മരണം കൊതിക്കരുത്
ഖലീലുറഹ്മാന് മുട്ടില്‍

മരണം നമ്മെ തേടിയെത്തുന്നത് ഏതു രൂപത്തിലാണെന്ന് പറയാന്‍ കഴിയുകയില്ല. ചില ഘട്ടങ്ങളില്‍ ഒന്നു മരിച്ചുകിട്ടിയിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകാറുണ്ട്. മാരക രോഗം പിടിപെട്ട് വര്‍ഷങ്ങളോളം കിടക്കേണ്ടിവരികയും ഭീമമായ തുക ചികിത്സയ്ക്കു വേണ്ടി ചെലവഴിക്കേണ്ടിവരികയും ചെയ്യുമ്പോള്‍ സമൂഹവും മക്കളും കുടുംബവുമെല്ലാം ഒരുപോലെ അയാള്‍ ഒന്നു മരിച്ചുകിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കും. ഇത്തരം ഘട്ടത്തില്‍ സ്വീകരിക്കേണ്ട നിലപാട് എന്താണെന്ന് പ്രവാചകന്(സ) വിശദീകരിച്ചു.
മരണം കാത്തു കഴിയുന്നവനെ അദ്ദേഹം ഉണര്‍ത്തിയത് ഇങ്ങനെ: ‘നിങ്ങളില്‍ ഒരാളും മരണം കൊതിക്കരുത്. നന്മ ചെയ്യുന്നവനാണ് അയാള്‍ എങ്കില്‍ നന്മകള് വര്‍ധിപ്പിക്കാമല്ലോ. തിന്മ ചെയ്യുന്നവനാണെങ്കില് അവന് പശ്ചാത്തപിക്കുകയും ചെയ്യാം’ (ബുഖാരി). മറ്റൊരിക്കല്‍ സമൂഹത്തോട് അദ്ദേഹം പറഞ്ഞു: ‘നിങ്ങളില്‍ ഒരാളും മരണം കൊതിക്കുകയോ അതിനു വേണ്ടി അത് വന്നെത്തുന്നതിനു മുമ്പ് പ്രാര്‍ഥിക്കുകയോ ചെയ്യരുത്. കാരണം നിങ്ങളില്‍ ഒരാള്‍ മരിച്ചുകഴിഞ്ഞാല്‍ അവന്റെ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. വിശ്വാസിക്ക് നന്മയ്ക്ക് വേണ്ടിയല്ലാതെ അവന്റെ ആയുസ്സ് വര്‍ധിപ്പിക്കുകയില്ല’ (മുസ്ലിം).
എന്നാല്‍ ചില അനിവാര്യ ഘട്ടങ്ങളില്‍ മരണം ഉത്തമമായി തീര്‍ന്നേക്കാം. അതും നമുക്ക് അറിയില്ല. അത്തരം ഘട്ടങ്ങളില്‍ എന്തു പ്രാര്ഥിക്കണമെന്നുകൂടി പ്രവാചകന് പഠിപ്പിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു: ‘ഒരാളും തന്നെ അയാള്‍ക്കുണ്ടായ അപകടത്തിന്റെ പേരില്‍ മരണം ആഗ്രഹിക്കരുത്. മരണം അനിവാര്യമാണെങ്കില്‍ അവന് ഇങ്ങനെ പറയട്ടെ: അല്ലാഹുവേ, ജീവിതമാണ് എനിക്ക് ഉത്തമമെങ്കില്‍ നീ എന്നെ ജീവിപ്പിക്കേണമേ. മരണമാണ് എനിക്ക് ഗുണകരമെങ്കില്‍ എന്നെ നീ മരിപ്പിക്കുകയും ചെയ്യേണമേ’ (ബുഖാരി).
മരണം രണ്ടു തരം
ശരീരത്തില്‍ നിന്ന് ആത്മാവ് വേര്പിരിയുന്നതിനാണല്ലോ മരണം എന്നു പറയുന്നത്. മരണവേളയില്‍ ശരീരത്തില്‍ നിന്ന് ആത്മാവിനെ പുറത്തെടുക്കുന്നതിന് മലക്കുകളെ അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. മരണത്തിന്റെ മലക്കും (മലക്കുല് മൗത്ത്) സഹായികളായ മലക്കുകളും. അല്ലാഹു ഓരോരുത്തര്‍ക്കും നിശ്ചയിച്ച അവധി എത്തിയാല്‍ അവര്‍ വരുകയും മരണത്തിന്റെ മലക്ക് ആത്മാവിനെ ശരീരത്തില്‍ നിന്നു പുറത്തെത്തിച്ച് മറ്റു മലക്കുകള്‍ക്ക് കൈമാറുകയും ചെയ്യും. അവര്‍ അതിനെ നിശ്ചിത സ്ഥാനത്തേക്ക് എത്തിക്കും.
