മലപ്പുറം ഈസ്റ്റ് ജില്ലയില്‍ മാനവിക സന്ദേശയാത്ര സമാപിച്ചു
കൊണ്ടോട്ടി: ‘വിശ്വമാനവികതയ്ക്ക് വേദവെളിച്ചം’ സന്ദേശവുമായി ഫെബ്രു. 15,16,17,18 തീയതികളില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി മലപ്പുറം ഈസ്റ്റ് ജില്ലാ സ്വാഗതസംഘം സംഘടിപ്പിച്ച മാനവിക സന്ദേശയാത്രക്ക് കൊണ്ടോട്ടിയില്‍ പ്രൗഢമായ സമാപനം. എടക്കരയില്‍ നിന്നാരംഭിച്ച സന്ദേശയാത്ര 33 ദിനങ്ങളിലായി ജില്ലയിലെ മുക്കുമൂലകളിലൂടെ പ്രയാണം നടത്തി പതിനായിരങ്ങള്‍ക്ക് സന്ദേശം കൈമാറിയാണ് സമാപിച്ചത്.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറി കെ അബ്ദുല്‍അസീസ് മാസ്റ്ററുടെ നേതൃത്വത്തിലുള്ള സന്ദേശയാത്രയെ സമാപന ദിവസം ഐക്കരപ്പടിയില്‍ സ്വീകരിച്ച് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ പ്രവര്‍ത്തകര്‍ കൊണ്ടോട്ടിലേക്ക് ആനയിച്ചു. സമാപന സമ്മേളനം അഡ്വ. എന്‍ ശംസുദ്ദീന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. മുജാഹിദ് സമ്മേളനം ഉയര്‍ത്തിപ്പിടിക്കുന്ന മാനവികതാ സന്ദേശം ഇക്കാലത്ത് ഏറെ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യര്‍ തമ്മില്‍ സൗഹൃദവും സഹവര്‍ത്തിത്വവും നിലനിന്നെങ്കില്‍ മാത്രമേ നാട്ടില്‍ പുരോഗതിയും സമാധാനവും സാധ്യമാകൂ. വിശ്വാസികളെ പരസ്പരം തമ്മിലടിപ്പിക്കാനല്ല സ്‌നേഹിക്കാനും പങ്കുവെക്കാനുമാണ് മതനേതൃത്വങ്ങള്‍ പഠിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ജാഥ സഹ കോര്‍ഡിനേറ്റര്‍ വി ടി ഹംസ അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി ടി കെ ഹംസ, കെ പി സി സി സെക്രട്ടറി കെ പി നൗഷാദലി, കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍, റാഫി പേരാമ്പ്ര, കെ അബ്ദുല്‍അസീസ്, കെ എം ഹുസൈന്‍ പ്രസംഗിച്ചു. സന്ദേശ യാത്രക്ക് എം കെ ബഷീര്‍, എ നൂറുദ്ദീന്‍, മുഹമ്മദലി ചുണ്ടക്കാടന്‍, ശാക്കിര്‍ബാബു കുനിയില്‍, ശംസുദ്ദീന്‍ അയനിക്കോട്, എം പി അബ്ദുല്‍കരീം സുല്ലമി, അബ്ദുല്‍ജലീല്‍ മോങ്ങം, ജൗഹര്‍ അയനിക്കോട് നേതൃത്വം നല്കി.