21 Thursday
November 2024
2024 November 21
1446 Joumada I 19

പാലിയേറ്റീവിന്റെ ചരിത്രം കൂട്ടായ്മയുടെ വിജയമാണ്‌

ഇ അബ്ദുല്‍മജീദ് പാലപ്പറ്റ


കേരളത്തിലെ പാലിയേറ്റീവ് സംവിധാനങ്ങള്‍ കാല്‍ നൂറ്റാണ്ട് പിന്നിടുകയാണ്. എളിയരൂപത്തില്‍ ആരംഭിച്ച ഈ സംവിധാനം ഇന്ന് കേരളത്തിന് മാത്രമല്ല, ലോകത്തിന് തന്നെ സാന്ത്വന പരിചരണത്തിന് തുല്യതയില്ലാത്ത മാതൃകയായി രൂപപ്പെട്ടു വന്നിട്ടുണ്ട്. എങ്ങനെയാണ് ഈ സംവിധാനം ഇത്തരത്തില്‍ ഒരു വളര്‍ച്ച കൈവരിച്ചത്, വ്യക്തികളിലേക്ക് ചുരുങ്ങാതെ ഒരു ജനകീയ പ്രസ്ഥാനമായി രൂപപ്പെട്ടുവന്നതിന്റെ നാള്‍വഴികള്‍ മനസ്സിലാക്കുമ്പോള്‍ മാത്രമാണ് നമ്മുടെ കണ്‍മുമ്പില്‍ വളര്‍ന്നുവന്ന ഈ കൂട്ടായ്മയുടെ പിന്നിലെ പരിശ്രമങ്ങളെ തിരിച്ചറിയാനും, പുതിയ മേഖലകളിലേക്ക് ഈ സംവിധാനത്തെ വളര്‍ത്തിക്കൊണ്ടുവരാനും സാധിക്കുകയുള്ളൂ.
കേരളത്തിലെ പാലിയേറ്റീവ് പ്രസ്ഥാനത്തില്‍ ഇവിടുത്തെ മത, സാമൂഹിക, രാഷ്ടീയ കക്ഷികള്‍ അവരുടേതായ പങ്ക് നിര്‍വഹിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 1993ല്‍ പെയ്ന്‍ & പാലിയേറ്റീവ് ക്ലിനിക്ക് ആരംഭിക്കുന്നത് ഡോ. എം ആര്‍ രാജഗോപാല്‍, ഡോ. കെ സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു. പിന്നീട് 1996-ല്‍ മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ ആരംഭിക്കുമ്പോള്‍ മുന്നണിയില്‍ പ്രവര്‍ത്തിച്ചത് പ്രധാനമായും മുജാഹിദ് പ്രവര്‍ത്തകരായിരുന്നു. ഈ കാലയളവില്‍ കേരളത്തില്‍ അങ്ങിങ്ങ് പാലിയേറ്റീവ് ക്ലിനിക്കുകള്‍ രൂപപ്പെട്ടെങ്കിലും ജനകീയ പങ്കാളിത്തത്തിന്റെ കൂടുതല്‍ മാതൃകകള്‍ മലപ്പുറത്തുനിന്നാണ് ഉയര്‍ന്നു വന്നത്. മലപ്പുറത്തെ പാലിയേറ്റീവ് സംഘാടകര്‍ കാണിച്ച ജാഗ്രതയാകാം ഇങ്ങനെയൊരു ജനകീയമുഖം ഇതിന് വന്നുചേരാനിടയാക്കിയത്.
