ജസ്റ്റിസ് ഫാത്തിമ ബീവി; നീതിപാതയിലെ ചരിത്ര വനിത
ഹാറൂന്‍ കക്കാട്

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ കേരളപ്രഭ പുരസ്‌കാരത്തിന് അര്‍ഹയായെങ്കിലും അതേറ്റു വാങ്ങാന്‍ വിധിയില്ലാതെ വനിതാ ശാക്തീകരണത്തിന്റെ ഇതിഹാസങ്ങള്‍ രചിച്ച സുപ്രീംകോടതിയിലെ ആദ്യ വനിത ജഡ്ജി ജസ്റ്റിസ് ഫാത്തിമ ബീവി അന്ത്യയാത്രയായി.
തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന പത്തനംതിട്ടയില്‍ 1927 ഏപ്രില്‍ 30ന് മീര സാഹിബിന്റെയും ഖദീജ ബീവിയുടെയും മകളായാണ് ഫാത്തിമ ബീവിയുടെ ജനനം. 1950 നവംബര്‍ 14ന് അഭിഭാഷകയായി എന്റോള്‍ ചെയ്തു. ഇതേ വര്‍ഷം തന്നെ ബാര്‍ കൗണ്‍സില്‍ പരീക്ഷയില്‍ ഒന്നാമതെത്തി. 1958 ല്‍ കേരള സബ് ഓര്‍ഡിനേറ്റ് ജുഡീഷ്യല്‍ സര്‍വീസസില്‍ മുന്‍സിഫായി നിയമിതയായി. 1968ല്‍ സബ് ഓര്‍ഡിനേറ്റ് ജഡ്ജിയായും 1972ല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായും 1974ല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജിയായും സ്ഥാനക്കയറ്റം ലഭിച്ചു.
1980 ജനുവരിയില്‍ ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണലിലെ ജുഡീഷ്യല്‍ അംഗമായി നിയമിതയായി. 1983 ആഗസ്റ്റ് നാലിന് കേരള ഹൈക്കോടതിയില്‍ സ്ഥിരാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഈ സ്ഥാനത്ത് എത്തിയ ആദ്യ മുസ്‌ലിം വനിത ഫാത്തിമ ബീവിയാണ്. 1989 ഏപ്രില്‍ 29ന് വിരമിച്ചു. രാജീവ് ഗാന്ധി സര്‍ക്കാര്‍ സുപ്രീംകോടതിയിലെ ആദ്യ വനിത ജഡ്ജിയായി ഫാത്തിമ ബീവിയെ നിയമിച്ചതോടെ ഏഷ്യയില്‍ തന്നെ സുപ്രീം കോടതിയിലെ ആദ്യ മുസ്‌ലിം വനിതയായി അവര്‍ മാറി.
സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ശേഷം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായി. ഈ പദവിയില്‍ എത്തുന്ന ആദ്യ വനിതയും ഇവരാണ്. 1997 മുതല്‍ 2001 വരെ തമിഴ്‌നാട് ഗവര്‍ണറായി സേവനമനുഷ്ഠിച്ചു. കേരളവും തമിഴ്‌നാടും തമ്മില്‍ ജലവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ ചര്‍ച്ചയിലേക്ക് എത്തിച്ച ഫാത്തിമ ബീവിയുടെ ഭരണ മികവ് എല്ലാവരും തിരിച്ചറിഞ്ഞു. രണ്ടു വിവാദങ്ങള്‍ ഗവര്‍ണര്‍ പദവിയിലിരിക്കെ നേരിടേണ്ടിവന്നെങ്കിലും രാഷ്ട്രീയലാഭങ്ങള്‍ക്ക് വഴങ്ങാതെ നിയമത്തിന്റെ പക്ഷം ചേര്‍ന്നായിരുന്നു അവരുടെ യാത്ര. തമിഴ്‌നാട് നിയമസഭയില്‍ അംഗമല്ലാതിരുന്ന ജയലളിതയെ മുഖ്യമന്ത്രിയാകാന്‍ ക്ഷണിച്ചത് വന്‍ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടു. എന്നാല്‍, ഭരണഘടനയുടെ 164 അനുഛേദം പ്രകാരം നിയമസഭാ അംഗമല്ലാത്ത വ്യക്തിക്ക് മുഖ്യമന്ത്രിയാകാമെന്ന നിര്‍ദേശമാണ് അവര്‍ സ്വീകരിച്ചത്. രാജീവ് ഗാന്ധി വധക്കേസില്‍ പ്രതികളുടെ ദയാഹരജി തള്ളിയ ഫാത്തിമ ബീവി ദേശീയ പ്രാധാന്യമുള്ള വിഷയമായതിനാല്‍ പ്രസിഡന്റിന്റെ തീരുമാനമാണ് ഏറ്റവും ഉചിതം എന്ന് വ്യക്തമാക്കി.
