ടി എം അബ്ദുല്‍കരീം
ഒ എസ് അബ്ദുസ്സമദ്
തൊടുപുഴ: കെ എന്‍ എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന ടി എം അബ്ദുല്‍കരീം (72) 2023 ഡിസംബര്‍ 17ന് നിര്യാതനായി. സര്‍ക്കാര്‍ സര്‍വീസില്‍ രജിസ്ട്രേഷന് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് വിരമിച്ച അദ്ദേഹം വിശ്രമ ജീവിതത്തിലായിരുന്നു. ഇടുക്കി ജില്ലയില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ ആരംഭം മുതല്‍ നേതൃത്വത്തില്‍ അദ്ദേഹമുണ്ടായിരുന്നു.
1990-കളില്‍ ജില്ലയില്‍ പ്രഥമ യൂണിറ്റ് കമ്മിറ്റി നിലവില്‍ വന്നപ്പോള്‍ അദ്ദേഹമായിരുന്നു സെക്രട്ടറി. അദ്ദേഹം ജില്ലാ സെക്രട്ടറിയായിരുന്ന 9 വര്‍ഷം പ്രസിഡന്റായി സേവനംചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചു. മലബാര്‍ മേഖലകളില്‍ മാത്രം വേരോട്ടം ലഭിച്ച പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ ഭൂമിശാസ്ത്രപരമായും സാമൂഹ്യപരമായും ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ എത്തിക്കുക എന്നത് ഏറെ ശ്രമകരമായിരുന്നു. അന്ധവിശ്വാസങ്ങളും ഖബര്‍ ആരാധനയുമെല്ലാം വിശ്വാസത്തിന്റെ ഭാഗമായി കൊണ്ടുനടന്നിരുന്ന മുസ്ലിം സമൂഹത്തെ തൗഹീദിന്റെ പാതയിലേക്ക് തിരിച്ചുകൊണ്ടുവന്നത് അക്കാലത്തെ പ്രവര്‍ത്തകരുടെ ശ്രമഫലമായിരുന്നു. ഇതിന് അബ്ദുല്‍കരീം സാഹിബ് മുന്‍പന്തിയിലുണ്ടായിരുന്നു.
പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കിടെ പലപ്പോഴും മര്ദനങ്ങളേറ്റുവാങ്ങിയ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. തൊടുപുഴ ഹൗസിംഗ് കോളനിയില്‍ ദഅ്വത്ത് നടത്തുന്നതിനിടെ സ്വന്തം കുടുംബാംഗത്തില്‍ നിന്ന് അദ്ദേഹത്തിന് മര്ദനമേല്ക്കുകയുണ്ടായി. ഈ സംഭവം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന എനിക്ക് ദേഷ്യവും നാണക്കേടുമുണ്ടാക്കി. തിരിച്ചടിക്കാന്‍ തുനിഞ്ഞ അദ്ദേഹം ആശ്വസിപ്പിക്കുകയാണ് ചെയ്തത്. റസൂലിന് ത്വാഇഫില്‍ വെച്ച് ഭീകരമായ പീഡനങ്ങളുണ്ടായപ്പോഴും ആ ജനതയ്ക്കെതിരായി പ്രാര്‍ഥിക്കാനോ തിരിച്ചടിക്കാനോ അവിടുന്ന് തയ്യാറായില്ലല്ലോ എന്ന് അദ്ദേഹം ഓര്‍മിപ്പിക്കുകയായിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ കുടുംബം തൗഹീദി ആദര്‍ശ പ്രവര്‍ത്തനങ്ങളിലെ മുഖ്യ സംഘാടകരാണ് എന്നത് അഭിമാനത്തോടെ ഓര്‍ക്കുന്നു.
തൗഹീദ് കേള്‍ക്കാത്ത ഒരാള്‍ പോലും ജില്ലയുടെ മലമടക്കുകളില്‍ ഉണ്ടാവരുതെന്ന ആഗ്രഹം പുലര്‍ത്തുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്തു അദ്ദേഹം. സംഘടനാ ബന്ധങ്ങള്‍ക്ക് അപ്പുറം ഹൃദയംകൊണ്ട് വ്യക്തിബന്ധം സൂക്ഷിച്ചു. മുസ്ലിം സമുദായം ന്യൂനപക്ഷമായ ഇടുക്കി ജില്ലയില്‍ ഇന്നുള്ള സ്ഥാപനങ്ങള്‍ക്കും പള്ളികള്‍ക്കും അടിത്തറയൊരുക്കാന്‍ മുന്നില്‍ നിന്നത് അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ ത്യാഗങ്ങളാണ് ഇന്ന് ഇടുക്കിയിലുള്ള സംഘടനാ സ്വാതന്ത്ര്യത്തിന്റെ ആണിക്കല്ല്. അബ്ദുല്‍കരീം സാഹിബിന്റെ ജീവിതം അടയാളപ്പെടുത്താതെ ഇടുക്കി ജില്ലയിലെ ഇസ്ലാഹി ചരിത്രം അപൂര്‍ണമാണ്. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്കി അനുഗ്രഹിക്കുമാറാകട്ടെ.