മനുഷ്യപ്രവര്‍ത്തനത്തിന് അനുസരിച്ച് മനുഷ്യാത്മാവിനെ രണ്ടു വിഭാഗമായി ഖുര്‍ആന്‍ വേര്‍തിരിച്ചിട്ടുണ്ട്. പുണ്യാത്മാവും മ്ലേഛാത്മാവും. പുണ്യാത്മാവിന്റെ ഉടമ മരണവേളയിലും തുടര്‍ന്നും വിജയിയായിരിക്കുമെന്നും മ്ലേഛാത്മാവിന്റെ ഉടമ പരാജിതനായിരിക്കുമെന്നും ഖുര്‍ആന്‍ അറിയിക്കുന്നുണ്ട്. ‘അതിനെ ശുദ്ധീകരിച്ചവന് വിജയിച്ചു. അതിനെ മലിനീകരിച്ചവന്‍ പരാജയപ്പെടുകയും ചെയ്തു’ (91: 9,10). രണ്ട് ആത്മാക്കളെയും മരണവേളയില്‍ ശരീരത്തില്‍ നിന്നു പുറത്തെത്തിക്കുന്ന രംഗം പ്രവാചകന് വിശദീകരിക്കുന്നുണ്ട്.
പുണ്യാത്മാവിന്റെ
മരണം
പുണ്യാത്മാക്കള്‍ മരണവേളയില്‍ ശാന്തരായിരിക്കുമെന്ന് ഖുര്‍ആനിന്റെ പദപ്രയോഗത്തില്‍ നിന്നു മനസ്സിലാക്കാം. മരണത്തിന്റെ മലക്ക് വന്ന് അവരെ അഭിസംബോധന ചെയ്യുന്നതുതന്നെ ‘ആത്മാവേ’ എന്നാകുന്നു. ‘ശാന്തിയടഞ്ഞ ആത്മാവേ, നിന്റെ നാഥനിലേക്ക് സ്വയം തൃപ്തയും മറ്റുള്ളവര്‍ക്ക് തൃപ്തിയേകുന്നവളുമായി പുറപ്പെട്ടുകൊള്ളുക. എന്റെ ഇഷ്ടദാസന്മാരുടെ കൂട്ടത്തില്‍ പ്രവേശിക്കുക. എന്റെ സ്വര്‍ഗത്തിലും പ്രവേശിക്കുക’ (89:2730). പരിശുദ്ധാത്മാവിന്റെ സമീപത്ത് എത്തിയാല്‍ മലക്കുകള്‍ സലാം പറഞ്ഞ് അഭിസംബോധന ചെയ്യും (16:31,32).
ആനന്ദകരമായ മടക്കയാത്രയ്ക്ക് സ്നേഹത്തോടെ ക്ഷണിക്കാനും സമാധാനത്തോടുകൂടി കൂട്ടിക്കൊണ്ടുപോകാനുമാണ് മലക്കുകള്‍ വരുന്നത്. തങ്ങളെ അനുഗമിക്കുന്ന ആത്മാവിന് വിരഹദുഃഖം മറന്ന് പൂര്‍ണ ആനന്ദം ലഭിക്കണമെന്നു കരുതി അതിമനോഹരവും അത്യാകര്‍ഷകവുമായ അലങ്കാരവേഷം അണിഞ്ഞുകൊണ്ടാണ് മലക്കുകള്‍ അതിനെ സമീപിക്കുന്നത്. കണ്ണിനു മുന്നില്‍ ദൃശ്യം പ്രകടമാകുംവിധം പ്രവാചകന് തുടര്‍ന്നുള്ള രംഗങ്ങള്‍ വിശദീകരിക്കുന്നുണ്ട്.
ബര്‍റാഅ്(റ) പറയുകയാണ്: ഞങ്ങള്‍ തിരുമേനി(സ)യുടെ കൂടെ ഒരു അന്‍സാരിയുടെ ജനാസയോടൊപ്പം പുറപ്പെട്ടു. ഖബറിനടുത്ത് എത്തിയപ്പോള്‍ പണി പൂര്‍ത്തിയായിരുന്നില്ല. തിരുമേനി അവിടെയിരുന്നു. ചുറ്റുമായി ഞങ്ങളും. ഞങ്ങളുടെ തലയില്‍ പക്ഷികളുള്ളതുപോലെ നിശ്ചലരായിരുന്നു ഞങ്ങള്‍. തിരുമേനി കൈയിലുള്ള വടി നിലത്തു കുത്തിക്കൊണ്ട് പറഞ്ഞു: ‘ഖബറിലെ ശിക്ഷയെപ്പറ്റി നിങ്ങള്‍ അല്ലാഹുവിനോട് അഭയം തേടുക.’ പ്രവാചകന് അത് രണ്ടോ മൂന്നോ പ്രാവശ്യം ആവര്‍ത്തിച്ചിട്ടുണ്ട്. പിന്നെ തിരുമേനി ഇങ്ങനെ തുടര്‍ന്നു: ‘സത്യവിശ്വാസിയായ അടിമയുടെ ഐഹിക ജീവിതത്തിന്റെ അന്ത്യവും പാരത്രിക ജീവിതത്തിന്റെ ആരംഭവുമായിക്കഴിഞ്ഞാല്‍ സ്വര്‍ഗീയ വസ്ത്രങ്ങളും സുഗന്ധദ്രവ്യങ്ങളുമായി സൂര്യനെപ്പോലെ ജ്വലിക്കുന്ന തൂവെള്ള മുഖക്കാരായ കുറേ മലക്കുകള്‍ ആകാശത്തു നിന്നിറങ്ങിവന്ന് അവന്റെ കണ്പീലി മുഴുക്കെ നിറഞ്ഞൊഴുകുംവിധം ഇരിക്കുന്നു.
