10 Monday
March 2025
2025 March 10
1446 Ramadân 10

എന്തിനാണ് സമുദായ രാഷ്ട്രീയം?


ഒരു ജനാധിപത്യ മതേതര സമൂഹത്തില്‍ സാമുദായിക രാഷ്ട്രീയത്തിന് വലിയ പങ്ക് നിര്‍വഹിക്കാനുണ്ട്. ഒരു യഥാര്‍ഥ ജനാധിപത്യ രാഷ്ട്രത്തിന്റെ മതേതര ഫാബ്രിക് നിലകൊള്ളുന്നത് വൈവിധ്യമാര്‍ന്ന പ്രത്യയശാസ്ത്രങ്ങളും മതങ്ങളും സംസ്‌കാരങ്ങളും സഹവര്‍ത്തിത്തത്തോടെ കഴിയുന്നതിലാണ്. ഓരോ സമുദായത്തിന്റെയും ശബ്ദം അംഗീകരിക്കുകയും പ്രതിനിധീകരിക്കുകയും ചെയ്യുന്ന ഒരു സാമൂഹികാന്തരീക്ഷം വളര്‍ത്തിയെടുക്കുക എന്നതാണ് സാമുദായിക രാഷ്ട്രീയത്തിന്റെ ലക്ഷ്യം. സമൂഹത്തിന്റെ ബഹുസ്വരമായ നിലനില്‍പ്പിന് സംഭാവന നല്‍കുന്നതില്‍ മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടല്‍ നിര്‍ണായകമാണ്.
ഏതാനും വ്യക്തികള്‍ക്ക് അധികാരം ലഭിക്കുക എന്നതല്ല സമുദായ രാഷ്ട്രീയത്തിന്റെ ലക്ഷ്യം. വ്യക്തിപരമായ സ്ഥാനമാനങ്ങളോ നേട്ടങ്ങളോ കരസ്ഥമാക്കാന്‍ ഒരു സമുദായത്തിന്റെ വോട്ടുകള്‍ ഉപയോഗിക്കുന്നത് ദ്രോഹപരമാണ്. അധികാരം എന്നത് സമുദായത്തിന് ലഭിക്കുന്ന പ്രാതിനിധ്യമായിരിക്കണം. ഭരണനിര്‍വഹണ മേഖലകളില്‍ മുസ്‌ലിം സമുദായത്തിന് ലഭിക്കേണ്ട ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്നതാണ് സാമുദായിക രാഷ്ട്രീയത്തിന്റെ പ്രാഥമിക ദൗത്യം.
ഇന്ത്യയിലെ ഭരണവ്യവസ്ഥയെ സംബന്ധിച്ചേടത്തോളം, രാഷ്ട്രീയ പ്രവര്‍ത്തനം നിയമനിര്‍മാണ സഭകളിലേക്കുള്ള എന്‍ട്രിയാണ്. ഭരണനിര്‍വഹണത്തിന്റെ മറ്റ് മേഖലകളില്‍ യോഗ്യതാപരീക്ഷകളിലൂടെ മാത്രമാണ് നിയമനം ലഭിക്കുക. നിയമനിര്‍മാണ സഭകളിലേക്കുള്ള യോഗ്യത ജനങ്ങളുടെ വോട്ടാണ്. അതുകൊണ്ടുതന്നെ, സാമുദായിക പ്രാതിനിധ്യം ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളെ സംബന്ധിച്ചേടത്തോളം, അവര്‍ക്ക് ലഭിക്കുന്ന വോട്ടുകള്‍ കേവലം അധികാരക്കസേരകള്‍ക്ക് വേണ്ടിയല്ലെന്നും, പ്രാതിനിധ്യവും അഭിമാനകരമായ നിലനില്‍പ്പുമാണ് വോട്ടിന്റെ ലക്ഷ്യമെന്നും രാഷ്ട്രീയ നേതൃത്വം തിരിച്ചറിയണം.
മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തനശൈലി വിഭാഗീയത സൃഷ്ടിക്കുന്നതോ ധ്രുവീകരണമുണ്ടാക്കുന്നതോ ആവാന്‍ പാടില്ല. അതേസമയം, സമുദായത്തിന്റെ അഭിമാനകരമായ അസ്തിത്വം വകവെച്ചു നല്‍കാത്ത സ്ഥിതിയും ഉണ്ടാവരുത്. മുന്നണി ബന്ധങ്ങളിലൂടെയാണ് സാമുദായിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രായോഗികമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുക. അതേസമയം, മുന്നണി താല്‍പര്യങ്ങളുടെ പേരില്‍ പ്രതിനിധീകരിക്കുന്ന സമുദായത്തിന്റെ അഭിലാഷങ്ങളോ മൂല്യങ്ങളോ ബലികഴിക്കുന്ന സ്ഥിതിയുണ്ടാകരുത്. സമുദായത്തിന്റെ ആശങ്കകളും അഭിലാഷങ്ങളും മൂല്യങ്ങളും പ്രതിധ്വനിപ്പിക്കുന്നതിനുള്ള മാര്‍ഗമായി രാഷ്ട്രീയ പ്രവര്‍ത്തനം മാറണം. രാഷ്ട്രീയ ഭൂപ്രകൃതിയില്‍ മുസ്ലിംകളുടെ പങ്കാളിത്തം ഒഴിവാക്കലോ വേര്‍പിരിയലോ അല്ല, മറിച്ച് ഉള്‍പ്പെടുത്തലും പ്രാതിനിധ്യവുമാണ് പാര്‍ട്ടികളുടെ അജണ്ടയായി വരേണ്ടത്.
കേവലം അധികാര പങ്കാളിത്തം മാത്രം ലക്ഷ്യമാക്കി സാമുദായിക രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയാല്‍ അത്തരം രാഷ്ട്രീയം തന്നെ അപ്രസക്തമാകുന്ന സ്ഥിതിയാണ് ഭാവിയില്‍ രൂപപ്പെടുക. കാരണം, രാഷ്ട്രീയം രാഷ്ട്രീയത്തിന് വേണ്ടി മാത്രമാകുമ്പോള്‍ ന്യൂനപക്ഷ സാമുദായിക സംഘടനകളേക്കാള്‍ വോട്ടര്‍മാര്‍ക്ക് താല്‍പര്യമുണ്ടാവുക ബഹുജന രാഷ്ട്രീയ പ്രസ്ഥാനങ്ങളോടാവും. പ്രത്യേകിച്ച്, മൂല്യനിരാസവും ഉദാരതാവാദവും ട്രെന്‍ഡായി മാറുന്ന ഒരു കാലത്ത്, ആദര്‍ശാത്മക രാഷ്ട്രീയത്തെ മുന്നോട്ടുകൊണ്ടുപോവുക എന്നത് ഒരു ധര്‍മസമരമാണ്. പ്രതിസന്ധികള്‍ക്ക് മുമ്പില്‍, സമുദായത്തെ ആര്‍ജവത്തോടെ നയിക്കാന്‍ പ്രാപ്തിയുണ്ടാവുക എന്നതാണ് പ്രധാനം. അത്തരം ഘട്ടങ്ങളില്‍ അധികാരത്തിന്റെ സുഖ ശീതളിമയിലേക്ക് ഊളിയിടുക എന്നത് ഭീരുത്വമാണ്.
ജനാധിപത്യ മതേതര രാഷ്ട്രീയത്തില്‍ കൃത്യമായ അവകാശബോധവും പ്രാതിനിധ്യ സംസ്‌കാരവും വളര്‍ത്തിയെടുക്കാന്‍ സാമുദായിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാധിക്കണം. രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ ഭരണത്തിന്റെ തണലല്ല പ്രാഥമികമായി വേണ്ടത്, മറിച്ച് അഭിമാനബോധവും രാഷ്ട്രീയ വിദ്യാഭ്യാസവുമാണ്.

Back to Top