ഇസ്‌ലാം എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നു?
ഷാജഹാന്‍ ഫാറൂഖി
മനുഷ്യകുലത്തിന് സന്മാര്‍ഗ വെളിച്ചവുമായി അവതരിക്കപ്പെട്ട മതമാണ് ഇസ്‌ലാം. ലക്ഷക്കണക്കിന് പ്രവാചകന്മാരിലൂടെ സന്ദേശം കൈമാറി വന്ന ഈ മതത്തിന് സമാപ്തി കുറിച്ചത് മുഹമ്മദ് നബി(സ)ക്ക് അവതരിക്കപ്പെട്ട വിശുദ്ധ ഖുര്‍ആനിലൂടെ ആയിരുന്നു. ഒരു ദൈവിക മതത്തിന് അവകാശപ്പെടാവുന്ന ഏറ്റവും വലിയ പ്രത്യേകത അതിന്റെ സാര്‍വകാലികതയും യുക്തിഭദ്രതയുമാണ്. നിയമനിര്‍മാണത്തിലെ സുതാര്യത, അനുഷ്ഠിക്കാനുള്ള ലാളിത്യം എന്നീ സവിശേഷതകള്‍കൊണ്ടാണ് ഇസ്‌ലാം മനുഷ്യമനസ്സുകളെ കൂടുതലായി ആകര്‍ഷിച്ചത്. എന്നാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമായ മതവും ഇസ്‌ലാമാണെന്നത് വിസ്മയകരമാണ്. അതിന്റെ കാരണങ്ങള്‍ നിരീക്ഷണ വിധേയമാക്കേണ്ടതുണ്ട്.
വിശ്വാസത്തനിമ
ബുദ്ധിപരമായ ഔന്നത്യം കൊണ്ടനുഗൃഹീതനായ മനുഷ്യന് സങ്കല്‍പിക്കാന്‍ പോലും കഴിയാത്ത വിശ്വാസാചാരങ്ങളാണ് ബിംബാരാധന, സൃഷ്ടിപൂജ, ത്രിയേകത്വം, മനുഷ്യദൈവങ്ങള്‍, അമ്മ ദൈവങ്ങള്‍ തുടങ്ങിയ ദൈവസങ്കല്‍പങ്ങള്‍. ഏകദൈവത്തിലധിഷ്ഠിതമായ ലളിതവും സുതാര്യവുമായ വിശ്വാസദര്‍ശനമാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്. ദൈവത്തിന് അവതാരങ്ങളോ പങ്കാളികളോ മധ്യവര്‍ത്തികളോ സങ്കല്‍പിച്ചുകൂടാ. പുരോഹിതനോ പൂജാരിയോ ഇടനിലക്കാരോ ഇല്ലാതെ എല്ലാ മനുഷ്യര്‍ക്കും ദൈവസമക്ഷത്തിലേക്ക് കടന്നുചെല്ലാം. വഴിപാടുകളോ ശിപാര്‍ശകളോ സ്വീകാര്യമല്ല. മാമോദീസയോ ഏറ്റുപറച്ചിലോ വാഴ്ത്തപ്പെടലോ അതിന്റെ ശൈലിയുമല്ല. വിശുദ്ധ ഖുര്‍ആന്‍ സ്രഷ്ടാവിനെ പരിചയപ്പെടുത്തുന്നത് നോക്കുക: ‘പറയുക, കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ ജന്മം നല്‍കിയിട്ടില്ല. ജനിച്ചിട്ടുമില്ല. അവനു തുല്യനായി ആരും ഇല്ലതാനും’ (112:1-4)
ഇസ്‌ലാമിന്റെ ആവിര്‍ഭാവകാലത്ത് ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഇസ്‌ലാം ചോദ്യം ചെയ്തു. തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ, സതി, ചാതുര്‍വര്‍ണം, ജാതി വിവേചനം തുടങ്ങിയ വിഷയങ്ങളിലെല്ലാം ഇസ്‌ലാമിന്റെ നിലപാടുകള്‍ പുരോഹിതന്മാരെയും പൂജാരിമാരെയും അസ്വസ്ഥരാക്കി. പ്രശ്‌നം വെക്കല്‍, ശകുനം നോക്കല്‍, ബാധ ഇറക്കല്‍, മന്ത്രവാദം എന്നീ അനര്‍ഥങ്ങള്‍ക്ക് ഇസ്‌ലാം വിലക്ക് ഏര്‍പ്പെടുത്തി.
