14 Tuesday
January 2025
2025 January 14
1446 Rajab 14

ഹമാസ് സ്വാതന്ത്ര്യസമര പ്രസ്ഥാനം; തീവ്രവാദ സംഘടനയാണെന്നത് മുജാഹിദ് നിലപാടല്ല – കെ എന്‍ എം മര്‍കസുദ്ദഅ്‌വ


കോഴിക്കോട്: ഇസ്രായേല്‍ അധിനിവേശത്തില്‍ നിന്ന് ഫലസ്തീന്‍ ജനതക്ക് മോചനത്തിനായി പോരാടുന്ന സ്വാതന്ത്ര്യസമര പ്രസ്ഥാനമായ ഹമാസിനെ തീവ്രവാദ ചാപ്പ കുത്തി അവഹേളിക്കുന്നത് മുജാഹിദ് നിലപാടല്ലെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. അറബ് – ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ ചരിത്രമറിയാത്ത വിവരദോഷികളാണ് ഹമാസിനെതിരെ അധിക്ഷേപം നടത്തുന്നത്.
ഫലസ്തീനിനെ നാല് ഭാഗങ്ങളില്‍ നിന്നും ഉപരോധിച്ച് സമാനതകള്‍ ഇല്ലാത്തവിധം വരിഞ്ഞുമുറുക്കുകയായിരുന്നു ഇസ്രായേല്‍. അടിച്ചമര്‍ത്തപ്പെടുന്നവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നത് വസ്തുതയാണ്. പ്രതിരോധത്തിനായി ഫലസ്തീന്‍ യുവാക്കള്‍ സംഘടിച്ചു. 1987ല്‍ ഹമാസ് രൂപീകൃതമായി. 1990-കളിലും 2000-ലും ഉയിര്‍ത്തെഴുന്നേല്‍പ്പ് സമരങ്ങള്‍ (ഇന്‍തിഫാദ) ഉണ്ടായി. ഫലസ്തീനികളുടെ ദുരിതത്തില്‍ നിന്ന് രൂപപ്പെട്ട ഹമാസിന്റെ ലക്ഷ്യം ആ നാടിന്റെ വിമോചനമാണ്; സ്വാതന്ത്ര്യമാണ്. അധിനിവേശത്തിനെതിരായി പിറന്ന നാടിനു വേണ്ടിയുള്ള സ്വാതന്ത്ര്യ സമര പോരാട്ടത്തിന് ഫലസ്തീനില്‍ ഇപ്പോള്‍ നേതൃത്വം കൊടുക്കുന്നത് ഹമാസ് ആണ്. ആ പോരാട്ടം അവരുടെ അവകാശമാണ്. അതിനെ വിലകുറച്ച് കാണുന്നതും അവരില്‍ ഭീകരവാദവും തീവ്രവാദവും ആരോപിക്കുന്നതും ചരിത്രബോധമില്ലാത്തവരില്‍ നിന്നാണ് ഉണ്ടാവുക.
കൈയടി നേടുന്നതിനും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നതിനും നിരുത്തരവാദപരമായ, ചരിത്രവിരുദ്ധമായ സമീപനങ്ങള്‍ സ്വീകരിക്കരുത്. കേരളത്തിലെ മുസ്‌ലിം നവോത്ഥാന പരിസരത്തില്‍ രൂപപ്പെട്ടുവന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്തിരുന്ന് ഭോഷ്‌കുകള്‍ പ്രചരിപ്പിക്കുന്നതും പ്രസ്ഥാനത്തെ പൊതുജന മധ്യത്തില്‍ താറടിക്കുന്നതും ഉടനടി നിര്‍ത്തലാക്കണം. പിറന്ന നാട്ടില്‍ ജീവിക്കാനുള്ള ഫലസ്തീനികളുടെ അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന സ്വാതന്ത്ര്യസമര പ്രസ്ഥാനമാണ് ഹമാസെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ മനസ്സിലാക്കുന്നു. മുജാഹിദുകള്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന മറ്റു സംഘങ്ങള്‍ അവരുടെ നിലപാട് പ്രഖ്യാപിക്കാന്‍ ധൈര്യം കാണിക്കണം.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി അബ്ദുറഹ്മാന്‍ സുല്ലമി അധ്യക്ഷത വഹിച്ചു. എം അഹ്മദ് കുട്ടി മദനി,
എന്‍ജി. അബ്ദുല്‍ജബ്ബാര്‍ മംഗലതയില്‍, പി അബ്ദുല്‍അലി മദനി, എന്‍ജി. സൈതലവി, എന്‍ എം അബ്ദുല്‍ജലീല്‍, പി പി ഖാലിദ്, എം എം ബഷീര്‍ മദനി, കെ എം കുഞ്ഞമ്മദ് മദനി, കെ പി സകരിയ്യ, കെ എം ഹമീദലി, ഡോ. ഐ പി അബ്ദുസ്സലാം, കെ എ സുബൈര്‍, അഡ്വ. പി മുഹമ്മദ് ഹനീഫ, ഫൈസല്‍ നന്മണ്ട, കെ പി അബ്ദുറഹ്മാന്‍, ഡോ. അനസ് കടലുണ്ടി, എം കെ മൂസ, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, സുഹൈല്‍ സാബിര്‍, ബി പി എ ഗഫൂര്‍, സി മമ്മു, അലി മദനി മൊറയൂര്‍, ഡോ. അന്‍വര്‍ സാദത്ത്, സി ടി ആയിഷ ടീച്ചര്‍, ആദില്‍ നസീഫ്, അബ്ദുസ്സലാം, റുക്‌സാന വാഴക്കാട് പ്രസംഗിച്ചു.

Back to Top