22 Wednesday
October 2025
2025 October 22
1447 Joumada I 0

സോഷ്യല്‍മീഡിയ യൂനിവേഴ്‌സിറ്റികളില്‍ വിത്തിറക്കുന്ന സംഘപരിവാര്‍

ശംസീര്‍ മുഹമ്മദ്‌

ഓരോ തിരഞ്ഞെടുപ്പുകളിലും ഇസ്ലാമോഫോബിയ വളര്‍ത്തി വോട്ടു പിടിക്കലാണ് സംഘപരിവാര്‍ രീതി. മുസ്ലിംവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ വ്യാജവാര്‍ത്ത നിര്‍മിക്കുകയും അത് സാമൂഹ്യമാധ്യമങ്ങള്‍ വഴി ആളുകളിലേക്കെത്തിക്കുകയുമാണ് അവര്‍ ചെയ്തു വരുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ വരുന്നത് തൊണ്ടതൊടാതെ വിഴുങ്ങുന്നവരെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി.
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് 25 കാരനായ സച്ചിന്‍ പാട്ടീല്‍ എന്ന ബാങ്ക് ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണിലേക്ക് ദിവസേന ആറ് വാട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്നായി 120 ഓളം രാഷ്ട്രീയ മെസേജുകള്‍ വരുമായിരുന്നു. ‘മുസ്‌ലിംകള്‍ 40 ഹിന്ദുക്കളെ കൊലപ്പെടുത്തി’, ‘ഹിന്ദു പെണ്‍കുട്ടികളെ മുസ്‌ലിം യുവാക്കള്‍ പ്രണയിച്ചു വിവാഹം കഴിച്ച് ഇസ്‌ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കുന്നു’ എന്നു തുടങ്ങി, ‘ബിജെപി ഉണ്ടെങ്കില്‍ മാത്രമാണ് നിങ്ങളുടെ കുട്ടികള്‍ ഇവിടെ സുരക്ഷിതരായി ജീവിക്കൂ’ എന്നൊക്കെയുള്ള മെസേജുകള്‍. സച്ചിന്‍ പട്ടേല്‍ പറഞ്ഞത്, രാജ്യം ഭരിക്കുന്ന ബിജെപിക്ക് വോട്ട് ചെയ്യാനുള്ള ഓര്‍മപ്പെടുത്തലായിരുന്നു ആ മെസേജുകള്‍ എല്ലാമെന്നാണ്.
ഹിന്ദുത്വദേശീവാദികള്‍ എങ്ങനെയാണ് ഇന്ത്യയില്‍ അവരുടെ ഡിജിറ്റല്‍ കാമ്പയിന്‍ നടത്തുന്നതെന്ന് വിശദീകരിക്കുന്ന ദ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ഒരു റിപ്പോര്‍ട്ടിലാണ് സച്ചിന്‍ പട്ടേലിന്റെ അനുഭവം ചേര്‍ത്തിരിക്കുന്നത്. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ശേഖരിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ടാണിത്.
മുന്‍നിര അമേരിക്കന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെക്കാള്‍ കരുത്തോടെ അവരൊരു സന്ദേശമയക്കല്‍ സംവിധാനം കെട്ടിപ്പെടുത്തി വച്ചിട്ടുണ്ട്. സാങ്കേതിക വിദ്യകളുടെ വിവിധ വഴികള്‍ അവര്‍ ഉപയോഗിക്കുന്നുണ്ട്. അതേസമയം, എതിരാളികളെ അത്തരം സങ്കേതങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നു നിയന്ത്രിക്കാനും അവര്‍ക്കാകുന്നുണ്ട്. തങ്ങള്‍ക്കുള്ള ആധിപത്യം ഉപയോഗിച്ച് ഹിന്ദുത്വ ദേശീയത അജണ്ടകള്‍ പ്രചരിപ്പിക്കുകയും ന്യൂനപക്ഷങ്ങളെ പാര്‍ശ്വവത്കരിക്കുകയും വിമര്‍ശനങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്യുകയാണെന്നും പറയുന്നു.
വ്യാജവിവരങ്ങളും വിദ്വേഷ പ്രചാരണങ്ങളും സമീപവര്‍ഷങ്ങളായി ഇന്ത്യയില്‍ കൂടിവരികയാണെന്നാണ് കണ്ടെത്തല്‍. ഇത് തടയാന്‍ ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിക്കാനായില്ല. പിന്നീടാകട്ടെ, അറിഞ്ഞുകൊണ്ട് കണ്ണടച്ചു കൊടുക്കുകയും ചെയ്തു. എങ്കില്‍ തന്നെയും ന്യൂഡല്‍ഹിയെ വളരെ സൂക്ഷ്മമായി ലോക രാജ്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് ചൂണ്ടിക്കാണിക്കുന്നു. അയല്‍ക്കാരായ ചൈനയെപോലെ ഇന്ത്യയിലും ഏകാധിപത്യസ്വഭാവം പ്രകടമാകുന്നുണ്ടോയെന്ന് അമേരിക്ക ആശങ്കപ്പെടുന്നുണ്ട്. സിഖ് വിഘടനവാദി നേതാവിന്റെ കൊലപാതകത്തില്‍ കാനഡ ഉയര്‍ത്തിയിരിക്കുന്ന ആരോപണവും മോദി സര്‍ക്കാരിന്റെ മേലുള്ള നിരീക്ഷണങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
ഇന്ത്യയില്‍ നിലവില്‍ 500 മില്യണ്(50 കോടിയോളം) മുകളില്‍ വാട്സ് ആപ്പ് ഉപഭോക്താക്കളുണ്ട്. ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ധ്രുവീകരണത്തിനും കലാപത്തിനുമുള്ള ഉപകരണമാക്കി മാറ്റുന്നുണ്ടെന്ന കാര്യം ഭരണസംവിധാനങ്ങള്‍ക്കും സോഷ്യല്‍ മീഡിയ ഗവേഷകര്‍ക്കും വാട്സ് ആപ്പിന് സ്വയം തന്നെയും അറിവുള്ള കാര്യവുമാണ്. ഇപ്പോഴും രാഷ്ട്രീയ വിദഗ്ധര്‍ക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും മനസിലാക്കാന്‍ സാധിക്കാത്ത കാര്യം ബിജെപിയുടെ വാട്സ്ആപ്പ് ഇക്കോസിസ്റ്റം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ്. ബിജെപിയുടെ ഡിജിറ്റല്‍ ആധിപത്യം മറ്റുള്ളവര്‍ക്ക് ഒരു പ്രഹേളികയായി തുടരുകയാണ്.

Back to Top