ഇതൊക്കെയാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ആദര്‍ശങ്ങളെങ്കില്‍ അത് തങ്ങളുടെ നിലനില്‍പിന് ഭീഷണിയാകുമെന്ന് സ്വാഭാവികമായും അതിന്റെ വക്താക്കള്‍ ഭയന്നു. പവിത്രമാണ് ഇസ്‌ലാമിക വിശ്വാസപ്രമാണങ്ങള്‍ എന്നിരിക്കിലും അതിനെ ചെറുത്തുതോല്‍പിക്കാന്‍ അവര്‍ മുന്നോട്ടുവന്നു. ക്രിസ്ത്യന്‍ മിഷനറിമാര്‍, സയണിസ്റ്റുകള്‍, ഫാഷിസ്റ്റുകള്‍, ദൈവനിഷേധികള്‍, ലിബറലിസ്റ്റുകള്‍ തുടങ്ങിയവരെല്ലാം ഈ വിഷയത്തില്‍ കൈ കോര്‍ത്തു.
ശാന്തിയുടെ സന്ദേശം
ലോകത്ത് ശാന്തിയും സമാധാനവും നിലനില്‍ക്കണമെന്ന ആഹ്വാനം മാത്രമല്ല, അത് കര്‍മപഥത്തില്‍ കൊണ്ടുവരാനുള്ള പദ്ധതികളും ഇസ്‌ലാം ആവിഷ്‌കരിക്കുന്നുണ്ട്. രണ്ടുപേര്‍ കണ്ടുമുട്ടുമ്പോള്‍ ശാന്തിയുടെ സന്ദേശം കൈമാറിയാണ് സൗഹൃദം പുതുക്കേണ്ടത് എന്ന് ഇസ്‌ലാം നിര്‍ദേശിക്കുന്നു. അല്ലാഹുവെ നീയാണ് ശാന്തി, നിന്നില്‍ നിന്നാണ് ശാന്തി, ശാന്തിയുടെ മടക്കം നിന്നിലേക്കാണ്. ശാന്തിയുടെ അഭിവാദ്യം ഞങ്ങള്‍ക്ക് പ്രദാനം ചെയ്യേണമേ എന്നിങ്ങനെ പ്രാര്‍ഥിക്കാനാണ് സത്യവിശ്വാസികളെ ഉണര്‍ത്തിയിട്ടുള്ളത്.
സമാധാനത്തിനു ഭംഗം വരുന്ന ഒരു പ്രവൃത്തിയും മുസ്‌ലിമില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ല. ഒരാള്‍ മറ്റൊരാളെ കൊലപ്പെടുത്തിയാല്‍ അവന്‍ മുഴുവന്‍ ജനങ്ങളെയും കൊലപ്പെടുത്തിയവനെപ്പോലെയാണ്. ഒരാളെ ജീവിക്കാന്‍ അനുവദിച്ചാല്‍ അവന്‍ മുഴുവന്‍ ജനങ്ങളെയും ജീവിപ്പിച്ചവനെപ്പോലെയാണ്. ഇതാണ് ഇസ്‌ലാം മുറുകെ പിടിക്കുന്ന ശാന്തിമന്ത്രം.
മതസംഘര്‍ഷങ്ങളും വര്‍ഗീയസംഘട്ടനങ്ങളും ഇസ്‌ലാമിന്റെ ശൈലിയല്ല. പ്രവാചകന്‍ നയിച്ച യുദ്ധങ്ങളെല്ലാം പ്രതിരോധത്തിനു വേണ്ടിയായിരുന്നു. മതത്തിന്റെ പേരില്‍ നിര്‍ബന്ധമില്ലെന്നും സത്യമാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ സ്വീകരിക്കേണ്ടതുള്ളൂ എന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. നിങ്ങള്‍ക്ക് നിങ്ങളുടെ മതവും എനിക്ക് എന്റെ മതവും ആചരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇസ്‌ലാമിക ഭരണം യാഥാര്‍ഥ്യമായ പ്രദേശങ്ങളിലെല്ലാം മറ്റു മതങ്ങള്‍ അനുഭവിച്ച സ്വാതന്ത്ര്യം ചരിത്രരേഖകളില്‍ നിര്‍ണായകമാണ്.
പ്രതിരോധത്തിനുവേണ്ടി പോരാടേണ്ടി വന്ന സന്ദര്‍ഭങ്ങളില്‍ പോലും തന്റെ സൈന്യാധിപന്മാര്‍ക്ക് പ്രവാചകന്‍ നല്‍കിയ മുന്നറിയിപ്പ് പ്രസിദ്ധമാണ്. ഉസാമ(റ)യുടെ നേതൃത്വത്തില്‍ സജ്ജമായ സൈന്യത്തിന് നബി നല്‍കിയ വസ്വിയ്യത്ത് ഇപ്രകാരം വായിക്കാം. ‘സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധജനങ്ങള്‍ എന്നിവരെ ഉപദ്രവിക്കരുത്, മിണ്ടാപ്രാണികളെ നോവിക്കരുത്. ഫലം കായ്ക്കുന്ന വൃക്ഷങ്ങളെ നശിപ്പിക്കരുത്, ആരാധനാലയങ്ങളില്‍ നിന്നുവരുന്നവരെ വെറുതെ വിടണം.’
