23 Wednesday
October 2024
2024 October 23
1446 Rabie Al-Âkher 19

ദുരിത വര്‍ഷങ്ങള്‍ക്ക് വിടനല്‍കാനാവുമെന്ന പ്രതീക്ഷയിലാണ് ‘ഇന്ത്യ’

മണിശങ്കര്‍ അയ്യര്‍ / അശ്‌റഫ് തൂണേരി


മുസ്‌ലിമിനെ ശത്രുപക്ഷത്ത് പ്രതിഷ്ഠിക്കുന്ന മോദി
ഇന്ത്യയിലെ പ്രധാന ന്യൂനപക്ഷമായ മുസ്‌ലിംകളെ നികൃഷ്ടരായി കാണുന്ന ഒരു പ്രധാനമന്ത്രിയാണ് നമ്മുടെ രാജ്യത്തിനുള്ളത് എന്നത് നമുക്ക് അപമാനമാണ്. മുസ്‌ലിംകള്‍ക്കെതിരെ അദ്ദേഹത്തിന്റെ കാലത്താണ് ‘ലൗജിഹാദ്’ ആരോപണം, ആള്‍ക്കൂട്ട കൊലപാതകം, ഹിജാബ് നിരോധനം, ബാങ്കു വിളിക്കാനും നമസ്‌കരിക്കാനും ബുദ്ധിമുട്ട് നേരിടല്‍ തുടങ്ങിയ അനേകം നടക്കാന്‍ പാടില്ലാത്ത ക്രൂരതകള്‍ ഉണ്ടായത്. വികസനത്തിന്റെ പേരില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് താമസകേന്ദ്രങ്ങളും കെട്ടിടങ്ങളും തകര്‍ക്കുന്നതും ഭീഷണിപ്പെടുത്തി ‘ജയ് ശ്രീറാം’ വിളിപ്പിക്കുന്നതും വിനോദമായി കാണുന്ന ഒരു സമൂഹത്തെയാണ് മോദി പാകപ്പെടുത്തിയെടുത്തത്. പാഠപുസ്തകങ്ങളില്‍ വരെ വര്‍ഗീയത കുത്തിനിറച്ചിരിക്കുന്നു.
മുസ്‌ലിംകള്‍ ഭരിച്ചിരുന്ന ഇന്ത്യയെക്കുറിച്ച് വ്യാജനിര്‍മിതികള്‍ ഉണ്ടാക്കിയെടുക്കുന്ന പ്രധാനമന്ത്രി അവരെ ശത്രുപക്ഷത്താണ് പ്രതിഷ്ഠിക്കുന്നത്. ഇത് ഹിന്ദുത്വ അജണ്ടയില്‍ നിന്നു രൂപപ്പെട്ടതാണ്. മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്താന്‍ ആസൂത്രണങ്ങള്‍ മെനഞ്ഞ, ഗാന്ധി വധക്കേസിലെ പ്രധാന പ്രതി വി ഡി സവര്‍ക്കറുടെയും എം എസ് ഗോള്‍വാക്കറുടെയും പദ്ധതിയാണ് സംഘ്പരിവാര്‍ അവരുടേതായ ഒരു ഇന്ത്യന്‍ ദേശീയതയായി രൂപപ്പെടുത്തുന്നത്. അവ ബ്രാഹ്മണ്യം ഉള്‍ച്ചേര്‍ന്നതും താഴ്ത്തട്ടും മേല്‍ത്തട്ടും സൃഷ്ടിക്കുന്നതുമാണ്. മാത്രമല്ല മതവിദ്വേഷവും ശത്രുതയും കരകവിഞ്ഞൊഴുകുന്നതാണത്.
കഴിഞ്ഞ ഒമ്പതു വര്‍ഷങ്ങള്‍ മാലിന്യം നിറഞ്ഞ, എല്ലാ തരം ഹീനമായ പ്രവൃത്തികളുടെയും കാലമായാണ് ചരിത്രത്തില്‍ അടയാളപ്പെടുക.
ഹിന്ദുത്വയും രണ്ടാംതരം പൗരന്മാരും
1923ലാണ് വി ഡി സവര്‍ക്കര്‍ ‘എസ്സെന്‍ഷ്യല്‍ ഓഫ് ഹിന്ദുത്വ’ പ്രസിദ്ധീകരിച്ചത്. ഗോള്‍വാള്‍ക്കറിന്റെ കണ്ടുപിടിത്തമാണ് ഹിന്ദുത്വ എന്ന വാക്ക്. അതിനു മുമ്പ് ആ പ്രയോഗം ഉണ്ടായിരുന്നില്ല. മറ്റൊരു തമാശ, സവര്‍ക്കര്‍ മതപരമായി ഹിന്ദു ആയിരുന്നില്ല എന്നതാണ്. ഹിന്ദുത്വ എന്നാല്‍ ഇന്ത്യ എക്‌സ്‌ക്ലൂസീവായി ഹിന്ദുവിന്റേതാണ് എന്നതാണ് വിവക്ഷ. ഇവിടെ ജീവിക്കുന്നവര്‍ ഹിന്ദുവായിരിക്കണം. അല്ലാത്തവര്‍ രണ്ടാംതരം പൗരന്മാരാണ്. ഇവിടെയുള്ള ഹിന്ദുവല്ലാത്തവര്‍ക്ക് രാജ്യത്തെ പൗരന്മാര്‍ എന്ന നിലയില്‍ ഹിന്ദുവിന് ലഭിക്കുന്ന അവകാശങ്ങള്‍ ഉണ്ടാവില്ല. ഇസ്രായേല്‍ ഇപ്പോള്‍ ഫലസ്തീനില്‍ നടപ്പില്‍വരുത്താന്‍ ശ്രമിക്കുന്നതും ഇതുതന്നെയാണ്.
ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവിനെ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഒരു ഭരണകൂടമാണ് ഇവിടെയുള്ളത്. ഭൂരിപക്ഷം ഇന്ത്യക്കാര്‍ക്കും നീതി ലഭിക്കാതിരിക്കുന്നതും രണ്ടാംതരം പൗരന്മാരെ സൃഷ്ടിക്കുന്നതും മാത്രമല്ല, ദേശഭക്തരും ദേശസ്‌നേഹികള്‍ അല്ലാത്തവരുമായ ഇന്ത്യക്കാരെ നിര്‍മിച്ചെടുക്കാന്‍ ശ്രമിക്കുക കൂടി ചെയ്യുന്നു.
ഒബിസി ജനതയെയും പിന്നാക്ക വിഭാഗങ്ങളെയും പുറമ്പോക്കു ജനതയായി കാണുന്ന രീതി ഔദ്യോഗികമായി തന്നെ സംഭവിക്കുന്നുവെന്നതാണ് കൂടുതല്‍ അപകടം. പാകിസ്താനില്‍ പോകാമായിരുന്നിട്ടും ആ അവസരം ത്യജിച്ച്, ഇന്ത്യയെ സ്‌നേഹിച്ച്, ഇവിടെ നിന്നവരെയാണ് മോദി രണ്ടാംതരം ചാപ്പ കുത്താന്‍ ശ്രമിക്കുന്നത്. ഭൂരിപക്ഷം ലഭിച്ചു എന്നത് ഒരു രാജ്യത്ത് ഭരണകൂടത്തിന് എന്തും ചെയ്യാനുള്ള അനുമതിപത്രമല്ല.