1993-ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തുന്ന കാന്‍സര്‍ രോഗികളുടെ വേദനയും പ്രയാസങ്ങളും ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ അനസ്തേഷ്യ ഡിപ്പാര്‍ട്ട്മെന്റിന്റെ സമീപത്തുള്ള ചെറിയൊരു മുറിയിലാണ് പാലിയേറ്റീവ് കെയറിന്റെ തുടക്കം. കടുത്ത വേദന അനുഭവിക്കുന്ന രോഗികളും ഭേദമാക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തിയ കാന്‍സര്‍ രോഗികളുമാണ് പരിചരണം ലഭിക്കുന്നതിനു വേണ്ടി ആരംഭ ഘട്ടത്തില്‍ ഇവിടെ എത്തിയത്. ശാരീരിക ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനൊപ്പം രോഗികളുടെ മാനസികവും സാമൂഹികവും ആത്മീയവുമായ പ്രയാസങ്ങള്‍ കൂടി മനസ്സിലാക്കി അവരുടെ കൂടെ നില്‍ക്കുന്ന ചികിത്സാരീതി രോഗികള്‍ക്കുമാത്രമല്ല കുടുംബത്തിനുകൂടി രോഗാവസ്ഥയെ നേരിടാനുള്ള ആത്മവിശ്വാസം പകരുന്നതായി അനുഭവപ്പെട്ടു.
ഈ അനുഭവം പലര്‍ക്കും ഉണ്ടായതുകൊണ്ടുതന്നെ സമീപ ജില്ലകളില്‍ നിന്നുപോലും പാലിയേറ്റീവ് പരിചരണം ലഭിക്കുന്നതിനു രോഗികള്‍ കോഴിക്കോട് പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്കിനെ സമീപിച്ചു. ഒരു ചെറിയ ക്ലിനിക്കും ചുരുക്കം സന്നദ്ധപ്രവര്‍ത്തകരുമടങ്ങുന്ന ഈ സംവിധാനത്തിന് താങ്ങാവുന്നതിലധികമായിരുന്നു അതിനുള്ള ആവശ്യക്കാര്‍. അതുകൊണ്ടു തന്നെ കോഴിക്കോടിന് പുറത്ത് ആദ്യമായി ഇത്തരമൊരു സംവിധാനത്തെ രൂപപ്പെടുത്തിയെടുക്കാന്‍ ശ്രമം നടക്കുന്നത്, കോഴിക്കോട് മെഡിക്കല്‍ കോളേജിനെ ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്ന മലപ്പുറം ജില്ലയില്‍ നിന്നായിരുന്നു. മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതൃതലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോ. കെ അബ്ദുറഹ്മാന്‍ തന്റെ സഹപ്രവര്‍ത്തകരെ കോഴിക്കോട് പാലിയേറ്റീവ് കെയര്‍ സംവിധാനത്തെ അടുത്തറിയാനും പരിശീലനം നേടാനും പ്രേരണ നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ ഒരു ക്ലിനിക്ക് രൂപപ്പെടുത്തിയെടുത്തു.
ജനകീയമാകുന്ന വഴി
ഈ സംവിധാനത്തിനും ഏറ്റെടുക്കാന്‍ സാധിക്കുന്നതിലധികമായിരുന്നു ആവശ്യക്കാര്‍. 