പല വിധത്തിലുള്ള നിര്‍മിത ഹദീസുകള്‍
പി കെ മൊയ്തീന്‍ സുല്ലമി
നിര്‍മിതമായ ഹദീസുകള്‍ക്ക് സാങ്കേതികമായി മൗദ്വൂഅ് എന്നു പറയുന്നു. നബി(സ) പറയാത്തതോ പ്രവര്‍ത്തിക്കാത്തതോ അംഗീകരിക്കാത്തതോ ആയ കാര്യങ്ങള്‍ നബി(സ) പറഞ്ഞുവെന്നോ പ്രവര്‍ത്തിച്ചുവെന്നോ അംഗീകരിച്ചുവെന്നോ റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസുകളാണ് ഈ ഗണത്തില്‍ പെടുന്നത്. നിര്‍മിത ഹദീസുകള്‍ പലവിധത്തിലുണ്ട്.
ഇബ്‌നുഹജര്‍(റ) പറയുന്നു: വിശുദ്ധ ഖുര്‍ആനിനോ മുതവാതിറായ ഹദീസുകള്‍ക്കോ ഖണ്ഡിതമായ ഇജ്മാഇനോ (ഏകോപിച്ച അഭിപ്രായം) സാമാന്യബുദ്ധിക്കോ വിരുദ്ധമായ ഹദീസുകള്‍ നിര്‍മിത ഹദീസുകളില്‍ പെട്ടതാണ്. (നുഖ്ബതുല്‍ഫിക്ര്‍, പേജ് 113).
ജലാലുദ്ദീനുസ്സുയൂഥി പറയുന്നു: അടിസ്ഥാന പ്രമാണങ്ങള്‍ക്കോ (ഖുര്‍ആന്‍) നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട യാഥാര്‍ഥ്യങ്ങള്‍ക്കോ സാമാന്യബുദ്ധിക്കോ വിരുദ്ധമായ ഒരു ഹദീസ് കാണുന്ന പക്ഷം അത് നിര്‍മിതമാണെന്ന് മനസ്സിലാക്കണം. (തദ്‌രീബുര്‍റാവി 1:327)
ഇമാം സഖാവി ഇബ്‌നുജൗസിയില്‍ നിന്നു ഉദ്ധരിക്കുന്നു: അടിസ്ഥാന പ്രമാണങ്ങള്‍ക്കോ സാമാന്യബുദ്ധിക്കോ വിരുദ്ധമായി നീ കാണുന്ന എല്ലാ ഹദീസുകളും നിര്‍മിതങ്ങളാണെന്ന് മനസ്സിലാക്കണം. അതിന്റെ റിപ്പോര്‍ട്ടര്‍മാര്‍ (ആരാണെന്ന്) നീ പരിഗണിക്കേണ്ടതില്ല. (ഫത്ഹുല്‍മുഗീസ് 1:290).
മേല്‍പറഞ്ഞ നിയമങ്ങള്‍ക്ക് വിരുദ്ധമായി ആര് റിപ്പോര്‍ട്ട് ചെയ്താലും അത് നിര്‍മിതം തന്നെ. ഹദീസുകള്‍ (സാമാന്യ) ബുദ്ധിക്ക് യോജിക്കണമെന്ന് പറഞ്ഞതിന്റെ താല്‍പര്യം, തന്റെ ബുദ്ധിക്ക് യോജിക്കുന്നത് സ്വീകരിക്കുകയും അല്ലാത്തവ തള്ളിക്കളയുകയും വേണമെന്നല്ല. മറിച്ച്, ഇസ്‌ലാം മനുഷ്യബുദ്ധിക്ക് യോജിക്കാത്ത ഒന്നും കല്‍പിക്കുകയില്ല എന്നാണ്.