സമൂഹത്തിലെ താഴെക്കിടയിലുള്ളവരും സ്ത്രീകളും ഉള്‍പ്പെടുന്ന കേസുകളില്‍ ഫാത്തിമ ബീവി പ്രത്യേക താത്പര്യമെടുത്തു. അത്തരം വിധികള്‍ക്കെല്ലാം പൂര്‍ണാര്‍ഥത്തില്‍ മാനുഷികമുഖം നല്‍കി. ഏത് കേസിലായാലും പ്രതികളുടെ ജീവിതസാഹചര്യങ്ങളും മറ്റും വിശദമായി പഠിച്ചു. കുറ്റം ചെയ്യാന്‍ ഒരാളെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് വിശകലനം ചെയ്തു. വിധികളും അതിനനുസൃതമായിരുന്നു. അഭിഭാഷകയായിരുന്നപ്പോഴും ഇവ്വിധമായിരുന്നു സമീപനങ്ങള്‍. എല്ലാ കേസുകളിലും വേഗത്തില്‍ നീതിപൂര്‍വം വിധിതീര്‍പ്പ് നടത്തി മാതൃകകള്‍ തീര്‍ത്തു.
ഔദ്യോഗിക ജീവിതത്തിലെ സ്വന്തം നേട്ടങ്ങളെ കുറിച്ച് അവര്‍ പറഞ്ഞത് ‘വാതില്‍ തള്ളിത്തുറന്നാണ് ഞാന്‍ ഈ പദവികളില്‍ ഒക്കെ എത്തിയത്’ എന്നാണ്. വിവാഹം വേണ്ടെന്ന് സ്വയം തീരുമാനിക്കുകയായിരുന്നു ഫാത്തിമ ബീവി. ഒരു വക്കീലിന്റെ വിവാഹാലോചന വന്നതാണ്. പക്ഷേ, വരന്റെ വീട്ടുകാര്‍ സ്ത്രീധനം ആവശ്യപ്പെട്ടതോടെ വിവാഹമേ വേണ്ടെന്നുവെച്ചു. സാമുഹികതിന്മകളോടുള്ള ശക്തമായ പ്രതിഷേധമായിരുന്നു അത്. ഔദ്യോഗിക പദവി ലവലേശം പോലും ദുരുപയോഗം ചെയ്യാതെ ജീവിതത്തിലുടനീളം നിയമത്തിന്റെ ഓരം ചേര്‍ന്നായിരുന്നു ആ വിസ്മയ യാത്ര. ഉത്തരവാദിത്തങ്ങള്‍ ഏറ്റവും സുതാര്യമായി നിര്‍വഹിച്ച മാതൃകാപരമായ പൊതുജീവിതത്തിന്റെ ഉടമയായിരുന്നു ജസ്റ്റിസ് ഫാത്തിമ ബീവി. അവരുടെ നിയമ ഇടപെടലുകളെ കുറിച്ച് വിശദമായി പരാമര്‍ശിക്കുന്ന ‘നീതിപാതയിലെ ധീര’ എന്ന ഡോക്യുമെന്ററി കേരള സംസ്ഥാന ഫിലിം ഡവലപ്‌മെന്റ് അതോറിറ്റി ഈ വര്‍ഷം നിര്‍മിച്ചിട്ടുണ്ട്. 96-ാം വയസ്സില്‍, 2023 നവംബര്‍ 23ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍വെച്ചാണ് ഫാത്തിമ ബീവി അന്തരിച്ചത്.