2000 ആയപ്പോഴേക്കും വടക്കന്‍ കേരളത്തില്‍ കോഴിക്കോട് ക്ലിനിക്കിന്റെ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന 20-ലധികം പാലിയേറ്റീവ് ക്ലിനിക്കുകള്‍ നിലവില്‍ വന്നെങ്കിലും ഈ ക്ലിനിക്കുകളില്‍ നിന്നു ഒരേ രീതിയിലുള്ള സേവനമല്ല രോഗികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്നത്. മിക്ക ക്ലിനിക്കുകളും മെഡിക്കല്‍ പ്രഫഷണലുകളെ ആശ്രയിച്ചായിരുന്നു മുന്നോട്ടുപോയത്. അതിനാല്‍ തന്നെ ക്ലിനിക്കുകള്‍ക്ക് രോഗികളുടെ ശാരീരിക പ്രശ്നങ്ങള്‍ സമഗ്രമായി ചികിത്സിക്കുന്നതിനപ്പുറം മറ്റു മേഖലകളില്‍ കാര്യമായി ഇടപെടാന്‍ കഴിഞ്ഞിരുന്നില്ല. പാലിയേറ്റീവ് ക്ലിനിക്കുകള്‍ക്ക് അങ്ങനെയൊരു തലത്തെകൂടി കൈകാര്യം ചെയ്യാനാവുമെന്ന തിരിച്ചറിവ് ഉണ്ടാകുന്നത് മലപ്പുറം ജില്ലയിലെ ചില ക്ലിനിക്കുകള്‍, പ്രത്യേകിച്ച് നിലമ്പൂര്‍ പാലിയേറ്റീവ് കെയര്‍ ക്ലിനിക് രോഗികളും അവരുടെ കുടുംബവും അനുഭവിക്കുന്ന മാനസികവും സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങളില്‍ നല്ല ഇടപെടല്‍ നടത്തിയപ്പോള്‍ ലഭിച്ച പ്രതികരണങ്ങളില്‍ നിന്നായിരുന്നു. നിലമ്പൂര്‍ ക്ലിനിക്ക് നടത്തിപ്പ് പ്രഫഷണലുകളല്ലായിരുന്നു എന്നതും ശ്രദ്ധേയമായിരുന്നു. ഈ മാറ്റം വെളിപ്പെടുത്തുന്നത് പാലിയേറ്റീവ് പരിചരണത്തില്‍ പൊതുസമൂഹത്തിനുള്ള പ്രാധാന്യമായിരുന്നു. ഈ അനുഭവം പിന്നീട് പാലിയേറ്റീവ് സംവിധാനത്തെ മുഴുക്കെ സ്വാധീനിക്കാവുന്ന മാതൃകയായിത്തീര്‍ന്നു.
ക്ലിനിക്കുകളെത്തേടി രോഗികള്‍ എത്തിച്ചേരുക എന്ന സംവിധാനത്തെ രോഗികളെയും കുടുംബത്തെയും തേടി പാലിയേറ്റീവ് പ്രവര്‍ത്തകര്‍ വീടുകളിലെത്തിച്ചേരുന്ന രീതിയിലേക്ക് മാറ്റിയത് ഈ സംവിധാനം കൂടുതല്‍ ജനകീയമാകുവാന്‍ നിമിത്തമായി എന്നു നിരീക്ഷിക്കപ്പെടുന്നുണ്ട്. രോഗികള്‍ നേരിടുന്ന പല പ്രശ്നങ്ങള്‍ക്കും ഡോക്ടര്‍മാരുടെ സേവനം ആവശ്യമില്ലെന്നും പരിശീലനം ലഭിച്ച ഒരു നഴ്സ് ഉണ്ടായാല്‍ പരിഹാരം കാണാന്‍ കഴിയുമെന്ന തിരിച്ചറിവും ഹോം കെയറുകള്‍ സാര്‍വത്രികമാകാന്‍ ഇടയാക്കിയ കാര്യമായി വിലയിരുത്തപ്പെടുന്നുണ്ട്.
പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളുടെയും ഹോം കെയറിന്റെയും പ്രാധാന്യം കൃത്യമായി മനസ്സിലാക്കിയ കുറച്ചു ഡോക്ടര്‍മാരുടെ അകമഴിഞ്ഞ പിന്തുണ ഈ സംവിധാനത്തെ ഏറ്റവും മികച്ച രൂപത്തില്‍ രോഗികള്‍ക്കും കുടുംബത്തിനും ലഭ്യമാക്കുന്നതില്‍ നിര്‍ണായകമായിത്തീര്‍ന്നു. കൃത്യമായ കേസ് ഷീറ്റുകളുടെ പ്രാധാന്യവും ഡോക്ടര്‍, നഴ്സ്, വളണ്ടിയര്‍ കേസ് ഷീറ്റുകള്‍ പ്രത്യേകം രൂപപ്പെട്ടു വരേണ്ടതിന്റെ പ്രാധാന്യവും ഇത്തരത്തില്‍ ഡോക്ടര്‍, നഴ്സ്, വളണ്ടിയര്‍ പാരസ്പര്യത്തിന്റെ ഉത്പന്നമായിരുന്നു. ഇന്ന് കാണുന്ന കുറ്റമറ്റ സംവിധാനമായി ഇത് മാറുന്നതില്‍ ഈ സമീപന രീതിക്ക് നല്ല പ്രാധാന്യമുണ്ടെന്നത് നിസ്തര്‍ക്കമാണ്.

