജിക്കല്‍ സാമ്പിളുകള്‍ പ്രാദേശിക പാത്തോളജി ലാബിലേക്ക് അയക്കുകയും ചെയ്തു. കൂട്ടക്കൊലയെക്കുറിച്ച് നിയമപ്രകാരമുള്ള അന്വേഷണം നടത്താതെ മൃതദേഹങ്ങള്‍ അഴുകാന്‍ വിട്ടു. നിര്‍ണായകമായ തെളിവുകളായേക്കാവുന്ന രക്തമോ മറ്റു സാമ്പിളുകളോ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ ശേഖരിച്ചില്ല. പോലീസിന്റെ നിര്‍ദേശപ്രകാരം ശ്രദ്ധിക്കപ്പെടാത്ത ഒരു സ്ഥലത്ത് കൂട്ടക്കുഴിമാടം എടുത്ത് മൃതശരീരങ്ങള്‍ മൂടുകയായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു.
സി ബി ഐയുടെ പുതിയ അന്വേഷണത്തിന്റെ ഭാഗമായി 2004-ല്‍ ഈ മൃതദേഹങ്ങള്‍ പുറത്തെടുത്തപ്പോള്‍ അവയ്ക്കൊന്നും തലയോട്ടികള്‍ ഉണ്ടായിരുന്നില്ല. തിരിച്ചറിയല്‍ തടയാനായി പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ശിരസുകള്‍ ഛേദിച്ച് അംഗവൈകല്യം വരുത്തിയശേഷം വേഗത്തില്‍ നശിക്കാനായി മൃതദേഹങ്ങള്‍ക്കുമേല്‍ ഉപ്പ് വിതറുകയായിരുന്നു.
ശ്രദ്ധിക്കപ്പെടാത്ത ഒരു സ്ഥലത്തേക്ക് മൃതദേഹങ്ങള്‍ കുഴിച്ചിടാന്‍ പോലീസ് കൂട്ടിക്കൊണ്ടുപോയതായും അവിടെ രണ്ട് ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നതായും ഒരു പ്രൊസിക്യൂഷന്‍ സാക്ഷ്യപ്പെടുത്തി. കുഴിയെടുക്കാനായി പോലീസ് കൊണ്ടുവന്ന രണ്ടുപേരോടൊപ്പം താനും നിഗൂഢമായ ആ കൂട്ട ശവസംസ്‌കാരത്തില്‍ പങ്കെടുത്തതായും അയാള്‍ പറഞ്ഞിരുന്നു. കുഴിയെടുക്കാനെത്തിയവരുടെ അധ്വാനത്തിനും നിശ്ശബ്ദതയ്ക്കും കൂലിയായി ഇരുവര്‍ക്കും 250 രൂപ വീതം പോലീസ് നല്‍കുകയും ചെയ്തിരുന്നു.
വിവ. സിദ്ദീഖ്സിസൈനുദ്ദീന്‍