മുസ്‌ലിം ഇല്ലാത്ത ഇന്ത്യ സാധ്യമോ?
ഏത് ഇന്ത്യയെക്കുറിച്ചാണ് മോദി നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നത്? മുസ്‌ലിം ഇല്ലാത്ത ഇന്ത്യ സാധ്യമാണോ? ഇന്ത്യയുടെ പല പൈതൃകങ്ങളും സംസ്‌കാരവും ഭാഷകളുമെല്ലാം അവരുടെ സംഭാവനയല്ലേ? 1200 വര്‍ഷത്തെ അടിമത്തത്തെക്കുറിച്ചാണ് പ്രധാനമന്ത്രി പറയുന്നത്. ഇന്ത്യ നശിപ്പിച്ച ബ്രിട്ടീഷുകാരേക്കാള്‍ അദ്ദേഹത്തിന് അമര്‍ഷം മുഗള്‍ ഭരണകൂടം ഉള്‍പ്പെടെയുള്ളവരെക്കുറിച്ചാണ്. ആ വര്‍ഷങ്ങള്‍ ഇല്ലെങ്കില്‍ നമുക്ക് പലതും ഉണ്ടാകുമായിരുന്നോ?
നമുക്ക് വസ്ത്ര സംസ്‌കാരമുണ്ടോ? കുര്‍ത്ത ആര് കൊണ്ടുവന്നു? ഷര്‍ട്ട് എവിടെ നിന്ന് വന്നു? മുസ്‌ലിംകള്‍ വരുന്നതുവരെ മുണ്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ടെയ്‌ലറിങ് വരുന്നത് മുഗള്‍ ട്രെഡീഷന്റെ ഭാഗമായാണ്. ഹിന്ദി ദേശീയ ഭാഷയെന്നാണ് നാം പറയുന്നത്. ഹിന്ദിയില്‍ വാചാലനാവുന്ന മോദി ഊറ്റം കൊള്ളുന്ന ഹിന്ദിയുടെയൊക്കെ അടിസ്ഥാനം ഹിന്ദവിയില്‍ നിന്നാണ്. അത് കൊണ്ടുവന്നത് ഇന്ത്യയുടെ തത്ത എന്നറിയപ്പെട്ട അമീര്‍ ഖുസ്രുവാണ് എന്ന് അദ്ദേഹത്തിനറിയാമോ? (മോദി അന്താരാഷ്ട്ര വേദിയില്‍ പോലും ഹിന്ദിയില്‍ കൂടുതല്‍ സംസാരിക്കുന്നത് അദ്ദേഹത്തിന്റെ ഇംഗ്ലീഷ് പരിജ്ഞാനം വളരെ പരിതാപകരമാണ് എന്നതുകൊണ്ടു കൂടിയാണ്).
നിസാമുദ്ദീന്‍ ഔലിയയുടെ പ്രധാന ശിഷ്യനായിരുന്ന അമീര്‍ ഖുസ്രുവാണ് തന്റെ കവിതകളില്‍ അറബി-പേര്‍ഷ്യന്‍-തുര്‍ക്കിഷ് ഭാഷകളുടെ സങ്കരമായ ഹിന്ദവി ആദ്യമായി ഉപയോഗിക്കുന്നത്. ഈ ഹിന്ദവിയില്‍ നിന്നാണ് ഹിന്ദിയും ഉര്‍ദുവുമെല്ലാം രൂപപ്പെടുന്നത്. ഇന്ത്യയിലെ സംഗീതവും സംഗീത ഉപകരണങ്ങളും നോര്‍ത്ത് ഇന്ത്യയിലെ നമ്മുടെ കവിതയായാലും എല്ലാം മുസ്‌ലിംകളുടെ സംഭാവനയാണ്. താജ്മഹല്‍ എന്ന ലോകാത്ഭുതം ഉള്‍പ്പെടെ കേന്ദ്രങ്ങള്‍ വേറെയും. കൂടാതെ പരുത്തി പോലെ നമ്മുടെ കാര്‍ഷികരംഗത്ത് ചെയ്ത മറ്റ് സംഭാവനകള്‍ ഇനിയുമുണ്ട്. സാംസ്‌കാരിക പൈതൃകരംഗത്ത് ഇത്രയധികം സംഭാവനയുള്ള ഒരു ജനതയില്ലാതെ ഇന്ത്യ അതിജീവിക്കുമെന്നാണോ മോദിയുടെ തോന്നല്‍? അത് നമ്മുടെ നാഗരിക പൈതൃകത്തെ അവഹേളിക്കല്‍ കൂടിയാണ്.

ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് പ്രത്യേക പരിഗണന ആവശ്യമുണ്ടോ?
ഒരു രാജ്യത്തിന്റെ അന്തസ്സത്ത അളക്കുന്നത് അതിലെ ന്യൂനപക്ഷങ്ങളോടുള്ള രാജ്യത്തിന്റെ പെരുമാറ്റമാണ്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഈ തത്വം ഉള്‍ക്കൊള്ളുന്നു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും അങ്ങനെത്തന്നെ. നമ്മുടെ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാപരമായ അവകാശം വകവെച്ചുകൊടുക്കേണ്ടതും അവര്‍ക്ക് നീതി ഉറപ്പുവരുത്തേണ്ടതുമുണ്ട്. രാഷ്ട്രത്തിലെ എല്ലാ വിഭാഗങ്ങളെയും തുല്യരായി കാണാനുള്ള ഭരണഘടനാപരമായ കടമ നമുക്കുണ്ട്. ‘ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് പ്രത്യേക പരിഗണന ആവശ്യമുണ്ടോ’ എന്ന ചോദ്യത്തിന്, ‘തീര്‍ച്ചയായും അതെ’ എന്നാണ് ഉത്തരം.
ഭരണഘടനാപരമായി അവര്‍ക്ക് അവകാശം നല്‍കുമ്പോള്‍ ഒരു ഭരണകൂടം അതിനെ പാടേ നിഷേധിക്കുന്നു. പാര്‍ലമെന്റിലെ അവരുടെ വിഹിതം നിലവില്‍ നാലു ശതമാനമായി കുറഞ്ഞു. അവരുടെ വിദ്യാഭ്യാസ പുരോഗതിക്കും സാമ്പത്തിക വിമോചനത്തിനും പ്രത്യേക ആനുകൂല്യങ്ങള്‍ ആവശ്യമുണ്ട്. അത് അട്ടിമറിക്കപ്പെട്ടുകൂടാ. സച്ചാര്‍ കമ്മിറ്റി ഇന്ത്യയിലെ മുസ്‌ലിംകളുടെ സ്ഥിതി കൃത്യമായ കണക്കുകളോടെ പുറത്തുകൊണ്ടുവന്നതാണ്. അതിനുള്ള പരിഹാരവും അവര്‍ നിര്‍ദേശിക്കുകയുണ്ടായി. അതേസമയം നോര്‍ത്ത് ഇന്ത്യയിലെ അരികുവത്കരിക്കപ്പെട്ട പസ്മന്ദ മുസ്‌ലിംകള്‍ക്കിടയില്‍ വോട്ടുബാങ്ക് മാത്രം ലക്ഷ്യമിട്ടുള്ള മോദിയുടെ കപടനാടകം പൊതുജനം തിരിച്ചറിയും.

