21 Thursday
November 2024
2024 November 21
1446 Joumada I 19

രോഗികളും കൂട്ടിരിപ്പുകാരും പരിചരണമര്‍ഹിക്കുന്നു


ജീവിതത്തെ ദുരിതത്തിലാക്കുംവിധം ഗുരുതര രോഗപീഡ അനുഭവിക്കുന്ന വ്യക്തിക്കും കുടുംബത്തിനും സമഗ്ര പരിചരണം നല്‍കുന്ന ശാസ്ത്രീയ സമീപനരീതിയായ പാലിയേറ്റീവ് കെയര്‍ മുപ്പതാണ്ട് പിന്നിട്ടു കഴിഞ്ഞു. ഒരു പനി വന്നാല്‍ പോലും നാം പറയുന്നത് സുഖമില്ല എന്നാണ്. എന്നാല്‍ ജീവിതത്തിന്റെ സകല സൗഭാഗ്യങ്ങളെയും കെടുത്തിക്കളയുന്ന രീതിയില്‍ രോഗിയായി ഒരു മനുഷ്യന്‍. അയാളുടെ ചുറ്റുമുള്ള പ്രിയപ്പെട്ടവര്‍ എല്ലാവരും പ്രതിസന്ധിയിലാവുന്നു. രോഗനിര്‍ണയം നടത്തുന്ന ഘട്ടം മുതല്‍ രോഗിക്കും കുടുംബത്തിനും നല്‍കുന്ന പരിചരണമാണ് പാലിയേറ്റീവ് കെയര്‍. മുപ്പത് കൊല്ലം കഴിഞ്ഞിട്ടും നാം ഈ ലക്ഷ്യത്തിലെത്തിയോ എന്ന് അവലോകനം ചെയ്യേണ്ടതുണ്ട്.
സങ്കടങ്ങളുടെയാപ്പെരും
കടല്‍,
മുറിച്ചു കടക്കാനാവാതെ,
കപ്പല്‍ ചേതംവന്ന
നാവികനെപ്പോലെ
നിസ്സഹായതയോടെ
മിഴിയടയ്ക്കും…
(കടപ്പാട് മെഹ്ഫില്‍)

പാലിയേറ്റീവ് കെയര്‍ പരിചരണം പല കാരണങ്ങളാല്‍ നമ്മില്‍ ആര്‍ക്കും വേണ്ടി വന്നേക്കാം. നമുക്കും നമ്മുടെ പ്രിയപ്പെട്ടവര്‍ക്കും അതിന്റെ സഹായം വേണ്ടി വരില്ല എന്നു കരുതുന്നത് തെറ്റായ ധാരണയാവും. ചില കാരണങ്ങളെ പരിചയപ്പെടാം.
പ്രായമാകല്‍
കേരളത്തില്‍ പ്രായമായവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. അന്തസ്സുറ്റ സ്‌നേഹപരിചരണം മുതിര്‍ന്നവര്‍ക്ക് ഉറപ്പുവരുത്തേണ്ടതുണ്ട്. കൂട്ടുകുടംബം പോയി അണു കുടുംബം വന്നതും അണുകുടുംബത്തിലെ തന്നെ മക്കള്‍ ജോലിയും സന്തോഷവും സ്വസ്ഥതയും തേടി നാട്ടില്‍ ഇല്ലാത്ത അവസ്ഥയില്‍ ഒറ്റപ്പെട്ട ജീവിതത്തിലേക്കും നാം സഞ്ചരിക്കുകയാണ്. ജീവിതാനുഭവമെന്ന വയലിലെ വിളവെടുപ്പുമായി മുതിര്‍ന്ന കാലത്തെ ക്രിയാത്മകമാക്കാന്‍ കൂട്ടും കൂട്ടിരിപ്പും സഹവാസവും കലയും ആരോഗ്യസംരക്ഷണവും ജാഗ്രതയോടെ നിര്‍വഹിക്കേണ്ടതുണ്ട്.
