13 Monday
January 2025
2025 January 13
1446 Rajab 13

വിധി നിര്‍ണയത്തിന്റെ പൊരുള്‍

അബ്ദുല്‍അലി മദനി


അല്ലാഹുവിന്റെ വിധി നിശ്ചയത്തിലുള്ള ചര്‍ച്ചകളും സംസാരങ്ങളും വിവിധങ്ങളായ വീക്ഷണ വഴികളിലൂടെ വഴിവിട്ടുപോവുകയും തന്മൂലം സംഘങ്ങളും പാര്‍ട്ടികളും ഉടലെടുക്കുകയും ചെയ്തിട്ടുണ്ടെന്നത് നിഷേധിക്കാനാവില്ല. ഓരോ വിഭാഗവും അവരവരുടെ ചിന്തകളില്‍ സന്തുഷ്ടരായി കഴിഞ്ഞുകൂടുകയാണ്. നമുക്ക് ഇങ്ങനെയൊന്നു ചിന്തിക്കാം: ഖദ്‌റ് എന്ന ദൈവിക നിശ്ചയവും നിര്‍ണയവും അല്ലാഹു തന്റെ സൃഷ്ടിജാലങ്ങള്‍ക്കിടയില്‍ സ്വീകരിച്ചിട്ടുള്ള പ്ലാനിംഗും ഭദ്രതയും സുതാര്യതയുമൊക്കെയാണ്. ഇതെല്ലാം തന്നെ അല്ലാഹുവിന്റെ അപാരമായ ശക്തിപ്രഭാവത്തിലേക്ക് (ഖുദ്‌റത്തിലേക്ക്) എത്തിച്ചേരുന്നതുമാണ്.
അവന്‍ എന്തും എങ്ങനെയും പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവനും ഉദ്ദേശിച്ചത് നടപ്പാക്കാന്‍ കഴിവുള്ളവനുമാണല്ലോ. അതുകൊണ്ടുതന്നെ ഈ ഇത്ഖാന്‍ (ബലിഷ്ഠമായ സുതാര്യത) സൃഷ്ടിപ്പിനു മുമ്പുതന്നെ എന്താണതിന്റെ ത്രികാലജ്ഞാനമെന്ന് അറിയുന്നവനാണ്. അഥവാ ഒരു കാര്യം സംഭവിക്കും മുമ്പുതന്നെ അതിന്റെ ഭൂതവും ഭാവിയും വര്‍ത്തമാനവും അല്ലാഹു അറിയും. അവന്‍ സര്‍വാധിനാഥനും സ്രഷ്ടാവുമാണ്.
യഥാര്‍ഥത്തില്‍ ഖദ്‌റ് (നിര്‍ണയം) അദൃശ്യവും അഭൗതികവുമായ (ഗ്വയ്ബ്) ലോകവുമായി ബന്ധപ്പെട്ടവയാണ്. മനുഷ്യന് ചിന്തിച്ച് ഗ്രഹിക്കാനുള്ള ബുദ്ധിതന്നെ അല്ലാഹു നല്‍കിയതാണെന്നിരിക്കെ അല്ലാഹുവിന്റെ അധീശാധികാരത്തിന്റെ ഔന്നത്യത്തിന്റെ ആഴങ്ങളില്‍ മനുഷ്യര്‍ക്കെങ്ങനെ എത്തിച്ചേരാനാകും? അല്ലാഹുവിന്റെ സൃഷ്ടികളില്‍ മനുഷ്യരല്ലാത്തതെല്ലാം ഈ നിര്‍ണയത്തെ സര്‍വാത്മനാ അംഗീകരിക്കുന്നവരാണ്. മനുഷ്യന്‍ മാത്രമാണതില്‍ കീഴൊതുങ്ങാതെ വേറിട്ടുനില്‍ക്കുന്നത്. അവന്‍ എല്ലാറ്റിനെയും ചോദ്യം ചെയ്യുന്നവനുമാണ്.
