21 Saturday
December 2024
2024 December 21
1446 Joumada II 19

വിവാഹ ബന്ധവും കടമകളും

സയ്യിദ് സുല്ലമി


വിവാഹത്തിന് ഉന്നതവും സവിശേഷവുമായ സ്ഥാനമാണ് ഇസ്ലാം നല്‍കുന്നത്. അതുകൊണ്ട് തന്നെ ഒരു വിവാഹ ബന്ധവും തകര്‍ന്നുകൂടായെന്നതാണ് ഇസ്ലാമിന്റെ താത്പര്യം. ഒരാള്‍ ഒരു സ്ത്രീയെ വിവാഹം കഴിക്കുമ്പോള്‍ പരിപാവനമായതും ബലിഷ്ടമായതുമായ ഒരു കരാറാണ് ചെയ്യുന്നത്. തന്റെ ഇണയോട് ഏറെ ബാധ്യതകളും കടമകളും അദ്ദേഹത്തിനുണ്ട്. വധുവിന് നേരെ തിരിച്ചും ചുമതലകളുണ്ട്.
ഈ ആത്മബന്ധത്തെ കുറിച്ച് ഖുര്‍ആന്‍ പറയുന്നു: ‘അവര്‍ നിങ്ങള്‍ക്കൊരു വസ്ത്രമാകുന്നു, നിങ്ങള്‍ അവര്‍ക്കും ഒരു വസ്ത്രമാകുന്നു’. (വി.ഖു 2:187) ഇണകള്‍ തമ്മിലുള്ള സമീപനങ്ങളിലൂടെ യാഥാര്‍ഥ്യമാകുന്ന സംശ്ലേഷണവും സംരക്ഷണവും അലങ്കാരവുമെല്ലാം ഉള്‍പ്പെടുന്ന ആശയങ്ങളെ അറിയിക്കുന്ന ഉപമയാണ് വിശുദ്ധ ഖുര്‍ആന്‍ ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.
വിവാഹിതന്‍ തന്റെ ഇണയുടെ അവകാശങ്ങളും നല്ല ആവശ്യങ്ങളും നിറവേറ്റാന്‍ ബാധ്യസ്ഥനാണ്. വിവാഹിതയും അതേ രൂപത്തില്‍ തന്റെ കടമകള്‍ നിറവേറ്റിയിരിക്കണം. കുടുംബത്തിന്റെ സാമ്പത്തികമായ ഉത്തരവാദിത്തങ്ങള്‍ പുരുഷന്റെ മേല്‍ മാത്രമുള്ള ചുമതലയാകുന്നു. അല്ലാഹു പറയുന്നു: ‘സ്ത്രീകള്‍ക്ക് ഭര്‍ത്താക്കന്മാരോട് ബാധ്യതകള്‍ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക് അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്. എന്നാല്‍ പുരുഷന്മാര്‍ക്ക് അവരെക്കാളുപരി ഒരു പദവിയുണ്ട്. അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു.’ (വി.ഖു 2:228)
ഈ സൂക്തത്തില്‍ പരാമര്‍ശിച്ച ‘ഒരു പദവി’ എന്നതു കൊണ്ട് ഉദ്ദേശിച്ചത് കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത പുരുഷനാണ് നിര്‍വഹിക്കേണ്ടതെന്നും അതിനാല്‍ കുടുംബ നായകന്‍ അദ്ദേഹമാണ് എന്നതുമാണ്. ‘അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളില്‍ ഒരാള്‍ക്ക് തന്റെ പത്‌നിയോടുള്ള കടമകള്‍ എന്താണ്? നീ ഭക്ഷിച്ചാല്‍ അവളെയും ഭക്ഷിപ്പിക്കുക, നീ വസ്ത്രം ധരിക്കുമ്പോള്‍ അവളെയും ധരിപ്പിക്കുക, മുഖത്ത് അടിക്കരുത്, ആക്ഷേപം നടത്തരുത്, വീട്ടില്‍ വെച്ചല്ലാതെ പിരിഞ്ഞു നില്‍ക്കരുത്.’ (അബൂദാവൂദ് 2142)
ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ചികിത്സ തുടങ്ങിയവ ഭര്‍ത്താവിന്റെ ചുമതലയാണ്. അര്‍ഹമായ വിധത്തില്‍ അവ നിര്‍വഹിച്ചുവോ എന്ന് അവന്‍ വിചാരണ ചെയ്യപ്പെടും. പ്രവാചകന്‍ പറയുന്നു: ‘താന്‍ ഭക്ഷണം നല്‍കാന്‍ ബാധ്യതപ്പെട്ടവര്‍ക്ക് അത് തടഞ്ഞുവെക്കുന്നത് ഒരു മനുഷ്യന്‍ പാപിയാകാന്‍ മതിയാകുന്നതാണ്’. (അബൂദാവൂദ് 1692). ഇണയുടെ ഭാഗത്ത് പോരായ്മകള്‍ വന്നാല്‍ ഇണകള്‍ തമ്മില്‍ പരസ്പരം കരുണയോടെയും സ്‌നേഹവാത്സല്യത്തോടെയും നിലകൊള്ളണം. വളരെ ഹൃദ്യമായ ആത്മബന്ധമാണ് അവര്‍ തമ്മില്‍ ഉണ്ടാകേണ്ടത്.
