21 Thursday
November 2024
2024 November 21
1446 Joumada I 19

വിവാഹത്തിന്റെ പവിത്രത


കഴിഞ്ഞ ആഴ്ച സുപ്രധാനമായ ഒരു സുപ്രീംകോടതി വിധി പുറത്തുവരികയുണ്ടായി. ഒരേ ലിംഗത്തില്‍ പെട്ടവര്‍ക്ക് വിവാഹം കഴിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യം മുന്‍നിര്‍ത്തിയുള്ള ഹരജികള്‍ തള്ളി. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് മാസങ്ങള്‍ക്ക് മുമ്പ് വാദം പൂര്‍ത്തിയാക്കിയിരുന്നു. ട്രാന്‍സ്‌ജെന്‍ഡറുകള്‍, എല്‍ ജി ബി ടി ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവരാണ് ഹരജിയുമായി രംഗത്ത് വന്നത്. ഇന്ത്യയില്‍ നേരത്തെ തന്നെ സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലാതാക്കിയിട്ടുണ്ട്. അതിന്റെ ചുവട് പിടിച്ച് വിവാഹം ചെയ്യാനുള്ള നിയമസാധുതക്ക് വേണ്ടിയാണ് കോടതിയെ സമീപിച്ചത്.
1954-ലെ സ്‌പെഷ്യല്‍ മാര്യേജ് ആക്ട്, 1955-ലെ ഹിന്ദു വിവാഹ നിയമം, 1969-ലെ ഫോറിന്‍ മാര്യേജ് ആക്ട് എന്നീ നിയമങ്ങളിലെ സ്ത്രീ- പുരുഷ പ്രയോഗങ്ങള്‍ ഒഴിവാക്കി ജെന്‍ഡര്‍ ന്യൂട്രല്‍ പദപ്രയോഗങ്ങള്‍ കൊണ്ടുവരണമെന്നും അതുവഴി സ്വവര്‍ഗ വിവാഹം അനുവദിക്കണം എന്നുമാണ് ഹരജിയിലെ പ്രധാന വാദം. എന്നാല്‍ വ്യക്തിനിയമങ്ങളെ ചര്‍ച്ചക്കെടുക്കാന്‍ വിസമ്മതിച്ച സുപ്രീംകോടതി, സ്‌പെഷ്യല്‍ മാര്യേജ് ആക്ടിലെ നിയമവശങ്ങളാണ് ചര്‍ച്ച ചെയ്തത്. നിലവില്‍ സ്വവര്‍ഗ വിവാഹത്തിന് അനുമതി നല്‍കാവുന്ന വ്യവസ്ഥകളൊന്നും നിയമത്തില്‍ നിന്ന് വ്യാഖ്യാനിക്കാനാവില്ല എന്നതുകൊണ്ട് ഹരജിക്കാരുടെ ആവശ്യം നിരസിക്കുകയാണുണ്ടായത്.
അതേസമയം, വിവിധ ജഡ്ജിമാര്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഇത് സംബന്ധിച്ച് പങ്കുവെക്കുകയുണ്ടായി. കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഒരു സമിതിയെ വെക്കണമെന്നും സ്വവര്‍ഗ പങ്കാളികള്‍ ഒരുമിച്ച് ജീവിക്കുന്നതിന് നിയമപരിരക്ഷ നല്‍കാവുന്നതിന്റെ സാധ്യത പരിശോധിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ സമീപഭാവിയില്‍ ഇന്ത്യയിലും സ്വവര്‍ഗ വിവാഹത്തിന് നിയമപരിരക്ഷ ലഭിക്കുന്ന സാഹചര്യം ഉണ്ടായേക്കാം എന്നത് ആശങ്കാജനകമാണ്.