പ്രമുഖ പണ്ഡിതനും കെ എന്‍ എം സംസ്ഥാന സെക്രട്ടറിയുമായിരുന്ന കെ പി മുഹമ്മദ് മൗലവി പറയുന്നു: ഒരു ഹദീസിന്റെ റിപ്പോര്‍ട്ടര്‍ എത്രയും പരിശുദ്ധനും സത്യസന്ധനുമായിരുന്നാല്‍ പോലും ഖുര്‍ആനിന്റെ വ്യക്തമായ കല്‍പനക്ക് എതിരാണങ്കില്‍ അത് തള്ളിക്കളയേണ്ടതാണന്ന് ഇജ്മാഅ് (ഏകോപനം) ഉണ്ട്. (അത്തവസ്സുല്‍ പേജ് 82)
വിശുദ്ധ ഖുര്‍ആനിന് വിരുദ്ധമായി വരുന്ന ഹദീസുകള്‍ നിര്‍മിതങ്ങളായി കണക്കാക്കണമെന്നാണ് ഇബ്‌നുഹജറുല്‍ അസ്ഖലാനിയും ജലാലുദ്ദീനുസ്സുയൂഥിയും സഖാവി(റ)യും ഒക്കെ രേഖപ്പെടുത്തിയത്. കെ പി മുഹമ്മദ് മൗലവി രേഖപ്പെടുത്തിയത്, ഖുര്‍ആനിന് വിരുദ്ധമായ ഹദീസ് എത്രവിശുദ്ധരും വിശ്വസ്തരും റിപ്പോര്‍ട്ട് ചെയ്താലും സ്വീകരിക്കാന്‍ പാടില്ലെന്ന ഇജ്മാഅ് (ഏകോപനം) ഉണ്ട് എന്നാണ്. എന്നിട്ടും ചിലര്‍ ഖുര്‍ആനിനു വിരുദ്ധമായ ഹദീസുകള്‍ സ്വീകരിക്കുകയും മറ്റുള്ളവര്‍ അത് സ്വീകരിക്കണമെന്ന് വാശിപിടിക്കുകയും ചെയ്യുന്നു.
”മാരണം ബാധിച്ച ഒരാളെ മാത്രമാണ് നിങ്ങള്‍ പിന്തുടരുന്നത് എന്ന് അക്രമികള്‍ പറയുന്ന സന്ദര്‍ഭം. നബിയേ, നോക്കൂ: എങ്ങനെയാണവര്‍ നിനക്ക് ഉപമകള്‍ പറഞ്ഞുണ്ടാക്കിയതെന്ന്? അങ്ങനെ അവര്‍ വഴിപിഴച്ചുപോയിരിക്കുന്നു. അതിനാല്‍ അവര്‍ക്ക് ഒരു മാര്‍ഗവും പ്രാപിക്കാന്‍ സാധിക്കുകയില്ല.” (ഇസ്‌റാഅ് 47,48)
ഇതേ ആശയം തന്നെയാണ് ഫുര്‍ഖാന്‍ 8,9 വചനങ്ങളിലും ഉള്ളത്. നബി(സ) മസ്ഹൂര്‍ (സിഹ്‌റ് ബാധിതന്‍) ആണെന്ന് പ്രചരിപ്പിച്ചത് മുസ്‌ലിംകളായിരുന്നില്ല; മുശ്‌രിക്കുകളായിരുന്നു. വിശുദ്ധ ഖുര്‍ആനില്‍ രണ്ടു തവണയാണത് പറഞ്ഞത്.
ഇബ്‌നുകസീര്‍(റ) പറയുന്നു: ഖുറൈശി കുഫ്ഫാറുകളുടെ നേതാക്കളാണ് അപ്രകാരം പറഞ്ഞത് (ഇസ്‌റാഅ് 47). ഇമാം ഖുര്‍ത്വുബി പറയുന്നു: അബൂജഹ്‌ലും വലീദുബ്‌നുല്‍മുഗീറയെപ്പോലുള്ളവരുമാണ് അപ്രകാരം പറഞ്ഞത്. (അല്‍ജാമിഉ ലിഅഹ്കാമില്‍ ഖുര്‍ആന്‍, ഇസ്‌റാഅ് 47)
നബി(സ) സിഹ്‌റ് ബാധിതനാണെന്ന് പറഞ്ഞവര്‍ക്ക് മറുപടി പറഞ്ഞത് അല്ലാഹുവാണ്. അത്തരക്കാര്‍ ഒരിക്കലും നേര്‍വഴി പ്രാപിക്കില്ല എന്നാണ് അല്ലാഹു പറഞ്ഞത്. എന്നിട്ടും ഖുര്‍ആന്‍ വിരുദ്ധ പ്രമാണങ്ങളെ വിശ്വസിച്ച് നബി(സ)ക്ക് സിഹ്‌റ് ബാധിച്ചേ തീരൂ എന്ന് വാശിപിടിക്കുന്നതിന് മറ്റെന്തോ താല്‍പര്യമുണ്ട്. അല്ലാഹു പറയുന്നു: ”ആകയാല്‍ അദ്ദേഹത്തിന്റെ കല്‍പനക്ക് വിരുദ്ധം പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും സംഭവിക്കുകയോ വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചുകൊള്ളട്ടെ.” (നൂര്‍ 63)
വിശുദ്ധ ഖുര്‍ആന്‍ നമ്മെ പഠിപ്പിച്ചതും നമ്മുടെ കൈകളിലെത്തിച്ചതും നബി(സ)യാണ്. ഖുര്‍ആനുമായി യോജിക്കുന്ന കാര്യങ്ങളാണ് നബി(സ) പഠിപ്പിച്ചത് എന്നാണ് ഹദീസ് നിദാനശാസ്ത്രം പഠിപ്പിക്കുന്നത്. ഇബ്‌നുഹജര്‍(റ) പറയുന്നു: നബി(സ)യാണെങ്കില്‍ പോലും ഖുര്‍ആനിനോട് യോജിച്ചുവരുന്ന വിധിവിലക്കുകളല്ലാതെ അനുസരിക്കപ്പെടുകയില്ല (ഫത്ഹുല്‍ബാരി 17:39). അങ്ങനെയായിരുന്നു സ്വഹാബത്തിന്റെ ചര്യ.
ഇബ്‌നുഹജര്‍(റ) പറയുന്നു: ‘അബൂബക്കറിന്(റ) ഒരു പ്രശ്‌നം നേരിട്ടാല്‍ ആദ്യം അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നോക്കും. അതിലില്ലെങ്കില്‍ സുന്നത്തില്‍ നോക്കും. (ഫത്ഹുല്‍ബാരി 17:115).
ഇബ്‌നുമസ്ഊദ്(റ) പറയുന്നു: ഇന്നേക്കു ശേഷം (പ്രവാചകന്റെ മരണം) വല്ലവനും വല്ല വിധിയും നേരിടേണ്ടിവന്നാല്‍ അവന്‍ (ആദ്യമായി) അല്ലാഹുവിന്റെ കിതാബുകൊണ്ട് വിധിച്ചുകൊള്ളട്ടെ. (ദാരിമി 1:59). ഇബ്‌നുഅബ്ബാസിന്റെ(റ) ചര്യയും അപ്രകാരമായിരുന്നു. ഇബ്‌നു അബ്ബാസിനോട്(റ) വല്ലതും ചോദിക്കപ്പെട്ടാല്‍ ഖുര്‍ആനില്‍ അതിന് പ്രതിവിധിയുണ്ടെങ്കില്‍ അത് പറയും. ഖുര്‍ആനിലില്ലെങ്കില്‍ നബി(സ) എന്താണ് പറഞ്ഞത് എന്ന് പറയും. (ദാരിമി 1:59)
ഉമര്‍(റ) പറയുന്നു: നിങ്ങളുടെ പ്രവാചകനെ നേര്‍വഴിയിലാക്കിയത് ഈ ഖുര്‍ആനാണ്. അത് മുറുകെ പിടിക്കുന്നപക്ഷം നിങ്ങള്‍ നേര്‍വഴി പ്രാപിക്കും. (ബുഖാരി, ഫത്ഹുല്‍ബാരി 7:51)
ഖുര്‍ആനിനെതിരായ ഹദീസുകള്‍
സിഹ്ര്‍ ഫലിക്കുമെന്ന ഹദീസ് ഖുര്‍ആനിനെതിരാണെന്ന് ആരാണ് പറഞ്ഞതെന്ന ഒരു ചോദ്യം അടുത്ത കാലത്ത് ഉയര്‍ന്നുവന്നിട്ടുണ്ട്. മുന്‍കാല പണ്ഡിതന്മാരും മുഹദ്ദിസുകളും സിഹ്ര്‍ സംബന്ധിച്ച ഹദീസ് ഖുര്‍ആനിന് എതിരാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്.