വിധിവിലക്കുകളുടെ
അജയ്യത
മാനവരാശിയുടെ ഇഹപര വിജയങ്ങള്‍ക്ക് ആവശ്യമായ വിധി വിലക്കുകളാണ് ഇസ്‌ലാം നിര്‍ദേശിച്ചിട്ടുള്ളത്. വ്യക്തി, കുടുംബം, സമൂഹം എന്നീ തലങ്ങളിലെല്ലാം സര്‍വസ്പര്‍ശിയായ നേട്ടങ്ങള്‍ ലക്ഷ്യം വെച്ചുകൊണ്ടുള്ള നിയമനിര്‍ണമാണ് ഇസ്‌ലാമിന്റേത്. മതം ചെയ്യാന്‍ കല്‍പിച്ച ഏതെങ്കിലുമൊരു കാര്യത്തില്‍ സമൂഹത്തിനു തിന്മകളുണ്ടെന്നോ, മതം നിഷിദ്ധമാക്കിയ കാര്യങ്ങളില്‍ നന്മകളുണ്ടെന്നോ ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല.
ഇസ്‌ലാം നിഷിദ്ധമാക്കിയ മദ്യം, പലിശ, ലോട്ടറി എന്നിവ ആഗോള സാമ്രാജ്യത്വശക്തികളുടെ പ്രധാന സാമ്പത്തിക സ്രോതസ്സുകളാണ്. മദ്യമയക്കുമരുന്നു ലോബികള്‍ രാജ്യത്തിന്റെ സമാധാനത്തിനു തന്നെ ഭീഷണി സൃഷ്ടിക്കുമ്പോള്‍ റവന്യൂ വരുമാനം മോഹിച്ചു ഭരണാധികാരികള്‍ നിശ്ശബ്ദരാകുന്നു. മദ്യത്തിന്റെ ഉപാസകരായ ഗോത്രാധിഷ്ഠിത അറബി സമൂഹത്തെ പൂര്‍ണമായും മദ്യമുക്തമാക്കിയ ഇസ്‌ലാം അതിന്റെ ജൈത്രയാത്ര തുടരുക തന്നെ ചെയ്യും.
സാമ്പത്തികരംഗം പലിശാധിഷ്ഠിതവും ചൂഷണോപാധിയുമായിമാറി ജീവിതം ദുസ്സഹമാകുമ്പോള്‍ പലരും ആത്മഹത്യയില്‍ അഭയം തേടുന്നു. കടക്കെണിയിലകപ്പെട്ടവര്‍ക്ക് വായ്പ നല്‍കുവാനും പലിശ രഹിത സഹായം വാഗ്ദാനം ചെയ്യാനും ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയ്ക്ക് കഴിയും. സകാത്ത് സംവിധാനം നടപ്പിലാക്കിയ രാജ്യങ്ങള്‍ ഇതിന് മാതൃകയാണ്. സകാത്തിനു പുറമെ ഐഛിക ദാനങ്ങളെ പ്രോത്സാഹിപ്പിച്ച ഇസ്‌ലാം എക്കാലത്തും പാവപ്പെട്ടവന്റെ പ്രതീക്ഷയായി മാറി. സാമ്പത്തിക വളര്‍ച്ചയുടെ സ്രോതസ്സായി പലിശയെ ഗണിക്കുന്ന സമൂഹങ്ങളെല്ലാം ഇസ്‌ലാമിനെ തങ്ങളുടെ ശത്രുവാക്കി കല്ലെറിയുന്നതില്‍ അത്ഭുതപ്പെടാനില്ല.
