ഗസ്സയിലെ വംശഹത്യ ഉടനെ അവസാനിപ്പിക്കണം അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിതസഭ
ഗസ്സയിലെ വംശഹത്യയും ഫലസ്തീനിന്റെ സമ്പൂര്‍ണ തകര്‍ച്ചയും അവസാനിപ്പിക്കാന്‍ അറബ് ഭരണകൂടങ്ങളും ഔദ്യോഗിക സൈന്യങ്ങളും അടിയന്തരമായി ഇടപെടണമെന്ന് അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിതസഭയ്ക്ക് കീഴിലെ ഇജ്തിഹാദ് ഫത്‌വാ കമ്മിറ്റി. വംശഹത്യയില്‍ നിന്നും സമ്പൂര്‍ണ നാശത്തില്‍ നിന്നും ഗസ്സയെ രക്ഷിക്കാന്‍ ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായി ഇടപെടണം. ഗസ്സയെയും ഫലസ്തീനിനെയും ഉന്മൂലനം ചെയ്യാനും തകര്‍ക്കാനും വിട്ടുകൊടുക്കുന്നത് അല്ലാഹുവിനോടും അവന്റെ റസൂലിനോടും ചെയ്യുന്ന വഞ്ചനയാണ്. അല്ലാഹുവിനു മുമ്പാകെയുള്ള ഏറ്റവും വലിയ പാപങ്ങളിലൊന്നാണത്. ഫലസ്തീന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഈജിപ്ത്, ജോര്‍ദാന്‍, സിറിയ, ലബനാന്‍ എന്നീ നാലു രാജ്യങ്ങളില്‍ നിന്നുള്ള സൈനിക ഇടപെടല്‍ ശരീഅത്തിന്റെ പേരിലുള്ള ബാധ്യതയാണ്. പണ്ഡിതരുടെയും ഭരണാധികാരികളുടെയും മതപരവും ഭരണഘടനാപരവുമായ ഉത്തരവാദിത്തങ്ങളില്‍ പെട്ടതാണ് ഇസ്രായേലിനെതിരെ ഇടപെടുകയെന്നത്. വിഷയത്തില്‍ ഈ രാജ്യങ്ങള്‍ സൈനികമായി ഇടപെടുകയും സൈനിക ഉപകരണങ്ങളും വിദഗ്ധരെയും നല്‍കുകയും ചെയ്യേണ്ടത് നിയമപരമായ കടമയാണെന്നും പണ്ഡിതസഭ പ്രഖ്യാപിച്ചു.