മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം ഫെബ്രുവരി 15,16,17,18 തിയ്യതികളില്‍ കരിപ്പൂരില്‍
കോഴിക്കോട്: ‘വിശ്വമാനവികതയ്ക്ക് വേദവെളിച്ചം’ പ്രമേയത്തില്‍ 2024 ജനുവരി 25 മുതല്‍ 28 വരെ തിയതികളില്‍ കരിപ്പൂരില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനം സാങ്കേതിക കാരണങ്ങളാല്‍ ഫെബ്രുവരിയിലേക്ക് നീട്ടിയതായി സംഘാടക സമിതി രക്ഷാധികാരി ഡോ. ഇ കെ അഹ്മദ്കുട്ടി, ചെയര്‍മാന്‍ പാറപ്പുറത്ത് മൊയ്തീന്‍കുട്ടി ഹാജി, ജനറല്‍ കണ്‍വീനര്‍ സി പി ഉമര്‍ സുല്ലമി എന്നിവര്‍ അറിയിച്ചു. 2024 ഫെബ്രുവരി 15,16,17,18 തിയതികളിലേക്ക് മാറ്റി നിശ്ചയിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ്, സംയുക്ത കൗണ്‍സില്‍, സ്വാഗതസംഘം എന്നിവ ചേര്‍ന്ന് ഐക്യകണ്‌ഠ്യേന തീരുമാനിച്ചു.
കരിപ്പൂരിലെ വിശാലമായ വയലിലാണ് സമ്മേളന നഗരി ഒരുങ്ങുന്നത്. അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ പന്തല്‍ നിര്‍മാണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്തവിധം നഗരിയുടെ പലയിടങ്ങളിലും വെള്ളവും ചെളിയുമാണ്. വെള്ളം പൂര്‍ണമായി ഒഴിഞ്ഞ് പന്തല്‍ നിര്‍മാണത്തിന് പാകപ്പെടുന്നതിന് ഏതാനും ദിവസങ്ങളുടെ സാവകാശം അനിവാര്യമായി വന്നിരിക്കുകയാണ്. നാലു ദിവസത്തെ സമ്മേളനം എന്നതിലുപരി അതിനു മുന്നോടിയായി ഒരാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന മെസേജ് എക്‌സിബിഷന്‍, കിഡ്‌സ്‌പോര്‍ട്ട്, കാര്‍ഷികമേള, പുസ്തകമേള, ഖുര്‍ആന്‍ പഠനപരമ്പര എന്നിവക്കു വേണ്ട പന്തലുകള്‍ സമ്മേളനത്തിന് ഒരാഴ്ച മുമ്പെങ്കിലും തയ്യാറാകേണ്ടതുണ്ട്.
സ്വദേശത്തും വിദേശത്തുമായി സമ്മേളനത്തെ നെഞ്ചേറ്റി ആവേശപൂര്‍വം കാത്തിരിക്കുകയും നേരത്തെ നിശ്ചയിച്ച തിയതികളിലേക്ക് യാത്രകള്‍ ഷെഡ്യൂള്‍ ചെയ്യുകയും ചെയ്ത ആദര്‍ശബന്ധുക്കളുടെയും അനുഭാവികളുടെയും പ്രയാസങ്ങളില്‍ സ്വാഗതസംഘം ഖേദം രേഖപ്പെടുത്തി.