ഒന്ന്), ഇമാം നവവി(റ) പറയുന്നു: ഇമാം ശിഹാബ് പ്രസ്താവിച്ചു: അത് (പ്രവാചകന് സിഹ്‌റ് ബാധിച്ചുവെന്ന ഹദീസ്) ഖുര്‍ആനിന്റെ വ്യക്തമായ കല്‍പനക്ക് വിരുദ്ധമാണ്. അല്ലാഹു തന്നെ അതിനെ കളവാക്കിയിട്ടുണ്ട്. ഇമാം റാസി(റ) ഖാളി ഇയാദ്വില്‍ നിന്നു ഉദ്ധരിക്കുന്നു: പ്രസ്തുത റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണ്. ‘അല്ലാഹു ജനങ്ങളില്‍ നിന്നും താങ്കളെ സംരക്ഷിക്കും’, ‘സാഹിര്‍ എവിടെച്ചെന്നാലും വിജയം കൈവരിക്കുന്നതല്ല’ എന്ന വിധം അല്ലാഹു പറഞ്ഞിരിക്കെ എങ്ങനെയാണ് പ്രസ്തുത ഹദീസ് സ്വഹീഹാവുക. (അല്‍മജ്മൂഉ ശറഹില്‍മുഹദ്ദബ് 19:243)
രണ്ട്), ഇമാം നവവി(റ) പറയുന്നു: ഇമാം ശിഹാബ് അബൂബക്കറില്‍ അസ്വമ്മില്‍ നിന്നും ഉദ്ധരിക്കുന്നു: നബി(സ)ക്ക് സിഹ്‌റ് ബാധിച്ചുവെന്ന ഹദീസ് പ്രവാചകന്‍ സിഹ്‌റ് ബാധിതനാണെന്ന മുശ്‌രിക്കുകളുടെ വാദം ശരിവെക്കുന്നതാണ്. അതിനാല്‍ ഈ ഹദീസ് തള്ളിക്കളയേണ്ടതാണ്. അത് ഖുര്‍ആനിന്റെ വ്യക്തമായ കല്‍പനക്ക് വിരുദ്ധവുമാണ്. (അല്‍മജ്മൂഉ ശറഹില്‍ മുഹദ്ദബ് 19:243)
മൂന്ന്), അഹ്‌മദ് മുസ്തഫല്‍ മറാഗീ പറയുന്നു: നബി(സ)ക്ക് സിഹ്‌റ് ബാധിച്ചു എന്ന ഹദീസ് ‘നിങ്ങള്‍ സിഹ്‌റ് ബാധിച്ച ഒരു മനുഷ്യനെയല്ലാതെ പിന്‍പറ്റുന്നില്ല’ എന്ന മുശ്‌രിക്കുകളുടെ വാദം ശരിവെക്കുന്നതാണ്. (തഫ്‌സീറുഖുല്‍അഊദു ബിറബ്ബില്‍ ഫലഖ്).
നാല്), അഹ്‌മദ് മുസ്തഫല്‍ മറാഗീ പറയുന്നു: നബി(സ)ക്ക് സിഹ്‌റ് ബാധിക്കുകയെന്നത് അസംഭവ്യമാണ്. തീര്‍ച്ചയായും അല്ലാഹു അദ്ദേഹത്തെ സിഹ്‌റില്‍ നിന്നു സംരക്ഷിച്ചിരിക്കുന്നു. (തഫ്‌സീറുല്‍ മറാഗീ 10:407)
അഞ്ച്), ഹനഫീ പണ്ഡിതന്‍ അബൂബക്കറുല്‍ ജസ്സ്വാസ്വ് പറയുന്നു: നബി(സ)ക്ക് സിഹ്‌റ് ബാധിച്ചു എന്നതുപോലുള്ള വാര്‍ത്തകള്‍ അന്‍ബിയാക്കളുടെ മുഅ്്ജിസത്തുകളെ നിഷ്ഫലമാക്കാന്‍ വേണ്ടി ചില നിരീശ്വര വാദികള്‍ നിര്‍മിച്ചതാണ്. ‘സാഹിര്‍ എവിടെച്ചെന്നാലും വിജയിക്കുകയില്ല’ എന്ന് അല്ലാഹു അരുളിയിട്ടുണ്ട്. (അഹ്കാമുല്‍ ഖുര്‍ആന്‍ 1:149)