അപകടങ്ങളുടെ
വര്‍ധനവ്

മനുഷ്യന്റെ ജീവിതനിലവാരം ഉയരുന്നതിനനുസരിച്ച് അവന്റെ തിരക്കും കൂടി. സകല മേഖലകളും സാങ്കേതികത പിടിമുറുക്കി. വാഹനങ്ങളുടെ കാര്യത്തിലും വലിയ വര്‍ധനവുണ്ടായി. മെഷിനറികളിലോ റോഡിലോ സംഭവിക്കുന്ന അപകടങ്ങള്‍ക്കും വലിയ വര്‍ധനവ് വന്നിട്ടുണ്ട്. ഇത്തരം അപകടങ്ങള്‍ ചിലരെയെങ്കിലും ചലനാവസ്ഥ പോലും നഷ്ടമാകുന്ന തരത്തിലേക്കെത്തിക്കും. ചിലര്‍ അബോധാവസ്ഥയിലും ആയിത്തീരും. അങ്ങനെയുള്ളവരെ ഒരു ഘട്ടം കഴിഞ്ഞാല്‍ ആശുപത്രികള്‍ വീട്ടിലേക്ക് വിടും. വീട്ടില്‍ അന്തസ്സുറ്റ പരിചരണം വേണം.
ജീവിതശൈലീ
രോഗങ്ങള്‍

വ്യക്തി എന്ന നിലക്ക് നാം എല്ലാവരും തിരക്കിലാണ്. ഒന്നിനും നേരം കിട്ടുന്നില്ല. തിന്നാനും കുടിക്കാനും കേള്‍ക്കാനും ഒന്നിനും. ഇനി വല്ലപ്പോഴും ഒഴിഞ്ഞുകിട്ടിയാല്‍ സോഷ്യല്‍മീഡിയ നമ്മെ അങ്ങോട്ട് വലിക്കും. തിരക്കുപിടിച്ച ജീവിതത്തിന്നിടയില്‍ നാം പലതും കോമ്പ്രമൈസ് ചെയ്യും. ശരിയായ ഭക്ഷണമോ വ്യായാമമോ വെള്ളം കുടിയോ വിശ്രമമോ ഇല്ലാതെയാവും. ജീവിത ശൈലീ രോഗങ്ങളുടെ തുടക്കം ഇവിടുന്നാണ്.
സ്‌നേഹിക്കാനും കേള്‍ക്കാനും അറിയാനും പറയാനും നേരമില്ല… ഡയാലിസിസ് സെന്ററുകളല്ല വേണ്ടത്, വീടുകള്‍ ഡയാലിസിസ് കേന്ദ്രമാവട്ടെ എന്ന നിലക്ക് കാര്യങ്ങള്‍ പോവുന്നു. കീമോ ഡയാലിസിസില്‍ നിന്ന് പെരിറ്റോണിയല്‍ ഡയാലിസിസ് പ്രോത്സാഹിപ്പിക്കണമെന്ന നിലയില്‍ പോകുന്നു കാര്യങ്ങള്‍.
ടെക്‌നോളജിയുടെ വികാസം ആശുപത്രിവാസവും ചികിത്സയും വളരെ ചെലവേറിയതും ഇടത്തരക്കാര്‍ക്ക് പോലും താങ്ങാന്‍ കഴിയാത്ത വിധത്തിലുമാണ്. ഇവിടെ കേവലമായ മരുന്നോ ഡോക്ടര്‍ നഴ്‌സ് പരിചരണമോ മതിയാവില്ല പാലിയേറ്റീവ് പരിചരണത്തിന്. രോഗിയെയും കുടുംബത്തെയും സമഗ്രമായി അറിയുക എന്നതാണ് പ്രഥമദൗത്യം. ആരോടാണ് എല്ലാ കാര്യങ്ങളും തുറന്നുപറയുക. വിശ്വാസവും അടുപ്പവും കരുണാര്‍ദ്രമായ കേള്‍വിയും രോഗിക്കും കുടുംബത്തിനുമിടയിലും നടക്കണം. അതാണ് പ്രഥമദൗത്യം. ഈ ദൗത്യനിര്‍വഹണത്തിന് ഡോക്ടര്‍, നഴ്‌സ്, മെഡിക്കല്‍ പ്രഫഷണല്‍ എന്നിവരാരെങ്കിലും ആവേണ്ടതില്ല. കരുണാര്‍ദ്രമായി സജീവമായി ഒരു വ്യക്തിയെ എങ്ങനെ കേള്‍ക്കണം എന്ന പരിശീലനം വളണ്ടിയര്‍മാര്‍ക്കും ഡോക്ടര്‍മാര്‍ക്കും പ്രഫഷണലുകള്‍ക്കും പാലിയേറ്റീവ് കെയറുകള്‍ നല്കിവരുന്നുണ്ട്.