ചുട്ടെടുക്കുന്ന ബില്ലുകള്‍
ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി പാര്‍ലമെന്റില്‍ ബില്ലുകള്‍ ചുട്ടെടുക്കുന്ന കാഴ്ച നാം കാണുന്നു. യാതൊരു ചര്‍ച്ചയോ സംവാദമോ ആലോചനകളോ ഇല്ലാതെ തങ്ങളുടെ ഇംഗിതം നിയമമാക്കുന്ന നടപടി സ്വേച്ഛാധിപത്യമാണ്. ഏതു ബില്ലും ഭേദഗതിയും പാര്‍ലമെന്റില്‍ ഡിബേറ്റിന് വിധേയമാകണം. സ്റ്റിയറിങ് കമ്മിറ്റിയില്ലാതെ ബില്ലുകള്‍ ഡിബേറ്റബിള്‍ ആകാതെ പാകമാകാതെത്തന്നെ ചുട്ടെടുക്കുന്ന പുതിയ രീതി വന്നിരിക്കുന്നു. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണിത്. ആര്‍ട്ടിക്കിള്‍ 370ന്റെ ലംഘനമാണ് ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിലൂടെ സംഭവിച്ചത്. നിയമ ഭേദഗതി ഉണ്ടാവുമ്പോള്‍ കശ്മീര്‍ നിയമസഭ പോലും അറിയാതിരുന്ന വൈരുദ്ധ്യം ഇന്ത്യന്‍ ഭരണഘടനയെ പരസ്യമായി വെല്ലുവിളിക്കുന്നതല്ലാതെ മറ്റെന്താണ്?

ഇംഗിതങ്ങള്‍ മാത്രം വിളമ്പുന്ന മാധ്യമങ്ങള്‍
ഭരണകൂട ഇംഗിതങ്ങള്‍ മാത്രം വിളമ്പിയാല്‍ രക്ഷപ്പെട്ടുപോകാം. അല്ലെങ്കില്‍ ഏതെങ്കിലുമൊരു ഏജന്‍സിയുടെ അന്വേഷണം നേരിടേണ്ടിവരും. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ ടാര്‍ജറ്റ് ചെയ്യപ്പെടുകയാണ്. ഇപ്പോള്‍ ദേശീയ മാധ്യമങ്ങളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ ഏജന്‍സികളായിത്തീരുന്ന ദയനീയതയാണുള്ളത്. മോദിക്കെതിരെ ഒരക്ഷരമെഴുതുന്ന കോളമിസ്റ്റുകളെ പോലും വിളിച്ച് ഭീഷണിപ്പെടുത്താന്‍ മടിയില്ലാത്ത തരത്തിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് തരംതാഴ്ന്നുകഴിഞ്ഞു. ചില മുതിര്‍ന്ന എഴുത്തുകാര്‍ ഇത്തരം അനുഭവങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

