22 Sunday
December 2024
2024 December 22
1446 Joumada II 20

ഗസ്സയില്‍ കടുത്ത ഭക്ഷ്യക്ഷാമം


ഗസ്സക്കാര്‍ക്ക് ഇരുട്ടടിയായി കടുത്ത ഭക്ഷ്യക്ഷാമവും വിലക്കയറ്റവും. പ്രതിദിനം 200ഓളം സഹായ ട്രക്കുകള്‍ ഗസ്സയിലെത്തുന്നുണ്ടെങ്കിലും ആവശ്യത്തിന് മതിയാകുന്നില്ല. ഭക്ഷ്യവസ്തുക്കളും തണുപ്പിനെ നേരിടാനുള്ള വസ്ത്രങ്ങളും വാങ്ങാന്‍ ചന്തകളില്‍ വന്‍ തിരക്കാണ്. ഇസ്രായേല്‍ ആക്രമണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട ആയിരങ്ങള്‍ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള അഭയാര്‍ഥി ക്യാമ്പുകളിലാണ് കഴിയുന്നത്.
ഇവിടെയും ആവശ്യത്തിന് വെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുന്നില്ല. വടക്കന്‍ ഗസ്സയില്‍നിന്ന് ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് ഇസ്രായേലി യുദ്ധവിമാനങ്ങള്‍ ലഘുലേഖകള്‍ വിതറിയപ്പോള്‍ ഉടുത്തിരുന്ന വസ്ത്രവുമായി വീടുവിട്ടിറങ്ങിയതാണെന്നും മറ്റൊന്നും കൈയിലില്ലെന്നും ദാറുല്‍ ബലാഇലെ അഭയാര്‍ഥി ക്യാമ്പില്‍ താമസിക്കുന്ന ഇം അബ്ദുല്ല പറഞ്ഞു. ക്യാമ്പില്‍ ഒരുദിവസം ഒരു ക്യാന്‍ ട്യൂണ മാത്രമാണ് ലഭിച്ചത്. 13 മക്കളടങ്ങുന്ന തന്റെ കുടുംബത്തിന് ഇത് എങ്ങനെ തികയുമെന്ന് അവര്‍ ചോദിക്കുന്നു.
ചന്തയില്‍ പോയി വാങ്ങാമെന്നുവെച്ചാല്‍ ഉയര്‍ന്ന വിലയാണ്. പല ദിവസങ്ങളിലും കടല്‍ക്കരയില്‍ പോയിരുന്ന് കരഞ്ഞ് കഴിച്ചുകൂട്ടുകയാണ്. ഇസ്രായേലി ബോംബിങ്ങില്‍ മരിച്ചുപോകലായിരുന്നു ഇതിലും ഭേദമെന്ന് ചിലപ്പോള്‍ വിചാരിക്കും -അവര്‍ പറഞ്ഞു. ഗസ്സയിലെ ദാരിദ്ര്യനിരക്ക് 53 ശതമാനമായതായി ഫലസ്തീന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു.

Back to Top