നബി(സ)യുടെ സന്തതസഹചാരികളായിരുന്ന സ്വഹാബികളൊന്നും തന്നെ ഖദ്വാഅ് ഖദ്‌റില്‍ ചര്‍ച്ചക്കായി മുതിര്‍ന്നിരുന്നില്ല. അത് ഗ്വയ്ബിയായ വിഷയമായതിനാലായിരുന്നു. ഒരു യഥാര്‍ഥ വിശ്വാസിയെ സംബന്ധിച്ചിടത്തോളം അല്ലാഹു അവന്റെ പ്രവര്‍ത്തനത്തില്‍ ബലിഷ്ഠതയും നിര്‍ണയത്തിലെ സുതാര്യതയും ഉള്ളവനാകുന്നത് സമ്മതിക്കാന്‍ പ്രയാസമുണ്ടാവില്ല. അല്ലാഹുവില്‍ വിശ്വസിക്കുകയെന്ന് പറയുമ്പോള്‍ തന്നെ സത്യവിശ്വാസി അല്ലാഹുവിന്റെ വിധിനിര്‍ണയ നിശ്ചയത്തിലും വിശ്വസിച്ച് അംഗീകരിച്ചവനായിയെന്നതാണ്. ഇമാം അഹ്മദുബ്‌നു ഹന്‍ബലിനോട് ഖദ്‌റിനെപ്പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി: അല്‍ഖദ്‌റു ഖുദ്‌റത്തുറഹ്മാന്‍ (ഖദ്‌റ് എന്നാല്‍ പരമകാരുണികനായ അല്ലാഹുവിന്റെ കഴിവാണ്)
ഖുദ്‌റത്തുര്‍റഹ്മാന്‍
ഒരു വിശ്വാസി അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാണെന്ന് അറിഞ്ഞ് അംഗീകരിക്കുമ്പോള്‍ അല്ലാഹുവുമായി ബന്ധപ്പെട്ട എന്തെല്ലാമുണ്ടോ അതെല്ലാം അവനുദ്ദേശിക്കുന്നതു പോലെയുണ്ടാകുമെന്നുതന്നെയാണ് വിശ്വസിക്കുക. അല്ലാഹു അവന്റെ സൃഷ്ടികളെപ്പറ്റി ഒരു മുന്‍ധാരണയും പ്ലാനുമില്ലാതെ നിര്‍മിച്ചുണ്ടാക്കിയതല്ല. മറിച്ച്, സൃഷ്ടികളുമായി ബന്ധപ്പെട്ട എന്തെല്ലാം വേണ്ടതുണ്ടോ അതെല്ലാം അവന്റെ കഴിവില്‍ ഉള്ളടക്കം ചെയ്തതാണെന്നു സാരം. സൃഷ്ടിയായ മനുഷ്യന്‍ പോലും അവന്‍ നിര്‍മിക്കാനുദ്ദേശിക്കുന്നതിനെപ്പറ്റി പ്ലാനും പദ്ധതിയും എസ്റ്റിമേറ്റും ആവശ്യമായ ഘടകങ്ങളും കണ്ടെത്താറുണ്ടെന്നിരിക്കെ, പ്രപഞ്ചനാഥനായ അല്ലാഹു അവന്റെ സൃഷ്ടികളെപ്പറ്റി എല്ലാ പൂര്‍ണ നിര്‍ണയങ്ങളും ഉള്ളവനാണെന്ന് അംഗീകരിക്കാനെന്താണ് പ്രയാസം?
ഇമാം റാഗിബ് ഗരീബില്‍ ഖുര്‍ആന്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ഖദ്‌റ് എന്നാല്‍ നിര്‍ണയം, നിര്‍ണയിക്കപ്പെട്ടത് എന്നെല്ലാമാണ്. സുംആനി(റ)യില്‍ നിന്ന് ഫത്ഹുല്‍ബാരിയില്‍ ഉദ്ധരിക്കുന്നു: ഖദ്വാഅ്, ഖദ്‌റ് എന്നിവയെപ്പറ്റിയുള്ള അറിവ് ഖുര്‍ആന്‍, സുന്നത്ത് എന്നതുമായി ബന്ധപ്പെട്ടതാണ്. അവ രണ്ടും മറ്റു വല്ലതിനോടും തുലനം ചെയ്യല്‍ കൊണ്ടാവില്ല. വല്ലവനും ഖുര്‍ആനും സുന്നത്തും മാറ്റിവെച്ച് ഖദ്വാഉം ഖദ്‌റും മനസ്സിലാക്കാനൊരുങ്ങിയാല്‍ അവന്‍ വഴികേടിലാവും. മാത്രമല്ല, അവന്‍ പരിഭ്രാന്തിയുടെ ആഴക്കടലില്‍ മുങ്ങിയവനെപ്പോലെയുമാകും.