എന്നാല്‍ ഒരാള്‍ തന്റെ ഇണയുടെ പ്രവര്‍ത്തനങ്ങളില്‍ അനിഷ്ടങ്ങളോ വീഴ്ചകളോ കണ്ടാല്‍ അയാള്‍ അതിന്റെ പേരില്‍ നിര്‍ബന്ധമായും ക്ഷമ കൈക്കൊള്ളണം. അവളുടെ നന്മകള്‍ ഓര്‍ക്കുകയും വേണം. മനുഷ്യര്‍ക്ക് തെറ്റുകള്‍ സംഭവിക്കുമല്ലോ. ഖുര്‍ആന്‍ പറയുന്നു: ‘നിങ്ങള്‍ അവരോട് മര്യാദയോടെ സഹവര്‍ത്തിക്കേണ്ടതുണ്ട്. ഇനി നിങ്ങള്‍ക്കവരോട് വെറുപ്പ് തോന്നുന്ന പക്ഷം നിങ്ങള്‍ മനസ്സിലാക്കുക, നിങ്ങളൊരു കാര്യം വെറുക്കുകയും അതേ കാര്യത്തില്‍ അല്ലാഹു ധാരാളം ധാരാളം നന്മ നിശ്ചയിക്കുകയും ചെയ്തെന്ന് വരാം’. (വി.ഖു 5:19). നബി (സ) പറഞ്ഞു: ഒരു സത്യവശ്വാസിയും സത്യവശ്വാസിനിയോട് വെറുപ്പ് കാണിക്കരുത്. അവരുടെ വല്ല സ്വഭാവവും നിമിത്തം കോപം ഉണ്ടായാല്‍ മറ്റൊന്നു കൊണ്ട് നിങ്ങള്‍ക്ക് തൃപ്തി ഉണ്ടാകും. (മുസ്ലിം 1469)
എന്തുകൊണ്ട്
ത്വലാഖ്?

വിമര്‍ശകര്‍ ഇസ്‌ലാമിനെ ആക്ഷേപിക്കാന്‍ ഉപയോഗപ്പെടുത്തുന്ന ഒരു വിഷയമാണ് ത്വലാഖ് അഥവാ വിവാഹ മോചനം. യുക്തിവാദികളായി ചമയുന്നവരും എക്‌സ് മുസ്ലിം കൂട്ടായ്മക്കാരും നടത്തുന്ന വാദമുഖങ്ങളും പരിഹാസങ്ങളും കേള്‍ക്കുന്ന ഒരാള്‍ക്ക് തോന്നുക ത്വലാഖ് ഇസ്ലാമില്‍ പുണ്യകര്‍മ്മം കണക്കെ ഏറെ പ്രോത്സാഹിപ്പിക്കപ്പെടുന്ന ഒന്നാണെന്നാണ്. എന്നാല്‍ ദമ്പതിമാര്‍ക്കിടയില്‍ ഒന്നിച്ചു ജീവിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടായാല്‍ മാത്രമേ ത്വലാഖിന് അനുവാദമുള്ളൂ.
