17 Friday
October 2025
2025 October 17
1447 Rabie Al-Âkher 24

പോലീസുകാരും മനുഷ്യരാണ്

ഹാസിബ് ആനങ്ങാടി

നഗരമധ്യത്തില്‍ നില്‍ക്കുന്ന ട്രാഫിക് പോലീസുകാരനാണ് പൊതുജനത്തിന് ഏറ്റവും അടുത്തറിയാവുന്ന ഭരണകൂട പ്രതിനിധി. പോലീസ് സേനയില്‍ പണ്ടുകാലം തൊട്ടേ മേല്‍ ഘടകത്തില്‍ നിന്ന് ദുഷ്‌പേരുകള്‍ ഏറ്റുവാങ്ങേണ്ടി വന്നവരുണ്ട്. ഭരണകൂടത്തിന്റെ അവശ്യഘടകമായി കണക്കാക്കപ്പെടുന്ന പോലീസ് സേനയിലെ അംഗങ്ങള്‍ തൊഴില്‍പരമായ കാരണങ്ങളാല്‍ ആത്മഹത്യയില്‍ അഭയം തേടുന്നത് സംസ്ഥാനത്തു കൂടിവരുകയാണ്. 2015 മുതല്‍ 2019 വരെ പോലീസുകാരില്‍ ആത്മഹത്യ ചെയ്തവര്‍ 61 ആണെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി വെളിപ്പെടുത്തിയിരിക്കുന്നു. അതിനു ശേഷം 2023 ആകുന്നതുവരെ 25 പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്.
ലോക്കല്‍ സ്റ്റേഷനുകളിലെ ക്രമസമാധാനപാലനം, കേസ് അന്വേഷണം എന്നിവ വെവ്വേറെ നടത്തണമെന്നാണ് ചട്ടം. ആ ചട്ടമെല്ലാം കടലാസില്‍ ഒതുക്കിയിരിക്കുകയാണ്. ആള്‍ബലത്തിന്റെ കുറവും അതിനാലുള്ള ജോലിത്തിരക്കും കാരണം എല്ലാവരും എല്ലാ ജോലിയും ചെയ്യണം എന്നാണ് നിയമം. കേസുകള്‍ അന്വേഷിച്ച് സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കുന്നതിന് കൃത്യമായ നിരീക്ഷണ സംവിധാനം ഇപ്പോള്‍ പോലീസിലുണ്ട്. ഓരോ മാസവും അവലോകനവും ചെയ്യണം. ഈയടുത്ത് നടന്ന മാവോയിസ്റ്റുകളുടെ ഭീഷണിയാല്‍ കുറ്റ്യാടി സ്റ്റേഷനില്‍ നിന്ന് ആറു പേരെ സ്ഥലം മാറ്റിയിരുന്നു. പകരം നിയമനമായിട്ടില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ മറ്റുള്ളവര്‍ക്ക് ജോലിഭാരം വര്‍ധിക്കുകയും മാനസിക പിരിമുറുക്കം കൂടുന്നതിന് കാരണമാവുകയും ചെയ്യും. പൊലീസ് സേനയിലും മറ്റു വിഭാഗങ്ങളിലും ആള്‍ക്ഷാമം പരിഹരിക്കുകയും ജോലിഭാരം കുറയ്ക്കുകയും വേണ്ടതുണ്ട്. അവരെ കൂടി മനുഷ്യരായി പരിഗണിക്കുമ്പോഴേ ക്രമസമാധാനപാലനത്തില്‍ പൊലീസിന് നീതിപൂര്‍വകമായ ഇടപെടല്‍ നടത്താനുള്ള മാനസികാവസ്ഥ കൈവരൂ.

Back to Top