14 Tuesday
January 2025
2025 January 14
1446 Rajab 14

കളമശ്ശേരിയിലെ ബോംബുകള്‍


മുസ്‌ലിം വിരുദ്ധ പൊതുബോധം എത്രത്തോളം കേരളീയ സമൂഹത്തില്‍ ആഴ്ന്നിറങ്ങിയിട്ടുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന സംഭവമാണ് കളമശ്ശേരി ബോംബ് സ്‌ഫോടനം. രാവിലെ സ്‌ഫോടനം ഉണ്ടായതു മുതല്‍ കേരളത്തിലെ മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും മുസ്‌ലിം സമുദായത്തെ ഉന്നംവെച്ചുകൊണ്ടുള്ള ചര്‍ച്ചകളാണ് നടത്തിയത്. സ്‌ഫോടനത്തിന്റെ പ്രതിസ്ഥാനത്ത് ഒരു മുസ്‌ലിം നാമധാരി ഉണ്ടാകല്ലേ എന്ന പ്രാര്‍ഥനയിലായിരുന്നു സന്മനസ്സുള്ള എല്ലാവരും. പിന്നീട് യഥാര്‍ഥ പ്രതി കുറ്റം ഏറ്റുപറഞ്ഞ് വെളിച്ചത്തു വന്നപ്പോള്‍, പലരും സന്തോഷസൂചകമായി പ്രതികരിക്കുകയാണ് ചെയ്തത്. കേരളത്തില്‍ ഒരു സ്‌ഫോടനം നടന്നുവെന്നോ അതിലെ പ്രതി പിടിക്കപ്പെട്ടുവെന്നോ ഉള്ള ഭീതിദമായ അന്തരീക്ഷത്തേക്കാള്‍ ചര്‍ച്ച ചെയ്യപ്പെട്ടത് മുസ്‌ലിം സമുദായത്തെ പ്രതിയാണ്.
ഇത് കേരളത്തിന്റെ പൊതുബോധത്തില്‍ ആഴ്ന്നിറങ്ങിയിരിക്കുന്ന മുസ്‌ലിം ഭീതിയുടെ മകുടോദാഹരണമാണ്. ഫലസ്തീന്‍ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍, കേരളത്തില്‍ ജൂതന്മാരുടെ വലിയ സംഗമങ്ങളൊന്നും കിട്ടാത്തതുകൊണ്ട് യഹോവയുടെ സാക്ഷികള്‍ക്കു നേരെ ആക്രമണം ഉണ്ടായതായിരിക്കാമെന്ന് മുതിര്‍ന്ന രാഷ്ട്രീയ നിരീക്ഷകരും മാധ്യമപ്രവര്‍ത്തകരും ഊഹാപോഹം പ്രചരിപ്പിച്ചുകൊണ്ട് സംഭവത്തിന് അന്താരാഷ്ട്ര മാനവും നല്‍കാന്‍ ശ്രമിക്കുകയുണ്ടായി. ഉള്ളില്‍ അടിഞ്ഞുകിടക്കുന്ന വംശീയബോധമാണ് പുറത്തേക്കു വന്നതെന്ന് സാമാന്യബോധമുള്ളവര്‍ക്ക് മനസ്സിലായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ സംഭവം ഒട്ടേറെ വിശകലനങ്ങള്‍ക്ക് ഇടം നല്‍കുന്നുണ്ട്.
ഒന്ന്: കളമശ്ശേരി സ്‌ഫോടനത്തിലെ പ്രതി മുസ്‌ലിം നാമധാരിയല്ല എന്നറിയുന്നതോടെ ആ സംഭവം മാധ്യമങ്ങള്‍ക്ക് ഭീകരാക്രമണം അല്ലാതായി മാറി. വിശ്വാസം ഉപേക്ഷിച്ച ഒരു വ്യക്തി തന്റെ പഴയ തട്ടകത്തോട് കാണിച്ച പ്രതിഷേധം മാത്രമായി. അറബിപ്പേരുള്ളവര്‍ പ്രതികളായാല്‍ മാത്രമേ ഭീകരാക്രമണമാകൂ എന്ന വിലയിരുത്തലിലാണ് അന്വേഷണ ഉദ്യോഗസ്ഥരും മാധ്യമങ്ങളും. ആക്രമണത്തിന് ഭീകരസ്വഭാവം ചാര്‍ത്തിക്കൊടുക്കുന്നതിന്റെ മാനദണ്ഡം വംശീയബോധമാണ് എന്ന തിരിച്ചറിവിലേക്കുള്ള ചൂണ്ടുപലകയാണ് കളമശ്ശേരി സ്‌ഫോടനം.