സുംആനി(റ) പറഞ്ഞതു തന്നെയാണ് വാസ്തവം. ഖുര്‍ആനും സുന്നത്തും തന്നെയാണല്ലോ നമ്മുടെ പ്രമാണം. ഖദ്വാഅ്, ഖദ്‌റ് എന്നിവയെപ്പറ്റി ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അവതരിപ്പിക്കുന്ന വീക്ഷണങ്ങളേക്കാള്‍ പ്രാമുഖ്യം നല്‍കേണ്ടത് അല്ലാഹുവും റസൂലും പറഞ്ഞതിനു തന്നെയാണ്. അതല്ലാതെ സാധാരണക്കാരായ ചിലര്‍ മറ്റു ചിലരില്‍ നിന്ന് ഉദ്ധരിച്ചു പറയുന്നതിനല്ല. ശരിയും തെറ്റും സംഭവിക്കാന്‍ സാധ്യതയുള്ളതാണല്ലോ അത്.
ഖദ്‌റ് എന്നത് ഉച്ചാരണത്തിലും ആശയത്തിലും പരിശുദ്ധനായ റബ്ബിന്റെ കഴിവിന്മേലാണറിയിക്കുന്നത്. അവന്റെ നിര്‍ണയം, ബലിഷ്ഠത, ഭദ്രത എന്നിവയെല്ലാം അതിലുണ്ട്. അഥവാ നിദാം, ഇത്ഖാന്‍, ഇഹ്കാം (വ്യവസ്ഥാപിതമായി, ബലിഷ്ഠമായി, ഭദ്രമായി എന്നെല്ലാം) ഖുര്‍ആന്‍ സൂക്തങ്ങള്‍ പരിശോധിച്ചാല്‍ ഈ വിശദീകരണത്തെ ശരിവെക്കുന്നതായി കാണാം.
ഖദ്വാഅ് എന്നാല്‍ ഒരു കര്‍മം അവസാനിപ്പിച്ച് ഒഴിവായാല്‍ പറയുന്നതാണ്. ചുരുക്കത്തില്‍ ഖദാഅ്, ഖദ്‌റ് എന്നത് അല്ലാഹു ഈ പ്രപഞ്ചത്തിലെ സൃഷ്ടിജാലങ്ങളെ സംവിധാനിച്ചത് സുതാര്യതയോടെയും ബലിഷ്ഠതമായതായും ക്ലിപ്തമായുമാണെന്നാണര്‍ഥം. അതിലൊന്നും മാറ്റമോ വ്യത്യാസമോ സ്വീകാര്യമാവില്ല. മാറ്റം, വൈവിധ്യത, കുറവും പോരായ്മയും, വന്‍ധനവ് എന്നിവക്കൊന്നിനും അതില്‍ പ്രവേശനമില്ല. കാരണം, നിര്‍ണയമെല്ലാം പ്രപഞ്ചനാഥന്റേതാണ് എന്നതുകൊണ്ടുതന്നെ.
അല്ലാഹു പറയുന്നു: ‘ഓരോ വസ്തുവെയും അവന്‍ സൃഷ്ടിക്കുകയും അതിനെ അവന്‍ ശരിയാംവണ്ണം വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു’ (വി.ഖു 25:2). ‘ഓരോ സ്ത്രീയും ഗര്‍ഭം ധരിക്കുന്നതെന്തെന്ന് അല്ലാഹു അറിയുന്നു. ഗര്‍ഭാശയങ്ങള്‍ കുറവ് വരുത്തുന്നതും വര്‍ധനവുണ്ടാക്കുന്നതും അവനറിയുന്നു. ഏതൊരു കാര്യവും അവന്റെയടുക്കല്‍ ഒരു നിശ്ചിത തോതനുസരിച്ചാകുന്നു’ (വി.ഖു 13:8).