മറവിരോഗം/
മാനസികരോഗം

ഡിമെന്‍ഷ്യ, അള്‍ഷിമേഴ്‌സ് രോഗികളുടെ എണ്ണവും നാള്‍ക്കുനാള്‍ കൂടിവരുന്നു. കാരണങ്ങള്‍ എന്തുതന്നെ ആയാലും ഈ സാഹചര്യത്തിലൂടെ ഒരു മനുഷ്യന്‍ കടന്നുപോവുമ്പോള്‍ അനവധി പ്രശ്‌നങ്ങള്‍ വ്യക്തിയും പരിചരിക്കുന്നവരും കുടുംബാംഗങ്ങളും അനുഭവിക്കുന്നു. പാലിയേറ്റീവ് കെയര്‍ സമഗ്രമായ തോതില്‍ രോഗിക്കും കുടുംബത്തിനും നല്‍കേണ്ടിവരും. ഫാമിലി ട്രെയ്‌നിംഗും പരിചാരക ട്രെയ്‌നിംഗും അയല്‍പക്ക പിന്തുണയും നാം ഉറപ്പുവരുത്തേണ്ടതാണ്.
ജീവിതത്തെ തകര്‍ക്കുംവിധം മനസ്സിന് വ്യഥകള്‍ സംഭവിച്ചാല്‍ മരുന്നും ചികിത്സയുമില്ലാതെ മുന്നോട്ടുപോവാന്‍ കഴിയാത്ത മാനസിക രോഗികള്‍ എന്ന് അരികുവല്‍ക്കരിക്കപ്പെടുന്ന വ്യക്തിക്കും ബന്ധുവിന്റെ രോഗം വഴി എന്നും പഴികേള്‍ക്കേണ്ടിവരുന്ന പരിചാരകര്‍ക്കും അന്തസ് കൊടുക്കാനുള്ള കരുതലാണ് പാലിയേറ്റീവ് കെയര്‍.
കിടപ്പിലാവുക എന്നത് ജീവപര്യന്തം തടവിനേക്കാള്‍ എത്രയോ ഭീകരമാണ്. ജീവിത ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നതാണ് പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങളുടെ ലക്ഷ്യം. Health (ശാരീരിക, മാനസിക, സാമൂഹിക സൗഖ്യം) Comfort (സുഖം), Happiness (സന്തോഷം) ഈ മൂന്ന് ഘടകങ്ങളും പരമാവധി സാധ്യമാകുംവിധം പരിചരണ സംവിധാനം പ്രാദേശിക അയല്‍പക്ക കുടുംബ പരിചാരക പങ്കാളിത്തത്തോടെ സാക്ഷാല്‍ക്കരിക്കുക എന്നതാണ് പ്രധാനം. അതിലേക്കുള്ള യാത്രയിലാണ് നാം. അതിന് നാം ഓരോരുത്തരും ഈ പരിചരണ ദൗത്യം ഏറ്റെടുക്കണം. അതാണ് ‘ഞാനുമുണ്ട് പരിചരണത്തിന്’.
ആരാണ് ജീവിത ഗുണ നിലവാരം മെച്ചപ്പെട്ടുവെന്ന് പറയേണ്ടത്? പ്രായോഗിക ജീവിതത്തില്‍ ഒരാളുടെ പ്രത്യാശകളും സ്വപ്‌നങ്ങളും ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ജീവിത യാഥാര്‍ഥ്യവും തമ്മിലുള്ള വിടവില്‍ നിന്നാണ് ജീവിത ഗുണ നിലവാരം നിര്‍ണയിക്കുന്നത്.
