ഖജനാവിന് കാവല്‍ക്കാര്‍ വേണ്ടതില്ലാത്ത ഭരണക്രമം
പ്രഫ. ജി എ മുഹമ്മദ് കുഞ്ഞ്
അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ)യുടെ വിയോഗാനന്തരം നേതൃത്വത്തിന്റെ കടമയും റോളും സച്ചരിതരായ ഖലീഫമാരില്‍ അര്‍പ്പിതമായി. ഖലീഫമാരായ അബൂബക്കര്‍ സിദ്ദീഖ്(റ), ഉമറുബ്‌നുല്‍ഖത്താബ്(റ), ഉസ്മാനുബ്‌നു അഫ്ഫാന്‍(റ), അലിയ്യുബ്‌നു അബീത്വാലിബ്(റ) എന്നിവരുടെ ജീവിതം നമുക്ക് മാതൃകയാണ്.
പ്രവാചക വിയോഗത്തിനു ശേഷം അബൂബക്കര്‍(റ) ലേക്കാണ് നേതൃത്വം വന്നു ചേര്‍ന്നത്. സ്ഥാനമേറ്റെടുത്ത് അദ്ദേഹം ഒരു പ്രഭാഷണം നടത്തി: ”അല്ലയോ ജനങ്ങളേ, ഞാന്‍ നിങ്ങളുടെ മേല്‍ നിയമിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഞാന്‍ നിങ്ങളില്‍ വെച്ച് ഏറ്റവും ഉത്തമനല്ല. ഞാന്‍ നല്ലതു ചെയ്താല്‍ എന്നെ പിന്തുണയ്ക്കുക. ഞാന്‍ തെറ്റു ചെയ്താല്‍ എന്നെ തിരുത്തുക. സത്യസന്ധത എന്നാല്‍ ആത്മാര്‍ഥതയും അസത്യം ഒരു വഞ്ചനയുമാണ്. നിങ്ങളില്‍ ദുര്‍ബലന്‍ എന്റെ കണ്ണില്‍ ശക്തനാണ്. അയാളുടെ അവകാശം ഞാന്‍ നല്‍കുന്നതുവരെ – അല്ലാഹു അനുഗ്രഹിച്ചാല്‍. നിങ്ങളിലെ ശക്തന്‍ എന്റെ കണ്ണില്‍ ദുര്‍ബലനാണ്. എന്താണോ അയാളില്‍ നിന്ന് അര്‍ഹതപ്പെട്ടത്, അത് ഞാന്‍ എടുക്കുന്നതുവരെ. അല്ലാഹു അുഗ്രഹിച്ചാല്‍. ജനങ്ങള്‍ അല്ലാഹുവിനു വേണ്ടിയുള്ള ജിഹാദിനെ അവഗണിച്ചാല്‍ അവന്‍ അവരെ അപമാനിക്കും. അധാര്‍മികത ജനങ്ങളില്‍ വ്യാപിച്ചാല്‍ അല്ലാഹു അവരിലെല്ലാവര്‍ക്കും ശിക്ഷ ഇറക്കും. ഞാന്‍ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്ന കാലത്തോളം നിങ്ങളെന്നെ പിന്തുണയ്ക്കുക. ഞാന്‍ അല്ലാഹുവിനോടും റസൂലിനോടും അനുസരണക്കേടു കാട്ടിയാല്‍ നിങ്ങള്‍ക്കെന്നെ പിന്തുണയ്‌ക്കേണ്ട ചുമതലയില്ല. എഴുന്നേല്‍ക്കൂ, പ്രാര്‍ഥിക്കൂ. അല്ലാഹു നിങ്ങളില്‍ കരുണ വര്‍ഷിക്കട്ടെ”.