‘തീര്‍ച്ചയായും ഏത് വസ്തുവെയും നാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥ പ്രകാരമാകുന്നു’ (വി.ഖു 54:49). ‘ആകാശത്തു നിന്ന് നാം ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിഞ്ഞു’ (വി.ഖു 23:18). ‘അവന്‍ ഒരു കണക്കനുസരിച്ച് താന്‍ ഉദ്ദേശിക്കുന്നത് ഇറക്കിക്കൊടുക്കുന്നു” (വി.ഖു 42:27). ഖുര്‍ആന്‍ 77:21,22, 41:12 എന്നിവയും നോക്കുക.
ഈ വചനങ്ങളെല്ലാം തന്നെ അറിയിക്കുന്നത് അല്ലാഹു തന്റെ സൃഷ്ടി ജാലങ്ങളെ രൂപകല്‍പന ചെയ്തിട്ടുള്ളത് നിര്‍ണയവും നിശ്ചയവും ബലിഷ്ഠതയുമെല്ലാം ഉള്‍ക്കൊള്ളിച്ചാണ് എന്നാണ്. മനുഷ്യരില്‍ ചിലരെ നരകത്തിലാക്കും വിധം നേരത്തെ നരകാവകാശിയാക്കി, തെമ്മാടിയാക്കി സൃഷ്ടിച്ചതാണെന്നല്ല. ഒരു അധര്‍മകാരിക്കും അങ്ങനെ പറഞ്ഞു രക്ഷപ്പെടാനാവില്ല.
അല്ലാഹു ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുന്നതിനു മുമ്പുതന്നെ ഈ നിര്‍ണയങ്ങളെല്ലാം രേഖയാക്കിയിട്ടുണ്ടെന്ന് പറയുമ്പോഴും ഉദ്ദേശിക്കുന്നത് സൃഷ്ടികള്‍ക്കിടയില്‍ വളരെയേറെ ബലിഷ്ഠവും സുതാര്യതയും ഉറപ്പുവരുത്തി എന്നാണ്. കാര്യകാരണ ബന്ധങ്ങളും അവന്റെ നിര്‍ണയത്തില്‍ പെട്ടതാണ്. മേഘം, കാറ്റ്, മഴ എന്നിവയും അതിന്നാവശ്യമായ കാരണങ്ങളും അവന്റെ ഖദ്‌റ് കൊണ്ടുതന്നെയാണ്. കാര്യകാരണങ്ങളെയും അവയ്ക്ക് നിശ്ചയിച്ച ചര്യയെയും പ്രകൃതിയെയും അല്ലാഹുവിന് മാത്രമല്ലാതെ മാറ്റാനുമാവില്ല.
അല്ലാഹു പേന സൃഷ്ടിച്ചു എന്നും പേനയോട് എഴുതാന്‍ കല്‍പിച്ചു എന്നും അങ്ങനെ ലോകാവസാനം വരെ ഇവിടെ ഉണ്ടാവേണ്ടതെല്ലാം എഴുതി രേഖയാക്കി എന്നും പറയുമ്പോഴും അതിനെ നമ്മുടെ പേനയോടും എഴുത്തിനോടും തുലനപ്പെടുത്താവതല്ല. മറിച്ച്, അദൃശ്യലോകത്ത് എല്ലാം മുന്‍കൂട്ടി വ്യവസ്ഥാപിതമായി നിര്‍ണയിച്ച് ബലിഷ്ഠമാക്കി സുതാര്യമാക്കിയെന്ന് തന്നെയാണ്. വി.ഖു 9:51, 57:20, 6:59, 20:115, 42:30 വചനങ്ങളും അല്ലാഹു രേഖയാക്കിയ കാര്യം തന്നെയാണ് വിശദീകരിക്കുന്നത്. അതെല്ലാം അല്ലാഹു സ്രഷ്ടാവ് എന്ന നിലക്കുള്ള അവന്റെ മുന്‍കടന്ന അറിവിനെയും കഴിവിനെയും ഉള്‍ക്കൊള്ളുന്നു.