പ്രതീക്ഷകളും യാഥാര്‍ഥ്യവും
പ്രതീക്ഷകളുടെയും യാഥാര്‍ഥ്യത്തിന്റെയും അന്തരം കൂടുമ്പോള്‍ ജീവിത ഗുണനിലവാരം താഴുകയും അന്തരം കുറയുമ്പോള്‍ ജീവിത ഗുണനിലവാരം കൂടുകയും ചെയ്യുന്നു. ജീവിതത്തെ തകര്‍ത്തുകളഞ്ഞ കിടപ്പാവസ്ഥയില്‍ വ്യക്തിയെ/പരിചാരകരെ/കുടുംബാംഗങ്ങളെ സമഗ്രമായി കരുണാര്‍ദ്രമായി കേട്ട് പ്രത്യാശകളെ യാഥാര്‍ഥ്യാധിഷ്ഠിതമാക്കുകയും പ്രശ്‌നങ്ങളെ പങ്കാളിത്ത പ്രശ്‌ന പരിഹാരരീതി അവലംബിച്ച് ലഘൂകരിക്കുകയും ചെയ്യുകയാണ് വേണ്ടത്. രോഗം മാറിയാലും ഇല്ലെങ്കിലും രോഗിയില്‍, കുടുംബത്തില്‍ ശാന്തി (ഒലമഹശിഴ) നടക്കുന്നത് രോഗയാതനകള്‍ കുറക്കാനും പീഡാനുഭവങ്ങള്‍ ലഘൂകരിക്കാനും സഹായിക്കുന്നു. ഗൃഹകേന്ദ്രീകൃത പരിചരണം ഇടതടവില്ലാതെ ലഭിക്കുമ്പോള്‍ പ്രശ്‌നങ്ങളോട് താദാത്മ്യപ്പെട്ട് അന്തസുറ്റ ജീവിതത്തിലേക്ക് വഴിതുറക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
ഹോം കെയര്‍ ലക്ഷ്യം കൈവരിച്ചോ?
ഡോക്ടറും നഴ്‌സും വളണ്ടിയര്‍മാരും വീട്ടിലകപ്പെട്ട മനുഷ്യരെ അവിടെ ചെന്നുകണ്ട് പരിചരണം നല്‍കുന്ന ഹോം കെയറുകള്‍ ലക്ഷ്യം കൈവരിച്ചോ? രോഗി ആഗ്രഹിക്കും പ്രകാരം കുടുംബത്തിന് താങ്ങും തണലുമാകുന്നവിധം നമ്മുടെ ഹോം കയറുകള്‍ ആവണമെങ്കില്‍ എത്ര വഴിദൂരം സഞ്ചരിക്കണം. ചേറുമ്പോള്‍ തെറിക്കുന്ന അരിമണികള്‍ക്കുവേണ്ടി പക്ഷികള്‍ കാത്തിരിക്കുന്നതുപോലെ 300-500 വരെ രോഗികളെ രജിസ്റ്റര്‍ ചെയ്ത ഒരു സ്ഥാപനം രണ്ടോ മൂന്നോ നഴ്‌സുമാരെവെച്ച് ആഴ്ചയില്‍ എല്ലാ ദിവസവും ഹോം കെയര്‍ ചെയ്താലും മാസത്തില്‍ ഒരു തവണപോലും ദര്‍ശനം കിട്ടാതെയായിപ്പോവുന്നുണ്ടോ? മികച്ച പരിശീലനം കിട്ടിയ സന്നദ്ധ പ്രവര്‍ത്തകരെ രാപ്പകല്‍ പരിചരണത്തിന് ഏറ്റവും താഴെ തട്ടില്‍ സജ്ജീകരിക്കുകയാണ് പരിഹാരം. നഴ്‌സിനും രോഗിക്കും കുടുംബത്തിനും ഇടയില്‍ ശാസ്ത്രീയമായി ശാരീരിക പരിചരണം പരിശീലിച്ച രണ്ടോ മൂന്നോ കമ്യൂണിറ്റി ഹെല്‍ത്ത് കെയര്‍ടേക്കര്‍മാര്‍ക്ക് ഇടനിലക്കാരായി നില്‍ക്കാന്‍ പറ്റേണ്ടതുണ്ട്. ഇതിനു താല്‍പര്യമുള്ള അനേകം ചെറുപ്പക്കാരും ചെറുപ്പക്കാരികളും ഓരോ അയല്‍പക്കങ്ങളിലും ഉണ്ട്. 50-100 വീടുകള്‍ക്കുള്ളില്‍ ഇത്തരം പരിശീലനം കിട്ടിയവരുടെ നേതൃത്വത്തില്‍ അയല്‍പക്ക കൂട്ടായ്മകള്‍ രൂപപ്പെട്ടുവരണം. മലപ്പുറം ജില്ലയിലെ രണ്ടത്താണി, ചോക്കാട്, തൃക്കലങ്ങോട്, മഞ്ചേരി മുന്‍സിപ്പാലിറ്റിയിലെ നാല് ക്ലിനിക്കുകള്‍ എന്നിവിടങ്ങളില്‍ ഈ മാതൃകകള്‍ പരീക്ഷിച്ചുവരുന്നു.