രണ്ട്: പ്രതി മാര്‍ട്ടിന്‍ കുറ്റകൃത്യം ഒറ്റയ്ക്ക് ചെയ്തുവെന്നാണ് മാധ്യമങ്ങളുടെ അനാലിസിസ്. പോലീസ് ഉദ്യോഗസ്ഥരും ഏറെക്കുറേ അത് ശരിവെക്കുന്നു. അറബിപ്പേരുള്ളവരാണ് പ്രതികളെങ്കില്‍, സംഭവത്തിനു പിന്നിലെ സംഘടിത സ്വഭാവവും വിദേശ ബന്ധവും മാധ്യമ ചര്‍ച്ചകളില്‍ കൊടുമ്പിരിക്കൊള്ളും. രാജ്യത്തെ അസ്ഥിരപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സംഘടിതമായി നടപ്പാക്കിയ ഭീകരാക്രമണം എന്ന കാറ്റഗറിയിലേക്ക് ചര്‍ച്ച പോലും ഉണ്ടാകുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.
മൂന്ന്: പ്രതി അറബിപ്പേരുള്ള വ്യക്തിയല്ലെന്നു മനസ്സിലായപ്പോള്‍, ഏതെങ്കിലും തരത്തില്‍ അറബ് നാടുകളുമായോ മുസ്‌ലിം സമുദായവുമായോ ബന്ധമുണ്ടാക്കി ആക്രമണത്തിന്റെ പ്രചോദനകേന്ദ്രം അതാണെന്ന് വരുത്തിത്തീര്‍ക്കാനാണ് പിന്നീട് ശ്രമമുണ്ടായത്. പ്രതിയുടെ വിദേശ സന്ദര്‍ശനവും മറ്റുമൊക്കെ പ്രധാന തലക്കെട്ടായി മാറുന്നത് അതുകൊണ്ടാണ്. പക്ഷേ, അതിലൂടെയും മുസ്ലിം ബന്ധം സ്ഥാപിക്കുന്നതില്‍ വിദ്വേഷപ്രചാരകര്‍ വിജയിച്ചില്ല.
നാല്: പ്രതി മാര്‍ട്ടിന്റെ സമുദായമോ കുടുംബമോ വിദ്വേഷ പ്രചാരണത്തിന് ഇരയായില്ല എന്നത് നല്ല കാര്യമാണ്. എന്നാല്‍ അതേ പ്രിവിലേജ് മുസ്‌ലിം സമുദായത്തിനും ലഭിക്കേണ്ടതല്ലേ? മുസ്‌ലിം നാമധാരിയാണ് പ്രതിയായിരുന്നതെങ്കില്‍, ഏതൊക്കെ തരത്തിലുള്ള വെറുപ്പുത്പാദനമാണ് ഇവിടെ നടക്കുക എന്നത് ഊഹിക്കാവുന്നതിനും അപ്പുറമാണ്. ഒരു വ്യക്തിയുടെ കുറ്റകൃത്യവും അതത് സമുദായങ്ങളിലേക്ക് ചേര്‍ക്കേണ്ടതില്ല എന്ന ബാലപാഠം മുസ്‌ലിം സമുദായത്തിന്റെ കാര്യത്തില്‍ മാത്രം പ്രായോഗികമാവുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഈ നിലപാട് തിരുത്തേണ്ടതുണ്ട്.
അഞ്ച്: മുസ്‌ലിം സമുദായവുമായി ബന്ധപ്പെടുത്തി മുസ്‌ലിം വിരുദ്ധ വാര്‍ത്തകളിലൂടെ സെന്‍സേഷണലിസം മുന്നോട്ടുകൊണ്ടുപോകാമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടപ്പോള്‍, മാധ്യമങ്ങളുടെ പിന്നീടുള്ള പണി സംഭവത്തെ കാല്‍പനികവത്കരിക്കുക എന്നതും പ്രതിയെ നായകനാക്കുക എന്നതുമായിരുന്നു. പ്രതിയുടെ പൂര്‍വകാല മഹത്വങ്ങളും ക്രൈം സീനില്‍ നിന്നുള്ള തിരക്കഥയും തയ്യാറാക്കിയാണ് മുത്തശ്ശിപ്പത്രങ്ങള്‍ പിറ്റേന്ന് കെറുവു തീര്‍ത്തത്.
കളമശ്ശേരിയില്‍ വെളിപ്പെട്ട സാംസ്‌കാരിക അപചയത്തിന്റെ ഉത്തരവാദികള്‍ ഇവിടത്തെ മാധ്യമങ്ങളും പൊതുസമൂഹവുമാണ്. മുസ്‌ലിം വിരുദ്ധ പൊതുബോധത്തിലൂടെ ചുട്ടെടുക്കുന്ന വ്യാജവാര്‍ത്തകള്‍ക്കു നേരെ വിരല്‍ ചൂണ്ടാന്‍ പൊതുസമൂഹത്തിന് ബാധ്യതയുണ്ട്.

Back to Top