അബ്ദുറഹ്മാനിബ്‌നു ശുമാസ പറയുന്നു: ‘ആയിശ(റ)യുടെ അടുത്തേക്ക് ഞാന്‍ പോയി. അവര്‍ ചോദിച്ചു: നിങ്ങള്‍ എവിടെ നിന്നുവരുന്നു. ഞാന്‍ പറഞ്ഞു: ഈജിപ്തില്‍ നിന്ന്. അവര്‍ ചോദിച്ചു: നിങ്ങളുടെ കമാണ്ടര്‍ ഈ യുദ്ധത്തില്‍ എങ്ങനെയായിരുന്നു? അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ എന്തെങ്കിലും ദോഷം അദ്ദേഹത്തില്‍ നിന്ന് അനുഭവിക്കുന്നില്ല. ഒരാളുടെ ഒട്ടകം ചത്താല്‍ അയാള്‍ക്ക് അദ്ദേഹം ഒരു ഒട്ടകം നല്‍കും. അയാളുടെ അടിമ മരിച്ചാല്‍ അദ്ദേഹം അയാള്‍ക്ക് ഒരടിമയെ നല്‍കും. അയാള്‍ക്ക് എന്തെങ്കിലും അടിസ്ഥാനാവശ്യങ്ങളുണ്ടെങ്കില്‍ അദ്ദേഹം അതും തരും. ആഇശ(റ) പറഞ്ഞു: അല്ലാഹുവിന്റെ റസൂല്‍(സ) ഈ വീട്ടില്‍ വച്ചു പറയുന്നത് ഞാന്‍ കേട്ടു. അല്ലാഹുവേ, എന്റെ ഉമ്മത്തില്‍ ഒരാള്‍ക്ക് അധികാരം കിട്ടുകയും അവരോട് കര്‍ക്കശനാവുകയും ചെയ്താല്‍ നീ അയാളോട് കര്‍ക്കശനാകേണമേ. എന്റെ ഉമ്മത്തില്‍ ഒരാള്‍ക്ക് എന്തെങ്കിലും അധികാരം കിട്ടിയിട്ട് അവരോട് ദയാലുവാണെങ്കില്‍ അയാളോട് നീ ദയാലുവാകേണമേ. റസൂലിന്റെ സഖാക്കളെ മുഹമ്മദ് നബി(സ) സംസ്‌കരിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു, താത്വികമായും പ്രായോഗികമായും.
അബൂബക്കര്‍ സിദ്ദീഖ്(റ) അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പ്രായോഗികതക്കനുസരിച്ച് ജീവിച്ചു. അദ്ദേഹത്തിന്റെത് ഫലശൂന്യമായ വാക്കുകളായിരുന്നില്ല. നേതൃത്വത്തിന്റെ ഉന്നത ശ്രേണിയില്‍ എത്തുന്നതിനു മുന്‍പും പിമ്പും അദ്ദേഹം സമുദായത്തിന്റെ സേവനത്തിലുണ്ടായിരുന്നു. ഖലീഫയാകുന്നതിന് മുന്‍പ് വൃദ്ധര്‍, അനാഥര്‍, ദുര്‍ബലര്‍ തുടങ്ങിയവരുടെ വീടുകള്‍ സന്ദര്‍ശിക്കുകയും തനിക്കു കഴിയാവുന്ന സേവനങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്തിരുന്നു. അദ്ദേഹം അവരുടെ ആടുകളുടെ പാല്‍ കറന്നുകൊടുക്കും, തറ വൃത്തിയാക്കും, ഭക്ഷണം വേവിച്ചുകൊടുക്കും. ഏറ്റവും കരുണയുള്ള, ദയാലുവായ അല്ലാഹുവിന്റെ ദൂതന്റെ സഖാവായി അദ്ദേഹം അറിയപ്പെട്ടു. അല്ലാഹുവിന്റെ റസൂല്‍(സ) ഇതിന് സാക്ഷിയായിരുന്നു.
അനസുബ്‌നു മാലിക്(റ) പറയുന്നു: നബി(സ) പറഞ്ഞു: എന്റെ ഉമ്മത്തിലെ, ഉമ്മത്തിനോട് ഏറ്റവും കരുണയുള്ള ആള്‍ അബൂബക്കറാണ്. അല്ലാഹുവിന്റെ കല്‍പന സംബന്ധിച്ച് ഏറ്റവും ഗൗരവമുള്ളയാള്‍ ഉമര്‍(റ) ആണ്. ഏറ്റവും മര്യാദയുള്ള ആള്‍ ഉസ്മാനുബ്‌നു അഫ്ഫാന്‍(റ) ആണ്. അനുവദനീയവും അല്ലാത്തതും സംബന്ധിച്ച് അറിവുള്ളയാള്‍ മുആദുബ്‌നു ജബല്‍(റ) ആണ്. അനന്തരാവകാശത്തെ സംബന്ധിച്ച് അറിവുള്ളയാള്‍ സൈദുബ്‌നു സാബിത് ആണ്. ഏറ്റവും മികച്ച ഖുര്‍ആന്‍ പാരായണക്കാരന്‍ ഉബയ്യുബ്‌നു കഅ്ബാണ്. എല്ലാ സമുദായത്തിനും ഒരു വിശ്വസ്തനുണ്ട്. ഈ ഉമ്മത്തിന്റെ വിശ്വസ്തനായ ആള്‍ ഉബയ്ദുബ്‌നു ജര്‍റാഹ് ആണ്. (തിര്‍മിദി)