‘ഇന്‍ഡ്യാ’ സഖ്യവും ഭാവിയും
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി 28 പാര്‍ട്ടികളുടെ നേതാക്കള്‍ പ്രഖ്യാപിച്ച ഒരു പ്രതിപക്ഷ മുന്നണിയെന്ന നിലയില്‍ ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് അഥവാ ഇന്‍ഡ്യക്ക് ഏറെ പ്രസക്തിയുണ്ട്. ബിഹാറിലെ പട്‌നയിലായിരുന്നു ആദ്യ യോഗം. ഭാവി ഐക്യത്തിനുള്ള ഏകോപന യോഗം കൂടിയായിരുന്നു അത്. 16 പ്രതിപക്ഷ പാര്‍ട്ടികളാണ് ആദ്യ യോഗത്തില്‍ പങ്കെടുത്തത്. രണ്ടാമത്തെ യോഗം കര്‍ണാടകയിലെ ബംഗളൂരുവിലും മൂന്നാമത്തേത് മഹാരാഷ്ട്രയിലെ മുംബൈയിലും ചേര്‍ന്നു.
5 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പങ്കെടുത്ത മുംബൈയിലെ യോഗത്തില്‍ വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള പ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ഏകോപന സമിതി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. 2024ലെ ഇന്ത്യന്‍ പൊതുതിരഞ്ഞെടുപ്പില്‍ ഒരുമിച്ച് പോരാടാന്‍ ഇന്‍ഡ്യാ സഖ്യത്തിന് കഴിയുമെന്നാണ് വിശ്വാസം. സാധാരണ മനുഷ്യര്‍ക്ക് പ്രതീക്ഷയുടെ വെള്ളിവെളിച്ചം വിതറുന്നതാണ് ഈ സഖ്യം. കഴിഞ്ഞ 9 വര്‍ഷത്തെ ദുഃസ്വപ്‌നങ്ങള്‍ക്ക് വിട നല്‍കാന്‍ നമുക്ക് കഴിയുമെന്നു തന്നെയാണ് വിശ്വാസം. അതുകൊണ്ടുതന്നെ 2024ല്‍ മോദിയുടെ ദുരിത വര്‍ഷങ്ങള്‍ക്ക് അറുതിയാവും.

ഇനി ഭിന്നിപ്പിച്ച് ഭരിക്കാനാവില്ല
ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന തന്ത്രം ഇനി വിലപ്പോവില്ല. ബ്രിട്ടീഷ് ഇന്ത്യയുടെ തന്ത്രമാണ് ബിജെപി ഏറ്റെടുത്തിരിക്കുന്നത്. അത് നാം ഒരുമിച്ചുനിന്ന് തോല്‍പിക്കും. ഇന്ത്യന്‍ ജനതയുടെ വികാരവും അവരുടെ നാഗരികതയുമെല്ലാം നമുക്കു പിന്നിലുണ്ട്. മോദിക്കില്ലാത്തതും അതാണ്. ഭൂരിപക്ഷം ഇന്ത്യന്‍ ജനതയും ഇപ്പോഴും ബിജെപിക്കെതിരാണ്.
അതായത് 2019ല്‍ പോലും വോട്ടെടുപ്പില്‍ 62 ശതമാനം ജനങ്ങളും ബിജെപിക്ക് എതിരായിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. പൊതുതിരഞ്ഞെടുപ്പില്‍ ഒരുമിച്ചുനിന്നാല്‍ ഇന്‍ഡ്യാ സഖ്യം വിജയിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ക്രിയാത്മകമായ സീറ്റ് വിഭജനവും മറ്റു കക്ഷികള്‍ക്ക് പരിഗണനയും നല്‍കിയാല്‍ കാര്യം എളുപ്പമാവും. ഇന്‍ഡ്യ എന്ന കൂട്ടായ്മ പൊതു പ്ലാറ്റ്‌ഫോമാണെന്ന് ഓരോ സഖ്യകക്ഷിക്കും തോന്നല്‍ ഉണ്ടാകണം. ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും തിരഞ്ഞെടുപ്പുരീതികള്‍ വ്യത്യസ്തമാവാം. അവിടെ ഘടകങ്ങള്‍ തമ്മില്‍ കൃത്യമായ ഐക്യം വേണം.
കര്‍ണാടക വിജയം വലിയ പ്രതീക്ഷയാണ് ജനാധിപത്യ വിശ്വാസികള്‍ക്ക് നല്‍കിയത്. സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പോടെ പുതിയ കര്‍മപദ്ധതികളിലേക്ക് ഇന്‍ഡ്യാ സഖ്യം വളരുമെന്നാണ് തോന്നുന്നത്. ജനുവരിയോടെ ഇന്‍ഡ്യ കൂടുതല്‍ ശക്തമാവും. അതേസമയം 2024ല്‍ പൂര്‍ണമായും എന്ത് നടക്കുമെന്ന് അങ്ങനെ പ്രവചിക്കാനുമാവില്ല. ഞാന്‍ ജ്യോതിഷിയല്ല.

