ചൈനയില്‍ ഏകീകരണത്തിന്റെ മറവില്‍ പള്ളി പൊളിക്കുന്നു
ഇസ്‌ലാം മതം നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായി ചൈനീസ് അധികാരികള്‍ പള്ളികള്‍ ഡീകമ്മീഷന്‍ ചെയ്യുകയും അടച്ചുപൂട്ടുകയും തകര്‍ക്കുകയും മതേതര ഉപയോഗത്തിനായി പരിവര്‍ത്തനം ചെയ്യുകയും ചെയ്തു. പല പള്ളികളില്‍ നിന്നും താഴികക്കുടങ്ങള്‍, മിനാരങ്ങള്‍ തുടങ്ങിയ ഇസ്‌ലാമിക വാസ്തുവിദ്യാ സവിശേഷതകള്‍ അധികൃതര്‍ നീക്കം ചെയ്തിട്ടുണ്ട്. ‘ചൈനീസ് സര്‍ക്കാര്‍ അവകാശപ്പെടുന്നതുപോലെ പള്ളികള്‍ ഏകീകരിക്കുകയല്ല, മറിച്ച് മതസ്വാതന്ത്ര്യം ലംഘിച്ച് പലതും അടച്ചുപൂട്ടുകയാണ്’ – ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ ആക്ടിംഗ് ചൈന ഡയറക്ടര്‍ മായ വാങ് പറഞ്ഞു. ചൈനീസ് സര്‍ക്കാര്‍ പള്ളികള്‍ അടച്ചുപൂട്ടുകയും നശിപ്പിക്കുകയും പുനര്‍നിര്‍മിക്കുകയും ചെയ്യുന്നത് ചൈനയിലെ ഇസ്‌ലാം ആചാരം തടയാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണെന്നും അവര്‍ പറഞ്ഞു. പള്ളി മാനേജ്‌മെന്റിനു വേണ്ടി സമിതി രൂപീകരിച്ചിട്ടുണ്ട് സര്‍ക്കാര്‍. ചൈനയില്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട പള്ളികളില്‍ മാത്രമേ നമസ്‌കാരം അനുവദിക്കപ്പെടുന്നുള്ളൂ. ഇത്തരം ഒരു സാഹചര്യത്തില്‍ പള്ളി മാനേജ്‌മെന്റ് കമ്മിറ്റിയെ വളരെ പ്രതീക്ഷയോടെയാണ് ആളുകള്‍ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ നിര്‍മാണത്തേക്കാള്‍ പൊളിക്കലുകള്‍ക്കാണ് പ്രാധാന്യം നല്‌കേണ്ടതെന്ന് കമ്മിറ്റിക്ക് നിര്‍ദേശമുണ്ടത്രെ. ചൈനയില്‍ ഇസ്ലാമിനു നേരെ അതിക്രമങ്ങള്‍ ശക്തിപ്പെടുക തന്നെയാണെന്ന് ഈ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട് അടിവരയിടുന്നുണ്ട്.