മലപ്പുറം മോഡല്‍
മലപ്പുറം ജില്ലയിലെ പാലിയേറ്റീവ് ക്ലിനിക്കുകളിലെ ജനകീയത പാലീയേറ്റീവ് പ്രവര്‍ത്തനരംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് നിമിത്തമായി. പാലിയേറ്റീവ് പരിചരണ പ്രവര്‍ത്തനങ്ങളില്‍ പൊതു ജനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മലപ്പുറം ജില്ലയില്‍ നെയ്ബര്‍ഹുഡ് നെറ്റ്‌വര്‍ക്ക് ഇന്‍ പാലിയേറ്റീവ് കെയര്‍ അഥവാ ‘സാന്ത്വനമേകാന്‍ അയല്‍ക്കണ്ണികള്‍’ എന്ന പദ്ധതി മലപ്പുറം ജില്ലയിലെ പാലീയേറ്റീവ് വളണ്ടിയര്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്നത്.
ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം തങ്ങളുടെ പ്രദേശത്ത് പ്രയാസം അനുഭവിക്കുന്ന രോഗികളുടെ പരിചരണത്തിന് നേതൃത്വം നല്‍കാന്‍ ആ നാട്ടിലെ സാമൂഹിക സന്നദ്ധ പ്രവര്‍ത്തകരെ പ്രാപ്തമാക്കുക എന്നതായിരുന്നു. ഇതിന്റെ ഭാഗമായി സന്നദ്ധ സംഘങ്ങള്‍ക്ക് പാലിയേറ്റീവ് കെയറില്‍ ശാസ്ത്രീയ പരിശീലനം നല്‍കി ശേഷം. സന്നദ്ധ പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രദേശത്ത് പ്രയാസം അനുഭവിക്കുന്ന പാലിയേറ്റീവ് കെയര്‍ സേവനം ആവശ്യമുള്ള രോഗികളെ കണ്ടെത്തി. രോഗികളുടെയും കുടുംബത്തിന്റെയും സാമ്പത്തികവും സാമൂഹികവുമായ പ്രയാസങ്ങള്‍ പൊതുജനങ്ങളുടെ പിന്തുണയോടു കൂടി പരിഹരിക്കുവാന്‍ ശ്രമം നടത്തിത്തുടങ്ങി. ഇത് മലപ്പുറം ജില്ലയില്‍ പാലിയേറ്റീവ് സംവിധാനങ്ങളുടെ വ്യാപനത്തിന് കാരണമായി.
2002-ഓടു കൂടി എന്‍ എന്‍ പി സി മാതൃകയില്‍ പരിശീലനം ലഭിച്ച 15-ലധികം സംഘങ്ങള്‍ മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങുകയും ഇതിന്റെ ഫലമായി പാലിയേറ്റീവ് കെയറില്‍ കാതലായ പല മാറ്റങ്ങളും കണ്ടു തുടങ്ങുകയും ചെയ്തു. ഈ മാറ്റങ്ങള്‍ പലതും കേരളത്തിലെ പാലിയേറ്റീവ് സംവിധാനങ്ങളുടെ വ്യാപനത്തിനും വ്യവസ്ഥാപിത സംഘാടനത്തിനും മാതൃകയായിത്തീരുന്നതാണ് പിന്നീട് കണ്ടത്.
കാന്‍സര്‍ രോഗികള്‍ക്കും മാറാവേദനക്കാര്‍ക്കും പരിമിതപ്പെട്ടിരുന്ന പാലിയേറ്റീവ് പരിചരണം ദീര്‍ഘകാല രോഗം മൂലം കിടപ്പിലായും മറ്റും പ്രയാസപ്പെടുന്ന മുഴുവന്‍ രോഗികള്‍ക്കും ലഭിക്കാന്‍ തുടങ്ങിയത് എന്‍ എന്‍ പിസിയുടെ ശ്രമഫലമാണ്. രോഗത്തിന്റെ പേരിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ രോഗികള്‍ അനുഭവിക്കുന്ന പ്രയാസത്തിന്റെ അടിസ്ഥാനത്തില്‍ പാലിയേറ്റീവ് പരിചരണം ആവശ്യമുള്ളവരെ കണ്ടെത്തി പരിചരണം നല്‍കി തുടങ്ങിയെന്നത് ഈ സംവിധാനം കൂടുതല്‍ ജനകീയമാകുവാന്‍ കാരണമായി. പൊതുജനങ്ങളുടെ പങ്കാളിത്തം കൂടിയപ്പോള്‍ പാലിയേറ്റീവ് മേഖലയില്‍ ഇടപെടാന്‍ തയ്യാറുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ കുറവ് പരിഹരിക്കപ്പെട്ടു. ഇതൊരു കാരുണ്യ പ്രവര്‍ത്തനമല്ല എന്നും മറിച്ച് പരിചരണം രോഗിയുടെ അവകാശമാണെന്നും പരിചരണം പൊതുസമൂഹത്തിന്റെ കടമയാണെന്നുമുള്ള ചിന്താഗതി രൂപപ്പെട്ടുവരാനും എന്‍ എന്‍ പി സിയുടെ പ്രവര്‍ത്തനങ്ങള്‍ സഹായകമായി.
