3 Thursday
July 2025
2025 July 3
1447 Mouharrem 7

യമനില്‍ അമേരിക്ക-ബ്രിട്ടന്‍ സംയുക്ത ആക്രമണം കനത്ത പ്രത്യാഘാതം ഉണ്ടാകുമെന്ന് ഹൂതികള്‍


ചെങ്കടലില്‍ ചരക്കുകപ്പലുകള്‍ക്കുനേരെ നടത്തുന്ന ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും നേതൃത്വത്തില്‍ കനത്ത ആക്രമണം. ഹൂതികളുടെ കമാന്‍ഡ് സെന്ററുകള്‍, ആയുധ ഡിപ്പോകള്‍, വ്യോമപ്രതിരോധ സംവിധാനം തുടങ്ങിയ 16 കേന്ദ്രങ്ങളില്‍ കരമാര്‍ഗവും കടല്‍മാര്‍ഗവും നടത്തിയ ആക്രമണത്തില്‍ അഞ്ച് ഹൂതി വിമതര്‍ കൊല്ലപ്പെടുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും പങ്കെടുത്ത ആക്രമണത്തില്‍ അന്തര്‍വാഹിനികളില്‍നിന്ന് ടോമഹോക് മിസൈലുകളും വര്‍ഷിച്ചു. സ്വന്തം സൈനികരെയും അന്താരാഷ്ട്ര ചരക്കുനീക്കവും സംരക്ഷിക്കുന്നതിന് കൂടുതല്‍ ആക്രമണത്തിന് മടിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. സ്വതന്ത്രമായ അന്താരാഷ്ട്ര ചരക്കുനീക്കത്തിന് നടപടി സഹായമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വയംപ്രതിരോധത്തിനുള്ള പരിമിതവും അനിവാര്യവുമായ ആക്രമണമാണ് നടത്തിയതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.
നെതര്‍ലന്‍ഡ്‌സ്, ആസ്‌ട്രേലിയ, കാനഡ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളും ആക്രമണത്തിന് സഹായം നല്‍കിയതായി ജോ ബൈഡന്‍ പറഞ്ഞു. അതേസമയം, ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് ഹൂതികള്‍ മുന്നറിയിപ്പ് നല്‍കി. 73 ആക്രമണങ്ങളാണ് ഉണ്ടായതെന്ന് ഹൂതി സൈനിക വക്താവ് യഹ്‌യ സരീ പറഞ്ഞു.

Back to Top