എക്‌സിന്റെ പരസ്യവരുമാനം ഗസ്സയിലെയും ഇസ്രായേലിലെയും ആശുപത്രികള്‍ക്ക്
സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ (പഴയ ട്വിറ്റര്‍) പരസ്യവരുമാനം ഗസ്സയിലെയും ഇസ്രായേലിലെയും ആശുപത്രികള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച് ഉടമയും ലോകകോടീശ്വരനുമായ ഇലോണ്‍ മസ്‌ക്. ഗസ്സയിലെ റെഡ്‌ക്രോസ്, റെഡ് ക്രസന്റ് ഏജന്‍സികള്‍ക്കും ഇസ്രായേലിലെ ആശുപത്രികള്‍ക്കും തുക കൈമാറും. യുദ്ധവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളില്‍ നിന്ന് എക്‌സിന് ലഭിക്കുന്ന പരസ്യവരുമാനവും വരിക്കാരില്‍ നിന്നുള്ള വരുമാനവുമാണ് ആശുപത്രികള്‍ക്ക് നല്‍കുക.
നേരത്തെ, ഇസ്രായേല്‍ വിരുദ്ധത ആരോപിച്ച് ആപ്പിള്‍ അടക്കമുള്ള വന്‍കിട ഭീമന്‍മാര്‍ എക്‌സിനുള്ള പരസ്യം പിന്‍വലിക്കുന്ന സംഭവമുണ്ടായിരുന്നു. ഐ ടി ഭീമന്‍ ഐ ബി എമ്മും മാധ്യമ കമ്പനി ഡിസ്‌നിയും പരസ്യങ്ങള്‍ പിന്‍വലിച്ചവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടും. അഡോള്‍ഫ് ഹിറ്റ്‌ലറിനേയും നാസികളേയും പ്രകീര്‍ത്തിക്കുന്ന പോസ്റ്റുകള്‍ക്കിടയില്‍ ആപ്പിളിന്റെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടുവെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് പരസ്യം പിന്‍വലിക്കല്‍. എക്‌സില്‍ മറ്റൊരാളുടെ ജൂതവിരുദ്ധ പരാമര്‍ശത്തിന് മസ്‌ക് പിന്തുണ നല്‍കിയെന്നതും പരസ്യം പിന്‍വലിക്കലിന് കാരണമായി. വൈറ്റ്ഹൗസ് അടക്കം ഇതിനെതിരെ രംഗത്തുവന്നു. അതേസമയം, മാധ്യമങ്ങള്‍ നല്‍കിയ വ്യാജ വാര്‍ത്തകളാണ് തന്നെ സെമിറ്റിക് വിരുദ്ധനാക്കിയതെന്ന് മസ്‌ക് വിശദീകരിച്ചിരുന്നു.