പിന്നീട് മലക്കുല് മൗത്ത് വന്ന് അവന്റെ തലഭാഗത്ത് ഇരുന്നിട്ട് ഇങ്ങനെ ക്ഷണിക്കുന്നു: ‘പരിശുദ്ധാത്മാവേ, അല്ലാഹുവിന്റെ മഗ്ഫിറത്തിലേക്കും പൊരുത്തത്തിലേക്കുമായി പുറപ്പെട്ടുകൊള്ളുക.’ അപ്പോഴേക്കും കൂജയില്‍ നിന്ന് വെള്ളം ഒഴുകിവരുന്നതുപോലെ ആത്മാവ് ഒഴുകിവരികയായി. ഉടനെ മരണത്തിന്റെ മലക്ക് അതിനെ സ്വാഗതം ചെയ്യുകയും പൊടുന്നനെ കൂടെയുള്ള മറ്റു മലക്കുകളെ ഏല്‍പ്പിക്കുകയും അവരതിനെ അത്തര്‍ പുരട്ടി സ്വര്‍ഗീയ വസ്ത്രങ്ങളിലാക്കുകയും ചെയ്യുന്നു.
ഭൂമിയില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന കസ്തൂരിയുടെ പരിമളം ഉണ്ടായിരിക്കും അതിന്. അങ്ങനെ അവര്‍ ആത്മാവുമായി ആകാശലോകത്തേക്ക് ഉയരുകയായി. വഴിയില്‍ കാണുന്ന എല്ലാ മലക്കുകളും ഏതാണീ പരിശുദ്ധാത്മാവ് എന്ന് അന്വേഷിക്കുന്നു. അദ്ദേഹത്തിന് പറയാറുണ്ടായിരുന്ന ഏറ്റവും നല്ല പേരില്‍ അവര്‍ അതിനെ പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നു.
അങ്ങനെ അവര്‍ ഒന്നാമത്തെ ആകാശത്തെത്തി തുറക്കാന്‍ ആവശ്യപ്പെടുകയും ആകാശം തുറക്കപ്പെടുകയും ചെയ്യുന്നു. അവിടെ നിന്ന് രണ്ടാമത്തേതിലേക്ക് പുറപ്പെടുമ്പോള്‍ അവിടെയുണ്ടായിരുന്ന അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ച മലക്കുകള്‍ അടുത്ത ആകാശം വരെ അവരെ അകമ്പടി സേവിക്കുന്നു. അടുത്ത ആകാശത്തും ഇതേ പ്രക്രിയ തുടരുന്നു. അങ്ങനെ ഏഴാമത്തെ ആകാശെത്തത്തുന്നു. അവിടെ വെച്ച് അല്ലാഹു പറയുകയാണ്:
എന്റെ അടിമയുടെ റെക്കോര്‍ഡുകള്‍ ഇല്ലിയ്യീനില്‍ രേഖപ്പെടുത്തുകയും എന്നിട്ട് അവനെ ഭൂമിയിലേക്കു തന്നെ മടക്കുകയും ചെയ്യുക. കാരണം ഞാന്‍ അവനെ ഭൂമിയില്‍ നിന്നാണ് സൃഷ്ടിച്ചത്. ഭൂമിയിലേക്കു തന്നെ മടക്കുകയും ഭൂമിയില്‍ നിന്ന് തന്നെ രണ്ടാമതും ജഡവുമായി ബന്ധിപ്പിച്ച് പുനര്‍ജീവിപ്പിക്കുകയും ചെയ്യുന്നതാണ്. അങ്ങനെ അദ്ദേഹത്തിന്റെ ആത്മാവ് ശരീരത്തിലേക്ക് തന്നെ മടക്കപ്പെടുന്നു” (അഹ്മദ്).