രണ്ടുപേര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്ത അടുത്ത നിമിഷം തന്നെ ത്വലാഖിന് ഇസ്ലാം അനുമതി നല്‍കുന്നില്ല. മറിച്ച് ക്ഷമിക്കാനും വിട്ടുവീഴ്ച ചെയ്യാനും മറക്കാനും പൊറുക്കാനുമാണ് ഇസ്ലാം പ്രേരിപ്പിക്കുന്നത്. എന്നാല്‍ പ്രശ്‌നം സങ്കീര്‍ണതയിലേക്ക് വഴി മാറുന്നുവെങ്കില്‍ അവള്‍ക്ക് സ്‌നേഹോപദേശം നല്‍കുകയും എന്നിട്ടും പരിഹാരം ഉണ്ടാവുന്നില്ലെങ്കില്‍ കിടപ്പറയില്‍ വെടിയുകയും പിന്നെയും മാറ്റം ഉണ്ടാവുന്നില്ലെങ്കില്‍ അടിക്കുകയും ചെയ്യുക. അടിക്കുന്നത് ക്ഷിപ്ര കോപം തീര്‍ക്കാനല്ല, ഗുണപാഠം ലഭിക്കുംവിധം. അടി എന്നത് ശിക്ഷയല്ല, ശിക്ഷണം മാത്രമാണ്. മുഖത്തോ പരിക്കേല്‍ക്കുന്ന രീതിയിലോ അടിക്കാന്‍ പാടില്ല. പിന്നെയും അവര്‍ക്കിടയില്‍ അകല്‍ച്ച വര്‍ധിക്കുന്ന സാഹചര്യം ഉണ്ടായാല്‍ പുരുഷന്റെയും സ്ത്രീയുടെയും ഭാഗത്ത് നിന്ന് നീതിയില്‍ നിലകൊള്ളുന്ന ഓരോ ആളുകള്‍ കൂടിയിരുന്നു ചര്‍ച്ച ചെയ്തു യോജിപ്പിനുള്ള പരിഹാരം കാണാനാണ് വിശുദ്ധ ഖുര്‍ആന്‍ അനുശാസിക്കുന്നത്.
ഇനിയും അവര്‍ക്കിടയില്‍ രഞ്ജിപ്പില്ലെങ്കില്‍ മാത്രമാണ് ത്വലാഖിന് ഇസ്ലാം അനുവാദം നല്‍കുന്നത്. പവിത്രമായ വിവാഹ ബന്ധം ശിഥിലമായിക്കൂടെന്നതാണ് ഇസ്‌ലാമിന്റെ താത്പര്യം. ത്വലാഖ് ഒറ്റയടിക്ക് ചെയ്യാന്‍ പാടില്ല. ആര്‍ത്തവമുള്ള സ്ത്രീയാണെങ്കില്‍ ലൈംഗികമായി ബന്ധപ്പെടാത്ത ശുദ്ധികാലത്തേ ത്വലാഖ് ചെയ്യാന്‍ പാടുള്ളൂ. ആര്‍ത്തവ കാലത്ത് ഒരാള്‍ തന്റെ ഭാര്യയെ മൊഴി ചൊല്ലിയത് നബി(സ) അറിഞ്ഞപ്പോള്‍ അവരെ മടക്കിയെടുക്കാന്‍ പറഞ്ഞു. അദ്ദേഹം മടക്കിയെടുക്കുകയും ചെയ്തു. (മുസ്ലിം 1471)
ഒരു തവണ ത്വലാഖ് ചൊല്ലിയാല്‍ ആ വിവാഹ ബന്ധം വേര്‍പ്പെടുകയില്ല. ഒരേസമയം മൂന്നു ത്വലാഖുകള്‍ ചൊല്ലുന്ന മുത്വലാഖും പ്രവാചകന്‍ പഠിപ്പിച്ചതല്ല. ത്വലാഖ് മൂന്ന് ഘട്ടങ്ങളില്‍ ആയിരിക്കണമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. ത്വലാഖിന്റെ ആദ്യത്തെ രണ്ട് തവണയും ത്വലാഖുര്‍റജ്ഈ അഥവാ മടക്കിയെടുക്കാവുന്ന ത്വലാഖ് എന്നും മൂന്നാമത്തെ ത്വലാഖിന് ത്വലാഖുന്‍ ബാഇന്‍ (പൂര്‍ണമായും വേര്‍പിരിയുന്ന ത്വലാഖ്) എന്നും പേര്‍ പറയപ്പെടുന്നു.