പരിഗണിക്കപ്പെടേണ്ട പരിചാരകര്‍
ആണ് കിടന്നാലും പെണ്ണ് കിടന്നാലും പരിചരണ ചുമതല വന്നുചേരുന്നത് ഒരു സ്ത്രീയിലാണ്. ഉമ്മ, പെങ്ങള്‍, ഭാര്യ, മകള്‍, മരുമകള്‍ എന്ത് പേരിട്ടുവിളിച്ചാലും കിടപ്പിലായ രോഗിയെ പരിചരിക്കുന്നവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ നാം അറിയാറില്ല. ചിലതൊക്കെ അറിഞ്ഞാല്‍ തന്നെ സാരമില്ല എന്ന മട്ടില്‍ അവഗണിക്കാറാണ്.
ഭര്‍ത്താവിന് കാന്‍സര്‍ വന്നതുതൊട്ട് ഥ എന്ന ഭാര്യ ആര്‍ സി സിയിലും ബാംഗ്ലൂരിലും വിവിധ ആശുപത്രികളിലുമായി ത എന്ന രോഗിയോടൊപ്പമുണ്ട്. 10 വയസ്സ് പ്രായമായ മകനും കൂടെയുണ്ട്. കീമോ തെറാപ്പി, വിവിധ പരിശോധനകള്‍, ചികിത്സ, ആശുപത്രിവാസം. ചങ്കും ഖല്‍ബുമായ ഭര്‍ത്താവിന്റെ രോഗാവസ്ഥയില്‍ ആ കുടുംബത്തിന്റെ സകല കാര്യങ്ങളും തലയില്‍ വന്നുപെട്ട 31കാരിയുടെ അവസ്ഥ. വര്‍ഷങ്ങളായി ഒന്ന് ഉറങ്ങിയിട്ട്. ചികിത്സിക്കാന്‍ പണം കണ്ടെത്തണം. സങ്കടമാണെങ്കില്‍ പറയാന്‍പോലും ഒരാളില്ല. വിളിക്കുന്നവരും കാണാന്‍ വരുന്നവരും രോഗിയുടെ ക്ഷേമം തിരക്കുന്നു. കഴിച്ചോ എന്ന ചോദ്യം പോലുമില്ല. ഒരുവിധം പ്രശ്നങ്ങള്‍ സഹിച്ചും ക്ഷമിച്ചും നമ്മുടെ കൂടെ നില്‍ക്കുന്നവരാണ് വീട്ടിലെ ഭാര്യ അടക്കമുള്ള സ്ത്രീകള്‍. അവരുടെ അസുഖങ്ങള്‍ മിക്കപ്പോഴും ക്ഷമിച്ചും സഹിച്ചും മൂടിവെച്ചും നമ്മോടൊപ്പം ജീവിക്കുന്നവര്‍. ഥ എന്ന ഭാര്യ/ ഉമ്മ ഗര്‍ഭപാത്രം പുറത്തേക്ക് വരുന്ന അസുഖം ഭര്‍ത്താവിനോടും മക്കളോടും പറയാതെ മൂടിവെച്ച് ഭര്‍ത്താവിന്റെ ചികിത്സക്ക് നില്‍ക്കുന്ന ആ പരിചാരകയുടെ അവസ്ഥ ചിന്തിച്ചുനോക്കൂ.