പൊതുസമൂഹത്തിന്റെ വലിയ രീതിയിലുള്ള പങ്കാളിത്തം വന്നുചേര്‍ന്നതോടെ പാലിയേറ്റീവ് ക്ലിനിക്കുകള്‍ അനുഭവിച്ചിരുന്ന സാമ്പത്തിക പ്രയാസങ്ങള്‍ക്കും ഒരു പരിധിവരെ പരിഹാരമായി. രോഗികളുടെയും കുടുംബങ്ങളുടെയും പ്രയാസങ്ങള്‍ കുറയ്ക്കുവാന്‍ പ്രാദേശികമായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുസമൂഹം നിര്‍ലോഭമായി സംഭാവനകള്‍ നല്‍കിത്തുടങ്ങിയെന്നതാണ് നിരീക്ഷിക്കപ്പെടുന്നത്. സാന്ത്വനമേകാന്‍ അയല്‍കണ്ണികള്‍ എന്ന ആശയത്തിന് മലപ്പുറം ജില്ലയില്‍ ലഭിച്ച പിന്തുണ, സമീപ ജില്ലകളെയും സ്വാധീനിച്ചുവെന്നതിന്റെ തെളിവായിരുന്നു വയനാട്, കോഴിക്കോട് ജില്ലകളിലും സമാനമായ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചത്. തന്മൂലം അവിടങ്ങളില്‍ നടന്നുവന്നിരുന്ന പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളും ജനകീയവല്‍ക്കരിക്കപ്പെട്ടു.
പാലിയേറ്റീവ് പരിചരണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ രീതിയിലുള്ള സ്വീകാര്യത ലഭിച്ചതോടെ മലപ്പുറം ജില്ലയില്‍ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും പാലിയേറ്റീവ് പരിചരണ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ തുടങ്ങി. ആദ്യമൊക്കെ പാലിയേറ്റീവ് ക്ലിനിക്കുകള്‍ക്ക് വേണ്ട മരുന്നുകള്‍, വാട്ടര്‍ബെഡ്, എയര്‍ബെഡ്, വീല്‍ചെയര്‍ മുതലായവ വാങ്ങി നല്‍കുന്നതിനാണ് പ്രാദേശിക സര്‍ക്കാരുകള്‍ പ്രാധാന്യം കൊടുത്തത്. എന്നാല്‍ അരീക്കോട്, നിലമ്പൂര്‍ മേഖലകളിലെ ചില പഞ്ചായത്തുകള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലിയേറ്റീവ് പരിചരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്താല്‍ പറ്റുമെന്ന് സര്‍ക്കാറിന് മുന്‍പില്‍ മാതൃകയായി കാണിച്ചു. എന്‍ പി സി ക്ലിനിക്കുകള്‍ ഇവര്‍ക്ക് വേണ്ട എല്ലാ പിന്തുണയും നല്‍കുകി. പാലിയേറ്റീവ് നടപ്പാക്കിയ പഞ്ചായത്തുകളില്‍ പദ്ധതിക്ക് വലിയ സ്വീകാര്യത ലഭിച്ചു. അതേതുടര്‍ന്ന് മലപ്പുറത്തെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ ഏകോപന സമിതിയായ എം ഐ പിയുടെ പിന്തുണയോടെ ജില്ലാ പഞ്ചായത്ത് പാലിയേറ്റീവ് പദ്ധതി തങ്ങളുടെ കീഴില്‍ വരുന്ന എല്ലാ പഞ്ചായത്തുകളിലേക്കും ഘട്ടം ഘട്ടമായി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ – പരിരക്ഷ- പാലിയേറ്റീവ് പരിചരണ പദ്ധതി ആരംഭിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയകരമായി പദ്ധതി നടപ്പിലാക്കിയത് കേരളത്തിലെ എല്ലാ ജില്ലകള്‍ക്കും, സര്‍ക്കാര്‍ പിന്‍ബലത്തില്‍ ഈ സംവിധാനത്തെ ലഭ്യമാക്കുന്നതിന് മാതൃകയാണെന്ന് മനസ്സിലാക്കി.