അല്ലാഹു എല്ലാം അറിയുന്നവനും എല്ലാറ്റിനും കഴിവുള്ളവനും ഉദ്ദേശിച്ചതെന്തും നടപ്പാക്കുന്നവനും ജഗന്നിയന്താവും കരുണാവാരിധിയും കാര്യകാരണ ബന്ധങ്ങള്‍ നിര്‍ണയിച്ചവനുമെല്ലാമാണ്. അവന്റെ തീരുമാനമാണ് മനുഷ്യന്‍, മാലാഖ, പിശാച്, പക്ഷി പറവകള്‍, കാറ്റ്, ഇടി, മിന്നല്‍, മഴ, സമുദ്രങ്ങള്‍, പുഴകള്‍, പൂന്തോട്ടങ്ങള്‍, സൃഷ്ടിജാലങ്ങള്‍, സ്ത്രീ പുരുഷന്മാര്‍ എന്നുവേണ്ട എല്ലാം തന്നെ. അവനാണ് മണ്ണില്‍ നിന്ന് മാനവനെ രൂപ്പെടുത്തിയത്. ജിന്നിനെയും പിശാചിനെയും അഗ്നിയില്‍ നിന്നും മാലാഖമാരെ പ്രകാശത്താലും ശരിപ്പെടുത്തിയതും അവന്‍ തന്നെ. എന്നെ മണ്ണുകൊണ്ടോ അഗ്നികൊണ്ടോ ഉണ്ടാക്കാമായിരുന്നില്ലേ എന്ന് മലക്കുകളോ എന്നെ മണ്ണുകൊണ്ടോ പ്രകാശം കൊണ്ടോ സൃഷ്ടിക്കാമായിരുന്നില്ലേ എന്ന് പിശാചോ അല്ലാഹുവോട് തിരിച്ചുചോദിച്ചിട്ടില്ല. ആനയെ സസ്യഭുക്കും സിംഹത്തെയും പുലിയെയും മാംസഭുക്കും സര്‍പ്പത്തെ മാളങ്ങളില്‍ വസിക്കുന്നതും മാനിനെയും മുയലിനെയും സിംഹത്തിന്റെ ഭക്ഷണവുമെല്ലാം ആക്കി നിശ്ചയിച്ചതില്‍ അവക്കൊന്നും ആവലാതിയുണ്ടായിട്ടില്ല. എന്നാല്‍ മനുഷ്യന്‍ പലപ്പോഴും ചോദ്യം ചെയ്യുന്നവനാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഖദാഅ്, ഖദ്‌റും അവര്‍ തര്‍ക്ക വിഷയമാക്കുകയാണ്. അല്ലാഹുവിന്റെ നിശ്ചയങ്ങളെ സര്‍വാത്മനാ സമ്മതിക്കാന്‍ മനുഷ്യര്‍ക്കാകുന്നില്ല. അവനെ മണ്ണില്‍ നിന്നു നാഥന്‍ സൃഷ്ടിച്ചു. കേള്‍വിയും കാഴ്ചയും ഹൃദയവും നല്‍കി. തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യവും സംസാരവൈഭവവും വിശേഷബുദ്ധിയും അറിവും വിവേകവും പ്രദാനം ചെയ്തു. സര്‍വോപരി സന്മാര്‍ഗവും സത്യാസത്യ വിവേചനവും നല്‍കി. എന്നാലും മനുഷ്യരല്ലാത്ത സൃഷ്ടികളൊന്നും റബ്ബിന്റെ നിശ്ചയത്തെ പഴിക്കുകയോ ചോദ്യം ചെയ്യുകയോ ഉണ്ടായിട്ടില്ല. ഇവിടെയും മുന്നില്‍ മനുഷ്യന്‍ തന്നെ.