സ്ത്രീ സുരക്ഷ
‘നബിയേ, നിന്റെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെ മേല്‍ താഴ്ത്തിയിടാന്‍ പറയുക. അവര്‍ തിരിച്ചറിയപ്പെടാനും അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു’ (33:59)
സ്ത്രീ പുരുഷന്മാരുട ഡ്രസ് കോഡുകള്‍ കൃത്യമായി നിര്‍വചിച്ചിട്ടുള്ള മതമാണ് ഇസ്‌ലാം. ഹിജാബിന്റെയും പര്‍ദയുടെയും പേരില്‍ കേരളത്തിലുള്‍പ്പെടെ നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങള്‍ ശ്രദ്ധേയമാണ്. ലിംഗനീതി, സ്ത്രീ സുരക്ഷ, സ്ത്രീ ശാക്തീകരണം തുടങ്ങിയ പേരുകളിലായി സ്ത്രീകളെ ലൈംഗിക ചൂഷണത്തിലും സാംസ്‌കാരികാപചയത്തിലും കൊണ്ടെത്തിക്കുന്ന പടിഞ്ഞാറിന്റെ വേദവാക്യമാണ് എങ്ങും സ്വീകാര്യം. ബാര്‍ ഹോട്ടലുകള്‍, നിശാക്ലബ്ബുകള്‍, വ്യഭിചാരശാലകള്‍ എന്നിവക്ക് നിയമപരമായ അംഗീകാരം നല്‍കി കോടികള്‍ കൊയ്യുന്ന ബിസിനസ് എന്ന നിലയിലാണ് ഭരണകൂടങ്ങള്‍ വരെ അതിനെ നോക്കിക്കാണുന്നത്.
മനുഷ്യാവകാശം
‘ഹേ, മനുഷ്യരെ, തീര്‍ച്ചയായും നിങ്ങളെ നാം ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങളന്യോന്യം അറിയുന്നതിന്, നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു’ (49:13)
ജാതി മത വര്‍ഗ വര്‍ണ ലിംഗ ഭാഷാഭേദങ്ങള്‍ക്കതീതമായി മനുഷ്യമക്കളെ ആദരിക്കാനും അംഗീകരിക്കാനും പഠിപ്പിച്ച മതമാണ് ഇസ്‌ലാം. ചാതുര്‍വര്‍ണ്യമുദ്‌ഘോഷിക്കുന്ന സനാത ധര്‍മവും ദൈവത്തിന്റെ മക്കളും പ്രിയപ്പെട്ടവരുമാണ് തങ്ങളെന്ന് അഭിമാനിക്കുന്ന ജൂത-ക്രൈസ്തവ സമൂഹങ്ങള്‍ വെച്ചുപുലര്‍ത്തുന്ന പാരമ്പര്യവാദവും ഇസ്‌ലാമില്‍ അസ്വീകാര്യമാണ്. ‘തൊട്ടുകൂടായ്മ കുറ്റകരമാണ്’ എന്ന പരസ്യഫലകങ്ങള്‍ ഇന്നും അപ്രത്യക്ഷമായിട്ടില്ല. ദളിതനായ മന്ത്രിമാര്‍ക്കുപോലും ചിലക്ഷേത്ര ചടങ്ങുകളില്‍ അയിത്തം വിട്ടുമാറിയിട്ടില്ല. അടുത്തകാലത്ത് യുഎന്‍ഒ പ്രഖ്യാപിച്ച മനുഷ്യാവകാശ പ്രഖ്യാപനം വരെ കാത്തിരിക്കേണ്ടിവന്നു ഈ നവോത്ഥാനത്തിനു തന്നെ തുടക്കം കുറിക്കാന്‍. മാനസികമായ ഈ അധമത്വം അടിച്ചേല്‍പിച്ച് മറ്റുള്ളവരെ അടിമകളാക്കി ആത്മനിര്‍വൃതികൊണ്ടിരുന്ന മനുഷ്യപ്പിശാചുക്കളെ തളച്ച ഇസ്‌ലാം ഇവരുടെ കണ്ണിലെ കരടായി മാറിയതില്‍ അത്ഭുതമില്ല. ‘ഒരൊറ്റ ദൈവം, ഒരൊറ്റ ജനത’ എന്ന വേദവെളിച്ചം എന്നും പ്രസക്തമാണ്. 1948ലാണ് യു എന്‍ ഒ മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത്. അതിന് 14 നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ പ്രവാചകന്‍ അത് പ്രഖ്യാപിച്ചു.
സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിച്ച് മാന്യനായി ജീവിക്കാനുള്ള അവകാശം ഓരോ പൗരനും ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ എല്ലാകാലത്തും നല്‍കപ്പെട്ടിട്ടുണ്ട്. ലോകചരിത്രത്തില്‍ നീതിയുടെ പര്യായമായ രണ്ടാം ഖലീഫ ഉമര്‍(റ)വിന്റെ കാലഘട്ടം. പ്രജകളോടുള്ള പെരുമാറ്റത്തില്‍ സംശയം തോന്നിയ ഖലീഫ തന്റെ ഗവര്‍ണറായ അംറുബ്‌നുല്‍ ആസ്(റ)ന് താക്കീതുനല്‍കി. ‘സ്വതന്ത്രരായി ജനിച്ച മനുഷ്യമക്കളെ താങ്കള്‍ എപ്പോഴാണ് അടിമകളാക്കാന്‍ ആരംഭിച്ചത്’.