ആറ്), റശീദ് രിദാ പറയുന്നു: നബി(സ)ക്ക് സിഹ്‌റ് ബാധിച്ചു എന്ന ഹദീസിന്റെ സ്വീകാര്യതയെ ചിലര്‍ നിഷേധിച്ചിട്ടുണ്ട്. (തഫ്‌സീറു ഫാതിഹതില്‍ കിതാബി വസിത്തിസുവരിന്‍ മിന്‍ അവാഖിരില്‍ ഖുര്‍ആനി)
ഏഴ്), നബി(സ)ക്ക് സിഹ്‌റ് ബാധിച്ചു എന്ന ഹദീസ് ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്തതാണെങ്കിലും അത് വിശ്വാസകാര്യങ്ങളില്‍ ഖബര്‍ ആഹാദായി വരുന്ന ഹദീസുകള്‍ സ്വീകാര്യമല്ല. സിഹ്‌റ് ഫലിക്കുന്ന വിഷയത്തില്‍ നബി(സ)ക്ക് സംരക്ഷണമുണ്ട് എന്നത് വിശ്വാസത്തില്‍ പെട്ടതാണ്. സിഹ്‌റ് ഫലിച്ചു എന്ന് സ്ഥാപിക്കാന്‍ മുതവാതിറായ ഹദീസുകള്‍ നിര്‍ബന്ധമാണ്. ഖബ്ര്‍ ആഹാദ് ഊഹം മാത്രമേ പ്രദാനം ചെയ്യൂ. തീര്‍ച്ചയായും നബി(സ)ക്ക് സിഹ്‌റ് ബാധിച്ചു എന്ന ഹദീസ് ഖുര്‍ആന്‍ വിരുദ്ധമാണ്’. (ശുബ്‌റാത്തുഖൗലിസ്സുന്നത്തിന്നബവിയ്യ).
ഹദീസ് നിദാനശാസ്ത്ര ഗ്രന്ഥമായ ഫത്ഹുല്‍മുഗീസില്‍ പത്തു തരം ഹദീസുകള്‍ സ്വീകാര്യയോഗ്യമല്ലാത്തതായി പ്രസ്താവിച്ചിട്ടുണ്ട്. ഒന്ന്, സാമാന്യ ബുദ്ധിക്ക് വിരുദ്ധമായവ. രണ്ട്, അടിസ്ഥാനപ്രമാണങ്ങള്‍ക്ക് (ഖുര്‍ആന്‍, മുതവാതിറായ ഹദീസുകള്‍, സ്വഹീഹായി സ്ഥിരപ്പെട്ട ഹദീസുകള്‍, ഇജ്മാഅ്) വിരുദ്ധമായവ. മൂന്ന്, നിലവില്‍ കണ്ടുവരുന്ന യാഥാര്‍ഥ്യങ്ങള്‍ക്ക് വിരുദ്ധമായവ. നാല്, ഖണ്ഡിതമായ പ്രമാണങ്ങള്‍ കൊണ്ട് മറ്റൊരു വ്യാഖ്യാനത്തിന് പഴുതില്ലാത്ത വിധം എതിര്‍ക്കപ്പെട്ടവ. അഞ്ച്, നിസ്സാര കാര്യത്തിന് കഠിനമായ ശിക്ഷ പ്രഖ്യാപിക്കുന്നവ. ആറ്, നിസ്സാര കാര്യത്തിന് വലിയ പ്രതിഫലം വാഗ്ദാനം ചെയ്യുന്നവ. ഏഴ്, വ്യര്‍ഥമായ ആശയം ഉള്‍ക്കൊള്ളുന്നവ. എട്ട്, ആരും ഉദ്ധരിക്കാതെ ഒരാള്‍ മാത്രം ഉദ്ധരിക്കുന്ന അപൂര്‍വ ആശയം ഉള്‍ക്കൊള്ളുന്നവ. ഒമ്പത്, എല്ലാവരും അറിയേണ്ട ഒരു സംഗതി ഒരാള്‍ മാത്രം ഉദ്ധരിക്കുന്നവ. പത്ത്, സംഭവിച്ച ഒരു കാര്യം അനേകം പേര്‍ ഉദ്ധരിക്കേണ്ടതായിരുന്നുവെങ്കിലും ഒരാള്‍ മാത്രം ഉദ്ധരിച്ച ഹദീസുകള്‍.