അല്ലാഹു മനുഷ്യരോട് കല്പനകളും നിരോധങ്ങളും അറിയിച്ചു. യുദ്ധങ്ങള്‍, സംഹാരങ്ങള്‍, രക്തച്ചൊരിച്ചിലുകള്‍, കൊള്ള, തട്ടിപ്പറി, മാനഹാനി വരുത്തല്‍, വ്യഭിചാരം, ചൂതാട്ടം, പലിശ, കൊലപാതകങ്ങള്‍, മന്ത്രം, ജപം, ഹോമം, അക്കക്കളങ്ങള്‍, മാട്ട്, മാരണം, കൂടോത്രം, അപവാദം, ആത്മഹത്യ, പരിഹാസം, ഏഷണി, പരദൂഷണം, അസൂയ, മോഷണം, മദ്യപാനം എന്നിവയൊന്നും ചെയ്യരുതെന്നറിയിച്ചു. ഇതൊക്കെ ചെയ്താലുണ്ടാകുന്ന പര്യവസാനം എന്താകുമെന്നും ബോധ്യപ്പെടുത്തി. എന്നിട്ടും ഇതെല്ലാം ധിക്കാരപൂര്‍വം ചെയ്യുന്ന മനുഷ്യന്‍, എന്നെ ഇങ്ങനെയൊക്കെ ജീവിക്കാന്‍ അല്ലാഹു വിധിച്ചു വെച്ചതുകൊണ്ടാണ് ഞാനിങ്ങനെയായത് എന്ന് പറയുന്നവനായിട്ടാണ് നാം കാണുന്നത്. മേല്‍ ചൂണ്ടിക്കാണിച്ച തിന്മകള്‍ മനുഷ്യന്‍ സ്വയം ചെയ്തിട്ടും അല്ലാഹു അവനെ ഇതെല്ലാം ചെയ്യിച്ചതാണെന്നാണ് ന്യായം ഉന്നയിക്കുന്നത്. എന്നാല്‍ നന്മയും തിന്മയും മനുഷ്യനാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ പ്രവര്‍ത്തിക്കുന്നതിനനുസരിച്ച് അല്ലാഹു വഴിനടത്തുകയാണ് ചെയ്യുക. (വി.ഖു 99:7,8, 101:69, 91:810, 92:510) വചനങ്ങള്‍ നോക്കുക. മനുഷ്യനെ നിര്‍ബന്ധപൂര്‍വം തിന്മകള്‍ ചെയ്യിക്കുകയും ശേഷം ഭയാനകമായ നരകത്തില്‍ വലിച്ചെറിയുകയും ചെയ്യുന്നവനല്ല പരമകാരുണികനായ അല്ലാഹു.
ഇതിനോടനുബന്ധമായി വിശുദ്ധ ഖുര്‍ആനിലെ (വി.ഖു 3:165, 19:121, 7:23, 41:46, 9:105, 35:39, 6:122, 2:257, 6:104, 34:21, 82:13,14, 67:10) വചനങ്ങളും കൂട്ടിച്ചേര്‍ത്ത് മനസ്സിലാക്കാവുന്നതാണ്. അല്ലാഹുവിന്റെ വിധിയിലും നിശ്ചയത്തിലും ഖുര്‍ആനിന്റെയും സ്ഥിരപ്പെട്ട സുന്നത്തിന്റെയും വെളിച്ചത്തില്‍ നേരെ ചൊവ്വെ ചിന്തിക്കുന്നവര്‍ക്ക് യാതൊരു മാര്‍ഗഭ്രംശവും സംഭവിക്കുകയില്ല. മറിച്ച്, വ്യാഖ്യാനങ്ങളിലൂടെ ശുഷ്‌ക്കമായ ബുദ്ധികൊണ്ട് ചിന്തിക്കുന്നവര്‍ ലക്ഷ്യസ്ഥാനത്തെത്തുകയുമില്ല.
ഖദാഇലും ഖദ്‌റിലും അഹ്‌ലുസ്സുന്നയുടെ നിലപാട് അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാണെന്നും അവനുദ്ദേശിച്ചതെല്ലാം ഉണ്ടാകുമെന്നും അവനുദ്ദേശിക്കാത്തത് ഉണ്ടാവില്ലെന്നും അടിയുറച്ച് വിശ്വസിക്കുകയെന്നതാണ്. ഈ വിശ്വാസം നിര്‍ബന്ധമായ ഈമാനിന്റെ ഭാഗമാണ്. അതിന്റെ അര്‍ഥം മനുഷ്യരുടെ മേല്‍ ചിലതെല്ലാം അടിച്ചേല്‍പിച്ചതാണെന്നുമല്ല. ഉദാഹരണമായി സൗഭാഗ്യം നിര്‍ഭാഗ്യം സ്വര്‍ഗാവകാശി നരകാവകാശി പോലെയുള്ളവ. അല്ലാഹുവിന്റെ നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയുള്ളതാണ്.