2005-ല്‍ മലപ്പുറം ജില്ലയിലെ അരീക്കോട് വെച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളെ പങ്കെടുപ്പിച്ചു വിപുലമായൊരു സെമിനാര്‍ സംഘടിപ്പിച്ചു. ഈ പരിപാടിയില്‍ പങ്കെടുത്ത് അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും ഏറ്റെടുക്കാവുന്ന ഒരു മാതൃകാ പദ്ധതിയായി പാലിയേറ്റീവ് കെയറിനെ അവതരിപ്പിച്ചു. തുടര്‍ന്ന് മറ്റു ജില്ലകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പാലിയേറ്റീവ് പരിചരണ പദ്ധതി ഏറ്റെടുത്തു തുടങ്ങുകയും കേരളത്തിലെല്ലായിടത്തും പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ എത്തിച്ചേരാന്‍ കാരണമാവുകയും ചെയ്തു.
പാലിയേറ്റീവ് സംവിധാനത്തിന്റെ പെട്ടെന്നുള്ള വ്യാപനം, അതിന്റെ ആത്മാവ് ചോരുന്ന രൂപത്തില്‍ നടപ്പിലാക്കപ്പെട്ടു തുടങ്ങിയപ്പോഴും, സര്‍ക്കാര്‍ സംവിധാനത്തിനുള്ളില്‍ എങ്ങനെ മികച്ച രൂപത്തില്‍ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ നല്‍കാമെന്നതിന് ഒരു നയരേഖ വേണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലും 2008 -ല്‍ പാലിയേറ്റീവ് കെയര്‍ പോളിസി പ്രഖ്യാപിച്ചു. ഗൃഹ കേന്ദ്രീകൃത പരിചരണമാണ് പാലിയേറ്റീവ് കെയറിന്റെ അടിത്തറ എന്നും ഈ മേഖലയില്‍ പൊതുജനങ്ങളുടെ പങ്കാളിത്തത്തിന് വലിയ പ്രാധാന്യമുണ്ടെന്നും നയരേഖ വ്യക്തമാക്കുന്നു. മാത്രമല്ല പൊതുസമൂഹത്തിന്റെ കൂടെ നിന്നുകൊണ്ട് സര്‍ക്കാര്‍ ഏജന്‍സികളും സ്ഥാപനങ്ങളും ആശുപത്രികളും പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും എന്നും പോളിസിയില്‍ എടുത്തു പറയുന്നുണ്ട്. തുടര്‍ന്ന് 2009 ല്‍ ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും തങ്ങളുടെ സ്ഥാപനങ്ങള്‍ വഴി പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ചുകൊണ്ടുള്ള മാര്‍ഗരേഖ പുറത്തിറക്കി. ആരോഗ്യ കേരളം (ചഞഒങ) പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ എല്ലാ ജില്ലകളിലും നടപ്പിലാക്കുന്നതിനു വേണ്ടി പ്രത്യേക പ്രോജക്റ്റും ആരംഭിച്ചു. അങ്ങനെ കേരളത്തിലെ എല്ലാ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ആരോഗ്യ സ്ഥാപനങ്ങളും നിര്‍ബന്ധമായും നടപ്പിലാക്കേണ്ട ഒരു പദ്ധതിയായി പാലിയേറ്റീവ് കെയര്‍ മാറി. പ്രവര്‍ത്തന അനുഭവത്തിന്റെ വെളിച്ചത്തില്‍ മാര്‍ഗരേഖകള്‍ കാലാകാലങ്ങളില്‍ പുതുക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