അബൂസഈദ് റിപ്പോര്‍ട്ട് ചെയ്യുന്നു: നബി(സ) പറഞ്ഞു: ധനം കൊണ്ടും സൗഹൃദംകൊണ്ടും ജനങ്ങളിലെ ഏറ്റവും ഉദാരന്‍ അബൂബക്കര്‍ ആണ്. ഞാന്‍ ഒരു ഖലീലിനെ (അടുത്ത സുഹൃത്ത്) എടുക്കേണ്ടിവന്നാല്‍ അബൂബക്കറിനെ തെരഞ്ഞെടുക്കും. പക്ഷേ അദ്ദേഹം എന്റെ സഹോദരനും സഖാവുമാണ്. ഏറ്റവും മഹോന്നതനും സ്തുതിക്കപ്പെട്ടവനുമായ അല്ലാഹു നിങ്ങളുടെ സഖാവിനെ (നബിയുടെ) ഖലീലായി തെരഞ്ഞെടുത്തിരിക്കുന്നു. (മുസ്‌ലിം)
നബി(സ)യുടെ മരണാനന്തരം അബൂബക്കറിന്റെ(റ) സൗമ്യമായ പരിചരണവും സേവനവും നഷ്ടപ്പെട്ടോ എന്ന് ചിലര്‍ ഭയപ്പെട്ടു. ഒരു വിധവ പറയുന്നത് കേട്ടു: ഇന്ന് നമ്മുടെ ആടിനെ കറക്കാന്‍ പറ്റില്ല. അബൂബക്കര്‍(റ) പറഞ്ഞു: എന്റെ ജീവിതം തന്നെയാണ്, ഞാന്‍ നിങ്ങള്‍ക്കുവേണ്ടി കറക്കാം. ഉടനെ അദ്ദേഹം വിധവയുടെ വീട്ടിലേക്ക് പോവുകയും വാതിലില്‍ മുട്ടുകയും ചെയ്തു. ഒരു കുഞ്ഞുപെണ്‍കുട്ടി വാതില്‍ തുറന്നു. അവള്‍ അദ്ദേഹത്തെ കണ്ടയുടനെ ശബ്ദമുയര്‍ത്തി: ഉമ്മാ ആടിന്റെ കറവക്കാരന്‍ ഇതാ.
ഈ സംഭവത്തിന്റെ മറ്റൊരു വിവരണം: ഖലീഫയാകുന്നതിനു മുന്‍പ് അദ്ദേഹത്തിന്റെ അയല്‍പക്കത്തെ ആളുകള്‍ക്കുവേണ്ടി ആടിനെ കറക്കുമായിരുന്നു. ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അയല്‍പക്കത്തെ ഒരു കൊച്ചു പെണ്‍കുട്ടി പറഞ്ഞു: ഇപ്പോള്‍ നമ്മുടെ വീട്ടിലെ ആടിനെ കറക്കാന്‍ ഒരാളുമില്ല. അബൂബക്കര്‍(റ) അവള്‍ പറയുന്നത് കേട്ടു. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കുവേണ്ടി അവയെ കറന്നുതരാം. ഈ സ്ഥാനം കിട്ടുന്നതിനു മുന്‍പ് ഞാന്‍ ചെയ്തിരുന്ന ഒരു കാര്യത്തിനും മാറ്റമുണ്ടാവുകയില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അദ്ദേഹം അവരുടെ ആടുകളെ കറക്കുന്നത് തുടര്‍ന്നു. അവര്‍ ആടുകളെ കൊണ്ടുവരുമ്പോള്‍ അദ്ദേഹം ചോദിക്കും: മുകളില്‍ നേര്‍പ്പിക്കണോ അതോ കട്ടിയാക്കണമോ? അവര്‍ക്ക് മുകളില്‍ കുമിളകള്‍ വേണമെങ്കില്‍ അദ്ദേഹം വെസ്സല്‍ അകിടില്‍ നിന്നും അകലെ പിടിക്കും. അങ്ങനെ പാല്‍ നേര്‍ത്തുവരും. അവര്‍ക്ക് കട്ടിയായിട്ടാണ് വേണ്ടതെങ്കില്‍ അദ്ദേഹം വെസ്സല്‍ അടുപ്പിച്ചു കൊണ്ടുവരും. അപ്പോള്‍ മുകളില്‍ കുമിളകള്‍ ഉണ്ടാവുകയില്ല. അദ്ദേഹം മദീനയില്‍ പോകുന്നതുവരെ ആറു മാസം അസ്സുല്‍ഹില്‍ തുടര്‍ച്ചയായി അത് ചെയ്തിരുന്നു.