അല്ലാഹുവിന്റെ നിശ്ചയങ്ങളെല്ലാം തന്നെ കാര്യകാരണങ്ങളുടെ അടിസ്ഥാനത്തിലുള്ളതുമാണ്. പ്രാര്‍ഥന, ദാനധര്‍മം, മരുന്നുകള്‍, ജാഗ്രതയും സൂക്ഷ്മതയും കൈവരിക്കല്‍ എന്നിവയിലൂടെ ചില പ്രതിരോധവും നടന്നേക്കാം. മനുഷ്യര്‍ക്കുണ്ടാകുന്ന അശക്തതയും ബലഹീനതയും പോലും ഖദാഇലും ഖദ്‌റിലും പെട്ടതാണ്. അതുകൊണ്ടാണ് ചില പ്രധാന ദുആകളില്‍ നീ വിധിച്ചതിലെ ഉപദ്രവകരമായതിനെ ഞങ്ങളില്‍ നിന്ന് തട്ടിയകറ്റേണമേ എന്ന് പ്രാര്‍ഥിക്കുന്നത്. ഖദാഉം ഖദ്‌റും പ്രാര്‍ഥന കൊണ്ടല്ലാതെ മാറ്റം സംഭവിക്കുകയില്ലെന്നും ഗര്‍ഭാവസ്ഥ ശിശുവിന്റെയടുക്കല്‍ മാലാഖ വന്ന് അവന്റെ ഭാഗ്യനിര്‍ഭാഗ്യവും അവന്റെ അവധിയും രേഖയാക്കിയത് അറിയിക്കുമെന്നും ഹദീസില്‍ വന്നിട്ടുള്ളത് ഒരിക്കലും മാറ്റംവരാത്ത ഖണ്ഡിത തീരുമാനമാണെന്ന് പറയാവതല്ലെന്നും ഖുര്‍ആന്‍ കൊണ്ടും ഹദീസുകൊണ്ടും വ്യക്തമായതാണ് (വി.ഖു 13:39)
ആയതിനാല്‍ അല്ലാഹു ആരുടെ മേലും അടിച്ചേല്‍പ്പിക്കുന്ന ഒന്നും നിയമമാക്കിയിട്ടില്ല. പ്രവാചകന്മാരാണെങ്കില്‍ അല്ലാഹുവിന്റെ നിശ്ചയങ്ങളെ ബോധ്യപ്പെടുത്തുക മാത്രമാണ് ചെയ്തത്. വിശുദ്ധ ഖുര്‍ആനിലെ 16:35,36, 35:39, 42;7, 4:79 എന്നീ വചനങ്ങളെല്ലാം ഈ വസ്തുത തന്നെയാണ് അറിയിച്ചത്. ചുരുക്കത്തില്‍, അല്ലാഹുവോട് ധിക്കാരം കാണിക്കുന്നവനും നന്മയായ സദ്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കാത്തവനും തിന്മകള്‍ ചെയ്തുകൂട്ടുന്നവനും ഒഴിഞ്ഞുമാറാനുള്ള വഴിയല്ല ഖദ്‌റ് എന്നത്. കാര്യകാരണബന്ധങ്ങള്‍ നിര്‍ണയിച്ചവന്‍ അല്ലാഹുവാണെന്ന് വിശ്വാസി ഉറപ്പാക്കേണ്ടതുണ്ട്. ”അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ സല്‍ഫലം അവരവര്‍ക്കുതന്നെ. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ ദുഷ്ഫലവും അവരവരുടെ മേല്‍ തന്നെ” (വി.ഖു 2:286) ഇതാണ് ഖുര്‍ആന്‍ ഖണ്ഡിതമായി പ്രഖ്യാപിക്കുന്നത്.

Back to Top