23 Monday
December 2024
2024 December 23
1446 Joumada II 21

മുഹമ്മദ് നിസാര്‍ നോവ് പടര്‍ത്തുന്ന ഓര്‍മ

എം ടി മനാഫ്‌


ഇനിയും ഒരുപാട്കാലം നമ്മുടെ കൂടെയുണ്ടാകണമെന്ന് നാം ആഗ്രഹിക്കുന്ന ഒരാള്‍ തികച്ചും അപ്രതീക്ഷിതമായ ഒരു നിമിഷത്തില്‍ വിടപറഞ്ഞു പോകുമ്പോള്‍ ഉണ്ടാകുന്ന നോവും നീറ്റലും വാക്കുകള്‍ക്കതീതമാണ്. 33-ാം വയസ്സിലാണ് മുഹമ്മദ് നിസാര്‍ എന്ന പ്രിയപ്പെട്ട നിസു നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നത്. ആര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല. എല്ലാം സര്‍വ്വശക്തനായ അല്ലാഹുവിന്റെ തീരുമാനം. അവന്‍ പറഞ്ഞയച്ചു, അവന്‍ തിരിച്ചു വിളിച്ചു…
മുജാഹിദ് സംസ്ഥാന സമ്മേളന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം സി പി ഉമര്‍ സുല്ലമിയുടെ കൂടെ നടത്തിയ യു എ ഇ സന്ദര്‍ശനത്തിലാണ് അവസാനമായി അവനോട് ചേര്‍ന്നു നിന്നത്. നവംബര്‍ അഞ്ചിന് യു എ ഇ ഇസ്‌ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി ഷാര്‍ജയില്‍ സംഘടിപ്പിച്ച ദേശീയതല കുടുംബസംഗമം കുറ്റമറ്റതാക്കുന്നതില്‍ നിസാര്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. ആ പ്രോഗ്രാമിന്റെ അവസാന സംസാരവും അവന്റേതായിരുന്നു. ദുബയ് കറാമ സെന്ററിലും അവനായിരുന്നു മുഖ്യ സംഘാടകന്‍.
യു എ ഇ ഇസ്‌ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി ഭാരവാഹികളില്‍ ഊര്‍ജസ്വലതയുടെ പര്യായമായിരുന്നു മുഹമ്മദ് നിസാര്‍. പ്രാസ്ഥാനിക രംഗത്തുണ്ടായ പരീക്ഷണങ്ങളില്‍ കരുത്തായി അവന്‍ മുന്നില്‍ നടന്നു. നിലപാടുകളില്‍ കൃത്യത പുലര്‍ത്തി. സഹപ്രവര്‍ത്തകര്‍ക്ക് ആവേശമായി. പത്തു ദിവസത്തെ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിന്റെ തലേദിവസം ഉച്ചക്കും രാത്രിയും ഒരുമിച്ചായിരുന്നു ഭക്ഷണം. എയര്‍പോര്‍ട്ടില്‍ ഞങ്ങളെ കൊണ്ടുവിട്ടതും ലഗേജുകള്‍ കൈകാര്യം ചെയ്യാന്‍ സഹായിച്ചതും എല്ലാം അവനായിരുന്നു. പിരിയാന്‍ നേരം സി പിയെയും എന്നെയും ചേര്‍ത്തുനിര്‍ത്തി സെല്‍ഫിയെടുത്തു. അവസാനത്തെ ഫ്രെയിം. സമ്മേളനത്തിന് കാണാം എന്ന ആഗ്രഹം പങ്കുവെച്ച് മൗലവിയെയും എന്നെയും ആലിംഗനം ചെയ്താണ് പിരിഞ്ഞത്.
നിറഞ്ഞ പുഞ്ചിരി, സൗമ്യഭാവം, സ്‌നേഹം, ആദരവ്, പരിഗണന, ഒരാള്‍ക്കെങ്ങനെ ലളിതവും പക്വവും സ്‌നേഹനിധിയുമായി നിലനില്‍ക്കാനാകും എന്ന് ആ സുഹൃത്ത് ലളിതമായി കാണിച്ചു തന്നു. തിരക്കുകള്‍ക്കിടയിലും എങ്ങനെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കാമെന്ന് ബോധ്യപ്പെടുത്തി. ഇസ്‌ലാഹി സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കെ എം സി സിയിലും സാമൂഹ്യക്ഷേമ രംഗത്തും നാട്ടിലെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളിലും ജീവിതം അടയാളപ്പെടുത്തി. കുടുംബത്തിലെ വിപുലമായ ജീവകാര്യണ്യ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചു. എല്ലാം കൃത്യമായി മാനേജ് ചെയ്തു. യു കെയില്‍ പഠിക്കുന്ന കാലത്തും പ്രവാസം ആരംഭിക്കും മുന്‍പ് നാട്ടിലും ആദര്‍ശ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. എം എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ ട്രഷററായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എ എ കെ ഗ്രൂപ്പിന്റെ ബിസിനസ് സംരംഭങ്ങളുടെ മുന്‍നിരക്കാരില്‍ ഒരാള്‍ കൂടിയായിരുന്നു നിസാര്‍. അവന് പകരക്കാരില്ല. ഓരോരുത്തരെയും എത്രത്തോളം കരുതലോടും ഇഷ്ടത്തോടും കൂടിയാണ് അവന്‍ ചേര്‍ത്തു പിടിച്ചിരുന്നത്. ഗദ്ഗദകണ്ഠരായല്ലാതെ ആര്‍ക്കും അതൊന്നും ഓര്‍ത്തെടുക്കാന്‍ ആവില്ല. ഗള്‍ഫില്‍ സോനാപൂരിലെ എംബാം സെന്ററില്‍ അവനുവേണ്ടി നമസ്‌കരിക്കാനെത്തിയ മലയാളി കമ്മ്യൂണിറ്റിയും നാട്ടില്‍ ബാവ ഹാജിയുടെ വീട്ടിലേക്കും മഹല്ല് പള്ളിയിലേക്കും ഒഴുകിയെത്തിയ ആയിരങ്ങളും ആ സൗമ്യ ഭാവത്തോടുള്ള ഇഷ്ടമായിരുന്നു.
മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ചെയര്‍മാന്‍ പാറപ്പുറത്ത് ബാവ ഹാജിയുടെ സഹോദരന്‍ മുഹമ്മദ്കുട്ടി ഹാജിയുടെ മൂത്ത മകനാണ് മുഹമ്മദ് നിസാര്‍. പ്രായത്തേക്കാള്‍ കവിഞ്ഞ പക്വത കൊണ്ട് ഏവര്‍ക്കും ഏറ്റവും പ്രിയപ്പെട്ടവന്‍. ഖുര്‍ആന്‍ പഠനത്തിനും പ്രബോധനത്തിനുമായി നിസാര്‍ മുന്‍കയ്യെടുത്ത് നടത്തിയിരുന്ന വാട്‌സാപ്പ് സംരംഭമായിരുന്നു ‘നേര്‍മൊഴി’. സത്യസന്ദേശത്തിന്റ പ്രബോധന വഴിയില്‍ കുറഞ്ഞ കാലം കൊണ്ട് ആവുന്നതെല്ലാം അവന്‍ ചെയ്തിട്ടുണ്ടാവണം. കര്‍മ്മങ്ങള്‍ കൊണ്ട് ജീവിതത്തെ ധന്യമാക്കിയാണ് വിട പറഞ്ഞള്ളത്.
ഐ എസ് എം എന്ന യുവജനപ്രസ്ഥാനത്തിന്റെ കരുത്തും യുവതയുടെ ആവേശവും ധിഷണാശാലിയുമായിരുന്ന അബൂബക്കര്‍ കാരക്കുന്നിനെ 46-ാം വയസ്സില്‍ അര്‍ബുദം മരണമായി വന്ന് കൂട്ടിക്കൊണ്ടു പോയപ്പോള്‍ ആ കുടുംബം വല്ലാതെ തളര്‍ന്നു പോയിരുന്നു. ആ ശൂന്യതയിലേക്കാണ് ഒരു വിളക്കുമാടമായി നിസാര്‍ കടന്നുവന്നത്. കാരക്കുന്നിന്റെ മകള്‍ സഫയെ അവന്‍ ഇണയാക്കി. ‘ആദര്‍ശബോധമുള്ളവളെ വിവാഹം കഴിച്ച് നീ വിജയം വരിക്കുക’ എന്ന പ്രവാചക വചനം മാത്രമായിരുന്നു പ്രചോദനം. കുടുംബങ്ങളും പ്രസ്ഥാന ബന്ധുക്കളും മാത്രമല്ല ആ മനോഹരമായ ബന്ധമറിഞ്ഞ എല്ലാ സുമനസ്സുകളും സന്തോഷിച്ചു. അവര്‍ക്കു വേണ്ടി പ്രാര്‍ഥിച്ചു. മിസ്ഹബും ഇല്‍ഫയും പിന്നീട് അവരുടെ സന്തോഷങ്ങളായി പിറന്നു. ഇപ്പോള്‍ ജീവിതത്തില്‍ നിന്ന് നിസാറും വിടവാങ്ങിയിരിക്കുന്നു. അല്ലാഹുവേ, അവന്റെ കുടുംബാംഗങ്ങള്‍ക്ക് നീ കരുണ ചൊരിയേണമേ. അവര്‍ക്ക് കരുത്ത് നല്‍കേണമേ.
മുപ്പത്തി മൂന്ന് വയസ്സ് എന്നത് വളരെ ചെറിയൊരു കാലഘട്ടമാണ്. പക്ഷെ ലഭിച്ച കാലം അര്‍ഥപൂര്‍ണമാക്കിയാണ് അവന്‍ മടങ്ങിയത്. വേര്‍പാട് വല്ലാതെ ഉലച്ചു കളഞ്ഞപ്പോഴും ‘അവന്‍ എത്തേണ്ടിടത്ത് എത്തി’ എന്ന് വിങ്ങിയ സ്വരത്തില്‍ പിതാവ് മുഹമ്മദ്കുട്ടി ഹാജി പറഞ്ഞതും അതുകൊണ്ടായിരിക്കും. ‘ആര്‍ അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്‍മാര്‍, സത്യസന്ധന്മാര്‍, രക്തസാക്ഷികള്‍, സച്ചരിതര്‍ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍! (ഖുര്‍ആന്‍ 4:69) എന്നാണല്ലോ ഖുര്‍ആന്‍ സന്തോഷവാര്‍ത്ത അറിയിച്ചിട്ടുള്ളത്.
തറവാടിനോട് ചേര്‍ന്ന് പണിപൂര്‍ത്തിയായി വരുന്ന വീട്ടില്‍ കുടുംബത്തോടൊപ്പം താമസിക്കുവാന്‍ മുഹമ്മദ് നിസുവില്ല. പടച്ചവന്‍ അവന്റെ അനുഗ്രഹങ്ങളിലേക്ക് നേരത്തെ കൂട്ടിക്കൊണ്ടുപോയതാവും. വീടിനടുത്തുള്ള അല്ലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ സൗമ്യമായ ആ പുഞ്ചിരിയുമായി അവന്‍ സ്വര്‍ഗത്തിന്റെ പരിമളം ആസ്വദിക്കുന്നുണ്ടാവും.

Back to Top