4 Thursday
December 2025
2025 December 4
1447 Joumada II 13

സംഘടിത സകാത്ത്: പ്രമാണങ്ങളെ തള്ളിപ്പറയുന്നത് അംഗീകരിക്കാനാവില്ല – ഖത്തീബ് കൗണ്‍സില്‍


കോഴിക്കോട്: വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തില്‍ നടത്തുന്ന സംഘടിത സകാത്ത് സംവിധാനങ്ങളെ മതവിരുദ്ധമെന്ന് തള്ളിപ്പറയുന്നത് വിശ്വാസികള്‍ക്ക് അംഗീകരിക്കാനാവില്ലെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ഖത്തീബ് കൗണ്‍സില്‍ കേരള ചെയര്‍മാന്‍ കെ അബൂബക്കര്‍ മൗലവിയും കണ്‍വീനര്‍ കെ എം കുഞ്ഞഹമ്മദ് മദനിയും പ്രസ്താവനയില്‍ പറഞ്ഞു.
നമസ്‌കാരവും മറ്റു മതാനുഷ്ഠാനങ്ങള്‍ക്കും പരസ്പരം പൂര്‍ത്തീകരിക്കേണ്ട ബാധ്യതകളും സദ്കര്‍മങ്ങളും പ്രവര്‍ത്തിച്ച് പ്രതിഫലം കാംക്ഷിക്കുന്നതിനും ഇസ്‌ലാമിക ഭരണമില്ലാത്തത് തടസ്സമല്ലെന്നിരിക്കെ പ്രവാചകചര്യ പ്രകാരം സംഘടിത സകാത്ത് നിര്‍വഹിക്കാന്‍ ഇസ്‌ലാമിക ഭരണം അനിവാര്യമാണെന്ന് പറയുന്നത് തികഞ്ഞ അസംബന്ധമാണ്. ഇസ്‌ലാം വിഭാവനം ചെയ്യുന്ന സകാത്തിന്റെ ലക്ഷ്യപൂര്‍ത്തീകരണത്തിന് വ്യക്തികള്‍ പരസ്പരം കൈമാറുന്നത് കൊണ്ട് സാധ്യമല്ലെന്നിരിക്കെ ലക്ഷ്യപൂര്‍ത്തീകരണത്തിനായി സംഘടിത സകാത്ത് സംവിധാനം നടപ്പിലാക്കാന്‍ മുന്നോട്ട് വരുന്നവരെ മതവിരുദ്ധരായി അധിക്ഷേപിക്കുന്നത് തികഞ്ഞ അജ്ഞതയാണ്.
പ്രവാചകന്റെയും ഖുലഫാഉറാശിദിന്റെയും കാലത്ത് സകാത്ത് ശേഖരണത്തിനും വിതരണത്തിനും ബൈത്തുല്‍മാല്‍ സംവിധാനമുണ്ടായിരുന്നു. പിന്നീട് ഇസ്‌ലാമിക ഭരണകൂടം ഇല്ലാതായതിനാല്‍ സകാത്ത് ശേഖരണ വിതരണ സംവിധാനം വേണ്ടതില്ലെന്ന് മുസ്‌ലിം ലോകത്ത് ആരും അഭിപ്രായപ്പെട്ടിട്ടില്ല. എന്നിരിക്കെ ഇസ്‌ലാമിലെ ഒരു നിര്‍ബന്ധ ദാനത്തെ തന്നെ ഇല്ലാതാക്കുന്ന അവിവേകപരമായ പ്രസ്താവനകള്‍ ബന്ധപ്പെട്ടവര്‍ പിന്‍വലിക്കണമെന്ന് ഇരുവരും പ്രസ്താവനയില്‍ പറഞ്ഞു.

Back to Top