മുസ്‌ലിംലീഗും ‘ഇന്‍ഡ്യ’യും
ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് കേരളത്തില്‍ ഐക്യ ജനാധിപത്യ മുന്നണിയിലെ രണ്ടാമത്തെ പാര്‍ട്ടിയാണ്. ലീഗിനെതിരെ ചില കോണുകളില്‍ നിന്ന് വര്‍ഗീയത ആരോപിക്കാറുണ്ട്. അത് ഒരിക്കലും ഒരു വര്‍ഗീയ സംഘടനയല്ല. മതേതരത്വത്തിലൂന്നി പ്രവര്‍ത്തിക്കുന്ന സാമുദായിക സംഘടനയാണ്. ചിട്ടയോടെയുള്ള കര്‍മപദ്ധതികള്‍ അവര്‍ക്കുണ്ട്. മുസ്‌ലിംകളുടെ അവകാശങ്ങള്‍ക്കു വേണ്ടിയാണ് അത് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. ഭരണഘടനാപരമായ അവകാശങ്ങള്‍ നേടിയെടുക്കാനും നീതി ഉറപ്പുവരുത്താനുമുള്ള പരിശ്രമമാണ് അത്. ഇന്‍ഡ്യാ സഖ്യത്തില്‍ വലിയ പങ്കാളിത്തവും ഉത്തരവാദിത്തവുമാണ് മുസ്‌ലിംലീഗിന് വഹിക്കാനുള്ളത്. അത് അവര്‍ കൃത്യമായി നിര്‍വഹിക്കുമെന്ന കാര്യത്തില്‍ തര്‍ക്കവുമില്ല.

ഇന്‍ഡ്യാ സഖ്യത്തിലെ സിപിഎം
ഇന്‍ഡ്യാ സഖ്യത്തില്‍ നിന്ന് സിപിഎം ഇപ്പോള്‍ വിട്ടുനില്‍ക്കുന്നതിനെക്കുറിച്ച് കാര്യമായി ഒന്നും പറയാനില്ല. ആരെയും കുറ്റപ്പെടുത്താനോ വില കുറച്ച് കാണാനോ ആഗ്രഹമില്ല. പ്രതീക്ഷ മാത്രം. സിപിഐഎം ഇന്‍ഡ്യാ സഖ്യത്തില്‍ വീണ്ടും അണിചേരുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ. ആദ്യ യുപിഎ സഖ്യം വരുന്നതില്‍ സിപിഐഎമ്മിന്റെ പങ്കാളിത്തം വലുതായിരുന്നു. അക്കാലത്ത് ഭരണത്തിനകത്തും പുറത്തും അവര്‍ സാന്നിധ്യമറിയിച്ചു. സിപിഐഎം ഇനിയും നല്ല അര്‍ഥത്തില്‍, ക്രിയാത്മകമായി തന്നെ ഇന്‍ഡ്യാ സംഖ്യത്തെ കാണുമെന്നാണ്തോന്നുന്നത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x