എല്ലാ പരിചാരകരുടെയും പ്രശ്നങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കാനും രോഗിക്ക് കൊടുക്കുന്ന അതേ പ്രാധാന്യത്തോടെ പരിചാരകരെ കേള്‍ക്കാനും മനസ്സിലാക്കാനും നമുക്കാവണം. അവരുടെ ശാരീരികാവസ്ഥ മനസ്സിന്റെ വേദന, ഉറക്കം, ഭക്ഷണം, സാമൂഹികമായ പ്രശ്നങ്ങള്‍, സങ്കടങ്ങള്‍, ആവലാതികള്‍ എല്ലാം കേള്‍ക്കാന്‍ ചിട്ടയായ വളണ്ടിയര്‍ ഹോം കെയര്‍ പ്ലാനിംഗ് ഇവര്‍ക്കുവേണ്ടി മാത്രമായി തന്നെ നടത്തേണ്ടതുണ്ട്. 30-40 മിനുട്ടുകൊണ്ട് ശാരീരിക പരിചരണത്തിന് ഊന്നല്‍ നല്‍കി നടത്തുന്ന നഴ്സസ് ഹോം കെയറുകള്‍ക്ക് ഒരിക്കലും സൈക്കോസോഷ്യല്‍ ഇമോഷണല്‍ സ്പീച്വല്‍ പ്രശ്നങ്ങളിലേക്ക് ആഴത്തില്‍ കടക്കാന്‍ സമയം കിട്ടുകയില്ല. അതിനാല്‍ സൈക്കോസോഷ്യല്‍ സപ്പോര്‍ട്ടിംഗ് ഹോം കെയറുകള്‍ ശാസ്ത്രീയമായി പ്ലാന്‍ ചെയ്യണം.
വരൂ, ആര്‍ക്കും
വളണ്ടിയറാവാം

ദൈവം മഹാ സൗഭാഗ്യമായി തന്ന ജീവന്‍ (സമയം). അതില്‍ നിന്നു കിടപ്പിലായ രോഗിയെ വീടുകളില്‍ സന്ദര്‍ശിച്ച് അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍, ശരീരംകൊണ്ട് അധ്വാനിച്ചും ജീവിത ഗുണനിലവാരം ഉയര്‍ത്താന്‍ സമഗ്രമായ സജീവമായ കേള്‍ക്കല്‍ നടത്തിയും ലഭ്യമായ സമ്പത്തില്‍ നിന്ന് ചെറിയ വിഹിതം മാറ്റിവെക്കാനും തല്‍പരരായ ഏതൊരാള്‍ക്കും പാലിയേറ്റീവ് കെയറിലെ വളണ്ടിയറാവാം.
വീട്ടിലകപ്പെട്ട എല്ലാ രോഗികള്‍ക്കും ഒരു വളണ്ടിയര്‍ എന്ന ലക്ഷ്യത്തിലേക്ക് ഈ വര്‍ഷം എത്തണമെന്ന് ആഗ്രഹിക്കുന്നു. രോഗിക്കും കുടുംബത്തിനും വിശ്വസിക്കാനും ആവശ്യമുണ്ടാവുമ്പോള്‍ ആശ്രയിക്കാനും പറ്റുന്ന അയല്‍പക്കത്തെ ഒരു വളണ്ടിയര്‍.
ജീവിതത്തെ തകര്‍ക്കും വിധം രോഗനിര്‍ണയം നടക്കുന്ന സന്ദര്‍ഭം തൊട്ട് പാലിയേറ്റീവ് കെയര്‍ പരിചരണം തുടങ്ങണം. വിശ്വസ്തരായ അടുപ്പമുള്ള വ്യക്തികള്‍ രോഗിക്കും കുടുംബത്തിനും ഉള്ള പ്രശ്‌നങ്ങള്‍ മനസ്സിലാക്കുക എന്നതാണ് പ്രധാനം.
പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈ സന്ദര്‍ഭത്തില്‍ ശ്രമിക്കുന്നതുതൊട്ട് ഓരോ ഘട്ടത്തിലും രോഗിയും കുടുംബവും ആവശ്യപ്പെടുന്ന പിന്തുണ നല്‍കുക. ഈ ഘട്ടത്തില്‍ പാലിയേറ്റീവ് കെയറിന്റെ ചികിത്സ ആരംഭിച്ച് കൊള്ളണമെന്നില്ല. രോഗ ചികിത്സ ആശുപത്രികളില്‍ നടക്കുന്നുണ്ട്. ആശുപത്രിയുടെ റോള്‍ കുറഞ്ഞുവരികയും വിശ്രമത്തിനോ പൂര്‍ണമായോ വീടുകളിലേക്ക് പറഞ്ഞയക്കുകയും ചെയ്താല്‍ നഴ്‌സ് ഹോം കെയര്‍ തുടങ്ങുന്നു. ആശുപത്രി പൂര്‍ണ പാലിയേറ്റീവ് പരിചരണം നിര്‍ദേശിച്ചാല്‍ ഡോക്ടറുടെ കെയര്‍ അടക്കം എല്ലാം പാലിയേറ്റീവ് കെയറില്‍ നിന്ന്. പിന്നീട് ദീര്‍ഘകാല പാലിയേറ്റീവ് പരിചരണം ചിലര്‍ക്ക് വേണ്ടിവരും.