നിലവില്‍ സുപ്രീംകോടതി സ്വവര്‍ഗ വിവാഹത്തെ നിയമവിധേയമാക്കിയിട്ടില്ല എന്നത് സ്വാഗതം ചെയ്യേണ്ട കാര്യമാണ്. അതേസമയം, വിവിധ ജഡ്ജിമാരുടെ അഭിപ്രായങ്ങളും പാര്‍ലമെന്റ് നിയമനിര്‍മാണം നടത്തണമെന്ന നിര്‍ദേശവും ഗൗരവത്തില്‍ കാണേണ്ടതുണ്ട്. വിവാഹത്തെ പവിത്രമായാണ് ഇന്ത്യയിലെ എല്ലാ മതങ്ങളും കാണുന്നത്. ഇസ്‌ലാമില്‍, വിവാഹം പുരുഷനും സ്ത്രീയും തമ്മിലുള്ള പവിത്രമായ കരാറാണ്. ഇത് വിശ്വാസത്തിന്റെ ഭാഗമാണെന്ന് പ്രമാണങ്ങള്‍ പഠിപ്പിക്കുന്നു. ക്രിസ്തുമതത്തില്‍, വിവാഹം ദൈവത്താല്‍ നിയമിക്കപ്പെട്ട ഒരു പവിത്ര ബന്ധമായി കണക്കാക്കപ്പെടുന്നു. ഹിന്ദുമതത്തിലെ വിവാഹം പവിത്രവും ആജീവനാന്ത പ്രതിബദ്ധതയുള്ള ബന്ധവുമാണ്. ഇത് ആത്മീയവും ധാര്‍മികവുമായ ഒരു കടമയായി കരുതുന്നു. ബുദ്ധ, സിഖ്, ജൈന മതങ്ങള്‍ പരിശോധിച്ചാലും വിവാഹത്തിന്റെ പവിത്രത വിശദീകരിക്കുന്നതായി കാണാം. ഇതിലെല്ലാം തന്നെ വിവാഹമെന്നാല്‍ സ്ത്രീയും പുരുഷനും തമ്മിലാണ്. ഒരേ വര്‍ഗത്തില്‍ നിന്നുള്ള വിവാഹം അനുവദിക്കുന്നില്ല.
വിവാഹം, സമൂഹത്തിലെ കുടുംബം എന്ന അടിസ്ഥാന യൂണിറ്റിന്റെ അവിഭാജ്യ ഘടകമായാണ് സാമൂഹ്യശാസ്ത്രജ്ഞര്‍ മനസ്സിലാക്കുന്നത്. ഒരു സാമൂഹിക സ്ഥാപനം എന്ന നിലയില്‍ വിവാഹത്തിന്റെ ധര്‍മം കേവലം രണ്ട് പേരുടെ ലൈംഗിക ചോദനകളോ ആസ്വാദനങ്ങളോ അല്ല. അതിനപ്പുറം, കുടുംബം എന്ന സംവിധാനത്തിന്റെ അടിത്തറയാണത്. വിവാഹത്തിലൂടെ രണ്ട് കുടുംബങ്ങള്‍ ഒന്നിക്കുന്നത് പോലെ പുതിയൊരു കുടുംബം രൂപപ്പെടുകയും ചെയ്യുന്നു. കുടുംബ സംവിധാനങ്ങളെ പരിപാലിക്കുന്നതിനുള്ള പ്രകൃതിപരമായ ദൗത്യം ആണും പെണ്ണുമടങ്ങുന്ന ഇണകളിലൂടെയാണ് സാധ്യമാവുക.
എന്നാല്‍, കുടുംബം എന്ന സംവിധാനം ഹിംസയാണെന്നും അത് തകര്‍ക്കപ്പെടേണ്ടതാണ് എന്നും കരുതുന്നവരാണ് ലിബറല്‍ വ്യക്തിവാദത്തിന്റെ വക്താക്കള്‍. അത്തരം ആളുകളെ സംബന്ധിച്ചേടത്തോളം കുടുംബം എന്ന മഹിതമായ സ്ഥാപനം നിലനില്‍ക്കണമെന്ന് ആവശ്യമില്ല. എന്നാല്‍, അത് നല്‍കുന്ന സാമൂഹിക സുരക്ഷിതത്വം അനുഭവിക്കുകയും വേണം. അതുകൊണ്ടാണ് ഒരേ സമയം കുടുംബത്തെ ഹിംസയുടെ പ്രഭവകേന്ദ്രമാക്കി അവതരിപ്പിക്കുന്നവര്‍ തന്നെ, സ്വവര്‍ഗ പങ്കാളികള്‍ക്ക് വിവാഹം കഴിച്ച് കുടുംബമായി ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി വാദിക്കുന്നത്. യഥാര്‍ഥത്തില്‍, കുടുംബം എന്ന സ്ഥാപനത്തെ തകര്‍ക്കുക എന്നത് മാത്രമാണ് ഈ ആവശ്യമുന്നയിക്കുന്നതിലൂടെ ഉണ്ടാവുന്നത്.
സാമൂഹികമായ ഒട്ടേറെ പ്രത്യാഘാതങ്ങള്‍ വരുത്തിവെക്കുന്ന ജെന്‍ഡര്‍ പൊളിറ്റിക്‌സിന് കൂടുതല്‍ ദൃശ്യതയും സ്വീകാര്യതയും ലഭിക്കാതെ പോകുന്നതിന്റെ ഒരു കാരണം നിലനില്‍ക്കുന്ന കുടുംബ സംവിധാനങ്ങളാണ്. അതിനാല്‍, നിയമവിധേയമായി തന്നെ അതിന്റെ തല്‍സ്ഥിതി ഇല്ലാതാക്കിയാല്‍ ബാക്കി കാര്യങ്ങള്‍ എളുപ്പമാണെന്നാണ് ലിബറല്‍ വാദികള്‍ ചിന്തിക്കുന്നത്.

Back to Top