അബൂബക്കര്‍ സിദ്ദീഖിന്റെ(റ) ഖിലാഫത്ത് കാലത്ത് സമത്വത്തിന്റെ തത്വം രാജ്യത്തിന്റെ സമ്പത്ത് വിതരണം ചെയ്യുന്നതുവരെ ദീര്‍ഘിച്ചിരുന്നു. ഇസ്‌ലാമിനുവേണ്ടി വലിയ ത്യാഗം ചെയ്തവര്‍ക്ക് സമ്പത്തിന്റെ വലിയ പങ്ക് ലഭിക്കണമെന്ന് ചില അനുചരര്‍ക്കു തോന്നി. തുടക്കത്തില്‍ അബൂബക്കര്‍(റ) താമസിച്ചിരുന്ന അസ്സുല്‍ഹ് പ്രവിശ്യയിലാണ് മുസ്‌ലിം ട്രഷറി സ്ഥിതി ചെയ്തിരുന്നത്. ട്രഷറിക്ക് കാവല്‍ക്കാരില്ലായിരുന്നു. രാജ്യത്തിന്റെ സമ്പത്ത് സൂക്ഷിക്കുന്ന ട്രഷറിക്ക് കാവല്‍ക്കാരെ നിയമിച്ചുകൂടേ എന്ന് ചിലര്‍ അബൂബക്കറിനോട്(റ) ചോദിച്ചു. അദ്ദേഹം പറഞ്ഞു: ഒന്നും ഭയപ്പെടാനില്ല, രാജ്യത്തിന്റെ ധനം സുരക്ഷിതമാണ്. അദ്ദേഹം ഇത് പറഞ്ഞത് ട്രഷറി എപ്പോഴും ശൂന്യമായതുകൊണ്ടാണ്. മുസ്‌ലിംകള്‍ ദുരിതപൂര്‍ണമായ സാമ്പത്തിക ക്ലേശത്തിലായതുകൊണ്ടല്ല ഇങ്ങനെ സംഭവിച്ചത്. ധനം ട്രഷറിയില്‍ എത്തുമ്പോള്‍ തന്നെ അദ്ദേഹം അത് പാവങ്ങള്‍ക്കും ആവശ്യക്കാര്‍ക്കുമായി വീതിച്ചുകൊടുത്തിരുന്നു. ദീര്‍ഘിച്ച കാലയളവിലേക്ക് പണം സ്വരൂപിച്ചുവെക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. പകരം അത് ജനങ്ങളുടെ ആവശ്യം നിറവേറ്റാന്‍ ഉപയോഗിച്ചു.
അബൂബക്കര്‍(റ) മദീനയിലേക്ക് പോയപ്പോള്‍ ട്രഷറിയും അദ്ദേഹത്തോടൊപ്പം ചലിച്ചു. അദ്ദേഹം താമസിച്ചിരുന്ന വീടിന്റെ ഭാഗമായിരുന്നു ഖജനാവ്. സ്വതന്ത്രന്മാര്‍ക്കും അടിമകള്‍ക്കും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വൃദ്ധന്മാര്‍ക്കും അങ്ങനെ എല്ലാവര്‍ക്കും രാജ്യത്തിന്റെ ധനത്തിന്റെ തുല്യപങ്ക് ലഭിച്ചു. ആഇശ(റ) പറഞ്ഞു: ആദ്യത്തെ വര്‍ഷം ഓരോ സ്വതന്ത്ര മനുഷ്യനും 10 വീതവും ഓരോ അടിമക്ക് 10 വീതവും ഓരോ സ്വതന്ത്ര സ്ത്രീക്ക് 10 വീതവും ഓരോ അടിമസ്ത്രീക്ക് 10 വീതവും നല്‍കി. രണ്ടാമത്തെ വര്‍ഷം ഓരോരുത്തര്‍ക്കും 20 വീതവും അദ്ദേഹം നല്‍കി.
അബൂബക്കറിന്റെ(റ) രണ്ടുവര്‍ഷവും മൂന്നുമാസത്തിന്റെയും ഖിലാഫത്തില്‍ അസാമാന്യമായ നല്ല നേതൃത്വത്തിന്റെ സംഭവങ്ങള്‍ നിറഞ്ഞതായിരുന്നു. ഒട്ടകങ്ങള്‍, കുതിരകള്‍, യുദ്ധത്തിനായുള്ള ആയുധങ്ങള്‍ തുടങ്ങിയവയൊക്കെ വാങ്ങാന്‍ ഖജനാവിന്റെ ഒരു പങ്ക് ചിലവഴിച്ചു. ഒരു പ്രത്യേക വര്‍ഷത്തില്‍ കഠിനമായ തണുത്ത കാലാവസ്ഥയില്‍ വലിയ തോതില്‍ വെല്‍വെറ്റ് വാങ്ങി മദീനയിലെ വിധവകള്‍ക്ക് വിതരണം ചെയ്തു. അദ്ദേഹത്തിന്റെ രണ്ടു വര്‍ഷത്തെ ഖിലാഫത്തില്‍ ഏതാണ്ട് ഇരുനൂറ് ആയിരം ദീനാറോ ദിര്‍ഹമോ മുസ്‌ലിം ഖജനാവില്‍ ശേഖരിക്കുകയും മുഴുവനും ധര്‍മകാര്യങ്ങള്‍ക്ക് ചെലവഴിക്കുകയും ചെയ്തു.