ഗസ്സയിലെ ഇസ്രായേല്‍ അധിനിവേശം ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കുമെന്ന് ഐഎംഎഫ്
ഇസ്രായേലിന്റെ ഗസ്സാ അധിനിവേശം ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കുമെന്ന സൂചന നല്‍കി ഐഎംഎഫ്. ഫലസ്തീനിലും ഇസ്രായേലിനും പുറമേ ഇവരുടെ അയല്‍ രാജ്യങ്ങളിലും പ്രതിസന്ധി കനക്കുമെന്ന സൂചനയാണ് ഏജന്‍സി നല്‍കുന്നത്. ഗസ്സയിലെ ഇസ്രായേല്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ഫലസ്തീനുമായി അതിര്‍ത്തി പങ്കിടുന്ന ഈജിപ്തിലും പ്രതിസന്ധി രൂക്ഷമാവുമെന്നാണ് ഐഎംഎഫ് വിലയിരുത്തല്‍. ഈയൊരു സാഹചര്യത്തിലാണ് സഹായം വര്‍ധിപ്പിക്കുന്നത് ഏജന്‍സി ഗൗരവമായി പരിഗണിക്കുന്നത്. ഒക്ടോബറിലാണ് ഐഎംഎഫുമായുള്ള വായ്പ ഇടപാട് ഈജിപ്ത് പ്രഖ്യാപിച്ചത്. കനത്ത സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഇസ്രായേല്‍ ഗസ്സയിലെ റിസര്‍വ് സൈനികരുടെ എണ്ണം കുറയ്ക്കാനൊരുങ്ങുകയാണെന്ന റിപ്പോര്‍ട്ടും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഹമാസുമായുള്ള യുദ്ധം മൂലം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് ഇസ്രായേലി ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ റിപ്പോര്‍ട്ട് ചെയ്തു. 3,60,000 സൈനികരെ യുദ്ധമുഖത്ത് ഇറക്കുമെന്നാണ് ഇസ്രായേല്‍ ആദ്യം പ്രഖ്യാപിച്ചിരുന്നത്. രണ്ടു ലക്ഷത്തോളം സൈനികര്‍ ഇപ്പോള്‍ ഗസ്സയിലുണ്ട്. റിസര്‍വ് സൈനികര്‍ക്കായി 130 കോടി ഡോളര്‍ ശമ്പളയിനത്തില്‍ മാത്രം ചെലവുണ്ട്. ആവശ്യത്തിന് മാത്രമുള്ള സൈനികരെ നിലനിര്‍ത്തി ബാക്കിയുള്ളവരെ തിരിച്ചയക്കുന്നതിനെക്കുറിച്ചാണ് ആലോചന നടക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.