വിവിധ മേഖലകളില്‍ നിന്നുള്ള അനുഭവത്തിന്റെ വെളിച്ചത്തില്‍ 2019-ല്‍ കേരള സര്‍ക്കാര്‍ പാലിയേറ്റീവ് നയരേഖ പുതുക്കി. ‘അരികെ’- സമഗ്ര പാലിയേറ്റീവ് വയോജന പരിചരണം – എന്ന പേരില്‍ കര്‍മ പദ്ധതിയും ആവിഷ്‌കരിച്ചു. ആശാ വര്‍ക്കര്‍മാര്‍ എല്ലാ വീടുകളും സന്ദര്‍ശിച്ച് ശൈലി ആപ്പ് മുഖേന കിടപ്പിലായവരുടെയും വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്തവരുടെയും വിവരശേഖരണം നടത്തി വരുന്നു. പ്രയാസപ്പെടുന്ന ഓരോ രോഗിയുടെയും അയല്‍പക്കത്ത് പരിശീലനം ലഭിച്ച ഒരു സന്നദ്ധ പ്രവര്‍ത്തകന്റെ സാന്നിധ്യം ഉറപ്പുവരുത്താനാണ് ശ്രമിക്കുന്നത്.
രോഗികള്‍ക്ക് ആവശ്യമുള്ള നഴ്സിങ്/ മെഡിക്കല്‍ പരിചരണം സര്‍ക്കാര്‍ / സന്നദ്ധ പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളില്‍ നിന്ന് വീടുകളില്‍ ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്തും. പരിചരണ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വീടുകളില്‍ നഴ്സിംഗ് / മെഡിക്കല്‍ പരിചരണം നല്‍കുന്ന സന്നദ്ധ സംഘങ്ങള്‍ക്ക് സംസ്ഥാന തലത്തില്‍ രജിസ്ട്രേഷന്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. ആയുര്‍വേദ ഹോമിയോ മേഖലകളെ കൂടി ഉള്‍പ്പെടുത്തി പാലിയേറ്റീവ് കെയര്‍ സേവനങ്ങള്‍ വിപുലീകരിച്ചിട്ടുണ്ട്.
പാലിയേറ്റീവ് കെയര്‍ മേഖലയില്‍ സര്‍ക്കാരിന്റെ ഇടപെടലുകള്‍ക്ക് കാലാകാലങ്ങളില്‍ ആവശ്യമുള്ള പിന്തുണ ലഭ്യമാക്കിയത് സന്നദ്ധ സംഘടനകളും സന്നദ്ധ പ്രവര്‍ത്തകരുമാണ്. മലപ്പുറം ജില്ലയിലെ പാലിയേറ്റീവ് സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ – മലപ്പുറം ഇനിഷ്യേറ്റീവ് പാലിയേറ്റീവ് കെയര്‍ – 2001 മുതല്‍ പ്രവര്‍ത്തിച്ചു വരുന്നു. ഇതേ മാതൃകയില്‍ മറ്റു ജില്ലകളിലും സന്നദ്ധ സംഘടനകളുടെ കൂട്ടായ്മകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനതലത്തില്‍ തൃശൂര്‍ കേന്ദ്രീകരിച്ച് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയര്‍ (കേരള) പ്രവര്‍ത്തിക്കുന്നു. സന്നദ്ധ സംഘങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനൊപ്പം സര്‍ക്കാര്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വേണ്ട ഇടപെടലുകള്‍ നടത്തുവാനും ഈ കൂട്ടായ്മകള്‍ ശ്രദ്ധിക്കുന്നു. പുരോഗമന രാഷ്ട്രീയ സാമൂഹിക സംഘടനകളും മതസംഘടനകളും ഒരേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു മേഖലയായി ഇന്ന് പാലിയേറ്റീവ് കെയര്‍ വളര്‍ന്നിട്ടുണ്ട്.

Back to Top