ചൂഷണങ്ങള്‍ക്കെതിരെ
‘സത്യവിശ്വാസികളേ, പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട ധാരാളംപേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് അവരെ തടയുകയും ചെയ്യുന്നു’ (9:34)
ചൂഷണമുക്തമായ ഒരു സമൂഹമാണ് ഇസ്‌ലാം ലക്ഷ്യംവെക്കുന്നത്. വിശ്വാസ, സാമൂഹിക, സാമ്പത്തിക, വൈവാഹിക രംഗങ്ങളിലെല്ലാം നിലനിന്നിരുന്ന ചൂഷണോപാധികളെ അത് വിമര്‍ശിച്ചു. മന്ത്രവാദം, സിഹ്ര്‍, ശകുനം നോക്കല്‍, പ്രശ്‌നംവെക്കല്‍, ഭാവി പ്രവചനം, ഭാഗ്യപരീക്ഷണം തുടങ്ങിയ എല്ലാ അന്ധവിശ്വാസങ്ങളെയും പ്രവാചകന്‍ തള്ളിക്കളഞ്ഞു. സിഹ്ര്‍ ഏഴ് വന്‍പാപങ്ങളില്‍ ഒന്നായി താക്കീത് ചെയ്തു. ഉറുക്ക്, ഏലസ്സ്, കുട്ടിച്ചാത്തന്‍സേവ, ജിന്നുസേവ, വാസ്തു എന്നീ തിന്മകളെ അവിടുന്ന് റദ്ദ് ചെയ്തു. ലോട്ടറി, ചൂതാട്ടം, മായം ചേര്‍ക്കല്‍, വഞ്ചന തുടങ്ങിയ സാമ്പത്തിക ക്രമക്കേടുകളെ അധിക്ഷേപിച്ചു. അളവിലും തൂക്കത്തിലും കുറവു വരുത്തുന്നവര്‍ക്ക് നാശം എന്ന് ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കി. സ്വത്തവകാശം നിഷേധിക്കപ്പെട്ടിരുന്ന സ്ത്രീകള്‍ക്ക് മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സ്വത്തില്‍ പുരുഷന്മാരെപ്പോലെ അവകാശമുണ്ടെന്ന് ബോധ്യപ്പെടുത്തി.
പ്രകൃതിമതമായ ഇസ്‌ലാം ലൈഗിക ചൂഷണങ്ങളോടെല്ലാം യുദ്ധം പ്രഖ്യാപിച്ചു. വിവാഹേതര, വിവാഹപൂര്‍വ ബന്ധങ്ങളെ നിഷിദ്ധമാക്കി. കുത്തഴിഞ്ഞ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്ന പാശ്ചാത്യ സംസ്‌കാരം, ഇസ്‌ലാമിന് അന്യമാണ്. വ്യഭിചാരം, സ്വവര്‍ഗരതി, ലെസ്ബിയന്‍ വിവാഹം, ലിവിംഗ് ടുഗതര്‍ ഇവയെല്ലാം കോടതിയുടെയും നിയമത്തിന്റെയും മുന്നില്‍ ന്യായീകരിക്കപ്പെട്ടു. പത്രമാധ്യമങ്ങളുടെ പിന്തുണ ഈ ആഭാസങ്ങള്‍ക്ക് ആവോളം ലഭിച്ചു. പടിഞ്ഞാറന്‍ നാടുകളില്‍ പിതാക്കളില്ലാതെ ജനിക്കുന്ന ശിശുക്കള്‍ ഒരു ചോദ്യചിഹ്നമായി. തങ്ങളുടെ ചെയ്തികള്‍ക്ക് കൂട്ടുനില്‍ക്കാത്ത ഇസ്‌ലാമിനെ അവര്‍ ശക്തിയുക്തം എതിര്‍ത്തു.
‘തീര്‍ച്ചയായും നിങ്ങളുടെ സ്വത്തുക്കളിലും ശരീരങ്ങളിലും നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതാണ്. നിങ്ങള്‍ക്കു മുമ്പ് വേദം നല്‍കപ്പെട്ടവരില്‍ നിന്നും ബഹുദൈവാരാധകരില്‍ നിന്നും നിങ്ങള്‍ ധാരാളം കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടിവരികയും ചെയ്യുന്നുവെങ്കില്‍ തീര്‍ച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാകുന്നു”(3:186)