ചിലര്‍ക്ക് ജീവിതാവസാനത്തിലുള്ള പരിചരണവും മറ്റു ചിലര്‍ക്ക് മരണം ആസന്ന സമയത്തുള്ള പരിചരണവും (Terminal care) നല്‍കേണ്ടതുണ്ട്. 24 മണിക്കൂറും വീടുകളില്‍ പരിചരണം കിട്ടാവുന്ന വിധത്തില്‍ സംവിധാനം മെച്ചപ്പെടുത്തേണ്ടതുണ്ട്. മരണശേഷം ബന്ധുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും വിയോഗാനന്തര പരിചരണവും പിന്നീട് ആവശ്യമെങ്കില്‍ കുടുംബത്തിനുള്ള തുടര്‍ കെയറും നല്‍കേണ്ടതുണ്ട്.
വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും
പങ്കാളിത്തം

വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും പുതിയകാല സാഹചര്യങ്ങളില്‍ ധാരാളം ചുമതലകള്‍ പാലിയേറ്റീവ് കെയറില്‍ നിര്‍വഹിക്കാന്‍ പറ്റും.
പാര്‍ശ്വവത്കരിക്കപ്പെട്ട മനുഷ്യരുടെ പരിചരണ ദൗത്യം മുന്നോട്ട് കൊണ്ടുപോകാനും 24 മണിക്കൂറും ചടുലതയോടെ പ്രവര്‍ത്തിക്കാനും ഇവര്‍ക്കാവും. പാലിയേറ്റീവ് കെയറിന്റെ മുന്നോട്ടുള്ള ആലോചനകളില്‍ ഏക പരിഹാരം യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും സജീവ സാന്നിധ്യമാണ്. ചടുലമാണ് നമ്മുടെ യുവത്വം. മനോഹരമാണ് കാമ്പസ് ജീവിതം. ഇവിടങ്ങളിലൊക്കെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടം നല്‍കണം. ഞാനുണ്ട് പരിചരണത്തിന് എന്ന് എല്ലാവരും പറഞ്ഞുതുടങ്ങട്ടെ.
വ്യാപനം എങ്ങോട്ട്
രണ്ടോ മൂന്നോ വാര്‍ഡുകളില്‍ അല്ലെങ്കില്‍ ഒരു മഹല്ല് പോലുള്ള ചെറിയ പ്രദേശങ്ങളില്‍ ജനകീയ പാലിയേറ്റീവ് കെയര്‍ സംരംഭങ്ങള്‍ ഉയര്‍ന്നുവരണം. കേരളത്തിലെ ജനകീയ പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങളുടെ പൊതുവേദിയാണ് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയര്‍ കേരള. ഇതിന്നാവശ്യമായ സാങ്കേതിക സംവിധാനങ്ങളും പരിശീലനങ്ങളും നല്‍കും. എല്ലാ ജില്ലകളിലും ജില്ലാ സമിതികള്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഇതൊന്നും പാലിയേറ്റീവ് കെയറിന്റെ മേല്‍ ഘടകങ്ങളല്ല. മറിച്ച് ഗുണമേന്മ വര്‍ധിപ്പിക്കാനുമുള്ള പ്ലാറ്റ്‌ഫോം മാത്രമാണ്. പാലിയേറ്റീവ് കെയറിന് നേതാക്കളില്ല. ഉള്ളത് സന്നദ്ധ പ്രവര്‍ത്തകര്‍. സാമ്പ്രദായിക രീതികളോട് കലഹിച്ചാണ് നാം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പരിചരണം ഔദാര്യമല്ല. രോഗിയുടെയും കുടുംബത്തിന്റെയും അവകാശമാണ്. ആ രോഗി നാളെ നമ്മളോ നമ്മുടെ പ്രിയപ്പെട്ടവരോ ആവാം.

Back to Top