22 Thursday
January 2026
2026 January 22
1447 Chabân 3

സാമൂഹ്യ നീതി വകുപ്പ് ഉത്തരവ് കടുത്ത അനീതി – കെ എന്‍ എം മര്‍കസുദ്ദഅ്‌വ


കോഴിക്കോട്: ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ സര്‍ക്കാര്‍ സര്‍വീസിലെ മുസ്‌ലിം സംവരണം കവര്‍ന്നെടുക്കുന്ന സാമൂഹ്യനീതി വകുപ്പിന്റെ ഉത്തരവ് വാഗ്ദാന ലംഘനവും കടുത്ത അനീതിയുമാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ തൊഴില്‍ ഉദ്യോഗ അധികാര മേഖലകളില്‍ നിലവില്‍ തന്നെ അര്‍ഹമായ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട മുസ്‌ലിം സമുദായത്തിന്റെ ഉള്ള അവസരങ്ങള്‍ പോലും കവര്‍ന്നെടുക്കുന്ന നടപടി മാപ്പര്‍ഹിക്കുന്നില്ല.
മുസ്‌ലിം വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് എടുത്ത് കളഞ്ഞത് പുനസ്ഥാപിക്കാന്‍ തയ്യാറാവാത്ത സര്‍ക്കാര്‍ ‘കെടാവിളക്ക്’ സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ നിന്ന് മുസ്‌ലിം കുട്ടികളെ പുറത്താക്കുകയും ചെയ്തു. മുന്നാക്ക സംവരണത്തിന്റെ മറവില്‍ മുസ്‌ലിം സമുദായത്തിന്റെ അവസരങ്ങള്‍ നഷ്ടപ്പെടുന്നത് ശ്രദ്ധയില്‍ പെടുത്തിയിട്ടും പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മുസ്‌ലിം സമുദായത്തെ അരികുവത്കരിക്കുന്ന നടപടികള്‍ക്ക് സര്‍ക്കാര്‍ അറിഞ്ഞോ അറിയാതെയോ കൂട്ടു നില്ക്കുകയാണ്. മുസ്‌ലിം സംവരണം വെട്ടിക്കുറച്ച സാമൂഹിക നീതി വകുപ്പ് ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന വൈ.പ്രസിഡന്റ് കെ പി അബ്ദുറഹ്മാന്‍ സുല്ലമി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എം അഹ്മദ്കുട്ടി മദനി, സി മമ്മു, ശംസുദ്ദീന്‍ പാലക്കോട്, അഡ്വ. പി മുഹമ്മദ് ഹനീഫ, കെ എം കുഞ്ഞമ്മദ് മദനി, കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ ജലീല്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ഐ പി അബ്ദുസ്സലാം, ഡോ. മുസ്തഫ സുല്ലമി, എം ടി മനാഫ്, കെ എ സുബൈര്‍, പി സുഹൈല്‍ സാബിര്‍, സി അബ്ദുല്ലത്തീഫ്, അബ്ദുസ്സലാം മദനി, ബി പി എ ഗഫൂര്‍, ഡോ. അനസ് കടലുണ്ടി, എം കെ മൂസ, ജസീം സാജിദ്, ആദില്‍ നസീഫ്, റുക്‌സാ ന വാഴക്കാട്, നദ നസ്‌റിന്‍ പ്രസംഗിച്ചു.

Back to Top