ഭാര്യയെ വിവാഹമോചനം നടത്തിയാല്‍ ഇദ്ദ കാലം(മൂന്നുമാസം) അവള്‍ക്ക് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ചികിത്സ തുടങ്ങിയ പൂര്‍ണ സംരക്ഷണം നല്‍കേണ്ടത് പുരുഷന്റെ ബാധ്യതയാണ്. ഈ കാലയളവില്‍ അവള്‍ ഗര്‍ഭിണിയാണെന്ന് മനസ്സിലായാല്‍ പ്രസവിക്കുന്നതു വരെ ഈ സംരക്ഷണം തുടരണം. ശേഷം കുഞ്ഞിനെ മുലയൂട്ടുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുക തുടങ്ങിയവയും ഭര്‍ത്താവിന്റെ സാമ്പത്തിക ചുമതലയിലാണ് ശരീഅത്ത് നിശ്ചയിച്ചിരിക്കുന്നത്. അവര്‍ക്കിടയില്‍ മാനസാന്തരമുണ്ടാകാനാണ് ഈ രൂപത്തിലുള്ള പെരുമാറ്റച്ചട്ടം നിശ്ചയിച്ചത്.
മൂന്നുമാസം തികയുന്നതിനു മുമ്പ് അദ്ദേഹത്തിന് പുതിയ നിക്കാഹ് ഇല്ലാതെതന്നെ അവളെ തിരിച്ചെടുക്കാം. ഈ കാലയളവില്‍ ശാരീരിക ബന്ധം നടന്നാലും ത്വലാഖ് അസാധുവായി അവളെ തിരിച്ചെടുത്തതായി പരിഗണിക്കും. ഒന്നും രണ്ടും മൂന്നും ഘട്ടങ്ങളായുള്ള ത്വലാഖില്‍ ഈ നിലപാടുതന്നെയാണ് പുരുഷന്‍ അനുവര്‍ത്തിക്കേണ്ടത്.
ഇണയും തുണയുമായി കഴിഞ്ഞ ഇവര്‍ ചില പ്രശ്‌നങ്ങളുടെ പേരില്‍ തമ്മില്‍ വഴക്കുണ്ടാകുകയും കോപവും ദേഷ്യവും ഉടലെടുക്കുകയും ചെയ്താലും ഏതാനും ദിവസങ്ങള്‍ അവര്‍ ഇരുവരും ത്വലാഖിന് ശേഷവും ഒരു വീട്ടില്‍ തന്നെ കഴിയുമ്പോള്‍ പിണക്കം മാറി ഒന്നിക്കാന്‍ വളരെയേറെ സാധ്യതയുണ്ട്. ഇങ്ങനെ മൂന്ന് ശുദ്ധി കാലം കഴിയണം.
ഈ കാലയളവില്‍ ഇസ്ലാം വിവക്ഷിക്കുന്നത് പോലെ അവര്‍ കഴിഞ്ഞാല്‍ പിണക്കങ്ങള്‍ അവസാനിപ്പിച്ച് ദാമ്പത്യ ജീവിതത്തിലേക്ക് അവര്‍ തിരിഞ്ഞേക്കും. അപ്പോള്‍ ആ വിവാഹ ബന്ധം തകരാതെ സംരക്ഷിക്കാന്‍ നോക്കുകയാണ് ഇസ്ലാം ചെയ്യുന്നത്. മടക്കിയെടുക്കാന്‍ രണ്ട് സാക്ഷികള്‍ വേണം. എന്നാല്‍ പുതിയ വിവാഹക്കരാര്‍ വേണ്ട. നോക്കൂ ഇസ്ലാം എത്ര സൂക്ഷ്മമായാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

Back to Top